Tuesday, August 21, 2007

ശുദ്ധോധനന്‍ സാറും കുറേ ശുദ്ധന്‍മാരുംപണ്ടു പണ്ടു പണ്ട്.......

പത്തുരൂപ കൊടുത്താല്‍ അഞ്ച് വില്‍സ് കിട്ടുന്ന കാലം.

ശുദ്ധോധന‍ന്‍ സാറ് പക്ഷേ അന്ന് പത്തുരൂപ കൊടുത്ത് അഞ്ചുപായ്ക്കറ്റ് ദിനേശ് ബിഡിയായിരുന്നു വാങ്ങിയിരുന്നത്. പത്തുരൂപയ്ക്ക് അ‍ഞ്ച് വില്‍സ് വലിക്കുന്നതോ അമ്പത് ദിനേശ്ബീഡി വലിക്കുന്നതോ ലാഭകരം എന്ന കാര്യത്തില്‍ ശുദ്ധോധനന്‍ സാറിന്‍റെ പ്രാക്ടിക്കല്‍ ബുദ്ധിക്ക് അമ്പത് ദിനേശ് എന്നതായിരുന്നു ഉത്തരം!

സ്റ്റാറ്റിസ്റ്റിക്സ് എന്ന ഘടഘടിയന്‍ വിഷയത്തിലെ സകല ഇനിക്വാലിറ്റികളെയും സാറു പുല്ലുപോലെ കൈകാര്യം ചെയ്തിരുന്നതും ഇതേ പ്രാക്ടിക്കല്‍ ബുദ്ധി ഉപയോഗിച്ചായിരുന്നു. സാറിന്‍റെ പ്രാക്ടിക്കല്‍ ബുദ്ധി കാരണം, ക്ളാസില്‍ നേരെ ചൊവ്വേ ഉഴപ്പാന്‍ കഴിയാതെ ഉഴലുന്ന ഒരു സംഘമുണ്ടായിരുന്നു.


ക്ളാസിലെ ആകെയുള്ള 23 പേരില്‍ 22പേരും ആ സംഘത്തില്‍ അംഗമായിരുന്നു. ബാക്കിയുള്ള ഒരേയൊരാള്‍ ക്ളാസിന്‍റെ മോണിട്ടര്‍ ആയിരുന്നു. കുറുന്തോട്ടിക്കും വാതം പിടിക്കണം എന്ന അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും വിധി അതിന് എതിരായിരുന്നു എന്നു പറയാവുന്ന പോലെ, ക്ളാസിലെ ഒന്നാം നമ്പറുകാരനായ അവനുമാത്രമായിരുന്നു ഉഴപ്പാന്‍ പറ്റാത്തത്. രാവിലെ ക്ളാസ് തുടങ്ങുമ്പോള്‍ മുതല്‍ വൈകിട്ട് അവസാനിക്കുമ്പോള്‍ വരെ അറ്റന്‍ഡന്‍സ് ബുക്ക് എന്ന വിലപ്പെട്ട പുസ്തകം കൈവശം വയ്ക്കേണ്ടതും ഉത്തരവാദിത്തത്തോടെ വൈകിട്ട് ഓഫിസില്‍ തിരിച്ചേല്‍പ്പിക്കേണ്ടതും ടിയാന്‍റെ കടമയായിരുന്നു.

ആ കടമ മൂലം വാതം പിടിക്കാതെ പോയ ഒരു കുറുന്തോട്ടിയൊഴിച്ച് ബാക്കിയുള്ള നിലംതെങ്ങ്, തഴുതാമ, ആടലോടകം ഇനത്തില്‍പ്പെട്ട സകലത്തിനും നല്ല ഒന്നാന്തരം വാതമായിരുന്നു. ഉഴപ്പ് എന്നായിരുന്നു ആ വാതത്തിനു പേര്. ആ പ്രായത്തില്‍ പിടിപെടുന്ന ഈ വാതത്തിനു പ്രത്യേക മരുന്ന് കണ്ടുപിടിക്കപ്പെട്ടിരുന്നില്ല.

ശുദ്ധോധനന്‍ സാറായിരുന്നു ആ ക്ളാസിന്‍റെ ട്യൂട്ടര്‍ അഥവാ ക്ളാസ് ടീച്ചര്‍.

പേരു സൂചിപ്പിക്കും പോലെ തന്നെ നല്ല ഒന്നാന്തരം പനവീഞ്ഞുപോലെ ശുദ്ധനായിരുന്നു ശുദ്ധോധനന്‍ സാര്‍. രാവിലെ ക്ളാസില്‍ കാണുമ്പോഴുള്ള അയിത്തമൊന്നും വൈകിട്ടു പുലിയന്നൂര്‍ഷാപ്പില്‍ വച്ചു കാണുമ്പോള്‍ അദ്ദേഹത്തിനില്ലായിരുന്നു.

വാതം പിടിച്ച് വീട്ടില്‍പ്പോകാന്‍ മടിച്ചു ഷാപ്പിലും കോളജിലുമായി കറങ്ങിയിരുന്ന സകല കുറുന്തോട്ടികളുടെയും കറിപ്പാത്രത്തില്‍നിന്നും പോട്ടിക്കഷ്ണം പെറുക്കാന്‍ അനുവാദമുണ്ടായിരുന്ന ഒരേയൊരാളും ശുദ്ധോധനന്‍ സാറുമാത്രമായിരുന്നു.

പൈകജൂബിലിക്കും പുലിയന്നൂര്‍ ഉല്‍സവത്തിനും മുതല്‍ ജംബോ സര്‍ക്കസിനു വരെ തോളില്‍ക്കയ്യിട്ടു, ഷെയറിട്ടു പോകാനുള്ള സ്വാതന്ത്ര്യവും ശുദ്ധോധനന്‍ സാറു സകല കുറുന്തോട്ടികള്‍ക്കും നല്‍കിയിട്ടുണ്ടായിരുന്നു.

പ്രാക്ടിക്കലായി ചിന്തിക്കുമ്പോള്‍ നമ്മളൊക്കെ തമ്മില്‍ എന്തു വ്യത്യാസം എന്ന മാര്‍ക്സിയന്‍ ചിന്ത എല്ലാ കുറുന്തോട്ടികളെയും ആദ്യം പഠിപ്പിച്ചതും അദ്ദേഹമായിരുന്നു. പക്ഷേ അദ്ദേഹം ഈ ഇക്വാലിറ്റി ചിന്ത കോളജിന്‍റെ അകത്തേക്കു കൂടെക്കയറ്റിയിരുന്നില്ല.

കോജളില്‍ അദ്ദേഹം, ഇനിക്വാലിറ്റികളുടെ രാജാവായിരുന്നു. അവിടെ ഇക്വാലിറ്റികള്‍ക്കു സ്ഥാനമില്ലായിരുന്നു.

വീട് എവിടെ? മക്കള്‍ എത്ര പേര്‍? ഭാര്യയ്ക്കെന്തു ജോലി? വീട്ടില്‍ ആരൊക്കെയുണ്ട്? തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും സാറ് ഒരിക്കലും ഉത്തരം പറഞ്ഞിട്ടില്ല.- ഷാപ്പില്‍ വച്ചു പോലും!


അതേസമയം, ഒരുകുത്തു ചീട്ടില്‍ എത്ര ജോക്കറുണ്ട്, മൂന്നു പേരു കളിക്കുമ്പോള്‍ പരിയലു വന്നാല്‍ എന്തു ചെയ്യണം, പന്നി മലത്തുമ്പോള്‍ സദസ്സറിയാതെ എങ്ങനെ കള്ളക്കളി കളിക്കാം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഒന്നല്ല, ഒന്നിലധികം ഉത്തരങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അവിടെയും പ്രാക്ടിക്കലായിരുന്നു അദ്ദേഹം.

ഇങ്ങനെയൊക്കെ ആയിരുന്നതിനാലാവണം, ക്ളാസില്‍ ഈശ്വരതുല്യനായിരുന്നു ശുദ്ധോധനന്‍ സാര്‍, ഷാപ്പില്‍ എല്ലാവരുടെയും ഗുരുവും!


ശുദ്ധോധനന്‍ സാറു കോളജിലുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്‍റെ സ്വന്തം ക്ളാസ് റൂം ഒന്നാം തീയതിയിലെ കള്ളുഷാപ്പു പോലെ ശാന്തമായിരുന്നു. അല്ലാത്ത ദിവസങ്ങളില്‍ ക്രിസ്മസ് തലേന്നത്തെ ബവ്റിജസ് ഷാപ്പുപോലെ ശബ്ദമുഖരിതവും.

ഇടയ്ക്കിടെ ലീവെടുക്കുന്ന സ്വഭാവം ശുദ്ധോധനന്‍ സാറിനില്ലായിരുന്നു.ഇതായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്ന ഒരേയൊരു ദൂഷ്യവും.


ഈ ദുഷ്യത്തിന്‍റെ പ്രതിപ്രവര്‍ത്തനമെന്നോണം, ആണ്ടിനും സംക്രാന്തിക്കും ലീവെടുക്കുമ്പോള്‍ കുറഞ്ഞതു രണ്ടാഴ്ചയെങ്കിലും ലീവെടുക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ മോഡിസോപ്രാണ്ടി!!
ആ രണ്ടാഴ്ചകളെ സ്വപ്നം കണ്ടായിരുന്നു ക്ളാസ് ഒന്നടങ്കം പ്രതീക്ഷയോടെ ജീവിച്ചു പോന്നിരുന്നത്.

അങ്ങനെ, ആ കാലം വന്നെത്തി. ശുദ്ധോധനന്‍ സാറു ലീവില്‍. അതും മൂന്നാഴ്ച!!!

ക്ളാസു സന്തോഷത്താല്‍ പൊട്ടിത്തെറിച്ചു. ശുദ്ധോധനന്‍ സാറില്ലാത്ത മൂന്നാഴ്ചകള്‍. അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു തീരുമാനിക്കാന്‍ ലാസ്റ്റ് അവര്‍ മാസ് കട്ടു ചെയ്ത് അടിയന്തര യോഗം ചേര്‍ന്നു.

മോണിട്ടര്‍ ഉള്‍പ്പെട്ടെ ഉഴപ്പുവാതം ഞരമ്പില്‍ പിടിച്ചുപോയ എല്ലാകുറുന്തോട്ടികളും ഹാജര്‍!!

സാറു പോയ സ്ഥിതിക്ക് നമ്മക്കും പോകാം. ഒരു ടൂര്‍... എന്തു പറയുന്നു???

ഭേദപ്പെട്ട ഉഴപ്പുപ്രസ്ഥാനങ്ങളിലെവിടെനിന്നോ ആയിരുന്നു ആ ഐഡിയ ഉറവ പൊട്ടിയത്. വോട്ടിനിടാതെ ടി പ്രമേയം പാസാക്കപ്പെട്ടു.

എങ്ങോട്ടു പോകണം????

ആലോചനകള്‍ കുറ്റാലം, കുമരകം, അതിപ്പിള്ളി, വാഴച്ചാല്‍, ഊട്ടി, കൊടൈക്കനാല്‍, മധുര, തേനി, കമ്പം, തേക്കടി, കുമളി വഴി അതുവരെ അധികമാരും കേട്ടിട്ടില്ലാത്ത ഒരിടത്തു വന്നിടിച്ചു നിന്നു.
രാമല്‍ക്കല്‍മേട്.

ഭയങ്കര സംഭവമാ അവിടെ. തമിഴ്നാടിന്‍റെ ബോര്‍ഡര്‍. കാറ്റുകൊള്ളുകയാണേല്‍ അവിടുത്ത കാറ്റുകൊള്ളണം. അവിടെയാകുമ്പോള്‍ നാട്ടുകാരുടെ ശല്യവുമില്ല. ഒരു രാത്രി നമുക്ക് സൗകര്യം പോലെ ആഘോഷിക്കാം.

ആലോചനകള്‍ ഒടുവില്‍ രാമക്കേല്‍ മേട്ടില്‍ അവസാനിച്ചു.

വണ്ടി, ഒന്നാന്തരമൊരു ഇരുപത്തിരണ്ടു സീറ്റു ടൂറീസ്റ്റ് മിനി ബസ് ബുക്കു ചെയ്യപ്പെട്ടു. പിരിവു കമ്മിറ്റിയായി. പിരിവു തുടങ്ങി.

ലോഗരിതം ടേബിളിന്‍റെ കാലൊടിഞ്ഞതു മാറ്റിപിടിപ്പിച്ച വകയില്‍ ആശാരിക്കു കൊടുക്കാനുള്ള കാശിന്‍റെ കണക്കില്‍ ടൂറുപോകാനും വാട്ടീസു വാങ്ങാനുമുള്ള കാശ് എല്ലാരുടെയും കയ്യില്‍ തടഞ്ഞു.

സംഭാവനകള്‍ കൂമ്പാരമായി. പരിപാടി ഗംഭീരമാവുമെന്നുറപ്പായി.

ഇടപ്പാടി ഷാപ്പില്‍ രണ്ടുകന്നാസ് കള്ള് ബുക്കു ചെയ്യപ്പെട്ടു. കോളജിന്‍റെ തൊട്ടിപ്പുറത്തെ നാഷനല്‍ ഹോട്ടലില്‍, പത്തുകിലോ കപ്പയും നാലുകിലോ പോത്തിറച്ചിയും വൃത്തിയായി ഒണ്ടാക്കി വയ്ക്കാന്‍ ഓര്‍ഡര്‍ കൊടുക്കപ്പെട്ടു.

ഒരു വെള്ളിയാഴ്ച മാസ് കട്ട്.

വെള്ളിയും ശനിയും രാമക്കല്‍മേട്ടില്‍. ശനിയാഴ്ച വൈകിട്ടു തിരിച്ചെത്തുന്നു. പോകുംവഴി തീക്കോയി, വഴിക്കടവ്, വാഗമണ്‍, കോലാഹലമേട്, ഏലപ്പാറ, തൂക്കൂപാലം ഷാപ്പുകളിലും സാമാന്യം നല്ല ലോക്കല്‍ പട്ട കിട്ടുന്നയിടങ്ങളിലും മിനി സന്ദര്‍ശനങ്ങള്‍. വൈകിട്ടോടെ രാമക്കല്‍മേട്ടില്‍. അന്നു രാത്രി തീകത്തിച്ച് കള്ളുകുടിക്കല്‍. സംഘഗാനാലാപനം, നൃത്തം തുടങ്ങിയ പരിപാടികളും തീരുമാനിക്കപ്പെട്ടു.

പരിപാടികളുടെ കണ്‍വീനറായി ക്ളാസ് മോണിട്ടര്‍ തിരഞ്ഞെടുക്കപ്പെട്ടു. കൂട്ടത്തില്‍ കള്ളുകുടിക്കാത്തതായി ആരെങ്കിലുമൊരാള്‍ ഉണ്ടാവണമെന്ന പ്രകൃതി നിയമം അവനെ അതിനു തിരഞ്ഞെടുത്തു. പരിപാടിയുടെ കണക്കപ്പിള്ളയായും ടി ആശാന്‍ തിരഞ്ഞെടുക്കപ്പെട്ടു.

എല്ലാം പെട്ടെന്നായിരുന്നു.

വെള്ളിയാഴ്ച.

ചേര്‍പ്പുങ്കല്‍ പള്ളിയില്‍ ഉണ്ണീശോയുടെ നൊവേന കൂടിവന്ന അല്‍ഫോന്‍സാകുട്ടികള്‍ക്കു സലാം പറഞ്ഞ് മിനി ബസ് യാത്രയാരംഭിച്ചു. ഇടപ്പാടി ഷാപ്പില്‍നിന്നു രണ്ടു കന്നാസ് കള്ളും കയറ്റപ്പെട്ടു.
ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ മദ്യപാനം അടുത്ത നിമിഷം ആരംഭിക്കപ്പെട്ടു. ഗ്രഹണി പിടിച്ച പിള്ളേരു ചക്കക്കൂട്ടാന്‍ കാണും പോലെ എന്ന മട്ടില്‍ കള്ളുകന്നാസു കാലിയാക്കപ്പെട്ടുകൊണ്ടിരുന്നു.

ഉള്ളതില്‍ പകുതി ഒഴിക്കാതെ പോയി, ഒഴിച്ചതില്‍ പകുതി തുളുമ്പിയും പോയി എന്ന മട്ടിലായിരുന്നു ഓടിക്കൊണ്ടിരുന്ന വാഹനത്തിലെ മദ്യപാനക്കച്ചേരി.

വളരെ വേഗം എല്ലാവരും സാച്ചുറൈസേഷന്‍ പോയിന്‍റിലെത്തി. വണ്ടി വാഗമണ്ണിലും.

വാഗമണ്ണിലെ തണുപ്പില്‍ ചൂടാറിത്തുടങ്ങിയ കപ്പ എവിടെനിന്നോ സംഘടിപ്പിക്കപ്പെട്ട വാഴയിലകളിലേക്കു പകര്‍ത്തപ്പെട്ടു. ഇറച്ചിക്കറിയും കപ്പ വേയിച്ചതും മുന്‍പു കണ്ടിട്ടില്ലാത്ത വിധം വേഗത്തില്‍ ഫിനിഷ് ചെയ്യപ്പെട്ടുകൊണ്ടിരുന്നു.

കാലിയായ കന്നാസുകളിലൊന്ന് കൊക്കയിലേക്കു പറന്നുപോയി.

കോലാഹലമേട്ടില്‍നിന്നു നല്ല ഒന്നാന്തരം പാണ്ടിച്ചാരായം വണ്ടികയറി. അതുംകൂടിയായതോടെ എല്ലാവരുടെയും ക്രിയേറ്റിവിറ്റി ലിമിറ്റ് ടെന്‍ഡ്സ് ടു ഇന്‍ഫിനിറ്റി എന്ന മട്ടിലായി.

പോകുന്നതു രാമക്കല്‍മേട്ടില്‍ കാറ്റുകൊള്ളാന്‍. ആനിലയ്ക്ക് കാറ്റില്‍ ആരംഭിക്കുന്ന പാട്ടുകള്‍ പാടണം. ഏറ്റവുമധികം പാട്ടു പാടുന്നവന് രണ്ടൗണ്‍സ് ചാരായം ബോണസ്!!

പാട്ടു തുടങ്ങി. അതിവേഗം പാട്ടുകഴിഞ്ഞു. അടുത്തതു പാട്ടകൊട്ട്. അതുകഴിഞ്ഞ് കാറ്റുള്ള സിനിമകള്‍.

പിന്നെ, കാറ്റുമായി ബന്ധമുള്ള കടങ്കഥകള്‍!!!

കാറ്റത്തേ തൂറ്റാവൂ....

അങ്ങനെയുമൊരു കടങ്കഥയുണ്ടെന്നാരോ പറഞ്ഞു!!

അതുകേള്‍ക്കേണ്ട താമസം, കൂട്ടത്തിലൊരുത്തന്‍ എഴുന്നേറ്റു.

എനിക്കിപ്പം പോണം.....

എങ്ങോട്ട്? വീട്ടിലോട്ടാണാടോ? ഇരിക്കെടാ അവിടെ!

ഇരുന്നാല്‍ പറ്റത്തില്ല, എനിക്കിപ്പം പോണം....

എവിടെ???

പിടിത്തം കിട്ടുന്നില്ല. കാറ്റുള്ളിടം വരെയെത്തില്ല. അതിനു മുന്‍പേ പോണം...

കണ്‍ട്രോളുപോയ കണ്‍ട്രിയുടെ മുഖം ചുമന്നു.

മൊബൈല്‍ കള്ളുഷാപ്പില്‍ അങ്ങനെയൊന്നിനു സൗകര്യമില്ലെന്നു ബസിന്‍റെ ക്ളീനര്‍ വിനയാന്വിതനായി പറഞ്ഞു.

നിനക്കെന്നാടാ ഇതിന്നകത്ത് ഒരു കക്കൂസുകൂടി പിടിപ്പിച്ചാല്‍???

ഉത്തരമുണ്ടായില്ല.

അടുത്തെവിടെയെങ്കിലും വല്ല തോടോ പുഴയോ കണ്ടാല്‍ നിര്‍ത്താം. അതിന്നടുത്ത് എവിടെയേലും സ്ഥാപിച്ചോ... രാവിലെതന്നെ ഒള്ള കപ്പയും പോത്തിറച്ചിയും കേറ്റിയപ്പോള്‍ ഓര്‍ക്കണമായിരുന്നു.

വണ്ടീടെ പൈലറ്റിനറിയില്ലല്ലോ അങ്ങാടിവാണിഭത്തിനു പോകാന്‍ നില്‍ക്കുന്ന ആടിന്‍റെ മനോവേദന..
.
ആ ദുനിയാവിലെങ്ങും പുഴയോ തോടോ പോയിട്ട് ഒരു പഞ്ചായത്തു കിണറുപോലും ആരുടെയും ദൃഷ്ടിയില്‍പ്പെട്ടില്ല!!

ഇനിയിപ്പം പുഴയും തോടും നോക്കിയിട്ടു കാര്യമില്ല. എനിക്കിപ്പം പോണം.....!!!

കുഞ്ഞാടു ബലം പിടിച്ചുതുടങ്ങി. ഇനിയും അധികം ബലം പിടിക്കാനുള്ള ഊര്‍ജം മാന്യദ്ദേഹത്തിനില്ലെന്ന് അദ്ദേഹത്തിന്‍റെ മുഖത്തുനിന്നു വ്യക്തമായിരുന്നു.

ആ മുഖം വായിക്കാന്‍ മാത്രം സ്ഥിരബുദ്ധി അപ്പോള്‍ ആര്‍ക്കുമില്ലായിരുന്നു. അതു മനസ്സിലാക്കിയിട്ടോന്നണം അടുത്ത നിമിഷം കുഞ്ഞാട് ബാക്കിയുള്ള ഊര്‍ജം അപ്പാടെ എടുത്ത് ഡ്രൈവറോട് അലറി...

നിര്‍ത്തെടാ വണ്ടി!!!

വണ്ടി നിന്നു. വണ്ടിയില്‍നിന്നു മാന്യദ്ദേഹം ചാടിയിറങ്ങി.

തൊട്ടുമുന്‍പില്‍ ഒരു വീട്. മുറ്റത്തിനിരുപുറത്തും കുരുമുളകു കൊടികള്‍ കായ്ച്ചുകിടക്കുന്നു. ഗേറ്റുതുറന്ന് അദ്ദേഹം നേരെ വീടിന്‍റെ നേര്‍ക്കുനടന്നു.

രണ്ടു കാലില്‍ കഷ്ടപ്പെട്ട് പരിചയമില്ലാത്ത ഒരാള്‍ വീട്ടിലോട്ടു വരുന്നതും പരിചയമില്ലാത്ത ഒരു സംഘം ഗേറ്റിനു പുറത്ത് സ്വല്‍പം പ്രയാസപ്പെട്ടിട്ടാണേലും നാലുകാലില്‍ നില്‍ക്കുന്നതും കണ്ട് വീട്ടമ്മയെന്നു നെറ്റിയില്‍ എഴുതിവച്ചിട്ടുള്ള സ്ത്രീ പരുങ്ങി.

എന്താ കാര്യം???

ആഗതന്‍ തെല്ലും കൂസിലില്ലാതെ കാര്യമുണര്‍ത്തിച്ചു- എവിടെയാ കക്കൂസ്? എനിക്കിപ്പം പോണം.

ഉള്ളില്‍ തികട്ടിവന്ന ചിരിയൊതുക്കി വീട്ടമ്മമാഡം വീടിനു സൈഡിലേക്കു വിരല്‍ ചൂണ്ടി.

തെല്ലും സമയം പാഴാക്കാതെ, മാന്യദ്ദേഹം അവിടേക്കുപാഞ്ഞു.

അഞ്ച്, പത്ത്... മിനിട്ടുകള്‍ പെരുകിവന്നു.

അകത്തോട്ടുപോയവന്‍ പുറത്തോട്ടുവരാന്‍ സമയമെടുക്കുന്നതില്‍ സംഘത്തിനു സങ്കടം തോന്നി. ആതിഥേയ കുടുംബത്തോടുള്ള നന്ദി പ്രകാശിപ്പിക്കാന്‍ ഈ സമയം വിനിയോഗിക്കാമെന്നു കരുതിയ ഒരു സംഘം വീട്ടമ്മയ്ക്കരികിലേക്കു നീങ്ങി.

കുരുമുളകു ചെടി മുരിക്കു മരത്തിലാണല്ലേ കയറ്റി വിട്ടിരിക്കുന്നത്?

അതേ, എന്താ ചോദിച്ചത്?

അല്ലാ, ചാരിനിന്നപ്പം പിടികിട്ടി. അതുകൊണ്ടു ചോദിച്ചതാ. ഇവിടെ മുരിങ്ങയൊന്നും പിടിക്കത്തില്ലായിരിക്കും അല്ലേ? അതേ കേറ്റി വിട്ടാരുന്നേല്‍ ചാരിനില്‍ക്കുമ്പോള്‍ മുതുകത്തു മുള്ളുകൊള്ളത്തിലായിരുന്നു...!!

മാഡം ചിരിച്ചു. നിങ്ങളെങ്ങോട്ടാ?

അങ്ങനെയൊന്നുമില്ല. രാമക്കല്‍മേടു വരെ പോകാനിറങ്ങിയതാ.. അപ്പോളാ ഇതിങ്ങനെയായത്...

എവിടെനിന്നാ നിങ്ങളു വരുന്നത്?

ഞങ്ങളു പാലാ സെന്‍റ് തോമസ് കോളജില്‍ പഠിക്കുന്നവരാ....

അതു കേട്ടപ്പോള്‍ വീട്ടമ്മ മാഡത്തിന്‍റെ മുഖം തെളിഞ്ഞു.

ചേച്ചി സെന്‍റ് തോമസ് കോളജ് ഒക്കെ അറിയുമോ?

ഉം കേട്ടിട്ടുണ്ട്. പക്ഷേ അതുവഴിയൊന്നും വന്നിട്ടില്ല...

എന്നാല്‍, ഒരുതവണ വാ... ഞങ്ങളൊക്കെ അവിടെയുണ്ടല്ലോ.

ചേച്ചി വീണ്ടും ചിരിച്ചു- ഇത്തവണ നന്ദിയോടെ. മുഖം വീണ്ടും തെളിഞ്ഞു.

ചേട്ടനെന്തിയേ?

അകത്തുണ്ട് വിളിക്കാം.

ചേച്ചി അകത്തോട്ടു പോയി. അതിനും മുന്‍പേ അകത്തോട്ടു പോയവന്‍ എന്താ പുറത്തോട്ടു വരാത്തത് എന്നാലോചിച്ചു സംഘം മുറ്റത്തു തന്നെ നിന്നു.

കള്ളിമുണ്ടും ഷര്‍ട്ടുമിട്ട് ബീഡി പുകച്ച് ഒരാള്‍ വീടിനു പുറത്തേക്കു വന്നു.

ഹലോ ചേട്ടാ...

ഹലോ.... ..............

അടുത്ത നിമിഷം സംഘം ഞെട്ടി. അങ്ങേത്തലയ്ക്കലും ഞെട്ടല്‍.

ശുദ്ധോധനന്‍ സാര്‍. സാറിന്‍റെ വീട്....

ദിനേശ്ബീഡിയുടെ പുക.

ജീവിതം കട്ടപ്പുക.

സംഘം ഓടി. വണ്ടി സ്റ്റാര്‍ട്ടായി.

തിരിച്ചു പാലായ്ക്കു വിടെടാ......

കംഫര്‍ട്ട് സ്റ്റേഷന്‍ ഇന്ന് ആ കുന്ത്രാണ്ടത്തിനു പേരിട്ടവനു മനസ്സാസ്മരാമി ചൊല്ലി, അടച്ചിട്ട കതകിന്നപ്പുറത്ത് ഗതകാല സ്മരണകള്‍ അയവിറക്കി ഒരാള്‍ അപ്പോളുമുണ്ടായിരുന്നു.

ശേഷം അചിന്ത്യം!!!

22 comments:

SUNISH THOMAS said...

ശുദ്ധോധനന്‍ സാറും കുറേ ശുദ്ധന്‍മാരും.
ഒരു കോളജു കഥ.

ഷെവിഷേവ് എന്നോ മറ്റോ പേരുള്ള, സ്റ്റാറ്റിറ്റിസ്റ്റിക്സിലെ ഏറ്റവും കടുകട്ടിയായ ഇനിക്വാലിറ്റികള്‍ കണ്ടുപിടിച്ച ആ ചങ്ങാതിക്ക് ഈ പോസ്റ്റു സമര്‍പ്പിക്കുന്നു.

അങ്ങേര് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ മരണം എന്‍റെ കൈകൊണ്ടാകുമായിരുന്നു...!!!

വായിക്കുക!

:)

Jay said...

അകത്തിരുന്ന കക്ഷിക്ക് പിന്നീട് എന്തു സംഭവിച്ചു?..ചേച്ചിയെപ്പറ്റി നല്ല ഒരു വര്‍ണ്ണന ആവാമായിരുന്നു. വായിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ പഴയ ചില ഉഡായിപ്പുകള്‍ ഓര്‍മ്മ വരുന്നു...ഏത് !!

സാല്‍ജോҐsaljo said...

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എല്ലാരും കൂടി കളഞ്ഞിട്ട് പോയ ആ പാവമാണാ ഈ ബ്ലോഗിന്റെ സൈഡില്‍ വിശാലമായി കിടന്നുറങ്ങുന്നത്? :)

ശ്രീ said...

സുനിഷേട്ടാ...
കൊള്ളാം... ആ കംഫര്‍‌ട്ട് സ്റ്റേഷനില്‍‌ കയറിയ പാവത്തെ അവിടെ തന്നെ ഉപേക്ഷിച്ചോ?

(ഹെഡ്ഡിങ്ങിലെ ‘ഭരണങ്ങാനം കഴിഞ്ഞ് “ഞാനും” എന്തേ തല തിരിച്ച് എഴുതിയെ? കഴിഞ്ഞ പോസ്റ്റിലെ കള്ള് തലയ്ക്കു പിടിച്ചതാണോ?)
:)

കുഞ്ഞന്‍ said...

സുനീഷ് ഭായ്..

സത്യത്തില്‍ സുനീഷല്ലെ ആ കംഫര്‍‌ട്ട് സ്റ്റേഷനില്‍‌ കയറിയ പയ്യന്‍സ്...!

അപ്പോള്‍ ബാക്കി ഭാഗം ഉടനെ എഴുതുന്നതായിരിക്കുമല്ലേ...

Haree said...

ഹെന്റമ്മേ... കിടിലോല്‍ക്കിടിലം. കുഞ്ഞന്റെ സംശയം എനിക്കും ഇല്ലാതില്ല... ഇതിന്റെ രണ്ടാം ഭാഗം എന്നാണ്? എന്താ‍യാലും, കിറുകൃത്യമായി വണ്ടിയെങ്ങിനെ അവിടെവന്നു നിന്നു, പ്രിയദര്‍ശന്റെ സിനിമാക്കഥപോലെയുണ്ട്. :)
--

സുമുഖന്‍ said...

:-)ഹാ ഹാ ഹാ

Sanal Kumar Sasidharan said...

കുഞ്ഞാടു ബലം പിടിച്ചുതുടങ്ങി. ഇനിയും അധികം ബലം പിടിക്കാനുള്ള ഊര്‍ജം മാന്യദ്ദേഹത്തിനില്ലെന്ന് അദ്ദേഹത്തിന്‍റെ മുഖത്തുനിന്നു വ്യക്തമായിരുന്നു.

തലതിരിഞ്ഞ ഞാന്‍...:)
ചിരിയാണപ്പാ ഞാനിപ്പോള്‍ ബലം പിടിച്ച് വയ്ക്കുന്നത്

Anonymous said...

സാറിന്റെ മുറ്റത്താവാമായിരുന്നു എങ്കില്‍പ്പിന്നെ...
അകത്തു കയറിയവനെ അതിനകത്ത് കുഴിച്ചു മൂടിയോ ?

Blogger said...

ശൊ.. ഈ സുനീഷിന്റെ ഒരു കാര്യം.. ഒരു ലൈസന്‍സുമില്ല..

Unknown said...

കൊള്ളാം.

ഏറനാടന്‍ said...

എന്റെ ഭായ്‌.. ഇതൊരലക്ക്‌ തന്നെയ്‌.. 'ഹരിഹര്‍ നഗര്‍' പടത്തിലെ മുകേഷ്‌ ഓടുമ്പം കാച്ചുന്ന ഡയലോഗ്‌ ഓര്‍ത്തുപോയി: "തോമാസുകുട്ടീ വിട്ടോടാ.."

എതിരന്‍ കതിരവന്‍ said...

എന്നെ അവിടെ ഒറ്റയ്ക്കു വിട്ടേച്ചുപോയിട്ടെന്തു സംഭവിച്ചു എന്നോ? സാറിന്റെ ഭാര്യ അകത്താരുമില്ലെന്നു കരുതി പുറത്തുനിന്നും കുറ്റിയിട്ടിട്ടു പോയിരുന്നു. ആ സമയം പുറത്തുകടക്കുന്നത് രക്ഷയല്ലെന്ന് ഞാ‍ാനും കരുതി.
രാത്രി മുഴുവന്‍ അതിനകത്ത്! സാറ്‌ ഒളിപ്പിച്ചു വച്ചിരുന്നു ഒരു പുസ്തകം അതിലുണ്ടായിരുന്നത് വായിച്ചു തുടങ്ങി. കാലില്‍ പഴുതാരയോ കടന്നലോ മറ്റൊ കടിച്ചു വീര്‍ത്തത് അത്ര അറിഞ്ഞില്ല. എപ്പോഴാണ് ഉറങ്ങിയെന്നതും. രാവിലെ ചേച്ചി വന്ന് തുറന്നപ്പോള്‍ അവര്‍ ഞെട്ടീയില്ല. സാറിന്റെ സ്റ്റുഡന്റ്സ് ഇത്തരം വിഡ്ഢികളാണെന്ന് അവര്‍ക്ക് പണ്ടേ അറിയാമായിരുന്നു.

അന്ന് അവിടെയിരുന്ന് പുസ്തകം വായിച്ച് ഉറങ്ങിയതിന്റെ ഒരു ഫോടൊ ഇടതു വശത്ത് ചേര്‍ത്തിട്ടുണ്ട്. സിറ്റുവേഷന്‍ റിക്രിയേറ്റ് ചെയ്തതാണ്. കാല്‍പ്പാദം അന്നു നീരു വച്ചത് ഇതു വരെ മാറിയിട്ടില്ല.

എന്ന്
സുനീഷ്.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

തകര്‍പ്പന്‍ സാധനം സുനീഷെ!!

നിഷ said...

ishthayyilchirichu chiruchu oru paruvam aayippoyi....
:)

SUNISH THOMAS said...

ശ്രീ,
ഭരണങ്ങാനവും തലതിരിഞ്ഞ ഞാനും എന്നു വായിക്കണം. അതിനു വേണ്ടിയാണു ബ്ളോഗ് ഹെഡര്‍ അങ്ങനെ ആക്കിയത്.
(അങ്ങനെയല്ലേടാ സാല്‍ജോ??)
എതിരന്‍ അച്ചായന്‍ ഇത്തവണ തന്നതു വാങ്ങി വരവു വച്ചിരിക്കുന്നു. തിരിച്ചടി തരുന്നതുമായിരിക്കും.
എല്ലാവര്‍ക്കും നന്ദികള്‍.

ഓഫ്
സ്റ്റൈല്ല ഭരണങ്ങാനത്തു പഠിച്ചതാണെന്നു മുന്‍പു പറഞ്ഞിരുന്നല്ലോ. എന്‍റെ വീട് ഭരണങ്ങാനത്തല്ല കേട്ടോ. ഞാ‍ന്‍ മാവിലായിക്കാരനാണ്.

Dinkan-ഡിങ്കന്‍ said...

കൊള്ളാമെഡെയ് സുനീഷേ?
(സത്യം പറ നീയല്ലേ ഒറ്റപ്പെട്ടത്?)

mammood said...

ഹ ഹ ഹ

തുടക്കം പോരായിരുന്നെങ്കിലും, ഇവിടെത്തിയപ്പോള്‍ ചിരിപൊട്ടി - "രണ്ടു കാലില്‍ കഷ്ടപ്പെട്ട് പരിചയമില്ലാത്ത ഒരാള്‍ വീട്ടിലോട്ടു വരുന്നതും പരിചയമില്ലാത്ത ഒരു സംഘം ഗേറ്റിനു പുറത്ത് സ്വല്‍പം പ്രയാസപ്പെട്ടിട്ടാണേലും നാലുകാലില്‍ നില്‍ക്കുന്നതും കണ്ട് വീട്ടമ്മയെന്നു നെറ്റിയില്‍ എഴുതിവച്ചിട്ടുള്ള സ്ത്രീ..."

ഇവിടെ കണ്ട്രോള് പോയി - “അല്ലാ, ചാരിനിന്നപ്പം പിടികിട്ടി. അതുകൊണ്ടു ചോദിച്ചതാ. ഇവിടെ മുരിങ്ങയൊന്നും പിടിക്കത്തില്ലായിരിക്കും അല്ലേ? അതേ കേറ്റി വിട്ടാരുന്നേല്‍ ചാരിനില്‍ക്കുമ്പോള്‍ മുതുകത്തു മുള്ളുകൊള്ളത്തിലായിരുന്നു...“

jense said...

സുനിഷേ ഇത് കലക്കി...
പഴയ ചില ഒര്മാകളിലെക്ക് വേരുതെയനെന്കിലും സുനിഷ് കൊണ്ടു പോയി...

വിഷം said...

വണ്ടീടെ പൈലറ്റിനറിയില്ലല്ലോ അങ്ങാടിവാണിഭത്തിനു പോകാന്‍ നില്‍ക്കുന്ന ആടിന്‍റെ മനൊവെദന

സുനിഷെ കലക്കി. ചിരി അമർത്താൻ പ്രയാസപ്പെട്ടു. നന്നായി. ഇനിയും ഗംഭീരൻ പൊസ്റ്റു വരട്ടെ !!!

സുധി അറയ്ക്കൽ said...

മൊത്തം സംഭവങ്ങളും സൂപ്പർ!!!!!

Powered By Blogger