Saturday, September 08, 2007
ദൈവത്തിന്‍റെ കരിനാക്ക്
കുത്തുകല്ലേല്‍ ദൈവം!!!
ദൈവം എന്നത് അദ്ദേഹത്തിന്‍റെ ഇരട്ടപ്പേരായിരുന്നില്ല. വിളിപ്പേരുമായിരുന്നില്ല. സ്വന്തം പേര്. സ്കൂളിലെ പേര്. പള്ളിയിലെ പേര്.
സെക്കന്‍ഡ് ഷോ കഴിഞ്ഞ് പാലായില്‍നിന്നു ഭരണങ്ങാനത്തേക്കു നടക്കുകയായിരുന്ന ദൈവത്തിനു മുന്‍പില്‍ ഒരിക്കല്‍ പൊലീസ് ജീപ്പു വന്നു സഡന്‍ ബ്രേയക്കിട്ടു നിന്നു.
അകത്തുനിന്ന് എസ് ഐ ചോദിച്ചു- എങ്ങോട്ടാടാ?
വീട്ടിലോട്ടാ...
എവിടെപ്പോയതാ?
സിനിമ കാണാന്‍
എന്നതാ നിന്‍റെ പേര്?
ദൈവം
എന്തോന്ന്?!!
ദൈവം!!
ജീപ്പ് നിര്‍ത്തിയസ്ഥലം പന്തിയല്ലെന്നു കണ്ട് പൊലീസ് സംഘം കത്തിച്ചുവിട്ടെന്നു കഥ.
പൊലീസു മാത്രമല്ല ഞെട്ടിയിട്ടുള്ളത്. ദൈവവും ഞെട്ടിയിട്ടുണ്ട്.
പള്ളിയില്‍ കുര്‍ബാനയ്ക്കിടെ ഇരുന്നുറങ്ങുമ്പോള്‍ പ്രാര്‍ഥനകള്‍ക്കിടയിലെ ചില പരാമര്‍ശങ്ങള്‍ കേട്ട്, അച്ചന്‍ തന്നെ വിളിച്ചതാകാമെന്നു കരുതി കുത്തുകല്ലേല്‍ ദൈവം പലവട്ടം ഞെട്ടി ഉണര്‍ന്നിട്ടുണ്ട്.
മീനച്ചില്‍ താലൂക്കിലെ പെണ്‍കുട്ടികള്‍ വഴിയേ പോകുമ്പോള്‍ ഒരു പട്ടിയെ കണ്ടാല്‍ പോലും ചുമ്മാ ഒരു ജാഡയ്ക്ക് ഉടന്‍ ഉച്ചരിക്കാറുള്ള എന്‍റെ ദൈവേ.... എന്ന വള്ളുവനാടന്‍ വിളി കേട്ട് ചെറുപ്പത്തില്‍ ദൈവം കോരിത്തരിച്ചിട്ടുണ്ട്.
എന്‍റെ ദൈവമേ എന്‍റെ ആശ്രയമേ എന്ന് സകല വീടുകളുടെയും മുന്നില്‍ എഴുതി വച്ചിരിക്കുന്നതു കണ്ട് കുത്തുകല്ലേല്‍ ദൈവം ചേട്ടന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്.
പനി പിടിച്ച് ആശുപത്രിയില്‍ കിടക്കുമ്പോള്‍ പത്താം നമ്പര്‍ റൂമില്‍ ദൈവം എന്ന പേരുകണ്ട് രോഗികള്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെ ആശ്ചര്യപ്പെട്ടിട്ടുണ്ട്, മോഹാലസ്യപ്പെട്ടിട്ടുണ്ട്.
അതിനെല്ലാമപ്പുറം, മേരിഗിരി ഷാപ്പിന്‍റെ പറ്റുപുസ്തകത്തിലെ പതിനാലം പേജുകണ്ട് സാക്ഷാല്‍ ദൈവം തന്നെ ഞെട്ടിയിരിക്കുന്നു!
അതായിരുന്നു ദൈവം.
കുത്തുകല്ലേല്‍ അന്ത്രോസു ചേട്ടന്‍റെയും മേരിച്ചേട്ടത്തിയുടെയും മൂത്തമകനായിരുന്നു ദൈവം. മൂത്തമകന്‍ ആയതു കൊണ്ട് ദൈവത്തിനു ചേട്ടന്‍മാരോ ചേട്ടത്തിമാരോ ഇല്ലായിരുന്നു. ഇന്നു കുട്ടികള്‍ക്കു സച്ചിന്‍, സൗരവ്, സാനിയ എന്നൊക്കെ പേരിടുന്നതു പോലെ അന്ന് അവൈലൈബിള്‍ ആയിരുന്ന ഒരേയൊരു ദൈവം സാക്ഷാല്‍ ദൈവം തമ്പുരാന്‍ ആയിരുന്നതു കൊണ്ടാണ് അന്ത്രോസു ചേട്ടനും മേരിച്ചേട്ടത്തിയും മകനു ദൈവം എന്നു പേരിട്ടത്.
അങ്ങനെ ദൈവമുണ്ടായി. ദൈവത്തിനും മുന്‍പേ ഭൂമിയില്‍ അന്ത്രോസു ചേട്ടനും മേരിച്ചേട്ടത്തിയുമുണ്ടായി. ദൈവത്തിനു രണ്ടുമക്കള്‍. രണ്ടും പെണ്ണുങ്ങള്‍. ആണൊരുത്തന്‍ ഉണ്ടായിരുന്നേല്‍ ഭൂമിയില്‍ ഈശോമിശിഹായും രണ്ടാമതു പിറന്നേനെ. ഈശോ മാത്രമല്ല ഒരു പക്ഷേ, ഈശോയുടെ അനിയന്‍ ശെമയോന്‍, അവന്‍റെ അനിയന്‍ പത്രോസ് എന്നു തുടങ്ങി യൂദാസ് വരെ ഭരണങ്ങാനത്തുകൂടി പാഞ്ഞുനടന്നേനെ. അത്രയ്ക്കങ്ങു കളി വേണ്ടെന്നു സാക്ഷാല്‍ ദൈവം തീരുമാനിച്ചതു കൊണ്ട് ദൈവത്തിനു രണ്ടും പെണ്‍മക്കളായിപ്പോയി.
ഭരണങ്ങാനത്തേക്കു പോകാനായി രാവിലെ വീട്ടില്‍നിന്നിറങ്ങിയതായിരുന്നു ദൈവം. വഴിയരികിലെ ചാലയ്ക്കല്‍ ലൂക്കാച്ചന്‍ ചേട്ടന്‍ അതാ വീട്ടുമുറ്റത്ത്. ലൂക്കാച്ചനെ കണ്ടിട്ടു രണ്ടുമൂന്നാഴ്ചയായിരിക്കുന്നു. കുശലാന്വേഷണം നടത്താന്‍ ദൈവം വീട്ടിലേക്കു കയറി.
ദൈവം വരുന്നതു കണ്ടതേ ലൂക്കാച്ചന്‍ മുണ്ടിന്‍റെ മടക്കിക്കുത്തഴിച്ചു. യഥാര്‍ഥ ദൈവത്തെ ആരും നേരില്‍ കണ്ടിട്ടില്ലാത്തതിനാല്‍ പറയാന്‍ പറ്റുവേല. ഇനി ഇയാളു തന്നെയാണോ യഥാര്‍ഥ ദൈവം എന്നും ആര്‍ക്കറിയാം?!!
എന്നാ ഉണ്ടു ലൂക്കാച്ചാ വിശേഷം?
സുഖം.
എന്നാ രാവിലെ പരിപാടി?
ഓ.. ചുമ്മാ. പറമ്പിലോട്ട് ഇറങ്ങുവാരുന്നേ.
കപ്പയ്ക്കൊക്കെ നല്ല വിളവാണല്ലോ അല്ലേ?
അതേന്നേ....
കുശലാന്വേഷത്തിനു ശേഷം തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോഴാണു ദൈവം അതു കണ്ടത്. വീട്ടുമുറ്റത്തെ പ്ളാവു നിറയെ കായ്ച്ചു കിടക്കുന്ന ചക്കകള്‍. ഒരു ശിഖിരത്തില്‍ മാത്രം പത്തും പതിനഞ്ചും ചക്കകളുണ്ടാവും.
അതു കണ്ടപ്പോള്‍ ദൈവത്തിനു വീര്‍പ്പുമുട്ടി.
ഓ ലൂക്കാച്ചോ...ഇത്തവണ പഞ്ഞം വന്നാലും നിനക്കു കുഴപ്പമില്ലല്ലോടാ. ഒരു വര്‍ഷത്തേക്കു തിന്നാനുള്ള ചക്കയില്ലേടാ പ്ളാവില്‍?!!
അതു ശരിയാ ദൈവം ചേട്ടാ...
ഞെട്ടലോടെ ലൂക്കാച്ചന്‍ തലയാട്ടി.
അടുത്തനിമിഷം പ്ളാവും തലയാട്ടി. മേല്‍പ്പറഞ്ഞ ഒരാണ്ടത്തേക്കു തിന്നാനുള്ള ചക്കയുമായി പ്ളാവിന്‍റെ ആ ശിഖിരം നെലോളിച്ചോണ്ടു നിലംപതിച്ചു.
വേണമെങ്കില്‍ ചക്ക നിലത്തും കായ്ക്കും എന്നതായി ഗതി.
അതായിരുന്നു ദൈവം.
ദൈവത്തിന്‍റെ ഒരേയൊരു കുഴപ്പവും അതായിരുന്നു. കരിനാക്ക്. എത്ര കഷ്ടപ്പെട്ടു വടിച്ചിട്ടും കത്തികൊണ്ടു ചെരണ്ടിനോക്കിയിട്ടും ദൈവത്തിന്‍റെ നാക്കില്‍ കുടിയിരിക്കുന്ന ഈയൊരു കുഴപ്പം മാത്രം മാറിയില്ല.
നാട്ടുകാരുടെ മൊത്തം പേടി സ്വപ്നമായിരുന്നു ദൈവത്തിന്‍റെ നാക്ക്. ദൈവത്തിനു പോലും സ്വന്തം നാക്കിനെ പേടിയായിരുന്നു.
സാധാരണ കരിനാക്കുകാര്‍ക്കും ദൈവത്തിന്‍റെ നാക്കിനെ പേടിയായിരുന്നു. കാരണം, കരിനാക്കിന്‍റെ വിപരീതഫലമായിരുന്നു ദൈവത്തിന്‍റെ നാക്കുകൊണ്ടു പറഞ്ഞാല്‍ സംഭവിക്കുക. എന്തു പറഞ്ഞാലും നേരെ ഓപ്പസിറ്റ് എഫക്ട്. ദൈവം എഫ്ക്ട്!!
ഒരിക്കല്‍ നാട്ടിലെ അറിയപ്പെടുന്ന വൈദ്യനും കുപ്രസിദ്ധ കരിനാക്കാശാനുമായ ചെല്ലപ്പന്‍ ചേട്ടനെ ദൈവം ചേട്ടന്‍ എന്തോ ആവശ്യത്തിനു കാണാന്‍ പോയി. ഭരണങ്ങാനം പട്ടണത്തില്‍ റോഡരികില്‍ ഇരുവരും സംസാരിച്ചു നില്‍ക്കെ അവരുടെ കണ്‍മുന്‍പില്‍ക്കൂടി ബൈക്കുകളിലൊന്ന് ചീറിപ്പാഞ്ഞു പോയി. ഞെട്ടിത്തെറിച്ച ചെല്ലപ്പന്‍ ചേട്ടന്‍ വായില്‍ തെറിച്ചുവന്ന തെറിയൊതുക്കി ദേഷ്യം ഇങ്ങനെ റിലീസ് ചെയ്തു
എന്നാ ഒടുക്കത്തെ പോക്കാടാ കാലമാടാ....??
ചെല്ലപ്പന്‍ചേട്ടന്‍ പറഞ്ഞത് അച്ചട്ടായി. അടുത്ത സെക്കന്‍ഡില്‍ ബൈക്ക് പൊട്ടിച്ചുപോയവന്‍ അമ്പാറ വളവില്‍ ക്ളോസ്. തീര്‍ന്നില്ല, കാലമാടന്‍ എന്ന പരാമര്‍ശവും വിധി അന്വര്‍ഥമാക്കി. ഒരു പട്ടി വിലങ്ങന്‍ ചാടിയതിനെത്തുടര്‍ന്നായിരുന്നു ദുരന്തം. ആ ദുരന്തത്തില്‍ ഇടപെട്ട പട്ടിയും ക്ളോസ് ആയി. രണ്ടു മരണം.
ഇതു കണ്ടതും ചെല്ലപ്പന്‍ ചേട്ടനോടു സംസാരിച്ചുനിന്ന ദൈവത്തിന് പുള്ളിക്കാരനോടുള്ള ബഹുമാനം ഇരട്ടിച്ചു. വര്‍ധിച്ചു വന്ന ബഹുമാനത്തിന്‍റെ വീര്യത്തില്‍ ദൈവം ഇങ്ങനെ അരുള്‍ച്ചെയ്തു
ഓ ചെല്ലപ്പാ... എന്നാ കരിനാക്കാടോ തന്‍റേത്???
അടുത്ത നിമിഷം ചെല്ലപ്പന്‍ ചേട്ടന്‍ നാക്കുകടിച്ച് നടുറോഡില്‍ കുഴഞ്ഞുവീണു. സംഭവം നടന്നിട്ട് വര്‍ഷം നാലുകഴിയുന്നു. നാളിതുവരെ ചെല്ലപ്പന്‍ ചേട്ടനു സംസാരശേഷി തിരിച്ചുകിട്ടിയിട്ടില്ല.
ദൈവത്തിന്‍റേത് കരിനാക്കല്ല, മറ്റെന്തോ സംഭവമാണെന്നു ജനം പറഞ്ഞു തുടങ്ങി. ദൈവത്തിന്‍റെ മുന്നില്‍ ചെന്നു ചാടാതെ ഭയഭക്തി ബഹുമാനത്തോടെയായിരുന്നു നാട്ടുകാരുടെ നടപ്പ്. ദൈവത്തിനും തന്‍റെ നാക്കിനോടു ദേഷ്യം തോന്നിത്തുടങ്ങിയിരുന്നു. ഈ കരിനാക്കിനു പകരം വായില്‍ ഒരു കരിമൂര്‍ഖനായിരുന്നെങ്കിലും കുഴുപ്പമില്ലായിരുന്നു എന്നു വരെ ദൈവത്തിനു തോന്നി.
പക്ഷേ, എന്തു ചെയ്യാം, സംസാരിക്കണമെങ്കില്‍ ഇതില്ലാതെ പറ്റില്ലല്ലോ.
നാട്ടുകാര്‍ക്ക് അക്കിടി പറ്റാതിരിക്കാന്‍ ദൈവം സംസാരം കുറച്ചു. ചിരി മാത്രമാക്കി. വീട്ടില്‍ പക്ഷേ ദൈവത്തിന്‍റെ നാക്കിനു വിലയില്ലായിരുന്നു. മറ്റേതു പുരുഷന്‍മാരുടെയും പോലെ ദൈവവും സമാനനായിരുന്നു. അവിടെ ദൈവത്തിന്‍റെ ഭാര്യ ദീനാമ്മ ചേട്ടത്തിയുടെയും രണ്ടുമക്കളുടെയും നാക്കിനായിരുന്നു വില.
ഇടയ്ക്കിടെ, നീ പണ്ടാരമടങ്ങിപ്പോവുകയേ ഉള്ളെടീ പുല്ലേ എന്നു ദൈവം പ്രാകുന്നതുമൂലം ദീനാമ്മച്ചേട്ടത്തി അനുദിനം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്നു.
നിന്‍റെ അപ്പന്‍ മഹാ ചെറ്റയാണെന്ന് എനിക്കറിയാമെടീ എന്ന് ദൈവം കലികേറി പറഞ്ഞതിനു പിറ്റേന്നാണ് ദീനാമ്മച്ചേട്ടത്തിയുടെ അപ്പന്‍, അതായതു ദൈവത്തിന്‍റെ അമ്മായിപ്പന്‍ ഔസേപ്പുചേട്ടന്‍ കള്ളുകുടി നിര്‍ത്തി ഡീസന്‍റായത്!!
കാര്യങ്ങളിങ്ങനെ തന്നെത്തന്നെ തിരിഞ്ഞുകൊത്തുന്നതു മൂലം സാക്ഷാല്‍ ദൈവം തമ്പുരാനു പോലും ഈ അവസ്ഥ വരുത്തരുതേയെന്ന് ദൈവം ചേട്ടന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
സാക്ഷാല്‍ ദൈവം തമ്പുരാന്‍ അറിഞ്ഞും ദൈവം ചേട്ടന്‍ അറിയാതെയും അപ്പോള്‍ ഒരു സംഗതി നടക്കുന്നുണ്ടായിരുന്നു.
ദൈവം ചേട്ടന്‍റെ മൂത്തമകള്‍ നാന്‍സിയും ദൈവംചേട്ടന്‍റെ പുറംപോക്കിലെ താമസക്കാരനായ കുഞ്ഞൂഞ്ഞിന്‍റെ ഇളയമകന്‍ ഡില്‍ക്കുഷും തമ്മിലുള്ള പ്രണയം!
ദൈവം ചേട്ടന്‍റെ മകളായ നാന്‍സിക്കു ഡില്‍ക്കുഷിനോടു സ്വര്‍ഗീയമായ പ്രണയം. ഡിഗ്രി കഴിഞ്ഞു തയ്യലു പഠിക്കാന്‍ പോയാല്‍ മതിയെന്നു വീട്ടില്‍നിന്നു ദൈവം ചേട്ടന്‍ പത്തുവട്ടം പറഞ്ഞിട്ടും അതുകേള്‍ക്കാതെ ടൈപ്പിങ് പഠിക്കാന്‍ പോയതായിരുന്നു നാന്‍സിയുടെ പ്രണയജീവിതത്തിലെ വഴിത്തിരിവ്.
ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്യൂട്ടറായിരുന്നു ഡില്‍ക്കുഷ്.
എഎസ്ഡിഎഫ്ജിഫ് സ്പേസ് സെമിക്കോളന്‍ എല്‍കെജെഎച്ച് ജെ എന്നടിച്ചു പഠിക്കാന്‍ തുടങ്ങിയ നാന്‍സിയെ ഡില്‍ക്കുഷ് അടുത്ത സ്റ്റെപ്പില്‍ അടിക്കാന്‍ പഠിപ്പിച്ചത് ലവ്, ഐ ലവ് യു തുടങ്ങിയ നെടുനീളന്‍ പദങ്ങളായിരുന്നുവെന്നു ദൈവം അറിഞ്ഞില്ല.
അതിവേഗം ടൈപ്പില്‍ ലോവറും ഹയറും പിന്നെ ഹൈയസ്റ്റുംപാസായിട്ടേ താനടങ്ങൂ എന്ന വാശിയില്‍ നാന്‍സിയാവട്ടെ ഐ ലവ് യു എന്ന് ടൈപ്പ് ചെയ്തും ചെയ്യാതെയും ഡില്‍ക്കുഷിനോട് ആവര്‍ത്തിച്ചുകൊണ്ടുമിരുന്നു.
സാക്ഷാല്‍ ദൈവം തമ്പുരാന്‍ ഇതൊക്കെ മുകളിലിരുന്നു കാണുന്നുണ്ടെന്നു നാന്‍സിക്കറിയാമായിരുന്നു. പക്ഷേ, തന്‍റെ അപ്പനായ ദൈവം ഇതറിയരുതേ എന്നായിരുന്നു നാന്‍സിക്കു ദൈവംതമ്പുരാനോടുള്ള പ്രാര്‍ഥന.
ദൈവത്തിനും പരിമിതികളുണ്ടല്ലോ. അങ്ങനെ, ഒരു സുപ്രഭാതത്തില്‍ മകള്‍ ടൈപ്പ് ചെയ്ത മനോഹരമായ പ്രണയലേഖനം ദൈവം ചേട്ടന്‍ കണ്ടെത്തി.
അതിലെ മംഗ്ളീഷ് വരികള്‍ വായിച്ചെടുത്ത ദൈവംചേട്ടന് ചങ്കുവിലങ്ങി. ദൈവത്തിനു ഹാര്‍ട്ട് അറ്റാക്ക്!!!
ആശുപത്രിക്കിടക്കിയില്‍ കിടന്ന് ദൈവം മൂത്തമകളോടു കടുപ്പിച്ചു പറഞ്ഞു.
അവനെ പ്രേമിച്ചാല്‍ നീ കൊണംവരത്തില്ലെടീ....
പിറ്റേന്ന്, നാന്‍സിയും ഡില്‍ക്കുഷും ഒളിച്ചോടി.
അതറിഞ്ഞു ദൈവത്തിനു വീണ്ടും അറ്റാക്കുണ്ടായി.
പത്തുപൈസയ്ക്കു ഗതിയില്ലാത്ത ആ നെറികെട്ടവന്‍ എന്‍റെ മകളെ പഞ്ഞമിട്ടു കൊല്ലത്തേയുള്ളൂ. അവനും അവളും മുടിഞ്ഞുപോകത്തേയുള്ളൂ...!!!
പിറ്റേന്ന് ഡില്‍ക്കുഷിനു ലോട്ടറിയടിച്ചു. അമ്പതുലക്ഷം.
നാന്‍സിയുടെയും ഡില്‍ക്കുഷിന്‍റെയും ജീവിതം പച്ചപിടിച്ചു. ആശുപത്രി വിട്ട ദൈവത്തിനു സന്തോഷമായി. മകള്‍ക്കു നല്ലൊരു ജീവിതമായിരിക്കുന്നു. കഴിഞ്ഞതെല്ലാം മറന്ന്, മകളെ കാണാന്‍ ദൈവം ഒരു ദിവസം അവരുടെ പുതിയ വീട്ടിലെത്തി.
വീട്ടുവരാന്തയില്‍ പത്രം വായിച്ചിരുന്ന ഡില്‍ക്കുഷും നാന്‍സിയും ദൈവത്തെ കണ്ട് ഞെട്ടി.
ഞെട്ടേണ്ടെടാ മരുമോനെ. ഞാന്‍ നിങ്ങളെ കാണാനും ആശീര്‍വദിക്കാനും വന്നതാ....
അതുകേട്ടതും ഡില്‍ക്കുഷും നാന്‍സിയും ദൈവത്തിന്‍റെ കാലില്‍ വീണു.
അപ്പന്‍ ഞങ്ങളോടു ക്ഷമിക്കണം. ദയവായി അനുഗ്രഹിക്കരുത്. വേണേല്‍ ഒന്നുകൂടി പ്രാകിക്കോ... ഒരു അമ്പതേക്കറിനു കൂടി വില പറഞ്ഞുവച്ചിട്ടുണ്ട്.
അതുകേട്ടു ദൈവം ഞെട്ടി. പിന്നെ തിരിഞ്ഞു നടന്നു. നടക്കുംവഴി ദൈവമോര്‍ത്തു. മക്കളു പറഞ്ഞതാണു ശരി. താന്‍ അവരെ പ്രാകിയാല്‍ അവര്‍ക്കു നല്ലതേ വരൂ. അനുഗ്രഹിച്ചാല്‍ ചിലപ്പോള്‍ മുടിഞ്ഞുപോകാനും അതുമതി.
ദൈവത്തിന്‍റെ വിശാലമനസ്സ് മകളോടും മരുമകനോടും ക്ഷമിച്ചു.
കടിച്ചു പിടിച്ചിട്ടും നില്‍ക്കാത്ത മനസ്സ് ദൈവത്തിന്‍റെ പിടിവിട്ടു. പോന്ന പോക്കിന് അകമഴിഞ്ഞ സന്തോഷത്തോടെ ദൈവം വീട്ടുമുറ്റത്തു തന്നെ നോക്കിനില്‍ക്കുന്ന മകളോടും മരുമകനോടുമായി ഇങ്ങനെ വിളിച്ചു പറഞ്ഞു.
നന്നായി വരുമെന്‍റെ മക്കളേ... നിങ്ങളു നന്നായി വരും!!!!!
Subscribe to:
Post Comments (Atom)
60 comments:
കുത്തുകല്ലേല്‍ ദൈവം!!
ദൈവം എന്നത് അദ്ദേഹത്തിന്‍റെ ഇരട്ടപ്പേരായിരുന്നില്ല. വിളിപ്പേരുമായിരുന്നില്ല. സ്വന്തം പേര്. സ്കൂളിലെ പേര്. പള്ളിയിലെ പേര്.
വായിക്കുക!
:)
Its good
good wishes
ബഷീറിന്റെ(വൈക്കം)യൊക്കെ കഥ വായിക്കുന്ന ഒരു സുഖം.ഈ കഥ നന്നായി സുനീഷ്.
ഡില്‍ക്കുഷോ?? വല്ല ഡിങ്കോള്‍ഫിയെന്നോ മറ്റോ ഇട്ടാപ്പോരാരുന്നോ. കള്ളുമണം ലവലേശമില്ല. പെണ്ണുമണം അല്‍പ്പസ്വല്‌പ്പം ഉണ്ട്...നന്നായി വാ മോനെ, എനിക്ക് തൃപ്‌തിയായി...പിന്നെ സത്യം പറഞ്ഞാല്‍ അസൂയ ഒണ്ട്...ഈ പെണ്‍കുട്ടികളൊക്കെ, സുനീഷിനെ പോലെ നടക്കുക, സുനീഷിനെപ്പോലെ ഇരിക്കുക എന്നൊക്കെ പറയുമ്പൊ....എനിക്കസൂയ ഒന്നുമില്ല കേട്ടോ. മറ്റുള്ളോര്‍ക്ക് അസൂയ തോന്നുമ്പം എനിക്ക് അസൂയ ഒണ്ടാകും....ഒരു ദിവസം ചങ്ങനാശ്ശേരീലോട്ട് വരാത്തതെന്ത്? ...
അങ്ങനെ അവരുടെ കാര്യവും കട്ടപ്പൊഹ...
സുനീഷിന്റെ കഥകള്‍ വായിച്ചു തുടങ്ങുന്ന ദിവസങ്ങളൊന്നും മോശമാവാറില്ല.
നന്നായി എഴുതിയിരിക്കുന്നു..
അവസാനത്തെ ഒരു വാചകമാണ് സുനീഷേ, ഈ കഥയുടെ ജീവാത്മാവും പരമാത്മാവും
ഹോ! ആ ക്ലൈമാക്സ് ഇല്ലാരുന്നെങ്കില്‍???
പിന്നെ ക്വോട്ടാനാണെങ്കിലും മൊത്തം അതിനേയുള്ളൂ ക്വേട്ടോ
ഫണ്‍ ടാസ്റ്റിക്!!!
ഇതൊക്കെ എങ്ങിനെ തോന്നിക്കുന്നു!!!
ശരിക്കും ഇങ്ങിനെയൊരാളുണ്ടായിരുന്നോ? അതോ സ്വന്തം (കു)ബുദ്ധിയില്‍ വിരിഞ്ഞതോ?[:P] ഭാവനയാണെങ്കി, സമ്മതിച്ചിരിക്കുന്നു കേട്ടോ!
നന്നായിരിക്കുന്നു. :)
--
സുനീഷേ,
മീനച്ചില്‍ താലൂക്കിലെ പെണ്‍കുട്ടികള്‍ വഴിയേ പോകുമ്പോള്‍ ഒരു പട്ടിയെ കണ്ടാല്‍ പോലും ചുമ്മാ ഒരു ജാഡയ്ക്ക് ഉടന്‍ ഉച്ചരിക്കാറുള്ള എന്‍റെ ദൈവേ.... എന്ന വള്ളുവനാടന്‍ വിളിയോ.......
എന്റെ ദൈവമേ..
സുനീഷിന്റെ നല്ലകഥകളില്‍ ഒന്നാണിത്.
അഭിനന്ദനങ്ങള്‍.
അവസാനത്തെ ആ പരിണാമ ഗുസ്തി തകര്‍പ്പന്‍!
ദൈവം വരുന്നതു കണ്ടതേ ലൂക്കാച്ചന്‍ മുണ്ടിന്‍റെ മടക്കിക്കുത്തഴിച്ചു. യഥാര്‍ഥ ദൈവത്തെ ആരും നേരില്‍ കണ്ടിട്ടില്ലാത്തതിനാല്‍ പറയാന്‍ പറ്റുവേല. ഇനി ഇയാളു തന്നെയാണോ യഥാര്‍ഥ ദൈവം എന്നും ആര്‍ക്കറിയാം?!!
hahaha super macha
കഥയും അവതരണവും നന്നായി
"പ്രാര്‍ഥനകള്‍ക്കിടയിലെ ചില പരാമര്‍ശങ്ങള്‍ കേട്ട്, അച്ചന്‍ തന്നെ വിളിച്ചതാകാമെന്നു കരുതി കുത്തുകല്ലേല്‍ ദൈവം പലവട്ടം ഞെട്ടി ഉണര്‍ന്നിട്ടുണ്ട്."
ഹ...ഹ....ഹ..... മക്കളേ...ഷ്ടായി.....ഷ്ടായി...ശ്ശി ഷ്ടായി.....
നന്നായി
:) എന്റമ്മോ..! എനിക്കു വയ്യായേ...
സുനീഷേ, നീ നന്നായി വരും :)
:-)
ഇതു കലക്കി :-)
:)
ഹരീ അങ്ങനെയൊരാളില്ല.
ഹാരോള്‍ഡ് ചേട്ടാ,
ചേട്ടനെവിടെയാ? ഇങ്ങു പാലായിലോട്ടൊക്കെ ഇടയ്ക്കു വാ...
എം.ടിയുടെ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ഭാഷ മാത്രം വാ പൊളിച്ചാല്‍ പറയുന്ന എത്ര പേരെ കാണണം?
അവര്‍ക്കിട്ടും പോന്ന പോക്കിനു ചുമ്മാ ഒരു താങ്ങിരിക്കട്ടെയെന്നു വച്ചു.
ചിരിച്ച് ഒരു വഴിക്കായി. ഈ ദൈവം യഥാര്‍ത്ഥത്തില്‍ ഒള്ളതാണോ അതോ ഭാവനയോ..എന്തായാലും സംഗതി മൊത്തം കലക്കി.
ഓടോ: രണ്ടാഴ്ച മുന്‍പത്തെ ‘മലയാളം’ വാരികയില്‍ പ്രശസ്ത ഡോക്റ്റര്‍ രാജശേഖരന്‍ എഴുതിയ ഒരു അപൂര്വ അനുഭവം ഉണ്ടായിരുന്നു. സംഭവത്തിന്റെ ചുരുക്കം ഇതാണ്‍. ഇടക്കിടക്ക് അപസ്മാരം വരുന്നതായിരുന്നു ആ രണ്ട് കുട്ടികളുടെ അസുഖം. പല ചികിത്സ ചെയ്തിട്ടും ഒരു ഫലവുമില്ലാതെ വന്നപ്പോളാണ്‍ ഡോ. രാജശേഖരന്റെ അടുത്തെത്തുന്നത്. സ്കാന്‍ ചെയ്യുന്നതിനിടയില്‍ സ്കാനര്‍ കേടായി. അപ്പോള്‍ കുട്ടികളുടെ അമ്മ ഡോക്റ്ററോട് പറഞ്ഞു- “സാര്‍. ഇവരുടെ പ്രധാന പ്രശ്നം എന്താന്നുവെച്ചാല്‍ ഇവര്‍ നോക്കിയാല്‍ ഏത് ഇലക്ട്രോണിക്സ് സാധനവും അപ്പോള്‍ കേടാവും.”. ഒന്നു ഞെട്ടിയ ഡോക്ടര്‍ രണ്ടു മൂന്ന് ടെസ്റ്റ് നടത്തുന്നു. ആദ്യം ഒരു വാച്ചില്‍ നോക്കിയപ്പോള്‍ ആ നിമിഷം അത് നിന്നു! പിന്നെ മൂത്ത കുട്ടി ട്യൂബ് ലൈറ്റിലോട്ടൊന്ന് നോക്കിയപ്പോള്‍ അതിന്റെ ചോക്ക് ആ നിമിഷം കത്തി! ഇന്നും വിശദീകരിക്കാനാകാത്ത ഒരു പ്രതിഭാസമായിട്ട് ഡോക്ടര്‍ അത് വിവരിക്കുന്നുണ്ട്!
അല്ലാ.. ദൈവത്തിന് അപസ്മാരം ഉണ്ടാവാറുണ്ടോ?
അജേഷേ,
നിന്നെപ്പോലത്തെ പുലികള്‍ വിലസുന്ന ചങ്ങാനേശിയെക്കാള്‍ നമ്മക്കു പാലായാണു പഥ്യം. ചങ്ങനാശേരിയില്‍ ഭയങ്കര തിരക്കാ. വിലക്കൂടുതലും. പാലായിലാണേല്‍ അലമ്പുമില്ല. ബഹളവുമില്ല.
എതിരന്‍ അച്ചായോ,
താങ്ക്സ്. ചേട്ടന്‍ നന്നായി എന്നു പറഞ്ഞാല്‍ അതെനിക്കൊരു റിവാര്‍ഡ്, അവാര്‍ഡ് തുടങ്ങിയവയൊക്കെയാണ്.
അമ്പാറ ഷാപ്പു തന്നെ വാങ്ങിത്തരുമെന്ന പഴയ വാഗ്ദാനം ഒന്നുകൂടി ആവര്‍ത്തിക്കുന്നു. ഒപ്പം, മാട്ടേല്‍ ഷാപ്പുകൂടി വാങ്ങിത്തരുന്നതാണ്!!
വിഷ്ണുമാഷേ...
ചുമ്മാ പേടിപ്പിക്കാതെ....
വായിക്കാന്‍ സമയം കണ്ടെത്തിയതിനു നന്ദി കെട്ടോ...
പടിപ്പുരേ...
ആ നാക്കൊന്നു നീട്ടിക്കേ......
സതീഷു ചേട്ടാ,
താങ്ക്സ്. ഒരു ത്രെഡ് ആയി.
:)
എഎസ്ഡിഎഫ്ജിഫ് സ്പേസ് സെമിക്കോളന്‍ എല്‍കെജെഎച്ച് ജെ എന്നടിച്ചു പഠിക്കാന്‍ തുടങ്ങിയ നാന്‍സിയെ ഡില്‍ക്കുഷ് അടുത്ത സ്റ്റെപ്പില്‍ അടിക്കാന്‍ പഠിപ്പിച്ചത് ലവ്, ഐ ലവ് യു തുടങ്ങിയ നെടുനീളന്‍ പദങ്ങളായിരുന്നുവെന്നു ദൈവം അറിഞ്ഞില്ല.!!!!!!!!!!!!!
കസറി!
ആരാടോ തനിക്ക് ബ്ലോഗില്‍ ആളെക്കൊല്ലാന്‍ ക്വട്ടേഷന്‍ തന്നത്? ചിരിപ്പിച്ചു കൊല്ലാമെന്ന് ഏറ്റിട്ടൊണ്ടോ?
:)
നന്നായിട്ടുണ്ട്!
Suneesh,
One of the best post from U.!
Excellent, Keep it up.
സുനിഷെ,
നീ നന്നായി വരും.
(എനിക്ക് കരിനാക്കില്ല)
എയര്‍പോര്‍ട്ടിനടുത്ത്, മമ്മദിശ എന്ന ഒരാളുണ്ട്, സംഗതി ഇതിന്റെ 100 മടങ്ങ് ഫലം കിട്ടും, ഒഴിവ്‌കിട്ടുന്ന സമയത്ത് അവിടെ പോവുക. ഞാനോക്കെ അയാളുടെ കടയുടെ മുന്നിലൂടെ പോകുന്ന സമയത്ത്, ദൂരെന്ന് തനെ വിളിച്ച് ചോദിക്കും, മമ്മയ്സ്സാക്കെ എന്താന്ന് പേപ്പര്‍ല്‌ന്ന്. ഈ കടയുടെ മുന്നില്‍ ഇപ്പയും സ്ഥിരം അപകട മേഖലയായി KYC പ്രഖ്യപിച്ചിരിക്കുവാ.
എല്ലാ പോസ്റ്റിലും വന്ന് കൊള്ളാം കൊള്ളാംന്നു കമന്റിടുന്നില്ല. ഇനി മുതല്‍ കൊള്ളൂലെങ്കില്‍ മാത്രം വന്ന് അതു പറഞ്ഞ് കമന്റിട്ടു പൊക്കോളാം. അതാ എളുപ്പമ്ന്നു തോന്നുന്നു.
പതിവുപോലെ ഇതും ഉഗ്രന്‍.ദൈവത്തിനേം വെറുതെ വിടൂല്ല അല്ലേ...
ഹഹ അലക്കി പൊളിച്ചു,, മച്ചാ നല്ല നര്‍മ്മം..
ഇങ്ങനെയുള്ള ആളുകളുണ്ടെങ്കില്‍, എങ്ങിനേങ്കിലും എന്നൊയൊന്നു പ്രാകിക്കണം! അല്ലാതെ രക്ഷപ്പെടുമെന്നു തോന്നുന്നില്ല :(
ചാത്തനേറ്:“ദൈവത്തിനും മുന്‍പേ ഭൂമിയില്‍ അന്ത്രോസു ചേട്ടനും മേരിച്ചേട്ടത്തിയുമുണ്ടായി“ അതു കൊള്ളാം പിന്നെ കരിനാക്കന്മാര്‍ തമ്മിലുള്ള ക്ലാഷ് അത് കലക്കി.
ഓടോ: നിന്റെ പോസ്റ്റിനൊക്കെ ഒടുക്കത്തെ നീളമാ.(ചാത്തനു കരിനാക്കുണ്ടോന്ന് ടെസ്റ്റ് ചെയ്തതാ)
വളരെയധികം ചിരിച്ചു...
പാവം ദൈവം.
:)
ഉപാസന
ഈ ബ്ലോഗില്‍ ഇന്നേ വരെ വന്നവയില്‍ എനിക്ക് ഏറ്റവും ഇഷ്ടമായ കഥകളില്‍ ഒന്ന്.
കൊള്ളാം...
പറഞ്ഞുകഴിഞ്ഞപ്പോള്‍ ഒരു സംശയം. കരിനാക്കുപോലെ കരിടൈപ്പിങ്ങ് ഉണ്ടൊ? കരികീമാന്‍..
ഇനി കമന്റിടുന്നതിനുമുന്‍പ് രണ്ടുവട്ടം ആലോചിക്കനം..:)
ഹെന്റെ ദൈവമെ!
മേരിഗിരി ഷാപ്പിന്‍റെ പറ്റുപുസ്തകത്തിലെ പതിനാലം പേജുകണ്ട് സാക്ഷാല്‍ ദൈവം തന്നെ ഞെട്ടിയിരിക്കുന്നു!
:)
ഹാ..ഠിഭൊളി പോസ്റ്റ്!
ദൈവത്തിന്റെ കഥ കലക്കി.. പ്രത്യേകിച്ചും പ്രാര്‍ത്ഥനക്കിടയിലെ ഞെട്ടലുകള്‍ ഒത്തിരി ചിരിപ്പിച്ചു..
:)
ഈ ദൈവത്തിന്റെ ഒരു കാര്യം.
ബ്ലോഗും നല്ല രസമുണ്ട്.
(ദൈവത്തിന്റെ രീതിയില്‍ അല്ല)
ഹെ ഹെ
എല്ലാ പോസ്റ്റും വായിക്കാറുണ്ട്. ഇതു ശരിക്കു രസിച്ചു :)
qw_er_ty
അച്ചായോ..ഇത്തിരി വൈകിയാണ് വായിക്കാന്‍ പറ്റിയത്..പതിവു പോലേ എല്ലാം കിടിലന്‍സ്.
സുനീഷേ... :-))
“അതിനെല്ലാമപ്പുറം, മേരിഗിരി ഷാപ്പിന്‍റെ പറ്റുപുസ്തകത്തിലെ പതിനാലം പേജുകണ്ട് സാക്ഷാല്‍ ദൈവം തന്നെ ഞെട്ടിയിരിക്കുന്നു!“
സുനീഷേട്ടാ...
ഇതു കിടിലന്‍!
:)
എന്റെ ദൈവമേ!!!
ഇത് പണ്ട് ഒരാള്‍ക്ക് “ദയവായി” എന്ന് പേരിട്ട പോലെ ആയല്ലോ സുനീഷേ.
എല്ലാര്‍ക്കും റോഡില്‍ തുപ്പാം, പക്ഷേ ദയവായി തുപ്പുമ്പോള്‍ ഒരു ബോറ്ഡ് കാണാം “ദയവായി ഇവിടെ തുപ്പരുത്”. എല്ലാരും മതിലേല്‍ ചേര്‍ന്ന് മൂത്രം ഒഴിക്കും, ദയവായി ഒഴിക്കാന്‍ തുടങ്ങുമ്പോള്‍ പിന്നെയും വാര്‍ണിംഗ് “ദയവായി ഇവിടെ മൂതം ഒഴിക്കരുത്”. ആളില്ലാത്ത സിനിമാ തിയേറ്ററില്‍ എല്ലാരും സീറ്റില്‍ കാല്‍ കയറ്റി വെച്ച് പടം കാണുമ്പൊളും “ദയവായി സീറ്റില്‍ ചവിട്ടരുത്” എന്ന് സ്ലൈഡ് ഇട്ടതിനാല്‍ “ദയവായി“ ഡീസെന്റാകും.
പാവം ദയവായി, അതേ പോലെ പാവം “ദൈവം“. അല്ലേ?
ഈ കരിനാക്ക് നിനക്കില്ലേ സത്യം പറ? ഇനി ഭരണങ്ങാനത്തില്‍ ചാഞ്ഞുംചെരിഞ്ഞും ഉള്ള പടങ്ങളുടെ കൂട്ടത്തില്‍ നാക്ക് നീട്ടി ഒരെണ്ണം ഇട്. (ഫോട്ടോ ഷോപ്പില്‍ കയറ്റി സ്മജ്,ഫില്‍ട്ടര്‍ ഒക്കെ ഇട്ട് കറുത്ത പുള്ളി നീക്കാതെ.)
എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍...
ഞാനിവിടെ നേരത്തെ തന്നെ ഒരു കമന്റ് ഇട്ടിരുന്നല്ലോ!!!! ( 2 ദിവസം മുന്‍പ് വായിച്ചപ്പോള്‍)
ദൈവമേ.. അതെവിടെ പോയി???
ചിരിച്ച് പണ്ടാരമടങ്ങി കേട്ടാ സുനീഷേ!
സുനീഷേ, സംഗതി കലക്കി. ഡിങ്കാ, 'ദയവായി' കഥ എനിക്കും ഓര്‍മ്മ വരുന്നു.
പിന്നെയുള്ളത് നാട്ടില്‍ നടന്ന ഒരു സംഭവമാണ്. സംഗതി അല്‍പ്പം ജാതി, മഹാഗണി വിഷയമാണ്. ജാതി വ്യവസ്ഥയില്‍ താഴെയാണെന്നു തോന്നിയ ഒരച്ഛനുമമ്മയും കൂടി മകന് നമ്പൂതിരി എന്നു പേരിട്ടു. ജന്മം കൊണ്ടു നമ്പൂരി അല്ലെങ്കിലും, ഇനി മുതല്‍ നാട്ടുകാരും വീട്ടുകാരും മോനെ നമ്പൂരി എന്നു വിളിക്കുമല്ലൊ!
കഥ ക്ഷ പിടിച്ചു. അഭിനന്ദനങ്ങള്‍.
സാക്ഷാല്‍ ദൈവം ബ്ളോഗ് വായിക്കില്ലെന്ന വിശ്വാസത്തോടെയാണു പോസ്റ്റിയത്. വായിച്ച എല്ലാ ആള്‍ദൈവങ്ങള്‍ക്കും നന്ദി.
:)
entammo..:-)
സുനീഷേ.....നീ അമ്പതടിച്ചാ....
അമ്പത് പോസ്റ്റിട്ടോന്നാ..തെറ്റിദ്ധരിക്കല്ലേ....
വല്ലപ്പോഴുമാ മാഷേ കേറി വരുന്നത്....എന്നാലും തിരഞ്ഞ് പിടിച്ച് വായിച്ചു....
ആ ഭൂമികുലുക്കം എന്നിക്കങ്ങട് ബോധിച്ചു എന്നറിയിക്കട്ടെ....
ഇനിയൊറിയിപ്പുണ്ടാകുന്നതുവരെ ഭൂമിയില്ലാ എന്ന കീറിനു നൂറില്‍ നൂറ്റമ്പത് മാര്‍ക്ക്.....
ഇങ്ങട് പോരട്ടെ ഇനിയും....
വായിക്കാന്‍ വൈകി. വായിച്ചപ്പോള്‍ വളരെ സന്തോഷമായി. കാരണം വായിച്ചിരുന്ന സമയം മുഴുവന്‍ മുഖം പ്രസന്നമായിരുന്നു. അതില്‍ പരം മറ്റെന്താണു വേണ്ടത്... കീര്‍ത്തിമാന്‍ ഭവ:
ഒരു കാര്യം കൂടി എഴുതാന്‍ വിട്ടു. കരിനാക്കിനെ കുറിച്ച് വായിച്ചപ്പോള്‍ എനിക്കും ഒരു കരിനാക്കനെ കുറിച്ച് എഴുതാന്‍ പ്രചോദനം കിട്ടി. ഒരു പോസ്റ്റിനുള്ള വകുപ്പ് നല്‍കിയതിന് പ്രത്യേകം നന്ദി.
സുനീഷേ രസിച്ചു! :-)
ദൈവത്തിനേക്കാള്‍ എനിക്കെറിച്ചത് ഡില്‍ക്കുഷാ..:-)
haha kalakkan
സുനീഷേ,
:) വളരെ നന്നായിരിക്കുന്നു :)
എന്തുപറ്റി സുനീഷേ, പുതിയ പോസ്റ്റൊന്നും കാണുന്നില്ലല്ലോ?
pinne enthu sambhavichu???????
very good
കൊള്ളാം കൊള്ളാം.
Post a Comment