Thursday, August 16, 2007

പ്രണയത്തിന്‍റെ നാനാര്‍ഥങ്ങള്‍

ഞാനും അവളും തമ്മില്‍ മുടിഞ്ഞ പ്രേമമായിരുന്നു.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്‍റര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന അവളും നടകയറി ഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്നു മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം.

വീഴ്ചയുടെ ഓര്‍മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാടു വീണു. അതോടെ, അവളുടെ സൗന്ദര്യം മുഴുവന്‍ പോയി എന്ന് അവളുടെ വല്യമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതു ‍ഞാന്‍ കേട്ടു.

ഞാനെന്തു ചെയ്യാന്‍?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍ അതു ചെയ്തില്ല. അവളുടെ സൗന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന് എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞുപോയി എന്ന് അവളുടെ വല്യമ്മ പറഞ്ഞതിനാലാവണം അവള്‍ക്കു സൗന്ദര്യമുണ്ടായിരുന്നു, കുറഞ്ഞതോതിലാണെങ്കിലും ഇപ്പോളുമുണ്ട് എന്നു ഞാനങ്ങു വിശ്വസിച്ചു.

അവിടെയായിരിക്കണം തുടക്കം.

ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി വീണ ആ മുറിവായിരുന്നു എന്‍റെ പ്രണയം. അതിന്‍റെ നീറ്റലും വേദനയും മാറിക്കഴിഞ്ഞ്,അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്നുമുതല്‍ ഞാനവളെ പ്രേമിച്ചു തുടങ്ങി. എന്‍റെ കൂട്ടത്തില്‍ പഠിക്കുന്ന ഒരുത്തനും അന്ന് പ്രേമം എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് എന്നോട്ടു ഭയങ്കര ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്‍ക്ക് എന്നോടില്ലാത്തതും അതായിരുന്നു.

അന്നത്തെ ആ കുട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ടുപോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചായി അവളുടെ നടപ്പ്. അതെന്‍റെ മനസ്സില്‍ അവളുടെ നെറ്റിയിലുള്ളതിനെക്കാള്‍ വലിയ മുറിപ്പാടുകള്‍ വീഴ്ത്തി.

ആ മുറിവുകളില്‍നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍ പോലുമറിയാതെ, അതങ്ങനെ വളര്‍ന്നു പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകം പുഷ്പിക്കുമെന്ന ചോദ്യവും എന്നെ അലട്ടിത്തുടങ്ങി.

മിക്സ്ഡ്സ്കൂളിന്‍റെ സ്വാതന്ത്ര്യങ്ങളില്‍നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലേക്ക് പഠനം മാറിയപ്പോളായിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്.
അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത ഉന്നം.

തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നുമവള്‍ക്കു ഞാന്‍ പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍ അവള്‍ക്ക് നല്‍കിപ്പോരുകയും ചെയ്തു.

ആഴ്ചകളും മാസങ്ങളും അതു തുടര്‍ന്നു. ഞാന്‍ അങ്ങോട്ടുകൊടുത്ത പ്രണയലേഖനങ്ങളുടെ എണ്ണം നൂറ് തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തിരിച്ചു തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി, രണ്ടും കല്‍പിച്ചു വീട്ടിലോട്ട് ഓടിയ ഞാന്‍ പുസ്തകം എവിടെയോ വലിച്ചെറിഞ്ഞ്, കപ്പക്കാലായില്‍ പോയിരുന്ന് ആ വിശുദ്ധലേഖനം പൊട്ടിച്ചു.

ആര്‍ത്തിയോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.

മേലാല്‍ എന്‍റെ പുറകേ നടക്കരുത്....!!

അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കതു കൈമാറി.

ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ.

അവള്‍ വായിച്ചു കാണും. അതിങ്ങനെയായിരുന്നു

നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം....!!

അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളച്ചെടുക്കുകയെന്ന ദുഷ്കരമായ ദൗത്യം ‍ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തു കഴിഞ്ഞ് പിന്നെ മേയ്ച്ചോണ്ടു നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട് കഴിഞ്ഞ ആറേഴുവര്‍ഷം ഞങ്ങള് ആത്മാര്‍ഥമായി പ്രണയിച്ചു.

എല്ലാ പ്രണയങ്ങളുടെയും ഒടുവില്‍ സംഭവിക്കുന്ന ട്രാജഡി പോലെ ഞങ്ങളു കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അവളെത്തന്നെ കെട്ടണമെന്ന് എനിക്കപ്പോഴും ഒരു നിര്‍ബന്ധവുമില്ലായിരുന്നു. പക്ഷേ, ഇത്രയും കാലം ഞാന്‍ കഷ്ടപ്പെട്ടു സംരക്ഷിച്ചു പ്രണയിച്ചതിനാലാവണം അവള്‍ക്കു ഭയങ്കര നിര്‍ബന്ധം- കല്യാണം കഴിച്ചേ തീരു...

അവളുടെ വീട്ടില്‍ കല്യാണാലോചനകള്‍ മുറപോലെ നടക്കുന്നു. എന്‍റെ വീട്ടില്‍ ചേട്ടന്‍മാരുടെ കല്യാണം പോലും ആലോചിച്ചു തുടങ്ങിയിട്ടില്ല. അവളുടെ അപ്പന്‍ ഓരോ ദിവസവും എന്ന മട്ടില്‍ ആലോചനകളുമായി എത്തിയതോടെ കൊച്ചിന്‍റെ കോളജില്‍പ്പോക്കു നിന്നു. എന്നും കട്ടന്‍കാപ്പിയും പരിപ്പുവടയുമായി ഓരോരുത്തരുടെ മുന്നില്‍ച്ചെന്ന് ചമഞ്ഞുനില്‍ക്കാനും പിന്നീട് ആട്ടിന്‍കൂടിനടുത്തുവച്ചു നടക്കുന്ന സൗഹൃദഅഭിമുഖത്തില്‍ പഞ്ചപാവം അഭിനയിക്കാനും മാത്രമായി അവളുടെ സമയം ചുരുങ്ങി.

എനിക്കായിരുന്നു തിരക്കേറെ. എല്ലാ കല്യാണവും കൃത്യമായി മുടക്കുകയെന്ന ഉത്തരവാദിത്തം ഉദ്ദേശിച്ചതിലും ഭാരിച്ചതായിരുന്നു. ഊമക്കത്ത് അഥവാ മുടക്കത്തപാല്‍ മുതല്‍ ഭീഷണി വരെ പല പല സമീപനങ്ങളിലൂടെ ഒരു വിധത്തില്‍ ആ കല്യാണാലോചനകളെല്ലാം ഞാന്‍ മുടക്കിപ്പോന്നു.


ദൈവത്തിനു നന്ദി!

ഈ ദൈവം മാത്രമായിരുന്നു ഞങ്ങളുടെ ഏക പ്രതീക്ഷ.

അവളുടെ അപ്പന്‍ ഇറച്ചിവെട്ടുകാരന്‍ അന്ത്രോസു ചേട്ടനു മുന്നില്‍ ഞാനൊരു പുഴുവായിരുന്നു. അവളുടെ അങ്ങളമാരുടെ മുന്നില്‍ ഞാന്‍ ഒരു പാഴായിരുന്നു. സ്വന്തമായി കൂലിയും വേലയുമില്ലാത്ത എനിക്ക് അവളെയെന്നല്ല, ലോകത്ത് ആരും പെണ്ണുതരുകേല എന്നതായിരുന്നു അവസ്ഥ.

ഈ ദുരവസ്ഥയില്‍ പലവഴിക്കു മണിയടിക്കാന്‍ നോക്കിയിട്ടും ദൈവം കനിഞ്ഞില്ല.

അവളുടെ സമ്മതമില്ലാതെ അവളുടെ കല്യാണമുറപ്പിച്ചു. അവളു കയറുപൊട്ടിക്കാന്‍ തുടങ്ങി. എന്‍റെ ചങ്കുപൊട്ടി.

ഇനിയിപ്പോള്‍ അവളെ വിളിച്ചിറക്കുക മാത്രമാണ് പോംവഴി. അതിനു മുന്‍പ് ഒഫിഷ്യലായി അവളുടെ വീട്ടില്‍പ്പോയി പെണ്ണുചോദിക്കണം. അതിനു മുന്‍പ് തന്‍റെ വീട്ടില്‍ കാര്യമറിയിക്കണം. ഇപ്പോള്‍ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് അസാധ്യകാര്യങ്ങള്‍ തന്നെയായിരുന്നു. എന്‍റെ വീട്ടില്‍ എതിര്‍പ്പുണ്ടായില്ലെങ്കിലും അവളുടെ അപ്പന്‍ സമ്മതിച്ചാലും അവളെ വിളിച്ചിറക്കിയാലും ജീവിതം കട്ടപ്പുകയാകുമെന്നുറപ്പിച്ച ഘട്ടത്തിലാണ് ഞാന്‍ അവളോട് അങ്ങനെ പറഞ്ഞത്.

നമുക്ക് ആത്മഹത്യ ചെയ്യാം....?!!!

ഈ ലോകത്തില്‍ നമുക്കു സ്വൈര്യമായി ജീവിക്കാന്‍ പറ്റില്ല. ആ നിലയ്ക്ക് മരിച്ച് സ്വര്‍ഗത്തിലോ നരകത്തിലോ പോയി നമുക്കു സുഖമായി ജീവിക്കാമല്ലോ...

അവളതു കേറിയങ്ങു സമ്മതിച്ചു കളഞ്ഞു. എന്‍റെ ഉള്ള ജീവന്‍ അതോടെ പോയിക്കിട്ടി!!!

പിറ്റേന്നു മുതല്‍ എന്നാണ് ആത്മഹത്യ, എങ്ങനെയാണുചാകുന്നത് എന്നീ ചോദ്യങ്ങളായി കൂടുതല്‍. ഞാന്‍ അങ്ങോട്ടിട്ട ഐഡിയ ആയതിനാല്‍ ഞാന്‍ തന്നെ എങ്ങനെ തട്ടിത്തെറിപ്പിക്കും?!!
ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.

എങ്ങനെ മരിക്കണം???

തുങ്ങിച്ചാകാന്‍ അവള്‍ക്കു പേടിയായിരുന്നു. എനിക്കും. വിഷം കഴിച്ചാല്‍ മരിക്കുമെന്നുറപ്പില്ല. കടലില്‍ ചാടിയാലും അതുതന്നെ സ്ഥിതി. ആ നിലയ്ക്ക് ട്രെയനിനു തലവച്ചു ചാകുകയാണ് ഉചിതമായ വഴി എന്ന് അവള്‍ തന്നെപറഞ്ഞുതന്നു. അതാവുമ്പോള്‍ ഒറ്റസെക്കന്‍ഡില്‍ തീരുമാനമാവും!!

മനസ്സില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു. ട്രെയിന്‍ വരുന്നതു വരെ പാളത്തില്‍ തലവച്ചു കിടക്കുന്നതു വല്ലവരും കണ്ടാല്‍???

തലവച്ചു കിടക്കുന്നതൊക്കെ പഴയ സ്റ്റൈല്‍. ട്രെയിന്‍ വരുമ്പോള്‍ മുന്നോട്ടു ചാടുന്നതാണ് പുതിയ സ്റ്റൈല്‍. അവള്‍ തിരുത്തിത്തന്നു.

പിന്നെയൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. സകലദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കൂകിപ്പാഞ്ഞുവന്ന ട്രെയിനിനു മുന്നിലേക്ക് എന്നെയും പിടിച്ചുകൊണ്ട് അവള്‍ എടുത്തു ചാടി.

ഡും!!

ഞങ്ങളു മരിച്ചു.

പത്തു സെക്കന്‍ഡിനകം ഞങ്ങളു സ്വര്‍ഗത്തില്‍ ചെന്നു. വിമാനത്തേല്‍ കേറി മുംബൈയില്‍ എത്തണേല്‍ വേണം ഒന്നരമണിക്കൂര്‍. സ്വര്‍ഗത്തിലേക്ക് അത്രയും പോലും ദൂരമില്ലെന്ന് അപ്പോള്‍ ആണു മനസ്സിലായത്.


ചെന്നാപാടെ ദൈവത്തെ കേറിക്കണ്ടു.

ഭൂമിയില്‍ ഒരുമിച്ചു ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാത്തതിനാല്‍ വന്നതാണ്. ഇവിടെ വച്ച് ഞങ്ങളുടെ കല്യാണം നടത്തിത്തരണം.

ദൈവം ഞങ്ങളെ രണ്ടുപേരെയും നോക്കി.

ശരി. ഒരുവര്‍ഷം ഇതിലേ പ്രേമിച്ചു നടക്ക്. ഇവിടെയാവുമ്പോള്‍ ആരുടെയും ശല്യമില്ലല്ലോ. അതുകഴിഞ്ഞാവാം കല്യാണം.

ദൈവം റൊമാന്‍റിക്കായ കക്ഷിയാണെന്നു പിടികിട്ടി. ചുമ്മാ അടിച്ചുപൊളിച്ചോളാനും പറ‍ഞ്ഞ് ഒരുവര്‍ഷത്തെ ഓഫറാണു തന്നിരിക്കുന്നത്.

പിറ്റേന്നു മുതല്‍ ടിപരിപാടി തുടങ്ങി.

രാവിലെ മുതല്‍ ഉച്ചവരെ പ്രണയം. ഉച്ചകഴിഞ്ഞ് വൈകിട്ടുവരെ പ്രണയം. വൈകിട്ടു മുതല്‍ രാത്രി ഉറങ്ങാന്‍ പിരിയും വരെ പ്രണയം. ഉറക്കത്തിലും പ്രണയം. സ്വപ്നത്തിലും പ്രണയം.

ആദ്യ ഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു. പിന്നെ, പതിയെപ്പതിയെ ബോറഡി തുടങ്ങി.

പ്രണയമല്ലാതെ വേറൊന്നുമില്ലാത്ത സ്ഥിതി. വല്ലതും നാലു വര്‍ത്തമാനം പറയുന്നതിന്നിടയ്ക്ക് പരിചയക്കാര്‍ ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും അവളുടെ അപ്പനേയും ആങ്ങളമാരെയും പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്‍റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്നു സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കി.

എന്നിരുന്നാലും, ദൈവം എന്തു വിചാരിക്കും, അവള്‍ എന്തു വിചാരിക്കും എന്നു കരുതി ഞാന്‍ വീണ്ടും പ്രണയം തുടര്‍ന്നു. അവളും.

എത്രകാലം ഇതു സഹിക്കും. പ്രണയത്തിനിടെ കലഹം പതിവായിത്തുടങ്ങി. ഞാനാണേല്‍ പിടിവാശിക്കാരന്‍. അവളാണേല്‍ മുന്‍ശുണ്ഠിക്കാരി. ഇത്രയും കാലം ഇതൊന്നും പുറത്തുവന്നിരുന്നില്ല. പുറത്തുകാണിക്കാന്‍ സമയവുമുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോളതല്ലല്ലോ സ്ഥിതി. രാവിലെ മുതല്‍ രാത്രി വരെ ഇത്തിള്‍ക്കണ്ണി പോലെ അവളു കൂട്ടത്തില്‍. എവിടെപ്പോയാലും സ്വൈര്യം തരില്ലെന്നു വച്ചാല്‍....

എനിക്കു ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു പുറത്തുകാട്ടിയില്ല. അവളെന്തു വിചാരിക്കും?!! അവളൊന്നും വിചാരിക്കില്ലെന്നു മനസ്സിലായത് പിന്നീടൊരു ദിവസമായിരുന്നു. എന്തോ പറഞ്ഞ് പറഞ്ഞുണ്ടായ കോപത്തിന്‍റെ തുടര്‍ച്ചയെന്നോണം അന്ന് അവളെന്നെ ചെരിപ്പൂരി അടിച്ചുകളഞ്ഞു.

പിന്നെയൊരു ഭീഷണിയും- ഇനി മേലാല്‍ താന്‍ എന്‍റെ പിന്നാലെ നടക്കരുത്!!!

നാളെ മുതല്‍ ഞാന്‍ മുന്നാലെ നടന്നോളാം എന്നു പറയാന്‍ ഞാന്‍ പോയില്ല. എന്‍റെ പട്ടിപോകും!!!

പിറ്റേന്ന് ഞാനും അവളുംകൂടി ദൈവത്തെ ചെന്നു കണ്ടു.

എന്തു പറ്റി? ആറുമാസമല്ലേ ആയൂള്ളൂ. അതിനും മുന്‍പേ കല്യാണം നടത്തണമെന്ന നിര്‍ബന്ധമായോ? ചിരിച്ചുകൊണ്ടു ദൈവം ചോദിച്ചു.

കരഞ്ഞുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു- കല്യാണം നടത്തേണ്ടെന്‍റെ ഒടേതമ്പുരാനേ.......ഇതൊന്നു ഡിവോഴ്സ് ആക്കിത്തന്നാ മതി!!!!

48 comments:

SUNISH THOMAS said...

ചന്ദ്രക്കല പോലെ അവളുടെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി വീണ ആ മുറിവായിരുന്നു എന്‍റെ പ്രണയം. അതിന്‍റെ നീറ്റലും വേദനയും മാറിക്കഴിഞ്ഞ്,അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്നുമുതല്‍ ഞാനവളെ പ്രേമിച്ചു തുടങ്ങി.....

പ്രണയിക്കുന്നവര്‍ ക്ഷമിക്കുക. ഇതു നിങ്ങളെ ഉദ്ദേശിച്ചല്ല.

:-)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

"എല്ലാ പ്രണയങ്ങളുടെയും ഒടുവില്‍ സംഭവിക്കുന്ന ട്രാജഡി പോലെ ഞങ്ങളു കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അവളെത്തന്നെ കെട്ടണമെന്ന് എനിക്കപ്പോഴും ഒരു നിര്‍ബന്ധവുമില്ലായിരുന്നു. പക്ഷേ, ഇത്രയും കാലം ഞാന്‍ കഷ്ടപ്പെട്ടു സംരക്ഷിച്ചു പ്രണയിച്ചതിനാലാവണം അവള്‍ക്കു ഭയങ്കര നിര്‍ബന്ധം- കല്യാണം കഴിച്ചേ തീരു..."

ഇത് എല്ലാ കാമുകന്മാരുടേയും ദുരവസ്ഥ.

മച്ചു, സംഗതി കലക്കി, സ്വര്‍ഗ്ഗത്തില്‍ വച്ച് നടന്നത് സാധാരണ കല്യാണം കഴിഞ്ഞാല്‍ ഭൂമിയില്‍ തന്നെ നടക്കാറുണ്ട്.

ബയാന്‍ said...

നന്നായി, കുറെ കര്യം അണ്ടര്‍ സ്റ്റാന്റായി. ട്രയിനിനു തല വെച്ചാലും വേണ്ടില്ല, തല പോയാലും പ്രേമം നിര്‍ത്തുന്ന കാര്യം ആലോചിക്കാന്‍ പോലും വയ്യ.

എതിരന്‍ കതിരവന്‍ said...

സുനീഷ് കൊച്ചനേ,
പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍‍ അറിയാ‍ാന്‍ മാത്രം അനുഭവജ്ഞാനമുണ്ടെങ്കില്‍ പിന്നെ.......

മോന്‍ ഉടനെ പോയി “ജീവിതം എന്നെ എന്തു പഠിപ്പിച്ചു” എന്ന് വാരികയുടെ അവസാന പേജില്‍ ഒരു കാച്ച് കാച്ച്. ഞങ്ങള്‍ക്കും ഇനി പ്രണയിക്കണമെങ്കില്‍ വല്ല അറിവും കിട്ടീക്കോട്ടെ.

ശ്രീ said...

:)

സാല്‍ജോҐsaljo said...

അയ്യട...!

വെസ്പ്രിക്കാന വിട്ടൊള്ള ഒരു കളീം ഇല്ല അല്യോ?

ഗുഡ്.. കൊള്ളാം.

aneeshans said...

സുനീഷേ,

ആ ട്രെയിന്‍ വരെയുള്ള എപ്പിഡോസിനു ഒരു ആത്മകഥയുടെ മണം. സത്യം തന്നേ ?

എന്തിരായാലും സംഭവം കലക്കീ.

:ആരോ ഒരാള്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആത്മഹത്യയ്ക്ക് ട്രെയിന്‍ തെരഞ്ഞെടുത്തപ്പോള്‍ ഇങ്ങനൊരു ക്ലൈമാക്സ് പ്രതീക്ഷിച്ചു.

“പിന്നെയൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. പാളത്തിനിരുവശത്തും മുഖത്തോടു മുഖം നോക്കി ഞങ്ങള്‍ നിന്നൂ. ഒരാളുടെ മരണം കാണാന്‍ മറ്റേയാള്‍ക്ക് ശക്തിയില്ലാത്തതിനാല്‍ ഇരുവരും പാളത്തിനിടയി കയറി നിന്ന് കണ്ണുകള്‍ ഇറുകെയടച്ചു.

ദൂരെ നിന്ന മരണകാഹളാം മുഴക്കി തീവണ്ടി വരുന്നു.
ഒരു നിമിഷം ..... പിന്നോട്ട് ചാടിമാറിയ ഞാന്‍ പശ്ചാത്താപവിവശനായി. പ്രണയിനിയെ മരണത്തിനു വിട്ടുകൊടുത്ത് വഞ്ചിച്ച കശ്മലന്‍.

വണ്ടി കടന്നുപോയി നനഞ്ഞ കണ്ണുകളുയര്‍ത്തി നോക്കിയത്, ഒരു ശല്യം എന്നേക്കുമായീ ഒഴിവായല്ലോ എന്ന ആശ്വാസത്തോടെ തിരിഞ്ഞു നടക്കാന്‍ തുടങ്ങുന്ന മുഖത്തേക്ക്....ഒന്ന് കാര്‍ക്കിച്ച് തുപ്പി ഞാനും തിരിഞ്ഞു നടന്നു..“

സുനീഷേ കലക്കി...

Typist | എഴുത്തുകാരി said...

കൊള്ളാം മാഷേ സംഭവം.
‘ആരോ ഒരാള്‍’ ന്റെ സംശയം എനിക്കും ഇല്ലാതില്ല (ആത്മകഥയാണോന്ന്‌).

Areekkodan | അരീക്കോടന്‍ said...

കൊള്ളാം.

Mr. K# said...

:-)

എന്നാലും, സ്വര്‍ഗ്ഗത്തില്‍ ആണെങ്കിലും, ചെരിപ്പൂരി അടിക്കുകാ എന്നൊക്കെ പറഞ്ഞാല്‍ :-)

Unknown said...

മാനം മര്യാദയ്ക്ക് പ്രേമിച്ച് നടക്കുന്നവന്മാരുടെ മനസമാധാനം കളയാന്‍ ഓരോന്ന് എഴുതിക്കോളും. ഇനിയിപ്പൊ അവളെ കണ്ടാല്‍ നോട്ടം ചെരുപ്പിലെക്കല്ലേ പോകൂ. ദുഷ്ടാ... :-)

സുല്‍ |Sul said...

സുനീഷെ
ഹാസ്യത്തില്‍ ചാലിച്ചെഴുതിയ ഈ ജീവിതം കൊള്ളാം.
-സുല്‍

സാജന്‍| SAJAN said...

എന്റെ സുനീഷേ, ഇതിപ്പൊ എന്താ ഇങ്ങനൊക്കെ ചിന്തിക്കാന്‍, എന്തായാലും തുറന്നെഴുതുന്നെ, നമുക്ക് വഴിയുണ്ടാക്കാം:)
എഴുത്ത് പതിവു പോലെ ഉഗ്രനുഗ്രന്‍!

ഉണ്ണിക്കുട്ടന്‍ said...

ഈ പോസ്റ്റിന്റെ ഒരു പ്രിന്റെടുത്ത് അതില്‍ നമ്മള്‍ ആയിരം മലയാളം ബ്ലോഗെഴ്സും ഒപ്പിട്ട് ഒരു പൊതു ഹര്‍ജിയായി സുനീഷിന്റെ വീട്ടിലേക്ക് അയച്ചാലോ..? ഇനി പെണ്ണുകെട്ടിക്കലേ ഒരു മാര്‍ഗമുള്ളൂ..

കലക്കി സുനീഷേ..!

തമനു said...

സുനീഷേ ...

അതി ഗംഭീരം ...

രണ്ടവസ്ഥകളും മനോഹരമായിരിക്കുന്നു. ട്രെയിനിന്റെ കേസ് വരും വരെ ഞാന്‍ ഇത് സത്യമായ ഒരു പ്രണയ വിവരണമാണെന്നാ കരുതിയിരുന്നത്.

ഒരിക്കല്‍ കൂടി പറയട്ടെ, പ്രേമത്തിന്റെ ഭാഗം എഴുതിയിരിക്കുന്നതിന് ശരിക്കും ഒരു സുഖമുണ്ട്...
:)

കുഞ്ഞന്‍ said...

സുനീഷേ..

ഭാഗ്യവാന്‍.. കല്യാണം കഴിക്കാതെ ഒരു ചെരിപ്പുകൊണ്ടുള്ള അടി മാത്രമല്ലേ കിട്ടിയുള്ളൂ....

പ്രണയിച്ചു കല്യാണം കഴിച്ച എനിക്കിപ്പോള്‍, വന്നു വന്നു അവളുടെ തൊഴിയും ചീത്തയും കിട്ടണതു കൂടാതെ അടുക്കള ജോലിയും കൂടി ചെയ്യേണ്ടി വരുന്നു...

പ്രണയിച്ചു നടക്കുന്നവര്‍ ജാഗ്രത!!!!

Unknown said...

കണ്ണൂസേട്ടാ,
റിയലി? ഓ മൈ ഗോഡ്!! (തല കറങ്ങി വീഴുന്നു) :-)

Unknown said...

കണ്ണൂസേട്ടനല്ല സോറി. കുഞ്ഞന്‍ ചേട്ടന്‍. :-)

കണ്ണൂസ്‌ said...

ആളെ അപമാനിക്കല്ലേ ദില്‍ബൂ. :-)

കുഞ്ഞാ, വെറുതേ പറഞ്ഞതാട്ടോ. പ്രേമവിവാഹം, ചീത്ത, തൊഴി, അടുക്കളപ്പണി ഇവയില്‍ രണ്ടെണ്ണം എനിക്കും ബാധകമാണ്‌. :-))

Unknown said...

ഒരു പ്രണയകഥയുടെ ശുഭകരമായ പര്യവസാനം!!
ഈ കഥയുടെ പകുതിക്കു വച്ചു തന്നെ അവള്‍ ചെരുപ്പൂരി അടിച്ചിരുന്നുവെങ്കില്‍ ആ പാവങ്ങള്‍‍ക്ക്‌ സ്വര്‍‌ഗ്ഗം വരെ പോയി ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു :-)

സൂര്യോദയം said...

സുനീഷേ... തന്നെ ഞാന്‍ പുലീഷേ.. എന്ന് വിളിച്ചോട്ടെ... :-) നന്നായിട്ടുണ്ട്‌ ട്ടാ...

കെ said...

പ്രേമിച്ചവളെ കെട്ടരുതെന്ന സന്ദേശം നന്ന്.
കെട്ടിയവളെ പ്രേമിക്കാമോ?
കെട്ടിയാല്‍ പ്രേമം വരുമോ?
കെട്ടുന്നതോടെ പ്രേമം തീരുമോ?
അവനവനെ പ്രേമിച്ചാല്‍ ഈ വല്ല ഏടാകൂടവുമുണ്ടോ?
സേതുവിന് സേതുവിനോട് മാത്രമേ ഇഷ്ടമുളളൂവെന്നത് അയോഗ്യതയൊന്നുമല്ലല്ലോ.
കഥ നന്ന്, ഗുണപാഠവും കൊളളാം.

ഭരണങ്ങാനത്തെ അല്‍ഫോണ്‍സാമ്മയുടെ തിരുനാളിനുളള ക്ഷണം പോലെ
ഒരു കല്യാണക്കുറി ബ്ലോഗില്‍ കണ്ടേക്കരുത്. പറഞ്ഞേക്കാം.

ബാജി ഓടംവേലി said...

അവളുടെ സൗന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന് എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല.

SUNISH THOMAS said...

മാരീചാ...
എനിക്കു നേരിട്ട് വളരെ അടുത്തറിയാവുന്ന ചിലരും ഈ കഥയും തമ്മില്‍ വളരെ വലിയ ബന്ധമുണ്ട്. പ്രണയം നല്ലതാണോ ചീത്തയാണോ എന്നതിനെചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കു മറുപടി നല്‍കാന്‍ ഞാനാളല്ല.

കൊച്ചുത്രേസ്യായുടെ അത്രയും ബ്രില്യന്‍റ് അല്ലായിരുന്നു ഈ കഥയിലെ നായിക. അതുകൊണ്ട് അവള്‍ക്ക് ചെരിപ്പൂരി അടിക്കാന്‍ സ്വര്‍ഗത്തില്‍ വരെ എത്തേണ്ടി വന്നു.
ഉണ്ണിക്കുട്ടാ ഐഡിയ ഇഷ്ടപ്പെട്ടു. എന്‍റെ വീട്ടുവിലാസം നിനക്കു മെയില്‍ ചെയ്തിട്ടുണ്ട്. മെമ്മോറാണ്ടം ഉടന്‍ വിടുമല്ലോ....

ദില്‍ബാ ചെരുപ്പിലേക്കു നോക്കുന്നതു നല്ല ലക്ഷണമാ.. തുടരട്ടെ.

എതിരന്‍ ചേട്ടാ......ങുഹുങുഹു....!!

ഉറുമ്പ്, സാജന്‍, സണ്ണിക്കുട്ടന്‍, ബയാന്‍, കുതിരവട്ടന്‍, ശ്രീ, തമനുച്ചായന്‍, ടൈപ്പിസ്റ്റേച്ചി, ആരോ ഒരാളുചേട്ടന്‍, സാക്ഷാല്‍ ശ്രീമാന്‍ ചാത്തന്‍സ്, അരീക്കോടന്‍ മാഷ്, സുല്‍, കുഞ്ഞന്‍, കണ്ണൂസ്, സൂര്യോദയം, മാരീചന്‍ എന്നിവര്‍ക്കെല്ലാം നന്ദികള്‍.

SUNISH THOMAS said...

ബാജി ബായ്,
അക്കാര്യത്തെക്കുറിച്ച് എനിക്കിപ്പോളും വല്യ ധാരണയില്ല.
:(

ഏറനാടന്‍ said...

നല്ല ത്രില്ലില്‍ വായിച്ചുവായിച്ചു വരുമ്പം എന്തൊക്കെയോ നടക്കും എന്നു തോന്നി. എന്നാലും ക്ലൈമാക്‌സ്‌ പെട്രോമാക്സ്‌ കത്തിച്ചാലുള്ള പ്രഭാപൂരിതം പോലെ വല്ലാത്ത ശോഭ, കാന്തി, തെളിമ.....

ജാസൂട്ടി said...

വ്യത്യസ്ഥമായ ഒരു പ്രണയകഥ...:)

ഡാലി said...

ജപമാലയുടെ ഒരു ചെറിയ ത്രെഡ് ഇതിലുണ്ട്. സഫലമാകാഞ്ഞ കുട്ടികാലപ്രണയം.

പിന്നേ, ഈ കല്യാണം കഴിഞ്ഞ മഹാമാരു പറയണ കേക്കണ്ടട്ടോ. നൊണ്യാണ് നൊണ.

സഹയാത്രികന്‍ said...

"നമുക്ക് ആത്മഹത്യ ചെയ്യാം....?!!!

ഈ ലോകത്തില്‍ നമുക്കു സ്വൈര്യമായി ജീവിക്കാന്‍ പറ്റില്ല. ആ നിലയ്ക്ക് മരിച്ച് സ്വര്‍ഗത്തിലോ നരകത്തിലോ പോയി നമുക്കു സുഖമായി ജീവിക്കാമല്ലോ...

അവളതു കേറിയങ്ങു സമ്മതിച്ചു കളഞ്ഞു. എന്‍റെ ഉള്ള ജീവന്‍ അതോടെ പോയിക്കിട്ടി!!!"

ഈ കുട്ടികളിങ്ങനാ.... കളിയാക്കിയാലും മനസ്സിലാക്കില്ലാന്നു വച്ചാല്‍....!

Anonymous said...

നിങ്ങള്‍ കള്‍സ്‍ അടിക്കാതെ എഴുതിയ ഏക കഥ ഇതാണോ ചേട്ടാ ?

Anonymous said...

കലക്കീട്ടുണ്ടെന്ന് പ്രത്യേകം പറയാന്‍ എന്റെ ദുരഭിമാനം എന്നെ അനുവദിക്കുന്നില്ല....
എന്നാലും പറയട്ടെ... ഉഗ്രുഗ്രന്‍ !!!

ബിന്ദു said...

കൊള്ളാം കൊള്ളാം (ഗുണപാഠം):)

Haree said...

:)
ആ, എനിക്കൊന്നുമറിയാന്‍ മേലായേ... ഹല്ല, പ്രണയമാണോ പ്രണയിക്കാത്തതാണോ നല്ലതെന്നേ...

പോസ്റ്റ് നല്ലതാണെന്നതില്‍ തര്‍ക്കമില്ല. :)
--

.... said...

നന്നായിരിക്കുന്നു :)

sandoz said...

എന്തോന്നെടെയ്‌.....
ഒന്ന് ഡീസന്റായിക്കൂടെ....
ഒരു ദിവസം ഷാപ്പ്‌ കഥ എഴുതിയാ..
പിറ്റേ ദിവസം പ്രണയകഥ എഴുതും....
ആ ബെര്‍ളിയെ കണ്ട്‌ പഠിക്ക്‌....
ബ്ലോഗില്‍ ആശുപത്രി തുടങ്ങണം എന്നും പറഞ്ഞ്‌ അങ്ങേരു ഒരു പോസ്റ്റ്‌ ഇട്ടത്‌ ഞാനിന്നാ കണ്ടേ.....
ഒരു മോര്‍ച്ചറീം കൂടി വേണം...
ശ്മശാനോം.....

സുനീഷേ സംഭവം ഇഷ്ടപ്പെട്ടൂട്ടാ...

SUNISH THOMAS said...

സാന്‍ഡോസേ....
ബ്ളോഗില്‍ മോര്‍ച്ചറിയും ആശുപത്രിയും മാത്രം പോരാ.. ഒരു കള്ളുഷാപ്പുകൂടി വേണ്ടേ?
:)
ബ്ളോഗിലെത്തിയ മറ്റെല്ലാവര്‍ക്കും വീണ്ടും വീണ്ടും നന്ദികള്‍.

സഹയാത്രികന്‍ said...
This comment has been removed by the author.
kalippumachan \ കലിപ്പുമച്ചാന്‍ said...

വിവാഹം പ്രണയത്തിന്‍റെ മരണമാണ്.മരണം അനിവാര്യവും...

മെലോഡിയസ് said...

ഈ പോസ്റ്റിനെ പറ്റി ഞാന്‍ എന്തൂട്ട് പറയാന്‍..ഉഗ്രന്‍ പ്രണയകഥ..

ഓ:ടോ..
ഇതായിരുന്നൊ അന്ന് കൊച്ചിയില്‍ വെച്ച് കണ്ടപ്പോള്‍ പറഞ്ഞ ആ കഥ?? അല്ലെങ്കില്‍ അതും കൂടെ പോരട്ടെ ;)

SUNISH THOMAS said...

മെലോഡിയസേ....ആ കഥ പണ്ടു ഫാസിലു സിനിമയാക്കിയില്ലേടാ... ഇനിയിപ്പം ഞാന്‍വീണ്ടും പറയണോ?

;)

റീനി said...

സുനീഷെ, കഥ വായിക്കാന്‍ രസമുണ്ട്‌. അവസാനം വല്ലാതങ്ങട്‌ ഇഷ്ടായി.
അടുത്തയിടക്ക്‌ ഇഷ്ടപ്പെട്ടൊരു നര്‍മ്മകഥ.

ദിവാസ്വപ്നം said...

നന്നായി. പ്രേമിച്ച് കല്യാണം കഴിയ്ക്കാന്‍ മുട്ടി നില്‍ക്കുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ ;)

അഭിലാഷങ്ങള്‍ said...

സുനീഷേ, ട്രയിന്‍‌ വരുന്നത് വരെയുള്ള ഭാഗങ്ങള്‍ക്ക് നല്ല ഓറിജിനാലിറ്റി..!

പിന്നെ,

“മേലാല്‍ എന്‍റെ പുറകേ നടക്കരുത്....!! “ എന്നതിന് “ നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം....!! “ എന്ന മറുപടിയായിരുന്ന് ഗുണം ചെയ്യുക എന്ന് ഇപ്പഴാ മനസ്സിലാക്കിയത്.

[ആത്മഗതം: ഇതൊക്കെ പണ്ടേ ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍...... ]

Jay said...

എട്ടാം വയസ്സു മുതല്‍ തുടങ്ങി ഇന്നു വരെ മൊത്തം പതിനേഴു പെണ്ണുങ്ങളെ പ്രേമിച്ച് ഞാന്‍ ഒരു പരുവമായി (അതിശയോക്തി ഒട്ടും ഇല്ല). പ്രേമമുണ്ടെന്ന് ലവളോട് വാ പൊളിച്ച് പറഞ്ഞാല്‍ മാത്രമേ, ഈ സാധനം പൂക്കാനും കായ്ക്കാനും ഒക്കെ സാധ്യതയുള്ളൂ എന്ന പൊതുസത്യം ഞാന്‍ വളരെ വൈകിയാണ്‌ മനസ്സിലാക്കിയത്... അതു കൊണ്ടു തന്നെ 'പ്രണയത്തിന്റെ നാനാര്‍ഥങ്ങള്‍' വല്ലാതെ സ്പര്‍ശ്ശിച്ചു. തുടക്കത്തിലെ കുറച്ചു ഭാഗങ്ങള്‍ എന്റെ പ്രൊഫൈലില്‍ ചേര്‍ത്തതിന്റെ പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല.

Anish Thomas (I have moved to http://anishthomas.wordpress.com/ ) said...
This comment has been removed by the author.
കോട്ടയത്തിന്റെ സ്വന്തം താന്തോന്നി said...

വല്ലതും നാലു വര്‍ത്തമാനം പറയുന്നതിന്നിടയ്ക്ക് പരിചയക്കാര്‍ ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും അവളുടെ അപ്പനേയും ആങ്ങളമാരെയും പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്‍റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്നു സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കി.

"ഇതോന്നുമില്ലാതെ എന്തോന്ന്‍ പ്രണയം..??

ത്രില്‍ വേണം ത്രില്‍..!!

സുധി അറയ്ക്കൽ said...

എന്റെ പൊന്നോ!!!കൂട്ടിയിടിയിൽ നിന്ന് ഈ കഥ പോയി നിന്നതെവിടെയാന്നോർക്കുമ്പോ അതിശയം തോന്നുന്നു.

Powered By Blogger