Sunday, September 02, 2007

അപ്പനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനും

ഭരണങ്ങാനം പള്ളിയുടെ താഴത്തെ വഴിയിലൂടെ വീട്ടിലേക്കു പോവുകയായിരുന്നു ഞാന്‍. വഴിയിലെങ്ങും ആരുമില്ല. ഞാന്‍ ഒറ്റയ്ക്ക്, ഡീസന്‍റായി വീട്ടിലോട്ടു നടക്കുന്നതിനിടെയാണ് വലിയൊരു ശബ്ദം കേട്ടത്.

മഴ വരുന്നതു പോലെ വലിയൊരു ഇരമ്പല്‍. കയ്യിലാണെങ്കില്‍ കുടയുമില്ല. മഴ വരുന്നതു തന്നെയാണോ എന്നറിയാന്‍ ചെവി വട്ടം പിടിച്ചു. മഴയല്ല. പിന്നെയെന്തായിരിക്കുമെന്നറിയാന്‍ നേരെ ആകാശത്തേക്കു നോക്കി

വഴിയരികിലെ റബര്‍ മരങ്ങളുടെ ഇലത്തലപ്പുകളെ വകഞ്ഞുമാറ്റി അതാ, നല്ല ഒന്നാന്തരം കൊന്നത്തെങ്ങുകളിലൊന്ന് എന്‍റെ നേര്‍ക്കു കടപുഴകുന്നു.

ഓടാന്‍ വച്ച കാല് റോഡിലെ ടാറില്‍ ഒട്ടിപ്പിടിച്ച പോലെ....

അയ്യോ എന്നു നിലവിളിക്കാന്‍ നോക്കി. നാക്കിനു കോച്ചിപ്പിടിത്തം.

അടുത്ത നിമിഷം തെങ്ങുവന്നെന്‍റെ ഒത്തനടുവില്‍ വീണു. വളകൊഴുപ്പന്‍ പാമ്പിനെ തൂമ്പാകൊണ്ടു വെട്ടിമുറിച്ചു കൊല്ലുന്നതുപോലെ ഞാന്‍ രണ്ടു കഷ്ണം!!!

ഞാനാകുന്ന തലക്കഷ്ണം തിരിഞ്ഞുനോക്കി. അതുവരെ എന്‍റെയൊപ്പമുണ്ടായിരുന്ന രണ്ടുകാലുകള്‍ അതാ തെങ്ങിന്‍റെ അപ്പുറത്തു കിടന്നു പിടയ്ക്കുന്നു.

ഒരു കാലിലെ ചെരിപ്പ് ഊരിപ്പോയിരുന്നു. രണ്ടുകാലും കൂടി ആ ചെരിപ്പ് കാലേലിട്ടു.

നിലത്തു വീണ വീഴ്ചയ്ക്കു മുട്ടേല്‍ തൊലി പോയി ചോര പൊട്ടിയിരിക്കുന്നു. തുടയ്ക്കാന്‍ കൈയ്യില്ലാത്തതിനാലാവണം, ഇടത്തേക്കാല് അത് ഒരുവിധം അ‍‍ഡജ്സ്റ്റു ചെയ്തു.
എന്നിട്ട്, റേഡിനു വിലങ്ങനെ വീണുകിടക്കുന്ന തെങ്ങിനെ മുറിച്ചു കടന്ന്, നിസ്സഹായതയോടെ നോക്കുന്ന എന്നെ മറികടന്ന് നേരെ വീട്ടിലേക്കു നടക്കാന്‍ തുടങ്ങി.

രാവിലെ അമ്മച്ചി എഴുതിത്തന്നുവിട്ട കുറിപ്പടി പ്രകാരം വാങ്ങിയ പഞ്ചസാര, മല്ലി, മുളക്, ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയ പലവ്യഞ്ജനങ്ങള്‍ ഇവിടെ വീണു കിടക്കുന്ന എന്‍റെ കയ്യില്‍.....!!
എന്നേ ഇട്ടേച്ചും പോകുവാണോ?!!!!

ഞാന്‍ ഉറക്കെ വിളിച്ചു നോക്കി. ഇല്ല, മൈന്‍ഡില്ല എന്നു മാത്രമല്ല, നല്ല വേഗത്തിലാണു നടപ്പ്. കാലില്ലാത്ത ഞാനെങ്ങനെ നടക്കാന്‍? ഒരുവിധം ഇഴഞ്ഞിഴഞ്ഞാണേലും വീട്ടിലെത്താമോയെന്നു പരീക്ഷിക്കാന്‍ ‍ഞാന്‍ കൈകുത്തി എഴുന്നേല്‍ക്കാന്‍ നോക്കി... വയറിന്‍റെ ഭാഗത്തു നല്ല വേദന.... വീണ വീഴ്ചയില്‍ കഴുത്തിനുമുണ്ടു വേദന...ഒരു രക്ഷയുമില്ല.

വീട്ടിലേക്കു വെച്ചടിക്കുന്ന എന്‍റെ സ്വന്തം കാലുകളെ നോക്കി ഞാന്‍ വീണ്ടു വിളിച്ചുകൂവി....

എന്നേംകൂടി കൊണ്ടുപോകോ.....!!! ആരേലും അതിനെയൊന്നു പിടിച്ചുനിര്‍ത്തി എന്നേം കൂടി കൊണ്ടുപോകാന്‍ പറയോ....

ആ അലര്‍ച്ച ആരും കേട്ടില്ല. വഴി വിജനമായി കിടന്നു. മറിഞ്ഞുവീണ തെങ്ങില്‍ കൂടുണ്ടാക്കിയ കാക്കകള്‍ എന്നെ കൊത്താന്‍ വരുന്നതാണ് അടുത്ത നിമിഷം കണ്ടത്.

തെങ്ങു മറിച്ച് എന്‍റ നെഞ്ചത്തോട്ടു തന്നെയിട്ടതു ഞാനാണെന്നായിരുന്നു അതുങ്ങളുടെ വിചാരം!! എഴുന്നേറ്റ് ഓടാന്‍ പോലുമാവാതെ ഞാന്‍ അവിടെക്കിടന്നു കാറി...

എന്നെകൊത്തിക്കൊല്ലുന്നേ... ആരേലും ഒന്ന് ഓടിവായോ......

ഇത്തവണ ആ അലര്‍ച്ചയ്ക്കു ഫലമുണ്ടായി. എന്നെ രക്ഷിക്കാന്‍ ആളോടിയെത്തി. എന്‍റെ സ്വന്തം അമ്മച്ചി!!!

അങ്ങനെ പതിവുപോലെ ഞാന്‍ രാവിലെ അല്‍പം വൈകിയാണെങ്കിലും ഉറക്കമുണര്‍ന്നു.

പക്ഷേ എന്താണെറിയില്ല, എഴുന്നേല്‍ക്കാനൊരു പ്രയാസം.

ശരീരം പ്രത്യേകിച്ചും നടുവുമുതല്‍ കഴുത്തുവരെ ഒരു കോച്ചിപ്പിടിത്തം. ആകെപ്പാടെ ഒരു വിമ്മിട്ടം. ഉറക്കത്തില്‍ തെങ്ങുവീണതിന്‍റെ ആഫ്റ്റര്‍ എഫക്ടായിരിക്കുമോ? അല്ലേലും സ്വപ്നവും യാഥാര്‍ഥ്യവും തമ്മിലെന്തു ബന്ധം!!!

അങ്ങനെയാലോചിച്ചുകൊണ്ട്, ഒന്നുകൂടിയൊന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. വിജയിച്ചു. പക്ഷേ, വേദന തോല്‍പിക്കുന്ന മട്ടാണ്. അങ്ങോട്ടുമിങ്ങോട്ടും അനങ്ങാന്‍ തന്നെ പറ്റുന്നില്ല. ശ്വാസം വിടുമ്പോള്‍ പോലും നല്ല വേദന

ഇതെന്തു കുന്തം?!! എനിക്കു ദേഷ്യം വന്നു. പിന്നാലെ സങ്കടം വന്നു. അതിനും പിന്നാലെ എനിക്കു നല്ല പേടിയായിത്തുടങ്ങി.

നാളെ പരീക്ഷയാണ്, കര്‍ത്താവേ നീയതുമുടക്കുമോ?

ഇതുവല്ല മാരകരോഗവുമായിരിക്കുമോ? ദൈവമേ ഉടനേ തന്നെ ഞാന്‍ മരിച്ചുപോകുമോ??????

ഞാനങ്ങനെയാണ്.
പല്ലുവേദന വന്നാല്‍ ഞാന്‍വിചാരിക്കും, ഹും..എന്‍റെ പല്ലെല്ലാം ഇങ്ങനെ വേദന വന്നു പത്തുമുപ്പതു ദിവസം കൊണ്ടു തന്നെ പറിഞ്ഞുപോകും. അതോടെ ഞാന്‍ അപ്പൂപ്പനാകും. അതോടെ എന്നെ കാണുമ്പോല്‍ പെണ്‍പിള്ളേരെല്ലാം കളിയാക്കിച്ചിരിക്കാന്‍ തുടങ്ങും. അപ്പനുമായി അഡ്ജസ്റ്റു ചെയ്തു നിന്നില്ലേല്‍ പുള്ളിക്കാരന്‍ വെപ്പു പല്ലുവയ്ക്കാനും കാശു തരില്ല. അങ്ങനെ വന്നാല്‍ ആജീവനാന്തം പല്ലില്ലാത്തവനായി കഴിയേണ്ടി വരും!!

ചെവി വേദന വന്നാല്‍ വിചാരിക്കും- കേള്‍വി പോകുമെന്നുറപ്പായി. നാണക്കേടാണ്. നാട്ടുകാരു പൊട്ടന്‍ എന്നു വിളിക്കും. അതു സാരമില്ലായിരുന്നു, എന്നാലും നമ്മളു പറയുന്നതു പോലും കേള്‍ക്കാന്‍ പറ്റത്തില്ല. പെണ്ണുകിട്ടത്തില്ലെന്നുറപ്പ്!! വീട്ടില്‍ പാരമ്പര്യമായിട്ട് ആര്‍ക്കെങ്കിലും ചെവിക്കു കേള്‍വിക്കുറവുണ്ടോയെന്നുപതുക്കെ അമ്മച്ചിയുടെ അടുത്തു ചെന്നന്വേഷിക്കും. അമ്മച്ചിക്ക് എന്നെ നന്നായിട്ട് അറിയാവുന്നതു കൊണ്ടു പറയും...പിന്നെ, എന്‍രെ വീട്ടുകാരില്‍ ആരുമില്ല. പക്ഷേ, നിന്‍റെ അപ്പന്‍റെ കുടുംബക്കാരില്‍ ആര്‍ക്കെങ്കിലുമുണ്ടോ എന്നറിയില്ല. അത് അറിയണമെങ്കില്‍ ഒരു കാര്യം ചെയ്യ്, നീ നേരിട്ടു ചെന്നു ചോദിക്ക്!!

അതത്ര എളുപ്പമല്ലാത്തതിനാല്‍ ഞാന്‍ ഒറ്റയ്ക്കിരുന്നു മനോരാജ്യം കാണും. ചെവി കേള്‍ക്കാത്ത ഞാന്‍ വഴിയരികിലൂടെ നടന്നുപോകുമ്പോള്‍ ഒരു ബസ് പിന്നാലെ വരുന്നു. ഹോണടിച്ചിട്ടും കേള്‍ക്കാതെ ഞാന്‍ നടപ്പു തുടരുമ്പോള്‍ ഡ്രൈവര്‍ക്കു ദേഷ്യം വരുന്നു. അങ്ങനെയയാള്‍ എന്നെ വണ്ടികയറ്റി കൊല്ലുന്നു. എന്‍റെ കാര്യം ക്ളോസ്!!!

ഇത്തവണ ഇതൊന്നുമല്ല സംഗതി. എന്‍റെ കാര്യം ക്ളോസാകുമെന്ന് ഏതാണ്ട് ഉറപ്പായി. ദേഹമാസകലം വേദന. അല്‍പം മുന്‍പു മൂത്രമൊഴിക്കാന്‍ നോക്കി. നടക്കുന്നില്ല. ശ്വാസം വിടാന്‍ പോലും പറ്റുന്നില്ല. വാരിയെല്ലിന്‍റെ അകത്തുനിന്നു കുത്തിക്കുത്തിയുള്ള വേദന. പിടലി തിരിക്കുമ്പോള്‍ അകത്താരോ ഇരുന്നു കൊടക്കമ്പിക്കു കുത്തുന്ന പോലെ.ആകെപ്പാടെ വേദനയുടെ പൊടിപൂരം...

മന്ദപ്പനായി ഇരിക്കുന്ന എന്നെ കണ്ടപ്പോള്‍ അമ്മച്ചിക്ക് സംശയം?!!

എന്താടാ മാത്തു, നീയിവിടെ ഇരിക്കുന്നേ... നിനക്കു നാളെ പരീക്ഷയല്ലേ?

അപ്പോളാണ് ഞാന്‍ അതിനെക്കുറിച്ചു വീണ്ടുമോര്‍ത്തത്. ഫൈനല്‍ ഇയറാണ്, ഫൈനല്‍ ചാന്‍സാണ്. ഇതെഴുതാന്‍ പറ്റിയില്ലേല്‍ എന്‍റെ ഒരുവര്‍ഷം ഗോപി!!!

ഞാന്‍ പതുക്കെ വീട്ടില്‍ കാര്യം പറഞ്ഞു. എനിക്കു വയ്യ. ദേഹമാസകലം വേദന. മരിക്കാന്‍ അധികം താമസമില്ല. അതുകൊണ്ട് ഇന്നു രാവിലെ കപ്പയ്ക്കൊപ്പം മീന്‍പീരയുണ്ടാക്കണം. അവസാനത്തെ ആഗ്രഹമാണ്!!

അമ്മച്ചി അതു കേട്ടു. അമ്മച്ചിക്കു സങ്കടം വന്നെന്നു തോന്നുന്നു. അപ്പനോടു വിവരം പറഞ്ഞു. അപ്പന്‍ എന്‍റെ അടുത്തേക്കു വരാതെ, അങ്ങകലെ മാറിനിന്ന് മൂന്നാലഞ്ച് ആംഗിളില്‍നിന്ന് എന്നെ കണ്ണുകൊണ്ടു പരിശോധിക്കാന്‍ തുടങ്ങി.

മഹാ അഭിമാനിയായ ഞാന്‍ സാധാരണ അങ്ങനെ ഇരുന്നുകൊടുക്കാറുള്ളതല്ല. പക്ഷേ, എന്തു ചെയ്യാം, എഴുന്നേല്‍ക്കാന്‍ പോലും പറ്റുന്നില്ലല്ലോ...

ശ്വാസം വലിക്കാന്‍ പ്രയാസമായതു കൊണ്ട് അതു വല്ലപ്പോഴുമാക്കി. വേദന കാരണം, സംസാരിക്കാനും ബുദ്ധിമുട്ടുപോലെ...

എന്നതാടാ കുഴപ്പം?

അപ്പന്‍ അടുത്തു വന്നു ചോദിച്ചു

നല്ല വേദന. ശ്വാസം വിടാന്‍പറ്റുന്നില്ല. മൂത്രമൊഴിക്കാന്‍ പറ്റുന്നില്ല. എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. എനിക്കൊന്നിനും പറ്റുന്നില്ല!!!!

ആശുപത്രിയില്‍ പോണോ???

ഇനി പോയിട്ടിപ്പം എന്നാ കാര്യം എന്നു ഞാന്‍ ചോദിച്ചില്ല.

അരമണിക്കൂറു കഴിഞ്ഞപ്പം ഒരു കാര്‍ വീട്ടുമുറ്റത്തു വന്നു നിന്നു.

അപ്പനും അമ്മച്ചിയുംകൂടി എന്നെ താങ്ങിപ്പിടിച്ചു കാറിന്നകത്തേക്കു കയറ്റി. അദ്ഭുതവസ്തുവിനെ കാണുന്ന പോലെ എന്നെ കാറിന്‍റെ ഉടമസ്ഥന്‍ തുറിച്ചുനോക്കുന്നു. കാറു പുറപ്പെട്ടു.

ഞാന്‍ തിരിഞ്ഞുനോക്കി. വീട്ടുമുറ്റത്ത് അമ്മച്ചി.. വീടും അമ്മച്ചിയും അകന്നകന്നു പോവുകയാണ്. എനിക്കു സങ്കടം വന്നു. ഞാന്‍ കരഞ്ഞു. കരയാന്‍ തുടങ്ങിയപ്പോളേ മുന്‍സീറ്റിലിരുന്ന അപ്പന്‍ തിരിഞ്ഞുനോക്കി.

ഞാന്‍ കരച്ചില്‍ നിര്‍ത്തി. ഏങ്ങലടിക്കാന്‍ തുടങ്ങി. അപ്പോളാണ് എനിക്ക് അക്കാര്യവും പിടികിട്ടത്. ഏങ്ങലടിക്കുമ്പോള്‍ നല്ല വേദന.

ഞാന്‍ വീണ്ടും കരയാന്‍ തുടങ്ങി.....

എന്നാത്തിനാടാ കരയുന്നത്???

ഞാന്‍ കരഞ്ഞോണ്ടു പറഞ്ഞു- ഏങ്ങലടിക്കാന്‍ പറ്റുന്നില്ല!!

അപ്പനു ദേഷ്യം വന്നു. (വരാനൊന്നുമില്ല, അതു കൂടെപ്പിറപ്പാ!!)

മിണ്ടാതിരുന്നോണം, രാവിലെ മെനക്കെടുത്താന്‍!!

ഞാന്‍ മിണ്ടാതിരുന്നു.

ഭരണങ്ങാനം പള്ളിമുറ്റത്തുകൂടി രാവിലെ സ്കൂളിലേക്കു പോവുന്ന കുട്ടികള്‍. സാവിയോച്ചേട്ടന്‍റെ കടയുടെ തിണ്ണയില്‍ തൂണുരുട്ടി നില്‍ക്കുന്ന (ചതുരത്തിലുള്ള തൂണുകളായിരുന്നു. അതില്‍ പിടിച്ചുനിന്നു വായിനോക്കുന്നവരുടെ സേവനം വഴി കൈത്തഴമ്പു വീണ് തുണുകളെല്ലാം ഏതാണ്ട് ഉരുണ്ട ഷേപ്പിലായി) സുഹൃത്തുക്കള്‍. എല്ലാവരും എന്നില്‍നിന്ന് അകലുകയാണ്.

അതിവേഗം വണ്ടി പാലായിലെത്തി.

അതാ എന്‍റെ കോളജ്. സെന്‍റ് തോമസ്. തൊട്ടിപ്പുറത്ത് അല്‍ഫോന്‍സാ. അങ്ങോട്ടുനോക്കാന്‍പോലും ഒരു ഉല്‍സാഹമില്ലാത്ത പോലെ...

ഞാനും കാറും പാലായും കടന്ന് നേരെ പോവുകയാണ്.

അടുത്തുള്ള മേരിഗിരി ആശുപത്രിയിലേക്ക് വണ്ടി കയാറാത്തപ്പോളേ എനിക്കു സംശയമുണ്ടായിരുന്നു. പാലായിലെ മരിയന്‍ സെന്‍ററിനു മുന്നിലും കാറു നിര്‍ത്തിയില്ല. വണ്ടി മുന്നോട്ടു പറക്കുന്നു...

എനിക്കു പേടികൂടി. എന്‍റേതു മാരക രോഗം തന്നെ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണു പോകുന്നത്. അവിടെ ചെന്ന്, ആശുപത്രിത്തിണ്ണയില്‍കിടന്ന്....

എങ്ങോട്ടാ പോകുന്നത്?

മടിച്ചു മടിച്ചു ‍ഞാന്‍ ചോദിച്ചു.

നിനക്കു വല്യ ബുദ്ധിമുട്ടാണെന്നല്ലേ പറഞ്ഞത്, കാരിത്താസിലേക്കു പോയേക്കാം.
അവിടെയാകുമ്പോള്‍ നിന്‍റെ അസുഖം എന്താണെന്ന് അവരു കണ്ടുപിടിച്ചോളും.
എനിക്കു സമാധാനമായി. മെഡിക്കല്‍ കോളജിലേക്കല്ലല്ലോ....

കാറ് ഓടിക്കുന്നതിനിടെയില്‍ ഓടിക്കുന്ന ചേട്ടന്‍ ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു.

എപ്പോളാണു വേദന തുടങ്ങിയത്? എങ്ങനെയാണു വേദന, കുത്തിക്കുത്തിയാണോ അതോ ഇടവിട്ട് ഇടവിട്ടാണോ? തലകറക്കമുണ്ടോ? ഓക്കാനിക്കാന്‍ തോന്നുന്നുണ്ടോ? നേരത്തെ മുതേല വല്ല അസ്വസ്ഥതകളും ഉള്ളതാണോ?

ചോദ്യം കൂടിയപ്പോള്‍ അപ്പന്‍ അയാളുടെ നേര്‍ക്കൊന്നു നോക്കുന്നതു ഞാന്‍ കണ്ടു. മര്യാദയ്ക്കു ടോപ്പിലോടിക്കൊണ്ടിരുന്ന വണ്ടി തേഡിലേക്കു ഡൗണ്‍ ചെയ്ത് ഒന്നിരപ്പിച്ച് വീണ്ടു ടോപ്പിലാക്കി അയാളു കാലുകൊടുത്തു വണ്ടി പായിച്ചുതുടങ്ങി.

പിന്നെയാരും എന്നോടൊന്നും ചോദിച്ചില്ല.

കോട്ടയം കാരിത്താസ് ആശുപത്രി

ഡോ. എന്‍. രമേഷ് നായര്‍, എം.ബി.ബിഎസ്, എം.ഡി

അരമണിക്കൂറിനം ഡോക്ടര്‍ വിളിപ്പിച്ചു.
പരിശോധിച്ചു. എന്നിട്ടു പറ‍ഞ്ഞു. - പ്രത്യക്ഷത്തില്‍ ഒന്നും കാണുന്നില്ല.


എന്തായാലും ഇയാളിവിടെ ഒരുദിവസം കിടക്കട്ടെ. കുറച്ചു പരിശോധനകള്‍ ഉണ്ട്. എന്താണ് അസുഖമെന്നു കണ്ടുപിടിച്ചിട്ടേ മരുന്നു തരുന്നൊള്ളൂ....

എനിക്ക് ആധികൂടി. തല കറങ്ങി. ദേഹം മുഴുവന്‍ വിറയല്‍. ഞാന്‍ തന്നെ സങ്കല്‍പിച്ചുണ്ടാക്കിയ എന്‍റെ വിധി ഇവിടെ പൂര്‍ണമാകുന്നു. എനിക്ക് എന്തോ മാരകരോഗമാണ്. ഡോക്ടര്‍മാര്‍ക്കു പോലും അതു കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ദൈവമേ എന്‍റെ ഗതി. എന്‍റെ പരീക്ഷ...!!

അതു ഞാന്‍ വീണ്ടുംപറ‍ഞ്ഞു... എന്‍റെ പരീക്ഷ..!!

അപ്പന്‍ അതാവര്‍ത്തിച്ചു. അവനു നാളെ ഡിഗ്രി പരീക്ഷ തുടങ്ങുവാ...

ഡോക്ടര്‍ കണ്ണട താഴ്ത്തി എന്‍റെ നേര്‍ക്കൊന്നു നോക്കി. എന്നിട്ട് ഒരു കടലാസെടുത്ത് എന്തൊക്കെയോ എഴുതി അപ്പന്‍റെ കയ്യില്‍ കൊടുത്തു.

അപ്പനതും മേടിച്ച് എന്നെ താങ്ങിപ്പിടിച്ചു പുറത്തേക്കു നടന്നു. എനിക്കു ചമ്മല്‍ തോന്നി. യുവാവും സര്‍വോപരി ആരോഗ്യശാലിയുമായ എന്നെ എന്‍റെ അപ്പന്‍ താങ്ങിപ്പിടിച്ചിരിക്കുന്നു....
എന്തു ചെയ്യാന്‍...ഞാന്‍ ഒന്നുംചെയ്തില്ല.

നേരേ പോയതു നഴ്സിങ് റൂമിലേക്കാണ്. കുറിപ്പു കൊടുത്തു. രണ്ടു നഴ്സുമാര്‍ വന്ന് എന്‍റെ കയ്യില്‍ കുത്തി. ചോരയെടുത്തു. ചോരയ്ക്കു നല്ല കറുപ്പുനിറം. എനിക്കു സംശയമായി. യഥാര്‍ഥത്തില്‍ ചോരയ്ക്കു ചുവപ്പു നിറമല്ലേ, പിന്നെങ്ങനെ എന്‍റെ ചോരയ്ക്കു കറുപ്പുനിറമായി?

ചോരയെടുത്തോണ്ടു പോയവര്‍ എന്നോട് അപ്പുറത്തെ മുറി ചൂണ്ടിക്കാട്ടി. അവിടെയാണ് എക്സ്റേയെടുക്കുന്ന സ്ഥലമെന്നു മനസ്സിലായി. നേരെ അങ്ങോട്ടു വച്ചടിച്ചു.
ഷര്‍ട്ട് ഊരിക്കോളാന്‍ പറ‍ഞ്ഞു. ഞാനൂരി.. ഇനിയിപ്പം എന്താലോചിക്കാന്‍?!!

എക്സ്രേ എടുത്തു. ഇനിയെന്ത്?

രണ്ടാം നിലയില്‍ മുപ്പത്തിനാലാം നമ്പര്‍ മുറിയിലേക്കു പൊയ്ക്കോ...നഴ്സു പറഞ്ഞു. അവിടെ എന്താവുമോ?

അവിടെ ചെന്നു. എംആര്‍ഐ സ്കാന്‍.

എന്‍റെ തല കറങ്ങി. ഞാന്‍ ഫൈവ് സ്റ്റാര്‍ രോഗിയാണ്. വല്യനിലയിലേ ചാകാന്‍ അനുവദിക്കൂ. ദൈവമേ....

അവിടെ ഒരിടത്തു പിടിച്ചിരുത്തി. വീണ്ടും ഷര്‍ട്ടൂരിച്ചു. ദേഹം മുഴുവന്‍ എന്തൊക്കെയോ ജെല്‍ പുരട്ടി. എന്തോ ഒരു സാധനം കൊണ്ടുവന്നു ദേഹം മുഴുവന്‍ ഉരുട്ടിക്കൊണ്ടിരുന്നു.

ഇടയ്ക്കു പറയും, ശ്വാസം അകത്തോട്ടെടുത്തേ....

ഞാന്‍ വിഷമിച്ച് അകത്തോട്ടെടുക്കും. പുറത്തോട്ടു വിട്...ഞാന്‍ അങ്ങനെത്തന്നെ ചെയ്യും...

അരമണിക്കൂര്‍ ഉരുട്ടി. ഉരുട്ടുകഴിഞ്ഞ് എന്തൊക്കെയോ ഒരു പേപ്പറില്‍ കുത്തിക്കുറിച്ച് അവിടെയിരുന്ന ചങ്ങാതി അപ്പന്‍റെ കയ്യില്‍ കൊടുത്തു. അപ്പനതുവാങ്ങി എന്നേം കൂട്ടി താഴോട്ടു നടന്നു. ഞാന്‍ അപ്പന്‍റെ കണ്ണുകളിലേക്കു നോക്കി.

രാവിലെ കണ്ട ധൈര്യമില്ല. എന്തോ ഒരു അങ്കലാപ്പു പോലെ. ഒന്നും മിണ്ടുന്നുമില്ല.

എനിക്കെന്താ അപ്പാ അസുഖം? ഞാന്‍ വീണ്ടും പഴയ നഴ്സറിക്കുട്ടിയായി.

അപ്പന്‍ പഴയ അപ്പനായി. ഒന്നുമില്ലെടാ..ഇതൊക്കെ വെറുതെയല്ലേ...

എനിക്കു സന്തോഷമായില്ലെങ്കിലും ധൈര്യമായി. അപ്പന്‍ പറഞ്ഞാല്‍ പറഞ്ഞതാണ്.
ഫുട്ബോളു കളിക്കാന്‍ പോവരുത് എന്നുപറഞ്ഞ അന്നു ചാടിപ്പോയതുകൊണ്ടാണ് കാലുളുക്കി രണ്ടാഴ്ച വീട്ടിലിരുന്നത്. സൈക്കിളില്‍ ട്രിപ്പിളു പോവരുത് എന്നു പറഞ്ഞതിനു പിറ്റേന്നു ട്രിപ്പിളു വച്ചതുമൂലമാണു തലേംകുത്തി വീണു കയ്യൊടിഞ്ഞത്. നിനക്ക് ഒന്നാം സ്ഥാനം കിട്ടും എന്ന് അപ്പന്‍ പറ‍ഞ്ഞതുകൊണ്ടു മാത്രമാണ് എനിക്കു നാലാം ക്ളാസില്‍ പഠിക്കുമ്പോള്‍ നെഹ്റു ക്വിസിന് ഒന്നാം സ്ഥാനം കിട്ടയത്.....

എനിക്കു ചില്ലറ ധൈര്യമൊക്കെയായി.

നേരെ നഴ്സിങ് റൂമിലേക്കു നടന്നു. മുകളില്‍നിന്നു കിട്ടിയ സ്കാനിങ് റിസള്‍ട്ട് അവിടുത്തെ ഒരു നഴ്സമ്മയ്ക്കു കൊടുത്തു. അവരതുമായി ഡോക്ടറുടെ മുറിയിലേക്കു പോയി. അവിടെ കിടന്ന ഒരു കട്ടിലില്‍ ഞാന്‍ പോയി ഇരുന്നു.

അപ്പനും എന്‍റെ അടുത്തു വന്നിരുന്നു.

ഇപ്പോള്‍ വേദനയുണ്ടോടാ....

ഉള്ളിലുള്ള വേദന കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു, ഇല്ല, നല്ല കുറവുണ്ട്. വേണേല്‍ വീട്ടില്‍ പോയേക്കാം...

അപ്പനു വേദനിക്കേണ്ടല്ലോ..അപ്പനതു മനസ്സിലായോ എന്നറിയില്ല.

ഞാന്‍ പറഞ്ഞില്ലേ? ഇതു ചിലപ്പോള്‍ രാത്രിയില്‍ നിന്‍റെ കിടപ്പു ശരിയാകത്തതു കൊണ്ടു സംഭവിച്ചതായിരിക്കും. സാരമില്ല, ഡോക്ടറു നോക്കട്ടെ.....

നഴ്സമ്മ തിരിച്ചുവന്നു. എന്‍റെ മുഖത്തേക്ക് ദയനീയമായിട്ടെന്നോണം നോക്കി.

എന്നിട്ടു പറഞ്ഞു- ഒരു ടെസ്റ്റ് കൂടി ബാക്കിയുണ്ട്.

വീണ്ടും ഒരു സിറിഞ്ച് കൂര്‍പ്പിച്ചുകൊണ്ട് അവര്‍ വന്നു. എന്നെ കുത്താന്‍. കുത്തി. രക്തം ഊറ്റിയെടുക്കുന്നതിനിടെ തല ഉയര്‍ത്തി ഞാന്‍ അവരോടു ചോദിച്ചു.

ഇത് എന്തിനാ?

പരിശോധിക്കാന്‍...

എന്തു പരിശോധിക്കാനാ?

അതുപരിശോധിച്ചിട്ടു പറയാം.

എനിക്കു കണ്ണില്‍ ഇരുട്ടുകയറി. ഞാന്‍ കണ്ണടച്ചു. അപ്പോള്‍ ഇരുട്ടിന്‍റെ വ്യാപ്തിക്കു കുറവ്. ആശുപത്രിയിലെ ശബ്ദങ്ങളും മുകളില്‍ കറങ്ങുന്ന ഫാനിന്‍റെ ശബ്ദവുമെല്ലാം അകന്നു പോയി....
അരമണിക്കൂര്‍ കഴിഞ്ഞാവും ഞാന്‍ കണ്ണു തുറന്നത്.

ഡോക്ടര്‍ വിളിക്കുന്നു. - നഴ്സമ്മ വന്നു പറഞ്ഞു.

ഞാന്‍ അപ്പനൊപ്പം നടന്നു. അപ്പന്‍റെ കണ്ണിലെ തിളക്കം കുറഞ്ഞപോലെ. എനിക്കു സങ്കടമായി. ദൈവമേ അപ്പനെ ഞാനിങ്ങനെ ഇതിനു മുന്‍പു കണ്ടിട്ടല്ലോ...അപ്പന്‍റെ ധൈര്യമായിരുന്നു എന്‍റെ അഹങ്കാരങ്ങള്‍ക്കും തല്ലുകൊള്ളിത്തരങ്ങള്‍ക്കും ബലം എന്ന് എനിക്ക് അപ്പോഴാണു പിടികിട്ടിയത്. എനിക്ക് ചേട്ടാനിയന്‍മാരും ചേട്ടത്തിയനിയത്തിമാരും ഇല്ലാത്തതിന്‍റെ കുഴപ്പവും എനിക്കപ്പോഴാണു പിടികിട്ടിയത്. ഞാന്‍ മരിച്ചുപോയാല്‍ അപ്പനും അമ്മയും ഒറ്റയ്ക്കാവും. അവരെ ഒറ്റയ്ക്കു വിടാന്‍ പറ്റത്തില്ല. ആനിലയ്ക്ക് ‍ഞാന്‍ ജീവിച്ചിരിക്കേണ്ടത് എന്നെക്കാളുപരി അവരുടെ ആവശ്യമാണ്.

അരുവിത്തുറ വല്യച്ചാ....

ഞാന്‍ വളരെ ശക്തമായി മനസ്സില്‍ ആവിളി വിളിച്ചു. ഇതിനു മുന്‍പ് പ്രീഡിഗ്രിക്ക് കെമിസ്ട്രി പരീക്ഷ എഴുതിക്കഴിഞ്ഞുവിളിച്ചതാണ്. അന്നു വിളികേട്ട ശേഷം പിന്നെ വിളിച്ചിട്ടില്ല. ദേ ഞാന്‍ ഇപ്പോള്‍ വിളിച്ചിരിക്കുന്നു.

ഡോക്ടര്‍ എന്നെ അടുത്തിരുത്തി.

പരിശോധനാ ഫലങ്ങള്‍ മുഴുവന്‍ പരിശോധിച്ചു.

കണ്ണട താഴ്ത്തി. എന്നിട്ടു ചോദിച്ചു.

ഇന്നലെ എന്താ കഴിച്ചത്?

ചോറും പയറും മുട്ട പൊരിച്ചതും നാരങ്ങാ അച്ചാറും.

പയറ് വല്യ ഇഷ്ടമാണോ?

ങും.

എത്ര കഴിച്ചാരുന്നു?

രണ്ടുമൂന്നു പ്ളേറ്റു കഴിച്ചു.

നാളെ പരീക്ഷയാണോ?

അതേ.

വല്ലതും പഠിച്ചിട്ടുണ്ടോ?

ഇല്ല.

പരീക്ഷ തോല്‍ക്കുന്നത് ഇഷ്ടമാണോ?

അല്ലല്ല- അല്‍പം കടുപ്പത്തില്‍ ‍ഞാന്‍ മറുപടി പറഞ്ഞു.

പരീക്ഷയില്‍ തോല്‍ക്കുമോയെന്ന പേടിയുണ്ടോ?

തോല്‍ക്കത്തില്ല, ,അന്‍പതു ശതമാനത്തിലും മാര്‍ക്കു കുറയുമോയെന്നാ പേടി!!

അപ്പോള്‍ പേടിയുണ്ട്. അല്ലേ?

ഉണ്ട്. ഞാന്‍ സമ്മതിച്ചു.

ഡോക്ടര്‍ ഒന്നു ചിരിച്ചു. എന്നിട്ട് അപ്പനോടു പറ‍ഞ്ഞു.

ഈ പേടി തന്നെയാണ് ഇയാളുടെ രോഗം. സംഗതി വളരെ സിംപിളാണ്. എന്നാല്‍ വളരെ കോംപ്ളിക്കേറ്റഡും. ഇന്നലെ രാത്രി ഇയാളു കഴിച്ച പയര്‍ കറിയും പിന്നെ മനസ്സിലുള്ള പേടിയും ടെന്‍ഷനുംകൂടിയായപ്പോള്‍ ഉണ്ടായ പ്രശ്നം.

ഗ്യാസ് ട്രബിള്‍. അതിന്‍റെ കോംപ്ളിക്കേറ്റഡ് രൂപമാണിത്.

സ്കാനിങ് അടക്കം പരിശോധന പലതും നടത്തിയിട്ടും വേറെ ഒന്നും കണ്ടെത്താനായില്ല.
ഡോക്ടര്‍ ഒരു കടലാസെടുത്ത് മരുന്ന കുറിച്ചു. ഈ ടാബ് ലറ്റ് നാലോ അഞ്ചോ തവണ കഴിക്കുക. സംഗതി വൈകിട്ടോടെ ഒകെയായിക്കോളും.

തോളില്‍ത്തട്ടി ഡോക്ടര്‍ എന്നെ എഴുന്നേല്‍പിച്ചു വിട്ടു.

പുറത്തിറങ്ങിയ അപ്പന്‍ എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. അരുവിത്തുറ വല്യച്ചന്‍, അല്‍ഫോന്‍സാമ്മ, പിന്നെ എന്‍റെ സ്വന്തം അമ്മച്ചി തുടങ്ങിയവരുടെ മുഖം കണ്‍മുന്നിലൂടെ കടന്നുപോയി.

മരുന്നു വാങ്ങി വന്ന അപ്പന്‍ എന്‍റെ നേര്‍ക്കു നീട്ടി. ഞാന്‍ തുറന്നുനോക്കി. ജെല്യൂസില്‍!!!

വണ്ടി തിരിച്ചു പാലായിലെത്തിയപ്പോള്‍ അപ്പന്‍ ഡ്രൈവറുടെ തോളില്‍ത്തട്ടി. അവിടെയൊന്നു കേറിയേച്ചു പോകാം.

ഞാന്‍ നോക്കി. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെ പള്ളിയിലേക്ക്. പള്ളിയിലിറങ്ങി. അപ്പന്‍ പള്ളിയിലേക്കു നടന്നു. ഞാന്‍ പിന്നാലെയും.

ഞാനൊന്നും പ്രാര്‍ഥിച്ചില്ല.

അപ്പന്‍ എന്ന് ഈ പരിപാടിയൊക്കെ തുടങ്ങി എന്നു ഞാനാലോചിച്ചു പോയി. സംഗതി ഇപ്പോളത്തെ നേര്‍ച്ച തന്നെ.

അപ്പനിറങ്ങി. ഞാനുമിറങ്ങി.

കാറില്‍ കയറുന്നതിനു മുന്‍പ് പോക്കറ്റില്‍ കിടന്ന ആശുപത്രി ബില്ലുകള്‍ അപ്പന്‍റെ എന്‍റെ നേര്‍ക്കു നീട്ടി. ഞാന്‍ മേടിച്ചു നോക്കി.

ആകെ മൊത്തം 2710രൂപ.

രക്തം, എക്സ്രേ, സ്കാനിങ്- 2700, മരുന്ന്- 10രൂപ.

അപ്പന്‍ എന്‍റെ നേര്‍ക്കു രൂക്ഷമായൊന്നു നോക്കി. ഞാന്‍ തിരിച്ചും.

വണ്ടി വീട്ടിലോട്ടു പുറപ്പെട്ടു.

വീണ്ടും അപ്പന്‍ പഴയ അപ്പനായി. ഞാന്‍ യുവാവും സര്‍വോപരി ധൈര്യശാലിയുമായ മകനും!!!!

21 comments:

SUNISH THOMAS said...

ഞാന്‍ കരച്ചില്‍ നിര്‍ത്തി. ഏങ്ങലടിക്കാന്‍ തുടങ്ങി. അപ്പോളാണ് എനിക്ക് അക്കാര്യവും പിടികിട്ടത്. ഏങ്ങലടിക്കുമ്പോള്‍ നല്ല വേദന.

ഞാന്‍ വീണ്ടും കരയാന്‍ തുടങ്ങി.....

എന്നാത്തിനാടാ കരയുന്നത്???

ഞാന്‍ കരഞ്ഞോണ്ടു പറഞ്ഞു- ഏങ്ങലടിക്കാന്‍ പറ്റുന്നില്ല!!

>>>>>>>

ബൂലോഗത്തെ ഒരു സ്വതന്ത്ര ബ്ളോഗറായ എന്‍റെ അന്‍പതാം പോസ്റ്റ്.

സ്വതന്ത്ര ബ്ളോഗര്‍ ആയ എനിക്ക് സ്വതന്ത്ര ബ്ളോഗിങ് തുടങ്ങി അഞ്ചുമാസത്തിനകം അന്‍പെതണ്ണം തികയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

പ്രിയപ്പെട്ട സ്വതന്ത്ര ബ്ളോഗര്‍മാരും സ്വാതന്ത്ര്യ സമരം നടത്തിവരുന്ന ബ്ളോഗര്‍മാരും അതിനു വിസിലടിച്ചു കൊടുക്കുന്ന ബ്ളോഗര്‍മാരും ഒന്നും മിണ്ടാതിരിക്കുന്ന ബ്ളോഗര്‍മാരും ഇതെല്ലാം കണ്ടു തലയില്‍ കൈവച്ചു വാവിട്ടു ചിരിക്കുന്ന മിടുക്കരായ ബ്ളോഗര്‍മാരും ഇതു വായിക്കണമെന്നപേക്ഷ.

ഈ കഥയില്‍ ഒരു തുള്ളി കള്ളില്ല, കള്ളവും.

എന്ന്,
സ്വതന്ത്ര ബ്ളോഗര്‍
സുനീഷ്.

Unknown said...

കള്ളില്ലാത്ത ഈ പോസ്റ്റ് വായിച്ച് ചിരിച്ച വിവരം പറയാതെ ഞാന്‍ ഈ പോസ്റ്റ് ബഹിഷ്കരിയ്ക്കുന്നു. കള്ളില്ലെങ്കില്‍ കള്ളിമുള്ളെങ്കിലും വേണ്ടേ?

Mr. K# said...

പോസ്റ്റ് നന്നായി. പരീക്ഷപ്പേടി അസുഖങ്ങളായി വരുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ട്, ഇപ്പൊ ഒരു അനുഭവസ്ഥനെക്കണ്ടു.

അന്‍പതാം പോസ്റ്റിന് അഭിനന്ദനങ്ങള്‍.

കൊച്ചുത്രേസ്യ said...

അമ്പതാം പോസ്റ്റെന്ന നാഴികകല്ല്‌ പിന്നിട്ടതിന്‌ ആയിരമായിരം ​അഭിനന്ദനങ്ങള്‍...ഇനിയും ഇതുപോലെ ഒരുപാടൊരുപാട്‌ അമ്പതാമത്തെ പോസ്റ്റുകളിടാന്‍ ഇടവരട്ടെ..

ഈ പോസ്റ്റിലെ സംഭവം ആത്മകഥയാ അല്ലേ.. എന്തായാലും കുറെ ചിരിച്ചു.
ജലദോഷം വന്നാല്‍ പോലും മാരകരോഗമാണെന്നു വിചാരിക്കുന്നത്‌ എന്റേം ഹോബിയാണ്‌. പിന്നെ പരീക്ഷേന്നു രക്ഷപെടാന്‍ ഇതിലും ചിലവു കുറഞ്ഞ മാര്‍ഗങ്ങളുണ്ട്‌. മുട്ട പുഴുങ്ങിയതിന്റെ മഞ്ഞക്കരു മാത്രമെടുത്ത്‌ വായിലിട്ട്‌ അല്പ്പം വെള്ളവും കൂടി വായില്ക്കൊണ്ട്‌ ഭയങ്കര ശബ്ദകോലാഹലത്തോടെ ചുമ്മാ തുപ്പിക്കളയുക. അപ്പഴെക്കും അമ്മ ഓടിവന്നോളും.പിന്നെ നമ്മളൊന്നും അറിയണ്ട.ഇത്‌ എന്റനിയന്‍ പലവട്ടം പരീക്ഷിച്ചു വിജയിച്ചിട്ടുള്ളതാണ്‌ .ഈ വിദ്യ പറഞ്ഞുകൊടുത്തതിന്റെ നന്ദീം കടപ്പാടും ഇപ്പഴും അവനെന്നോടുണ്ട്‌ ;-)

ഓടോ: ദില്‍ബാ മനുഷ്യരെ നന്നാവാന്‍ സമ്മതിക്കില്ല അല്ലേ :-))

ദിവാസ്വപ്നം said...

:-))

പണ്ട് ഏഴാം ക്ലാസിലെ സ്കോളര്‍ഷിപ്പ് പരീക്ഷയുടെ അന്ന് രാവിലെ എനിക്ക് തലകറക്കമുണ്ടായതും പുലിവാലായിട്ട്, അടുത്തു താമസിക്കുന്ന ഹെഡ്മാസ്റ്ററെ വരെ വിളിച്ചുകൊണ്ടുവന്നതും ഇത്തരുണത്തില്‍ ഓര്‍ത്തുപോകുന്നു :-)

btw; അപ്പനുമായുള്ള ഭാഗങ്ങള്‍ നന്നായിരുന്നു.

ആശംസകള്‍.

Anonymous said...

കള്ളം(കള്ളും) ഇല്ലാത്ത അന്‍പതാം പോസ്റ്റിനും, സുനീഷിനും ആശംസകള്‍.

മൂര്‍ത്തി said...

അന്‍പതിനാശംസകള്‍...നന്നായിട്ടുണ്ട്..

വിഷ്ണു പ്രസാദ് said...

സുനീഷ്,
അര്‍ദ്ധശതകാശംസകള്‍.... :)
അന്നേയുണ്ട് ഭാവന അല്യോ...അല്ല ഗ്യാസ്.

കുഞ്ഞന്‍ said...

അമ്പതു പോസ്റ്റിനു അന്‍പത് ആശംസകള്‍..

നല്ല ഭാവന തൃശ്ശൂരുകാരി ഭാവനയല്ലാട്ടൊ...സ്വപ്നം

Satheesh said...

രസിച്ച് വായിച്ചു!
കള്ളുണ്ടേലും ഇല്ലേലും സുനീഷിന്റെ പോസ്റ്റ് വായിക്കാന്‍ ഒരുപോലെ രസമാണ്‍!
അന്‍പതു പോസ്റ്റിന്‍ നൂറ് ആശംസകള്‍!

ഇടിവാള്‍ said...

ഈ മാത്തുക്കുട്ടിയുടെ ഒരു കാര്യമേ! ;)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

Congrants Sunish for ur 50th post.

Eniyum muueruka

സഹയാത്രികന്‍ said...

"ഞാന്‍ ഫൈവ് സ്റ്റാര്‍ രോഗിയാണ്. വല്യനിലയിലേ ചാകാന്‍ അനുവദിക്കൂ. ദൈവമേ...."

അന്‍പതാം പോസ്റ്റ് ആശംസകള്‍....

ബീരാന്‍ കുട്ടി said...

അച്ചായോ,
കലക്കിട്ടോ, ഇതെന്തുട്ട്‌ അത്മകഥയാഷ്ട, കള്ളില്ലാതെ എന്ത്‌ കഥ ന്റെ സുനിച്ചാ.
അന്‍പതിന്റെ പാര്‍ട്ടി, മ്മക്ക്‌ എത്‌ ഷാപ്പിന്നാ മിറ്റണെന്ന് പറയണം ട്ടാ.
ഗഡി, അന്‍പതിന്റെ ആശംസകള്‍. മാപ്രം ഷാപ്പില്‍ 2 കുപ്പി ഞാന്‍ എക്സ്റ്റ്ര ബുക്കീണ്ട്‌ ട്ടാ.

സൂര്യോദയം said...

"അരുവിത്തുറ വല്യച്ചാ...." :-)
സുനീഷേ..... ഉഗ്രന്‍.....കണ്ണെടുക്കാതെ വായിച്ച്‌ തീര്‍ത്തു. അപ്പനും മകനും തമ്മിലുള്ള സ്നേഹവും വരികളിലെ നര്‍മ്മവും എല്ലാം ചേര്‍ന്ന് നല്ല കിടിലന്‍ പോസ്റ്റ്‌... അപ്പന്റെയും മകന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ഭാവമാറ്റം വളരെ നന്നായി..

തറവാടി said...

ആശംസകള്‍ ,

തറവാടി , വല്യമ്മായി

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സംഭവമൊക്കെ ഓകെ അന്‍പതിനാശംസകളും എന്നാലും ഒന്നാം ക്ലാസിലെ പരീക്ഷയെ നീ ഡിഗ്രീ പരീക്ഷ എന്ന വേഷം കെട്ടിച്ചത് മോശായീ. ഷാപ്പ് മൊതലാളിയാവാന്‍ അഞ്ചാം ക്ലാസും ഗുസ്തീം പോരെ?

ഏ.ആര്‍. നജീം said...

ഭരണങ്ങാനവും അവിടുത്തെ ഷാപ്പും ബൂലോകത്ത് അങ്ങിനെ പോപ്പുലറായി വന്നതാ..ദാ ഇപ്പോ ഈ ഷാപ്പു മുതലാളിയും ഭരണങ്ങാനത്തിന്റെ രോമാഞ്ചമായി തീര്‍ന്നിരിക്കുന്നു..
:)

മനോജ് കുമാർ വട്ടക്കാട്ട് said...

സുനീഷേ,നിര്‍ത്തണം. വെള്ളവടി നിര്‍ത്തണംന്ന്.
(വെറുതെയല്ല ഇമ്മാതിരി ഭീകര സ്വപ്നങ്ങള്‍ കാണുന്നത്)

അര്‍ദ്ധശതകാശംസകള്‍ :)

Sethunath UN said...

സുനീഷ്,

"ഞാന്‍ വീണ്ടും കരയാന്‍ തുടങ്ങി.....

എന്നാത്തിനാടാ കരയുന്നത്???

ഞാന്‍ കരഞ്ഞോണ്ടു പറഞ്ഞു- ഏങ്ങലടിക്കാന്‍ പറ്റുന്നില്ല!"

"സാവിയോച്ചേട്ടന്‍റെ കടയുടെ തിണ്ണയില്‍ തൂണുരുട്ടി നില്‍ക്കുന്ന (ചതുരത്തിലുള്ള തൂണുകളായിരുന്നു. അതില്‍ പിടിച്ചുനിന്നു വായിനോക്കുന്നവരുടെ സേവനം വഴി കൈത്തഴമ്പു വീണ് തുണുകളെല്ലാം ഏതാണ്ട് ഉരുണ്ട ഷേപ്പിലായി) സുഹൃത്തുക്കള്‍. "
നല്ല നര്‍മ്മം!

അ ച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം, അപ്പന്റെ എപ്പോഴും പുറത്തുകാട്ടാത്ത ആ സ്നേഹം ന ന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.

സുധി അറയ്ക്കൽ said...

രസകരം.

Powered By Blogger