Wednesday, August 22, 2007

ബോബനും മോളിയും (ഒരു പട്ടിയും!)

ബോബനും മോളിയും അടയും ചക്കരയും പോലെയായിരുന്നു. അടയും ചക്കരയും അധികം കഴിച്ചാല്‍ ഉണ്ടാകുന്ന അസുഖമാണു പ്രമേഹം. പക്ഷേ, ബോബനും മോളിക്കും പിടിച്ചതു പ്രമേഹമായിരുന്നില്ല, പകരം ഒരക്ഷരം തെറ്റി-പ്രേമം!!

ബോബന്‍ മിടുക്കനായിരുന്നു. ചക്കരയായ മോളിയെ ഫിഷ്മോളിയെപ്പോലെ അവന്‍ സ്നേഹിച്ചു. മോളിയാകട്ടെ ബോബനെ കുഞ്ചാക്കോ ബോബനെപ്പോലെയും. മോളിയെ സ്നേഹിക്കുക എന്നതു മാത്രമായിരുന്നു ബോബന്‍റെ ജോലി. അവള്‍ക്ക് അതുപോലെ തന്നെ സ്നേഹിക്കാന്‍ വീട്ടിലൊരു പട്ടിയുമുണ്ടായിരുന്നു. പട്ടിക്കും അവള്‍ ബോബന്‍ എന്നു പേരിട്ടു. പലപ്പോഴും, ബോബനു കൊടുക്കാന്‍ കഴിയാതെ പോകുന്ന സ്നേഹം അവള്‍ പട്ടിക്കു കൊടുത്തു. പട്ടിയാകുന്ന ബോബന്‍ കുരച്ചും കടിച്ചും തിരിച്ചും മോളിയെ സ്നേഹിച്ചുകൊണ്ടിരുന്നു. അങ്ങനെ, രണ്ടു ബോബന്‍മാരുടെയും സ്നേഹപ്രകടനത്താല്‍ വീര്‍പ്പുമുട്ടിക്കഴി‍യുകയായിരുന്നു മോളി.

ബോബന്‍ ഭരണങ്ങാനം പള്ളിയിലെ ആസ്ഥാന ഗായകന്‍കൂടി ആയിരുന്നു. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ എട്ടുമണിക്കുള്ള കുര്‍ബാനയ്ക്കു നൂറുകണക്കിനു മോളിമാര്‍ ബോബന്‍റെ സ്വരമാധുരി ആസ്വദിക്കാന്‍ മാത്രമായി തിക്കിത്തിരക്കിയെത്തുമായിരുന്നു. അതിന്നിടയ്ക്കും ബോബന്‍, പള്ളിയുടെ ആനവാതിലിനോടു ചേര്‍ന്നുള്ള തൂണില്‍ ചാരിയിരുന്നുറങ്ങുന്ന തന്‍റെ സ്വന്തം മോളിക്കായി പാട്ടുകള്‍ പാടിക്കൊണ്ടിരുന്നു. മോളിയാകട്ടെ ആ പാട്ടുകള്‍ കേട്ടുറങ്ങിക്കൊണ്ടും. പാട്ടും പ്രണയവും കഴിഞ്ഞുള്ള ഇടവേളകളില്‍ ബോബനും ഉറങ്ങിക്കൊണ്ടിരുന്നു.

ചുരുക്കം പറഞ്ഞാല്‍, മോളിയെ പ്രേമിക്കുക, പള്ളിയില്‍ പാട്ടുപാടുക, ഉറങ്ങുക എന്നീ ഇടപാടുകള്‍ക്കപ്പുറത്ത് ബോബനു മറ്റൊന്നുമില്ലായിരുന്നു.
കോളജില്‍ ഒന്നിച്ചു പ്രീഡിഗ്രി പഠിക്കുന്ന കാലത്തായിരുന്നു ബോബനു മോളിയെയും മോളിക്കു ബോബനെയും ഇഷ്ടമാകുന്നത്.

അന്ന് ഇരുവരുമൊന്നിച്ചുള്ള ഫ്രെയിമില്‍ ആദ്യം പറഞ്ഞ പട്ടിയില്ലായിരുന്നു. പകരം, മോളിയുടെ അപ്പനാകുന്ന കുട്ടപ്പന്‍ ചേട്ടനായിരുന്നു ആ റോള്‍.

തന്‍റെ ആദ്യത്തെ കണ്‍മണിയും വീടിന്‍റെ വിളക്കുമായിരുന്നവള്‍ ഒരു തമിഴന്‍റെ കൂടെ ഒളിച്ചോടിപ്പോയതിനുശേഷം കുട്ടപ്പന്‍ ചേട്ടന്‍ അവശേഷിക്കുന്ന സന്താനമായ മോളിക്കു മേല്‍ ഒരു കണ്ണുസ്ഥിരമായി വച്ചിരുന്നു. മോളിയാകട്ടെ, അപ്പനും അമ്മയും കഴിഞ്ഞേയുള്ളൂ എനിക്കു സിന്തോള്‍ സോപ്പുപോലും എന്ന നിലപാടിലും.

മോളിയെ പഠിപ്പിച്ച് ഒരു നഴ്സാക്കുകയും അവളെ അമേരിക്കയിലോ ഇംഗ്ളണ്ടിലോ പറഞ്ഞുവിട്ട് പത്തുകാശുണ്ടാക്കി നാട്ടില്‍ ഞെളിയുകയും വേണമെന്ന നിലപാടിലായിരുന്നു കുട്ടപ്പന്‍ ചേട്ടന്‍. .

അറിയപ്പെടുന്ന ഒരു കുടുംബത്തിലേക്കു മകളെ അല്‍പം വൈകിയിട്ടാണേലും കെട്ടിച്ചുവിടണമെന്നുമുള്ള കുട്ടപ്പന്‍ ചേട്ടന്‍റെ വെരിസിംപിള്‍ ആഗ്രഹങ്ങളുടെ നേര്‍ക്കായിരുന്നു അതുവരെ ഫ്രെയിമിലില്ലാതിരുന്ന അയലോക്കത്തെ പട്ടിയായ ബോബന്‍ കുരച്ചുകൊണ്ടു ചാടിവീഴുന്നത്.

അല്‍പം വൈകിയിട്ടാണേലും കുട്ടപ്പന്‍ ചേട്ടന്‍ ആ സത്യമറിഞ്ഞു.

ബോബനും മോളിയും പ്രണയത്തിലാണ്. തന്‍റെ മോളു പ്രേമിക്കുന്നതില്‍ കുട്ടപ്പന്‍ ചേട്ടനു വിരോധമില്ലായിരുന്നു. അവള്‍ക്കു പ്രേമിക്കാന്‍ കുന്നേല്‍ കുഞ്ചെറിയാ ചേട്ടന്‍റെയും തെക്കേല്‍ അവിരാച്ചേട്ടന്‍റെയും ആണ്‍മക്കള്‍ വടിവടിപോലെ നാട്ടിലൂടെ തെക്കും വടക്കും നടക്കുമ്പോള്‍ ഈ കുരുത്തം കെട്ടവള്‍ക്ക് ഇവനെ മാത്രമേ കണ്ടൊള്ളോ എന്നായിരുന്നു ആ പാവപ്പെട്ട വയോധികന്‍റെ ആദ്യത്തെ ആത്മഗതം. നാട്ടിലെ, പത്തുകാശുള്ള ഏതെങ്കിലും വീട്ടിലെ ചെറുക്കന്‍മാരെ പ്രേമിക്കാന്‍ മേലായിരുന്നോ പെണ്ണേ നിനക്ക് എന്നായിരുന്നു ആ ആത്മഗതത്തിന്‍റെ പൊരുള്‍!!!

ഇരുളും പൊരുളും തിരിച്ചറിയാവുന്ന പ്രായത്തില്‍ അല്ലാതിരുന്നതു കൊണ്ട് മോളി തറപ്പിച്ചു പറഞ്ഞു.

എനിക്കു ബോബനെ ഇഷ്ടമാണ്. ആരെതിര്‍ത്താലും ഞങ്ങളു കല്യാണം കഴിക്കും.

അതു കേട്ട് മോളിയുടെ പട്ടിയാകുന്ന ബോബന്‍ വാലാട്ടി.

അതു കണ്ട്, അന്നുരാത്രി തന്നെ കുട്ടപ്പന്‍ ചേട്ടന്‍ ആ പട്ടിയെ തട്ടി.

അവളുടെയൊരു ബോബന്‍!! ഇതുപോലെ തട്ടും ഞാന്‍ അവനേയും...!!

ഒറിജനല്‍ ബോബന്‍ അതറിഞ്ഞു ഞെട്ടി. എന്തു ചെയ്യും????

ഒന്നെങ്കില്‍ മോളി, അല്ലെങ്കില്‍ സ്വന്തം ജീവന്‍- ഇതായിരുന്നു ബോബന്‍റെ മുന്നിലുണ്ടായിരുന്ന ഓപ്ഷന്‍.

മെഡിക്കലു വേണോ എന്‍ജിനീയറിങ്ങു വേണോ എന്ന ചോദ്യം പോലെ അത്ര സിംപിളായിരുന്നില്ല ആ ചോദ്യമെങ്കിലും കറക്കിക്കുത്തി കണക്കുപരീക്ഷയെഴുതുന്നവന്‍റെ ലാഘവത്തോടെ കറക്കിക്കുത്താതെ ബോബന്‍ ആ ഉത്തരം തിരഞ്ഞെടുത്തു.

ജീവന്‍... സ്വന്തം ജീവന്‍!!!

അങ്ങനെ, തന്‍റെ ജീവന്‍റെ ജീവനെന്നും ജീവനെക്കാള്‍ ജീവനെന്നുമൊക്കെ പലവട്ടം വിശേഷിപ്പിച്ച മോളിയെ മറന്ന്, മോളിയുടെ അപ്പനെ പേടിച്ച് ബോബന്‍ നാടുവിട്ടു.

അതോടെ, നാടെങ്കിലും രക്ഷപ്പെടുമല്ലോ എന്നോര്‍ത്ത് അവന്‍റെ അപ്പനും അമ്മയും ആശ്വസിച്ചു.

തട്ടിക്കളയും എന്ന വാക്കിന് ഇത്രയും പവ്വറുണ്ടായിരുന്നല്ലേ എന്നോര്‍ത്ത് കുട്ടപ്പന്‍ ചേട്ടന്‍ ആദ്യം അദ്ഭുതപ്പെട്ടു. പിന്നീട് സന്തോഷിച്ചു.

ഇതികര്‍ത്തവ്യ മൂഢയായി മൂന്നു ദിവസം മോളി പട്ടിണികിടന്നു. മൂന്നുദിവസത്തെ പട്ടിണിക്കും കരച്ചിലിനും പിഴിച്ചിലിനും ഉഴിച്ചിലിനും ശേഷം കണ്ണാടിക്കു മുന്നില്‍ചെന്നു നിന്ന മോളിക്കൊച്ചു തന്നെ ഞെട്ടിപ്പോയി- താനൊരു സ്ളിംബ്യൂട്ടിയായിരിക്കുന്നു!!

എങ്കിലും ബോബനെ മറക്കുന്ന കാര്യം മാത്രം അവള്‍ക്കു ചിന്തിക്കാന്‍ പറ്റില്ലായിരുന്നു. ബോബനെക്കുറിച്ചുള്ള ഓര്‍മകള്‍ക്കു മുന്നില്‍ അവള്‍ വിങ്ങിപ്പൊട്ടി. അപ്പന്‍ തല്ലിക്കൊന്നു കുഴിച്ചിട്ട തന്‍റെ പ്രിയപ്പെട്ട ബോബന്‍റെ കുഴിമാടമാകുന്ന തെങ്ങിന്‍ച്ചോട്ടില്‍ അവള്‍ ദിവസവും ഓരോ മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിച്ചു.

ഉടയതമ്പുരാനേ, ഇനിയും ബാക്കിയുള്ള ബോബന് ആപത്തൊന്നും വരുത്തരുതേ...

ദൈവം പ്രാര്‍ഥന കേട്ടോ എന്നറിയില്ല, പക്ഷേ, മോളിയുടെ അപ്പന്‍ കുട്ടപ്പന്‍ ചേട്ടന്‍ ഈ പ്രാര്‍ഥന പലവട്ടം കേട്ടു. മകളുടെ കാമുകന്‍ നാടുവിട്ടെങ്കിലും മകളില്‍നിന്ന് അവനെക്കുറിച്ചുള്ള ഓര്‍മകള്‍ കപ്പലുകയറിയിട്ടില്ലെന്ന്, കുട്ടപ്പന്‍ ചേട്ടന്‍ ഞെട്ടലോടെ മനസ്സിലാക്കി.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു.

രണ്ടുമൂന്നു ട്രങ്കീസു പെട്ടിയിലാക്കി മോളിക്കുട്ടിയെ കോട്ടയത്തേക്കു പായ്ക്കു ചെയ്തു- നഴ്സിങ് പഠിക്കാന്‍.

കന്യാസ്ത്രീമാര്‍ നടത്തുന്ന ആശുപത്രി. കാര്‍ഗിലിലേതിനെക്കാള്‍ സുരക്ഷ. മോളി നഴ്സിങ് പഠനം തുടങ്ങി.

ബോബന്‍ അപ്പോളും അലയുകയായിരുന്നു. പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതിരുന്നിട്ടും ബോബന്‍റെ മനസ്സില്‍ മോളി എന്ന ഒരു ലക്ഷ്യം മാത്രം തിരയടിച്ചു. നാട്ടിലേക്കുള്ള ആന്‍റിനകള്‍ തിരിച്ചുവച്ച ബോബന് അവിടെനിന്നു സിഗ്നലുകള്‍ കിട്ടിത്തുടങ്ങി.

മോളിയെ അവളുടെ അപ്പന്‍ നാടുകടത്തി. അവളുടെ താമസവും പഠനവുമെല്ലാം കന്യാസ്ത്രീമാര്‍ നടത്തുന്ന ഹോസ്പിറ്റലില്‍. നഴ്സിങ് സ്കൂളിലേക്ക് ഈച്ച പോലും കടക്കത്തില്ല.

ഉറക്കം വരാത്ത രാത്രികളില്‍ മോളി ബോബന്‍റെ പാട്ടുകള്‍ മനസ്സില്‍ കേട്ടു. ആ പാട്ടുകള്‍ക്ക് എന്നും ഒരേഭാവമായിരുന്നു എന്നവള്‍ തിരിച്ചറിഞ്ഞു. മോളിക്കുട്ടി ഉണരുമ്പോഴും പാട്ടുണ്ടായിരിക്കും. അവന്‍ അവന്‍റെ പാട്ടിനു പോയിട്ടും തനിക്കു മാത്രമെന്തേ മാറ്റമുണ്ടാകാത്തത് എന്നു തികട്ടിവന്ന പാട്ടുമൂളിക്കൊണ്ടും മോളി ഓര്‍ത്തു.

ഹോസ്പിറ്റലില്‍ മോളി വളരെ വേഗം താരമായി. ഡോക്ടര്‍മാര്‍ക്കിടയിലും രോഗികള്‍ക്കിടയിലുമെല്ലാം എല്ലാ ഫ്രെയിമിലും മുന്‍പു പറ‍ഞ്ഞിട്ടുള്ള യശ്ശശരീനായ പട്ടിയെപ്പോലെ മോളിക്കുട്ടിയുണ്ടായിരുന്നു.

അപ്രതീക്ഷിതമായി ഒരു ദിവസമാണതു സംഭവിച്ചത്.

നഴ്സിങ് സ്കൂള്‍ ഹോസ്റ്റല്‍ വാര്‍ഡനായ കന്യാസ്ത്രീയമ്മയെ കാണാന്‍ ചെറുപ്പക്കാരനായ ഒരാളെത്തി.

എന്തു വേണം?

ഇവിടെ പഠിക്കുന്ന മോളിക്കുട്ടിയെ ഒന്നു കാണണം.
എന്താ ആവശ്യം?

ഞാന്‍ അവളുടെ അപ്പന്‍റെ പെങ്ങളുടെ മകനാ....

എന്നതാ?

എന്‍റെ അമ്മാവന്‍റെ മകളാ....

ഓ... അതുശരി. എന്നതാ അമ്മാവന്‍റെ മകന്‍റെ പേര്?

ഔസേപ്പ്.

ഔസേപ്പിരിക്ക്. ഞാന്‍ വിളിക്കാം.

കന്യാസ്ത്രീ അകത്തേക്കു പോയി. പത്തുമിനിറ്റുകഴിഞ്ഞ് മോളിക്കുട്ടിയുമായി അവര്‍ തിരിച്ചെത്തി.
ഔസേപ്പിനെ വിറച്ചു തുടങ്ങി. മോളി തന്നെ കണ്ടിരിക്കുന്നു. മോളിയും കണ്ടു- ഔസേപ്പിനെയല്ല ബോബനെ...

ഞാനല്ലാതെ നിന്‍റെ അപ്പനേതാടീ വേറെ പെങ്ങള്‍? - കന്യാസ്ത്രീയമ്മയുടെ ചോദ്യം മോളിയോട്.

മോളി ഞെട്ടി. ബോബന്‍ ഞെട്ടിയില്ല. പകരം ഓടി.

കുട്ടപ്പന്‍ ചേട്ടന്‍റെ ഒരേയൊരു പെങ്ങള്‍ കന്യാസ്ത്രീയാണെന്ന് ഇതുവരെ മനസ്സിലാക്കാതിരുന്നതിലുള്ള കുണ്ഠിതത്തോടെ അവന്‍ ഓട്ടം തുടര്‍ന്നു.

വിവരം കുട്ടപ്പന്‍ ചേട്ടനറിഞ്ഞു.

അടുത്ത നിമിഷം വണ്ടിപിടിച്ച് കുട്ടപ്പന്‍ ചേട്ടന്‍ ഹോസ്പിറ്റലിലെത്തി.

അവനിവിടേം വന്നോ????

മോളി പരുങ്ങി.

എന്നാടീ നിന്‍റെ നാക്കെവിടെ?

മോളി ധൈര്യം സംഭരിച്ച്, രണ്ടും കല്‍പിച്ച്, കന്യാസ്ത്രീമഠത്തിന്‍റെയും സമീപത്തെ ആശുപത്രിയുടെയും കല്‍മതിലുകളിളക്കുന്ന ശബ്ദത്തില്‍ ഇങ്ങനെ പ്രസ്താവിച്ചു

ആരൊക്കെ എതിര്‍ത്താലും ഞാനും ബോബനും ഒന്നിച്ചു ജീവിക്കും. ഞങ്ങള്‍ അതിനു തീരുമാനിച്ചു.
എങ്കില്‍ അവനെ ഞാന്‍ തട്ടും!!!

തട്ടിയാല്‍ നിങ്ങളുടെ മകളു വിധവയാകും!!- രണ്ടും കല്‍പിച്ചു മോളി അങ്ങനെതന്നെയങ്ങു തട്ടി.
കുട്ടപ്പന്‍ ചേട്ടന്‍ ഞെട്ടി. - ഇത്തവണ ശരിക്കും.

ഞങ്ങളു റജിസ്റ്റര്‍ മാര്യേജ് നടത്തി. ഇനി ആരും എതിര്‍ത്തിട്ടു കാര്യമില്ല. അപ്പന്‍ എന്നോടു ക്ഷമിക്കണം.

കുട്ടപ്പന്‍ ചേട്ടന്‍ ക്ഷമിച്ചു. നാലുപേരറിയും മുന്‍പ് ഔദ്യോഗികമായി പള്ളിയില്‍ വച്ചു കെട്ടിച്ചു നാണക്കേടില്‍നിന്നു തലയൂരണം.

അവനോടു വീട്ടുകാരെക്കൂട്ടി നാളെത്തന്നെ വീട്ടിലോട്ടു വരാന്‍ പറ!!

മോളി തലയാട്ടി.

ആന്‍റിനകള്‍ വീണ്ടും മിന്നി. ഹോസ്റ്റലില്‍നിന്നിറങ്ങി ഓടുകയായിരുന്ന ബോബനു സിഗ്നല്‍ കിട്ടി. ബോബന്‍ ഓട്ടം നാട്ടിലേക്കു തിരിച്ചുവിട്ടു. അവളുടെ ബുദ്ധിയില്‍ അവന്‍ അതിശയിച്ചു. പെണ്ണുങ്ങള്‍ക്ക് ഇത്രയും ബുദ്ധിയുണ്ടോ?

പിറ്റേന്ന് രാവിലെ...

ബോബന്‍ വീട്ടുകാര്‍ ആരുമില്ലാതെ നേരെ മോളിയുടെ വീട്ടിലേക്കു കടന്നു ചെന്നു.
അകത്ത് വന്‍ ആള്‍പ്പെരുമാറ്റം. ബന്ധുക്കള്‍ മുഴുവനും വന്നിട്ടുണ്ടെന്നു തോന്നുന്നു. വീട്ടില്‍നിന്ന് അപ്പനെക്കൂടി വിളിച്ചേക്കാമായിരുന്നു- ബോബന്‍ മനസ്സിലോര്‍ത്തു.

കുട്ടപ്പന്‍ ചേട്ടന്‍ ബോബനെ കണ്ടു. ചിരിയോടെ അടുത്തെത്തി.

ആ നീ വന്നോ? നീ വരുമെന്നു ഞാന്‍ കരുതിയില്ല. വന്ന സ്ഥിതിക്ക് ഇവിടെ നേരത്തെയെത്തിയോരെ ഒക്കെ പരിചയപ്പെടുത്താം.

സെറ്റിയില്‍ ഒറ്റയ്ക്കിരുന്ന ചെറുപ്പക്കാരനെയാണ് ആദ്യം പരിചയപ്പെടുത്തിയത്.

ഇതു ബോബന്‍. ആസ്പത്രീലെ പുതിയ ഡോക്ടറാ.. എന്‍റെ മോളെ ഈ ബോബനാണു കല്യാണം കഴിക്കുന്നത്.

ആ ബോബനെ കണ്ട് ശേഷിക്കുന്ന ബോബനു തല പെരുത്തു.

ബോബന്‍ എന്നു എന്ന പേരു കേട്ടിട്ടോ എന്തോ വീട്ടുവളപ്പിലെ തെങ്ങിന്‍ ചോട്ടില്‍ അന്ത്യനിദ്രയിലാണ്ട പട്ടിയായ ബോബന്‍റെ ആത്മാവ് വിളി കേട്ടു.

കിടന്നകിടപ്പില്‍ ആത്മാവ് അവിടെനിന്നൊരു ഓലിയിട്ടു. അത് ആത്മാവു നഷ്ടപ്പെട്ടവനായ ബോബന്‍റെ തകര്‍ന്ന ചങ്കിന്‍കൂടിന്നകത്തുചെന്നു കൊണ്ടു.

അപ്പോള്‍, ആ ഫ്രെയിമില്‍ കുറവുണ്ടായിരുന്ന പട്ടിയുടെ സ്ഥാനം തികയ്ക്കാന്‍ അവനെക്കാള്‍ പറ്റിയ മറ്റാരുമുണ്ടായിരുന്നില്ല!!!


31 comments:

SUNISH THOMAS said...

ഈ കഥയിലെ ബോബനും മോളിക്കും പട്ടിക്കും കാര്‍ട്ടൂണിസ്റ്റ് ടോംസിന്‍റെ കഥകളിലെ മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളുമായി ഇന്നുമുതല്‍ ഒരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല.

വായിക്കുക.

:)

വിഷ്ണു പ്രസാദ് said...

സുനീഷേ,വായിച്ചു .രസിച്ചു.

ഉണ്ടാപ്രി said...

അച്ചായോ,
ആത്മകഥാംശമില്ലയെന്നു കരുതുന്നു. ഭരണങ്ങാനം ഇത്ര പെരുത്ത്‌ വൈവധ്യമാര്‍ന്ന കഥാപാത്രങ്ങളുടെ നാടാണെന്നറിഞ്ഞില്ല..

ാ.ടോ: പിന്നെ ഭരണങ്ങാനം മീറ്റ്‌ നടത്തൂ മാഷേ..ഞാന്‍ ഒന്നിടവിട്ട ആഴ്ചകളില്‍ നാട്ടില്‍ (ഭരണങ്ങാനത്തും)വരാറുണ്ട്‌.ഒത്തിരി തിരക്കുമായി ഓടിപാഞ്ഞു വരുന്നതാണേലും ഒരു മീറ്റിനുള്ള സമയമൊക്കെയുണ്ടേ..

സുനീഷ് said...

എന്നതാ പറയേണ്ടെ? കുരുമുളകിട്ടു വരട്ടിയെടുക്കുന്ന പോത്തൊലൊര്‍ത്ത്‌ പോലെ ഓരോ പോസ്റ്റ്‌ കഴിയുന്തോറും ആ ഗുമ്മ് അങ്ങു കൂടി വരുന്നുണ്ട്‌. തകര്‍ക്കുന്നു...
ഓഫ്‌ : ആ കൂമ്പിയടഞ്ഞ ധ്യാനം കണ്ടാലറിയാം, ഒന്നെങ്കില്‍ സള്‍സ/ജവാന്‍/സന്യാസി.
അല്ലെങ്കില്‍ ഈ റ്റൈപ്പ്‌ ഒക്കെ എങ്ങനെ ഉണ്ടാകാനാ?

Haree said...

അവസാനത്തെ ഫ്രയിമിലെ പട്ടി കലക്കി... :)

ഇനി ഒരു ചിന്ന ഡൌട്ട്:
പ്രമേഹം ഒരക്ഷരം തെറ്റി പ്രേമമാവുന്നതെങ്ങിനെ?
പ്രമേഹം - പ്രഹരം - കാരം - കാമം - പ്രേമം
ഇതിലും കുറച്ചു വാക്കുകളില്‍ പ്രമേഹത്തില്‍ നിന്നും പ്രേമത്തിലെത്താമായിരിക്കും, എന്നാലും പ്രമേഹം - പ്രേമം എന്നെഴുതിയാല്‍ ശരിയാവില്ലല്ലോ! (ഒരു വാക്കില്‍ നിന്നും ഒരക്ഷരം മാറ്റി അടുത്ത വാക്ക്, അങ്ങിനെ അവസാനത്തെ വാക്കിലെത്തുന്ന കളി)
--

ശ്രീ said...

:)

സാല്‍ജോҐsaljo said...

അല്ല സുനീഷെ

ഈ പട്ടി പുസ്തകം വായിക്ക്വൊ..


വെര്‍തെ... വെര്‍തെ ചോയിച്ചതാ..

സാല്‍ജോҐsaljo said...

കൊള്ളാ‍ട്ടാ‍ാ...

കൊച്ചുത്രേസ്യ said...

ശ്ശൊ ഇതെങ്ങനാ ദോശ ചുടുന്നതു പോലെ ഇത്രേം സ്പീഡില്‍ പോസ്റ്റിടുന്നത്‌!!!എന്തായാലും കഥ നന്നായിട്ടുണ്ട്‌.
ഇതിലെ ദുരന്തനായകനായ ബോബനു വേണ്ടി ഞാനൊന്നു ശപിച്ചോട്ടെ -“ആ ഡോക്ടറുബോബന്‍ ഇടിവെട്ടി പണ്ടാരമടങ്ങും” .

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇതെന്നതാ ബോംബ് മഴ പോലെ ബോബന്‍ മഴയോ!!!!

എതിരന്‍ കതിരവന്‍ said...

എന്റെ കഥയെല്ലാം അറിയാം ഇല്ലേ? എന്റെ ചങ്കും കരളും പറിച്ചെടുത്ത് എന്റെ ചോരയില്‍ മുക്കി കഥയെഴുതും ഇല്ലേ?

എന്തിനാ ഇനി എന്നെ ജീവനോടെ വെച്ചേക്കുന്നെ. അങ്ങു കൊല്ല്.

കുഞ്ഞന്‍ said...

ഹഹഹ ഒരു ദുരന്ത പ്രമേഹം...!

കൊളളാം ഇഷ്ടായി..

krish | കൃഷ് said...

"മോളി ഞെട്ടി. ബോബന്‍ ഞെട്ടിയില്ല. പകരം ഓടി."
കൊള്ളാം.

ഏറനാടന്‍ said...

സുനീഷ്‌ തോമസ്സ്‌ മറ്റൊരു ബേര്‍ളി ആകുന്ന ലക്ഷണമുണ്ട്‌. ഭരണങ്ങാനത്തെ ബേര്‍ളിച്ചന്‍. ഡേയിലിയല്ലേ പോസ്‌റ്റുന്നത്‌.

ഉണ്ണിക്കുട്ടന്‍ said...

അപ്പോ മെമ്മൊറാണ്ടം എന്നെ കൊണ്ടയപ്പിക്കും അല്ലേ..? ബോബനും മോളിയും കഥകളിലെ എല്ലാ ഫ്രെയിമിലും നിശബ്ദനായി വരുന്ന പട്ടിയെ അവതരിപ്പച്ചത് കലക്കി..

ഒരു ഫുട്ബോള്‍ കഥ എഴുതുവോ..?

ജിം said...

ഈ മോളിക്കുട്ടീടെ ഒരു കാര്യം.
ഇനിയവള്‍ കല്യാണത്തിനു പന്തലുകെട്ടാന്‍ വരുന്ന ബോബന്റെ കൂടെ ഒളിച്ചോടുമോ എന്തോ!

നിഷ said...

"അങ്ങനെ, തന്‍റെ ജീവന്‍റെ ജീവനെന്നും ജീവനെക്കാള്‍ ജീവനെന്നുമൊക്കെ പലവട്ടം വിശേഷിപ്പിച്ച മോളിയെ മറന്ന്, മോളിയുടെ അപ്പനെ പേടിച്ച് ബോബന്‍ നാടുവിട്ടു..."

- ഇങ്ങനെയുള്ളവരെ അല്ലെങ്കിലും ഏതു പെണ്ണാ പ്രേമിക്കുക?

Unknown said...

എന്നും വൈകുന്നേരം പണി കഴിഞ്ഞിറങ്ങിയാല്‍ രണ്ടെണ്ണം പിടിപ്പിച്ച് എഴുതാനിരിക്കുകയാണല്ലേ? എന്താ ഒരു ഒഴുക്ക് എഴുത്തിന്റെ. അല്ല ഏതെങ്കിലും കഥയില്‍ നായകന് എപ്പോഴെങ്കിലും പെണ്ണിനെ കിട്ടുമോ?

Dinkan-ഡിങ്കന്‍ said...

നിനക്ക് ഇപ്പോള്‍ ആപ്പീസ്സില് പണിയൊന്നും ഇല്ലാല്ലെ.
ചുമ്മാ കള്ളടിച്ച് ഉമ്മറകോലായില് കാല് നീട്ടി ഉറക്കം, എന്നിട്ട് കാണണ സ്വപ്നം മുഴുവന്‍ നാട്ടുകാരുടെ നെഞ്ചത്ത് പോസ്റ്റ്. (എന്നാലും സംഗതി കൊള്ളാം ട്ടാ)

mammood said...

:-) Like the flow

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌..
അഭിനന്ദനങ്ങള്‍

വിന്‍സ് said...

hahaha super :)

Mr. K# said...

:-) കൊള്ളാം. ഹതഭാഗ്യരായ കാമുകന്മാരെക്കൊണ്ട് സമൃദ്ധമാണല്ലോ ഭരണങ്ങാനം.

ഉപാസന || Upasana said...

അച്ചായോ വളരെ നന്നായീട്ടോ..
:)
സുനില്‍

Promod P P said...

സുനീഷെ
സ്വന്തം ജീവിതാനുഭവം ഇത്രയും ഹൃദയസ്പര്‍ശിയായി വേറെ ആരും വിവരിച്ചിട്ടുണ്ടാകില്ല

ജാസൂട്ടി said...

എന്റമ്മോ മൊത്തം പ്രേമവും നൈരാശ്യവുമൊക്കെയാണല്ലോ...എന്നു തീരുമിതൊക്കെ??
തഥേട്ടന്റെ കമന്റ് കലക്കി...പത്തു മാര്‍ക്ക്...:)

ജാസൂട്ടി said...

എന്റമ്മോ മൊത്തം പ്രേമവും നൈരാശ്യവുമൊക്കെയാണല്ലോ...എന്നു തീരുമിതൊക്കെ??
തഥേട്ടന്റെ കമന്റ് കലക്കി...പത്തു മാര്‍ക്ക്...:)

Anonymous said...

മേലാല്‍ ഇത്തരം കഥകള്‍ എഴുതിയാല്‍ അടി മേടിക്കും. ഒന്നുകില്‍ കള്ളുഷാപ്പ് അല്ലെങ്കില്‍ നിരാശാപ്രേമം...

രണ്ടുമുള്ള ഒരു സാധനം ഞാന്‍ പച്ചയായി തട്ടുന്നുണ്ട്... നിങ്ങളെ നന്നാക്കാന്‍ പറ്റുമോ എന്നൊന്നു നോക്കട്ടെ.

G.MANU said...

SUNEESHE........UM.UMM.UMM..

Sarvaiswarya said...

കൊള്ളാം :)

സുധി അറയ്ക്കൽ said...

ച്ഛേ!!!!

Powered By Blogger