Wednesday, August 29, 2007

ചിത്രസത്യങ്ങള്‍, അക്ഷരക്കള്ളങ്ങള്‍


ഭരണങ്ങാനം.
മാമലകള്‍ക്കപ്പുറത്ത്, മരതകപ്പട്ടുടുത്ത് ഭരണങ്ങാനം എന്നൊരു ഗ്രാമമുണ്ട്. എന്‍റെ കഥകള്‍(?) പിറവിയെടുക്കുന്ന പുണ്യഭൂമി. കഥകളിലെ കള്ളില്‍ സ്ഥിരമായി വെള്ളം ചേര്‍ക്കുന്നതുപോലെ എനിക്കെന്‍റെ പ്രിയപ്പെട്ട നാടിന്‍റെ മഹത്തായ ചരിത്രത്തില്‍ വെള്ളം ചേര്‍ക്കാനാവില്ലല്ലോ. കഥയിലെ അക്ഷരക്കള്ളങ്ങള്‍ക്ക് അടിത്തറയാകുന്ന ഭരണങ്ങാനം എന്ന സത്യം തെളിവുകളായ ചിത്രങ്ങളിലൂടെ......

ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പാലായില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെ ഭരണങ്ങാനം. ഭരണങ്ങാനത്തിന്‍റെ പെരുവഴി. ഞാനും എന്‍റെ സമപ്രായക്കാരുമുള്‍പ്പെടെ അനേകര്‍ ജീവിതം പഠിച്ച, ജീവിതങ്ങളെ പഠിച്ച പെരുവഴി. ഏവിടെയാണു പഠിച്ചതെന്നു ചോദിച്ചാല്‍, ഞാനിപ്പോഴും പറയും- മെയിന്‍ റോഡ് സ്കൂള്‍ ഓഫ് ജേണലിസം!! ആ സ്കൂള്‍ ഇതാ...!!!


ഇതാണ് ഭരണങ്ങാനത്തെ ആനക്കല്ല് സെന്‍റ് മേരീസ് ഫൊറോനാ പള്ളി. ആനക്കല്ല് എന്ന പേരുവരാന്‍ ഒരു കാരണമുണ്ട്. ഒരു സഹസ്രാബ്ദത്തിനും മുന്‍പ്, ഭരണങ്ങാനത്ത് ഒരു പള്ളി പണിയണമെന്നു തീരുമാനിച്ചപ്പോള്‍ നാട്ടുകാര്‍ തമ്മില്‍ തര്‍ക്കമായി. പള്ളി എവിടെ നിര്‍മിക്കും എന്നതായിരുന്നു തര്‍ക്കവിഷയം. ചര്‍ച്ചകളിലൂടെ രഞ്ജിപ്പ് ഉണ്ടാവില്ലെന്നുറപ്പായതോടെ, മധ്യസ്ഥര്‍ ഒരു തീരുമാനമെടുത്തു. അവിടെയുണ്ടായിരുന്ന ആനയുടെ തുമ്പിക്കൈയില്‍ പള്ളി നിര്‍മിക്കേണ്ട മൂലക്കല്ല് കെട്ടിക്കൊടുക്കുക. ആന കല്ല് എവിടെ വയ്ക്കുന്നുവോ അവിടെ പള്ളി പണിയും. ഇരുകൂട്ടര്‍ക്കും ആ വ്യവസ്ഥ സ്വീകാര്യമായിരുന്നു. അങ്ങനെ, ആയിരം വര്‍ഷങ്ങള്‍ക്കും മുന്‍പ് ആന നടന്നെത്തി ആ കല്ലു വച്ചത് ഇവിടെ, എന്‍റെ വീടിനോടടുത്ത് ഈ പ്രിയപ്പെട്ട ഭൂമിയിലായിരുന്നു. അങ്ങനെ അവിടെ പള്ളി നിര്‍മിക്കപ്പെട്ടു. അടുത്തയിടെയായിരുന്നു പള്ളിയുടെ സഹസ്രാബ്ദി ആഘോഷം.


ഭരണങ്ങാനത്തെക്കുറിച്ചു പറയുമ്പോള്‍, ഈ പള്ളിനടകളെക്കുറിച്ച് പറയാതിരിക്കുന്നതെങ്ങനെ? വൈകുന്നേരമായാല്‍ ഈ പടവുകളിലെമ്പാടും അസ്തമനസൂര്യനോടു മുഖാമുഖത്തീനായി തലമുറകള്‍ നിരന്നിരിക്കും. അവരുടെ ദൈനംദിന ചര്‍ച്ചകളില്‍ ലോനപ്പന്‍ ചേട്ടന്‍റെ കടയിലെ മൈദമാവിലെ പുഴു മുതല്‍ ഇന്ത്യയുടെ ആണവനയം വരെ എന്തൊക്കെ വിഷയങ്ങള്‍. രാത്രിയേറെയാകും വരെ ഈ നടകളില്‍ പ്രായഭേദമില്ലാതെ ഒച്ചയനക്കങ്ങളുണ്ടാവും. ഇവിടെനിന്നു ഞാന്‍ കേട്ട കഥകളാണ് ഈ ബ്ളോഗില്‍ അക്ഷരജന്‍മമെടുക്കുന്നത്.

അല്‍ഫോന്‍സാമ്മയുടെ പള്ളിയിലേക്കുള്ള വഴി. വലിയ പള്ളിയുടെ കോംപൗണ്ടില്‍ത്തന്നെയാണ് അല്‍ഫോന്‍സാ ചാപ്പലും പൂന്തോട്ടവുമെല്ലാം. അല്‍ഫോന്‍സാമ്മയെ ദൈവദാസിയായി പ്രഖ്യാപിക്കുന്നതിനും മുന്‍പ് വലിയപള്ളിയുടെ സെമിത്തേരിചാപ്പലായിരുന്നു ഇത്. അവിടെ അടക്കം ചെയ്യപ്പെട്ട മഹതി പിന്നീട് കത്തോലിക്കാ സഭയുടെ അഭിമാനദീപകമായി തെളിഞ്ഞപ്പോള്‍ സെമിത്തേരി ചാപ്പല്‍ അല്‍ഫോന്‍സാമ്മ ചാപ്പലായി രൂപാന്തരപ്പെട്ടു. ഈ വഴിയില്‍ പ്രണയിച്ചു നില്‍ക്കുന്നവരെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. സ്കൂളില്‍ പഠിക്കുന്ന കാലത്ത്, ഉച്ചയൂണിനു വീട്ടിലേക്കു വെച്ചടിക്കുമ്പോള്‍, ഞങ്ങള്‍ക്കു കളിയാക്കാനും പേടിപ്പിച്ചു വിടാനും (പേടിച്ചോടാനും!) കുറേ കമിതാക്കള്‍ നാടിന്‍റെ നാനാഭാഗങ്ങളില്‍നിന്ന് ഇവിടെയെത്തുമായിരുന്നു. ഇതുവഴി പ്രണയിച്ചുനടന്നു വിവാഹം കഴിച്ചവരില്‍ ചിലരൊക്കെ ഈ ബ്ളോഗ് വായിക്കുന്നുമുണ്ടാകും. ഏതായാലും ഇപ്പോള്‍ കുറേക്കാലമായി ഇതുവഴിയാരെയും കാണാറില്ല. പ്രണയവും മരിച്ചുവോ???



ആദ്യകാഴ്യില്‍, അകലക്കാഴ്ചയില്‍ ഇതാണ് വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ ചാപ്പല്‍. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതോടെ ഈ സുന്ദരക്കാഴ്ചയ്ക്ക് ഇനിയും പ്രസക്തിയേറും. കേരളത്തില്‍ ഏറ്റവും ഭംഗിയായി സംരക്ഷിക്കപ്പെടുന്ന കത്തോലിക്കാ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഇവിടം.


അല്‍ഫോന്‍സാ ചാപ്പലിന്‍റെ മുഖം. ആകാശമിങ്ങടുത്ത്. അല്ലേ?


അല്‍ഫോന്‍സാ ചാപ്പലിന്‍റെ ഉള്‍വശം.

ചാപ്പലിനുള്ളിലെ അല്‍ഫോന്‍സാമ്മയുടെ കബറിടം.

പാപ്പാവേദി. 1986 ഫെബ്രുവരി എട്ടിന്, കോട്ടയത്ത് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും അല്‍ഫോന്‍സാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത് ഈ വേദിയില്‍ വച്ചായിരുന്നു. നാമകരണച്ചടങ്ങിനു ശേഷം ആ വേദി അതേപടി ഭരണങ്ങാനത്ത് അല്‍ഫോന്‍സാ ചാപ്പലിനു തൊട്ടുമുന്‍പിലായി പുനര്‍നിര്‍മിച്ചു. ഇരുപതു വര്‍ഷത്തിലേറെയായി ഇപ്പോള്‍ ഇതിവിടെയുണ്ട്.

സെമിത്തേരി അഥവാ ശവക്കോട്ട. ഞങ്ങളുടെയൊക്കെ അപ്പനപ്പൂന്‍മാര്‍ മുതലുള്ളവര്‍ ഇവിടെയുണ്ട്. ഇതിനു സൈഡിലൂടെയാണ് നാട്ടുകാരുടെ നടപ്പുവഴി. യാഥാര്‍ഥ്യങ്ങളും കഥകളുമായി ഭരണങ്ങാനത്തെ ചിരിപ്പിക്കുന്ന ഒരുപാടു കഥകള്‍ക്ക് കാരണമായ സ്ഥലമാണിവിടം. ഞാനുമെഴുതിയിട്ടുണ്ട് കുറേ. (ലാസറിനെ ഉയര്‍പ്പിച്ച ലേസര്‍ പ്രേതം, നഷ്ടപ്രണയത്തിന്‍റെ വിഷുക്കൈനീട്ടം, പ്രഫസര്‍ ഇടപ്പാടി)


അകലെ കാണുന്നതു ഭരണങ്ങാനം സെന്‍റ് മേരീസ് ഹൈസ്കൂളിന്‍റെ പിന്‍ഭാഗം. ഞങ്ങളുടെയൊക്കെ (ഞങ്ങളുടെ അപ്പന്‍മാരുടെയും)മാതൃവിദ്യാലയം. വലിയ പള്ളിയോടു ചേര്‍ന്നാണു സ്കൂള്‍. അല്‍ഫോന്‍സാ ചാപ്പലിന്‍റെ അടുത്തുനിന്നാണ് ഈ പടമെടുത്തത്. ഇടയ്ക്കു കാണുന്ന വിശാലമായ മൈതാനം പണ്ടു ഫുട്ബോള്‍ കളിക്കളമായിരുന്നു. ഭരണങ്ങാനം സ്റ്റാലിയന്‍ സോക്കര്‍ ക്ളബ്ബിന്‍റെ ഹോം ഗ്രൗണ്ട്. അടുത്ത കാലത്ത് കളി നിന്നു.



സംഘാടകര്‍ പരസ്പരം നോക്കി, പള്ളീലച്ചന്‍ മണിമാളികയ്ക്കു മുകളിലേക്കു നോക്കി, മണിമാളികയ്ക്കു മാത്രം എങ്ങോട്ടും നോക്കാന്‍ പറ്റാത്തതിനാല്‍ അതു പഴയ പടി നിന്നു - (പശു അപ്പച്ചന്‍ അഥവാ പാവങ്ങളുടെ മറഡോണ)

പള്ളിയുടെ മണിമാളിക. ഒരു ചക്രമണി, മൂന്നു കൂട്ടമണികള്‍, ഒരു ഒറ്റമണി എന്നിവയാണിവിടെയുള്ളത്. വര്‍ഷത്തില്‍ നടക്കുന്ന മൂന്നുപെരുന്നാളുകള്‍ക്കും ഈ മണികളെല്ലാം മുഴങ്ങും. രണ്ടാം നിലയില്‍ കയറി നിന്നാണു കൂട്ടമണിയടിക്കുക. അതിത്തിരി ബുദ്ധിമുട്ടുള്ള പണിയാണ്. കയറില്‍ ഉയരത്തില്‍ പിടിച്ചു തൂങ്ങണം. അല്‍പം അധ്വാനം വേണ്ട പണി. ഒന്നൊന്നര മണിക്കൂര്‍ നീളുന്ന തിരുനാള്‍ പ്രദക്ഷിണം തീരുമ്പോളേയ്ക്കും കൈകള്‍ പൊട്ടി ഒരു പരുവമായിരിക്കും. (അടുത്തകാലത്താണ് ഒരു സത്യം മനസ്സിലാക്കിയത്. താഴത്തെ നിലയില്‍നിന്നു രണ്ടാം നിലയിലേക്കു കയറാന്‍ ചാരിവച്ചിരിക്കുന്ന ഏണി യഥാര്‍ഥത്തില്‍ ഏണി അല്ലായിരുന്നത്രേ. പണ്ടു കാലത്ത് ആളുകള്‍ മരിച്ചുകഴിയുമ്പോള്‍ ചുമക്കാന്‍ ഉപയോഗിക്കുന്ന പല്ലക്കു പോലത്തെ കുന്ത്രാണ്ടമായിരുന്നത്രേ അത്. അതില്‍ ചവിട്ടിയായിരുന്നല്ലോ കയറ്റം എന്നോര്‍ത്തപ്പോള്‍ അറിയാതെ കാലിലൊരു പെരുപ്പ്!!)

ഭരണങ്ങാനത്തിന്‍റെ ചിത്രപുരാണം തുടരും. ഇനിയെപ്പോഴെങ്കിലുമൊക്കെയായി!!!

38 comments:

SUNISH THOMAS said...

അക്ഷരങ്ങളിലൊളിപ്പിച്ച ഒരായിരം കള്ളങ്ങള്‍ക്കു നേരെ ഇടനേരത്ത് ഒരു കുമ്പസാരം! പ്രായ്ശ്ചിത്തമായി സത്യങ്ങള്‍ അഥവാ ഈ ചിത്രങ്ങള്‍.

സ്വാഗതം :)

പക്ഷേ, കള്ളംപറച്ചില്‍ ഇനിയും തുടരും. കുമ്പസാരങ്ങളും!

സുനീഷ് said...

ചിത്ര സത്യാ……… അക്ഷരക്കള്ളാ…………
കുന്തിരിക്കം പുകയുന്ന മണവും, മീനച്ചിലാറിന്റെ തണുപ്പും, ഒട്ടുപാലിന്റെ മണവും ഉള്ള ഭരണങ്ങാനം ചിത്രങ്ങള്‍ക്ക് നന്ദി.

Jay said...

ആ കമിതാക്കളുടെ വഴിയിലെ മുള്ളുവേലിയൊക്കെ പോയോ?. അതിലെയൊക്കെ വന്നിട്ട്‌ കാലം കുറെയായി. സെമിത്തേരിക്ക്‌ ചുറ്റുമുള്ള റബര്‍ത്തോട്ടങ്ങള്‍ക്ക്‌ ഒരു നിഗൂഡഭാവമുണ്ട്‌. ആ റോഡില്‍ക്കൂടി പോകുന്ന വെളുത്ത സ്‌കോര്‍പ്പിയോ കൊള്ളാം. ആനക്കഥ ആദ്യമായാ കേള്‍ക്കുന്നത്‌..ഭരണങ്ങാനത്തിന്റെ ചരിത്രകാരന്‍ എന്നുകൂടി വിശേഷിപ്പിച്ചോട്ടെ?

Haree said...

ആഹ്,
ഇതു കൊള്ളാല്ലോ; തമാശപ്പോസ്റ്റുകളുടെ ഇടയ്ക്ക് ഇങ്ങിനെ ചിത്രപോസ്റ്റുകളും ഇനിയും പോരട്ടേ... :)
--

simy nazareth said...

കൊള്ളാം. ഇത് മൊത്തത്തില്‍ അടിച്ചുമാറ്റി മലയാളം വിക്കിപീഡിയയില്‍ ഇടട്ടേ? ഭരണങ്ങാനം എന്‍സൈക്ലോപീഡിയയില്‍ കേറും, പക്ഷേ സുനീ‍ഷിനു പകര്‍പ്പവകാശം പോവും. ചിത്രങ്ങളും ചേര്‍ത്തോട്ടേ? ചിത്രങ്ങള്‍ പിന്നെ ആര്‍ക്കുവേണേലും ഉപയോഗിക്കാവുന്ന ക്രിയേറ്റീവ് കോമണ്‍സ് ആട്രിബ്യൂഷന്‍ ലൈസന്‍സ് പ്രകാരം ചേര്‍ക്കേണ്ടി വരും.

- സിമി.

റീനി said...

ഭരണങ്ങാനം കണ്ടുവല്ലോ, ഇനി
മരണമടഞ്ഞാലും കുഴപ്പമില്ല.

Rasheed Chalil said...

മലപ്പുറത്തുക്കാരനായ ഞാന്‍ തട്ടിത്തിരിഞ്ഞ് പോലും ഇതുവരെ എത്താത്ത ഒരു സ്ഥലമാണിത്. ഈ പോസ്റ്റിന് നന്ദി.

ബാജി ഓടംവേലി said...

നല്ല പടങ്ങള്‍ - വിവരണവും.
റോഡ് സയിഡിലെ പടം മാത്രം പോരാ
ഉള്‍ ഗ്രാമങ്ങളിലാണ് ഗ്രാമസൌന്ദര്യം ഉള്ളത് അതുകൂടി പ്രതീക്ഷിക്കുന്നു

കുഞ്ഞന്‍ said...

ചരിത്രകാരാ, അങ്ങിനെ വിളിക്കട്ടേ.. അങ്ങിനെത്തന്നെ വിളിക്കണം! ആ പേരു അന്വര്‍ത്ഥമാക്കിയല്ലോ!!

നല്ല വിവരണം.. വായനക്കാരുടെ മനസ്സില്‍ ഭരണങ്ങാനം പള്ളി സ്ഥിരപ്രതിഷ്ഠ നേടികൊടുത്തു.

പോരട്ടേ പോരട്ടേ...

വിഷ്ണു പ്രസാദ് said...

ഓ ഇനി ചത്താലും വേണ്ടില്ല.നീ നല്ലൊരു പോസ്റ്റിട്ടല്ലോ... :)
ഭരണങ്ങാനവും ഞാനും എന്ന പേരില്‍ ഒരു മുന്മന്ത്രി ഒരു പുസ്തകമെഴുതിയതായി കേട്ടിട്ടുണ്ട്.
സുനീഷേ ഈ പോസ്റ്റ് അസ്സലായി.ഭരണങ്ങാനം ഇത്ര മനോഹരമാവുമെന്ന് ഞാന്‍ നിരീച്ചില്ല.

nariman said...

പണ്ട് ‘സിസ്റ്റര്‍ അല്‍ഫോന്‍സ’ എന്ന ഡോക്യുമെന്ററി എടുത്ത ടീമിന്റെ കൂടെ ഭരണങ്ങാനത്ത് വന്നതും കള്ളടിച്ചതും ഓര്‍ക്കുന്നു.

chithrakaran ചിത്രകാരന്‍ said...

പ്രിയ സുനീഷ്,
തമാശ പൊസ്റ്റുകള്‍ ഇഷ്ടമാണെങ്കിലും,അതു വായിക്കാന്‍ മിക്കവാറും ക്ഷമ കിട്ടാറില്ല.
ഭരണങ്ങാനത്തെക്കുറിച്ചുള്ള സചിത്ര പൊസ്റ്റ് ഗംഭീരമായി. ചിത്രകാരന്റെ ആശംസകള്‍.

Mubarak Merchant said...

നാടിനെ പരിചയപ്പെടുത്തിയ രീതി ഒരുപാടിഷ്ടമായി.
ഇപ്പൊ ഭരണങ്ങാനം ഞാനും ഒരുപാടറിയുന്ന നാടായപോലെ.. ആശംസകള്‍

സാരംഗി said...

ചിത്രങ്ങളെല്ലാം നന്നായി എങ്കിലും , ഞങ്ങടെ അല്‍ഫോന്‍സാ കോളജിന്റെ പടം ഇടാത്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. എത്ര സുന്ദരമായ ക്യാമ്പസ് ആണ്‌ അത്.

സഹയാത്രികന്‍ said...

സുനീഷ്ജി... നന്നായിരിക്കുന്നു... ഭരണിങ്ങാന ചിത്രങ്ങളും വിവരണവും... ആശംസകള്‍.

ഉണ്ണിക്കുട്ടന്‍ said...

സുനീഷേ ഭരണങ്ങാനത്ത് ഞാനൊരിക്കല്‍ വന്നിട്ടുണ്ട്.. ഒരു പാടു നാളു മുന്‍പാണ്‌. എന്തു നല്ല നാടായിരുന്നു.. ! :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നിന്നെ നാട്ടുകാരെ ചെത്ത് തെങ്ങേല്‍ കെട്ടിയിട്ടടിക്കുന്ന പടം ഇല്ലാതെ ചിത്രസത്യം എങ്ങനെ പൂര്‍ണ്ണമാവും?


“ഉണ്ണിക്കുട്ടന്‍ said...
സുനീഷേ ഭരണങ്ങാനത്ത് ഞാനൊരിക്കല്‍ വന്നിട്ടുണ്ട്.. ഒരു പാടു നാളു മുന്‍പാണ്‌. എന്തു നല്ല നാടായിരുന്നു.. “

അതേ അതിനുശേഷമാണല്ലോ ഭരങ്ങാനത്ത് ഒരു ഷാപ്പ് മൊതലാളി പൊട്ടിമൊളച്ചത്. അതിനുശേഷം നല്ല നാടാവാന്‍ ഒരു സാധ്യതേമില്ല.

sandoz said...

സുനീഷേ കൊള്ളാമെടാ...
ഭരണങ്ങാനത്തെ കഥകളില്‍ നിറം പിടിപ്പിച്ചിരുന്ന നീ...
ഇപ്പോള്‍ അവിടുത്തെ നിറങ്ങള്‍ എടുത്ത്‌ ഗില്‍റ്റ്‌ ഇടാതെ തന്നു....

ആന കല്ല് വച്ച ഐതിഹ്യം കൊള്ളാം...
മഞ്ഞുമ്മലും ഇങ്ങനെ ഒരു ഐഹിഹ്യം ഓടുന്നുണ്ട്‌..
ഇവിടുത്തെ പള്ളി പക്ഷേ ആനയല്ലാ വച്ചത്‌....
പാപ്പാനാ...
നല്ല ഷാപ്പുള്ള ഏരിയ നോക്കി പുള്ളി കല്ല് അങ്ങോട്ട്‌ ഉറപ്പിച്ചു...

SUNISH THOMAS said...

:)
സിമി,
ചിത്രങ്ങള്‍ എടുത്തോളൂ. ഈ ബ്ളോഗിന്‍റെ കോപ്പിറൈറ്റ് നാട്ടുകാര്‍ക്കാണെന്നു ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ. അവരോടു ഞാന്‍ പറഞ്ഞോളാം.

SUNISH THOMAS said...

ഇത്തിരിവെട്ടമേ,
ഭരണങ്ങാനംകാരനായ ഞാന്‍ പക്ഷേ മൂന്നുമൂന്നരവര്‍ഷമായി തട്ടിത്തിരിഞ്ഞു മലപ്പുറത്തുതന്നെയാ... നാട്ടില്‍ വരുമ്പോളൊന്ന് അറിയിക്കണേ..!
:)

SUNISH THOMAS said...

ബാജി,
ഉള്‍ഗ്രാമങ്ങള്‍ അല്ലേ? അടുത്ത ലീവിനു പോകുമ്പോള്‍ ഒരു ജെസിബിക്കു മാന്തിക്കൊണ്ടു വന്നു പോസ്റ്റിയേക്കാം.
വെയ്റ്റ് ആന്‍ഡ് സി......
:)

SUNISH THOMAS said...

സാരംഗീ...
നിങ്ങളുടെ അല്‍ഫോന്‍സാ കോളജ് ഇപ്പോളില്ല. അതിപ്പോള്‍ സെന്‍റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളാണ്.
നിങ്ങള്‍ പഠിക്കുന്ന കാലത്ത്, തൊട്ടിപ്പുറത്തെ എല്‍പിസ്കൂളില്‍നിന്ന് കുറച്ചുകുരുത്തം കെട്ടവന്മാര്‍ ക്ളാസിലേക്ക് ബീഡിപ്പടക്കം കത്തിച്ചിട്ടതും അവിടെ വെറുതെ വാചകമടിച്ചോണ്ടിരുന്ന പെണ്‍കുട്ടികള്‍ ഇറങ്ങിയോടിയതുമായ സംഭവം വല്ലതും ഓര്‍മിക്കുന്നുണ്ടോ?

ഉണ്ടെങ്കില്‍ അതിന്‍റെ സൂത്രധാരന്‍മാരിലൊരാള്‍ ഈ ഞാന്‍ ആയിരുന്നു!! ബിന്‍ സുനീഷ് ലാദന്‍!!!

Anonymous said...

സ്വന്തം നാടിനേക്കുറിച്ച് ഇങ്ങനെ ഘോഷിക്കുന്ന മറ്റൊരു ബ്ലോഗന്‍ ഉണ്ടോ? അറിയില്ല. എന്റെ വായന വളരെ പരിമിതമാണ്.

നല്ല പോസ്റ്റ്, സുനീഷ്.

SUNISH THOMAS said...

ഉണ്ണിക്കൂട്ടാ,
എത്ര നല്ല നാടായിരുന്നു എന്ന നിന്‍റെ ആ ആത്മഗതം സത്യമാണ്. നീ വന്നുപോയ ശേഷമാ അതു കുട്ടിച്ചോറായത്!!
ഇനിയുമങ്ങോട്ടു വരുമല്ലോ. വാ.......!!!

SUNISH THOMAS said...

ഗീതേ,
സ്വന്തം നാടിനെക്കുറിച്ചു ഘോഷിക്കാത്തവര്‍ ആരുണ്ട്. വിശാലന്‍ മുതലെല്ലാവരും അതല്ലേ ചെയ്യുന്നത്? നമുക്കു മിസ് ആവുന്ന സ്വന്തം നാടല്ലേ നമ്മളെ ഇങ്ങനെയൊക്കെ എഴുതാനും മറ്റും പ്രേരിപ്പിക്കുന്നത്?

SUNISH THOMAS said...

ചാത്തന്‍സേ,
നീ കുടിച്ച കള്ളിനു കാശുകൊടുക്കാതെ പോയതിനാണ് അവന്‍മാര് എന്നെ പിടിച്ചു തെങ്ങേല്‍ കെട്ടിയിട്ടത്.... സ്മരണ വേണമെടാ സ്മരണ....

ഓഫ്
തൃശൂര്‍ മീറ്റിന്‍റെ പടം പോസ്റ്റെടേയ്!

SUNISH THOMAS said...

അജേഷേ,
മുള്ളുവേലിയില്ല ഇപ്പോള്‍. പകരം, നല്ല കമ്പിവേലിയുണ്ട്. അതാകുമ്പോള്‍ ഇച്ചിരി ഫിറ്റ് ആയാലും പ്രശ്നമില്ല. ധൈര്യമായി പിടിച്ചു നില്‍ക്കാം...!!

കൊച്ചുത്രേസ്യ said...

ഭരണങ്ങാന ചിത്രങ്ങള്‍ കൊള്ളാം. അവിടെ അപ്പോ കള്ളുഷാപ്പു മാത്രമല്ല, പള്ളീം സ്കൂളും ഒക്കെയുണ്ട് അല്ലേ.എന്തായാലും ഫോട്ടോ ഇട്ടതു നന്നായി. ഇല്ലെങ്കില്‍ ഞാന്‍ വിശ്വസിയ്ക്കില്ലായിരുന്നു :-)

Vish..| ആലപ്പുഴക്കാരന്‍ said...

:)


- alappuzhakaran

മഴത്തുള്ളി said...

സുനീഷെ, കൊള്ളാം ചിത്രങ്ങളും വിശദീകരണവും. ഇനി അടുത്തത് സമീപപ്രദേശമായ തൊടുപുഴയും അവിടെയുള്ള ആരാധനാസ്ഥലങ്ങളും സ്കൂള്‍ കോളേജ് എന്നിവയുമായിരിക്കുമല്ലേ :)

SUNISH THOMAS said...

മഴത്തുള്ളിച്ചേട്ടാ,
മുട്ടം, കാഞ്ഞാര്‍, മൂലമറ്റം, മലങ്കര ഡാം, ഇലവീഴാപ്പൂഞ്ചിറ, കുളമാവ്, ഉടുമ്പന്നൂര്‍, കോടിക്കുളം, ആനക്കയം തുടങ്ങി കറങ്ങാത്ത സ്ഥലങ്ങളില്ല. പക്ഷേ, അന്നൊന്നും കയ്യില്‍ കാമറയില്ലായിരുന്നു.

എങ്കിലും ഉടന്‍ പ്രതീക്ഷിക്കാം!!

:)

Sanal Kumar Sasidharan said...

സുനീഷേ പടങ്ങളെല്ലാം തുറക്കുന്നില്ല എന്റെ പി.സി യില്‍ അകത്തു ക്ലിക്കിയപ്പോള്‍ പറയുന്നു ഈ യുആറെല്‍ ബ്ലോക്ക് ചെയ്തു എന്ന്.:(

സാല്‍ജോҐsaljo said...

ആ തലക്കെട്ടിന് നൂറാ മാര്‍ക്ക്!
വ്യത്യസ്തമായ ഒന്ന്. ഇഷ്ടമായി...

ഈ ഭരണങ്ങാനം ഇപ്പോ കൂടുതല്‍ അടുത്തു നില്‍ക്കുന്നതുപോലെ. ഒരു നല്ല ഫീലിംഗ്...

നല്ല പടങ്ങള്‍...
കിച്ചന്‍സ് പറഞ്ഞപോലെ ഒട്ടുപാലിന്റെ മണം..


നന്ദി..

കള്ളങ്ങളും, കള്ളും വരട്ടെ മച്ചൂ...


ഓ.ടോ. : താനെന്താ പിണങ്ങി നടക്കുവാ?

simy nazareth said...

സുനീഷേ, പറഞ്ഞതുപോലെ ചിത്രങ്ങളെല്ലാം അടിച്ചുമാറ്റി വിക്കിപീഡിയയില്‍ ഇട്ടിട്ടുണ്ട്. ഭരണങ്ങാനത്തിന്റെ ചരിത്രവും ഇതില്‍ നിന്നും അങ്ങോട്ട് അല്പം മാറ്റിയിട്ടുണ്ട്. ദാ ലിങ്ക്.. <
ഭരണങ്ങാനം

ഡാലി said...

ബ്ലോഗിന്റെ ഒരു വലിയ ഗുണം ലോക്കല്‍ റിപ്പോര്‍ട്ടിംഗ്.. നല്ല പോസ്റ്റ്. ആ മെയിന്‍ റോഡ് സ്കൂള്‍ ഓഫ് ജേണലിസത്ത്തിനൊരു സല്യൂട്ട്. അതൊരു എല്‍.പി സ്കൂള്‍ അല്ലെ?

SUNISH THOMAS said...

ഹ...ഹ...ഡാലി. അതേ. അതൊരു എല്‍.പി. സ്കൂള്‍ തന്നെ!!!

:)

krish | കൃഷ് said...

ഇതു നന്നായിട്ടുണ്ട്. കുമ്പസാരം നന്നായി.

qw_er_ty

M@mm@ Mi@ said...

sunishinte oro post vayikkumbozhum palappozhumm vannupoyittulla palliyeyum athinte rubber thottavum ellam ippozhum manassilundu....thanx a lot for the pictures....paranjapole...thodupuzha,muttam,moolamattom,malankara dam,kulamavu etc. etc.-yude fotoyum marakkillallo alle.... :)

Powered By Blogger