Sunday, September 30, 2007

ബേബിക്കുട്ടി, ഡോളിക്കുട്ടി (ജോമിക്കുട്ടനും)


ജോമിക്കുട്ടന്‍. വയസ് 24.

ഹോമിയോക്കുപ്പി എന്നു നാട്ടുകാര്‍(വീട്ടുകാരൊഴികെ) സ്നേഹത്തോടെ വിളിക്കും. ചെറിയ ഹോമിയോക്കുപ്പിയുടെ അടപ്പ് ഊരിമാറ്റിയ ശേഷം അതിന്റെ വക്കിലേക്കു ചുണ്ടടുപ്പിച്ചു വച്ചൂതിയാല്‍ കേള്‍ക്കുന്ന അതേ ശബ്ദമായിരുന്നു ജോമിക്കുട്ടന്‍റെ സംസാരഭാഷ.

സാക്ഷാല്‍ സ്ത്രീശബ്ദം. മണികിലുങ്ങും പോലത്തെ കിളിനാദം.

സ്വന്തം ശബ്ദത്തോടു ജോമിക്കുട്ടനു ഭയങ്കര വിരോധമായിരുന്നു. പക്ഷേ, ഹോമിയോക്കുപ്പി എന്നു രഹസ്യമായും ജോമിക്കുട്ടാ എന്നു പരസ്യമായും സ്നേഹത്തോടെ വിളിക്കുന്ന കൂട്ടുകാര‍്ക്ക് അവനെക്കാളുപരി അവന്‍റെ ശബ്ദത്തെയായിരുന്നു ഇഷ്ടം.

സ്വന്തമായി പണിയൊന്നുമില്ലാത്ത ജോമിക്കുട്ടനു സ്വന്തമായി രണ്ടുമൂന്നും പ്രണയമുള്ള ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. ഈ പ്രണയിനികളുമായി ഫോണില്‍ സംസാരിക്കാന്‍ അവകാശവും അധികാരവുമുള്ള ഞങ്ങളുടെ നാട്ടിലെ ഒരേയൊരാള്‍ ജോമിക്കുട്ടനായിരുന്നു.

ജോമിക്കുട്ടന്റെ അയല്‍പക്കത്തെ വീട്ടിലെ ബേബിക്കുട്ടിയും കുറച്ചകലെയുള്ള എന്നാല്‍, ഭരണങ്ങാനം ഇടവകയിലെ തന്നെ സുന്ദരിയും സുശീലയുമായ ഡോളിയുമായി പ്രണയം.

വേദപാഠം പഠിക്കുന്ന കാലത്ത് ദൈവം എന്ന് ആയിരം തവണ ഒരുമിച്ചിരുന്ന് എംപോസിഷന്‍ എഴുതിയ കാലത്തു തുടങ്ങിയതാണ്. ദൈവത്തിന്റെ പേരില്‍ തുടങ്ങിയ കേസായിരുന്നതിനാല്‍ ഇത്രയും കാലം വീട്ടുകാരറിയാതെ നോക്കിയതു ദൈവമായിരുന്നു.

ഡോളിക്കു ചീപ്പ്, സോപ്പ്, കണ്ണാടി, കണ്‍മഷി, കര്‍പ്പൂരം തുടങ്ങിയ സ്ഥാവരജംഗമ വസ്തുക്കള്‍ വാങ്ങിക്കൊടുത്ത് സ്വന്തം കുടുംബത്തെ അനുദിനം വൈറ്റ് വാഷടിച്ചുകൊണ്ടിരുന്ന ബേബിക്കുട്ടിക്കും വൈറ്റ് വാഷിങ് ആയിരുന്നു ജോലി. പെയിന്റിങ് എന്നും പറയാറുണ്ടെങ്കിലും ബേബിക്കുട്ടി അഭിമാനത്തോടെ പറയാറുള്ളതു മറ്റൊന്നായിരുന്നു- ആര്‍ട്ടിസ്റ്റ്.

പായലു പിടിച്ച ഭിത്തി ചീകി അതില്‍ വൈറ്റ് സിമന്‍റും സ്നോസവും രണ്ടും മൂന്നും കോട്ടടിക്കുന്നതിന് എന്ത് ആര്‍ട്ടിസ്റ്റാവണമെടേയ് എന്ന് ആരും ചോദിച്ചില്ല. കാരണം, ജോമിക്കുട്ടിയുടെ സുഹൃത്തുക്കളും ആര്‍ട്ടിസ്റ്റുകള്‍ അഥവാ പെയിന്റിങ്ങുകാരായിരുന്നു. സുഹൃത്തുക്കള്‍ മാത്രമായിരുന്നില്ല, ഡോളിയുടെ അപ്പന്‍ അവുസേപ്പുചേട്ടനും പെയിന്റര്‍ അഥവാ ആര്‍ട്ടിസ്റ്റ് ആയിരുന്നു.

അവുസേപ്പുചേട്ടന്‍ ആര്‍ട്ടിസ്റ്റ് ആയതുകൊണ്ടു മാത്രമായിരുന്നു ബേബിക്കുട്ടിയും ആര്‍ട്ടിസ്റ്റായത്. പെയിന്റിങ് പണിയില്‍ മാത്രമല്ല, വീട്ടിലോട്ടു പലചരക്കു വാങ്ങുന്നതില്‍പ്പോലും ആര്‍ട്ടിസ്റ്റായ അവുസേപ്പു ചേട്ടനെ അപ്രന്റീസായ ബേബിക്കുട്ടി സഹായിച്ചിരുന്നു. ഇതുമൂലം ബേബിക്കുട്ടിയോട് അവുസേപ്പു ചേട്ടനു ദീനാനുകന്പ, സ്നേഹം, സഹവര്‍ത്തിത്വം തുടങ്ങിയ പലവികാരങ്ങളും തോന്നുമായിരുന്നു.

ഈ ബേബിക്കുട്ടിയ്ക്ക് തന്‍രെ ഒരേയൊരു മകള്‍ ഡോളിയെ കല്യാണം കഴിച്ചുകൊടുത്താലെന്ത് എന്നു മാത്രം അവുസേപ്പുചേട്ടന്‍ ആലോചിച്ചില്ല. കാരണം, അത്രയ്ക്കു മാത്രം ഹൃദയത്തിനു പ്ളിന്ത് ഏരിയ ഉള്ളയാളായിരുന്നില്ല അവുസേപ്പുചേട്ടന്‍.

എന്നെങ്കിലുമൊരിക്കല്‍ തന്‍റെ പ്രതിശ്രുത അമ്മായിപ്പന്‍റെ ഹൃദയത്തില്‍ തനിക്കു പ്രൈമറടിക്കാന്‍ അവസരം കിട്ടുമെന്നും അതുമുതലാക്കി തനിക്കു ഡോളിയോടുള്ള രണ്ടുകോട്ട് എമര്‍ഷനേക്കാള്‍ അഗാധമായ പ്രണയം അപ്പോള്‍ അറിയിക്കാമെന്നുമായിരുന്നു ബേബിക്കുട്ടിയുടെ വിചാരം.

പണി സൈറ്റുകളില്‍നിന്നു കാലിയാകുന്ന പെയിന്റ് പാട്ടകള്‍ വീട്ടിലേക്ക് കൊണ്ടുപോകുന്പോള്‍ അതിനുള്ളില്‍ വച്ചായിരുന്നു സാന്‍ഡ് പേപ്പറിന്റെ മറുപുറത്തെഴുതിയ പ്രണയലേഖനങ്ങള്‍ ബേബിക്കുട്ടി ഡോളിക്കുട്ടിക്ക് എത്തിച്ചുകൊടുത്തുകൊണ്ടിരുന്നത്.
ഡോളിക്കുട്ടി അതുവായിച്ച ശേഷം മറുപടിയായി അപ്പന് ഉച്ചനേരത്തേക്കുള്ള ചോറുപൊതിയുന്ന പത്രക്കടലാസിന്റെ ഉള്ളില്‍ മറ്റൊരു വെള്ളക്കടലാസില്‍ ബേബിക്കുട്ടിക്കു പ്രണയക്കുറിപ്പെഴുതിപ്പോന്നു.

പ്രണയത്തിന്റെ എസ്റ്റിമേറ്റും ക്വട്ടേഷനും പൊതിഞ്ഞുവരുന്ന ചോറുപൊതി പണിസൈറ്റിലേക്കുള്ള ഉച്ചയാത്രക്കിടയില്‍ ബേബിക്കുട്ടി പൊട്ടിച്ചു വായിക്കും. പകരം മറ്റൊരു കടലാസില്‍ ചോറുപൊതിയും. കൂട്ടത്തില്‍, അവുസേപ്പു ചേട്ടന്റെ സ്വന്തം ഭാര്യയും തന്‍രെ ഭാവി അമ്മായിഅമ്മയുമായ ഏലിയാമ്മ ചേട്ടത്തി പ്രിയതമനായി പാമോയിലില്‍ പൊരിക്കുന്ന മത്തിക്കഷ്ണവും ഓരോന്നു രുചിക്കും.

അതൊരു വലിയ തെറ്റായോ കുറവായോ ബേബിക്കുട്ടി കണ്ടില്ല. എന്നാല്‍ അധികം വൈകാതെ ആ കുറവ് അവുസേപ്പുചേട്ടന്‍ കണ്ടുപിടിച്ചു.

തലയിണമന്ത്രങ്ങള്‍ക്കിടെ, ഏലിയാമ്മേച്ചട്ടത്തി പറ‍ഞ്ഞ മീന്‍തലയുടെ കണക്കും അവുസേപ്പുചേട്ടന്‍റെ കണക്കും തമ്മില്‍ തുടര്‍ച്ചയായി പൊരുത്തപ്പെടാതെ വന്നതിന്‍റെ മൂന്നാം ദിവസം അവുസേപ്പുചേട്ടന്‍ ബേബിക്കുട്ടിയെ കയ്യോടെ (കാലോടെയും) പൊക്കി.

പാതിവഴിയില്‍ വച്ചു ചോറുപൊതി പൊട്ടിച്ച ബേബിക്കുട്ടിയെ തെറിപറയാന്‍ വാ പൊളിച്ച ആ വയോധികന്‍ കൂട്ടത്തിലുള്ള കുറിപ്പടി കണ്ടു ഞെട്ടി.
താന്‍ സ്ഥിരമായി പണിക്ക് എസ്റ്റിമേറ്റ് നല്‍കുന്ന കയ്യക്ഷരം. തന്‍രെ മകളുടെ കയ്യക്ഷരം. ബേബിക്കുട്ടിയുടെ ഒത്തമുതുകത്തും കരണത്തും ബ്രഷു പിടിച്ചു തഴന്പുവീണ അവുസേപ്പുചേട്ടന്‍റെ കൈപ്പത്തി വീണു. ബേബിക്കുട്ടിയുടെ പണി തെറിച്ചു. ഡോളിക്കുട്ടി വീട്ടുതടങ്കലിലായി.

എല്ലാ പ്രണയങ്ങളും നേരിടുന്ന മധ്യകാല യാഥാര്‍ഥ്യത്തില്‍ ബേബിക്കുട്ടിയുടെ മനസ്സ് വാര്‍ണീഷ് വീണിട്ടെന്ന വണ്ണം പൊള്ളി.

ഞായറാഴ്ച കുര്‍ബാനയ്ക്കും ശനിയാഴ്ച അല്‍ഫോന്‍സാ ചാപ്പലിലെ നൊവേനയ്ക്കും പതിവായി വരാറുണ്ടായിരുന്ന ഡോളിക്കുട്ടിയെ ബേബിക്കുട്ടി മാത്രമല്ല, ആരും തന്നെ കാണാതായി. വൈകിട്ട് ആടിനു തൊട്ടാവാടി പറിക്കാന്‍ അയലോക്കത്തെ പറന്പിലോട്ടു പോകാറുണ്ടായിരുന്ന ഡോളിക്കുട്ടിയെ അപ്പന്‍ അവുസേപ്പുചേട്ടന്‍ അതില്‍നിന്നും വിലക്കി.

വൈകുന്നേരത്തെ സ്പെഷല്‍ തൊട്ടാവാടി കിട്ടാതെ ആടു വിഷമത്തിലായി. തൊട്ടാവാടി പറിക്കാന്‍ പോകുന്പോഴെങ്കിലും ബേബിക്കുട്ടിയെ രഹസ്യമായി കാണമായിരുന്നല്ലോ എന്നോര്‍ത്ത് ഡോളിക്കുട്ടി മനസ്സാ തേങ്ങി. പ്രണയക്കുറിപ്പിനൊപ്പം മീന്‍വറുത്തതു തിന്നാന്‍ തോന്നിയ ദുര്‍ബലനിമിഷത്തെയോര്‍ത്തു ബേബിക്കുട്ടി സ്വയം ശപിച്ചു.

മീന്‍തലയുടെ കാര്യത്തിലും കണക്കുസൂക്ഷിക്കുന്ന സ്വന്തം ഭാര്യയുടെ കാര്യശേഷിയോര്‍ത്ത് അവുസേപ്പുചേട്ടന്‍ മനസ്സിലഭിമാനിച്ചു. തന്‍റെ മോളുടെ പ്രണയവാര്‍ത്ത കേട്ട് ഏലിയാമ്മചേട്ടത്തി മനസ്സാതപിച്ചു.

മേല്‍പ്പറഞ്ഞ ഒരു വികാരവുമില്ലാതെ, രാവിലെയുണര്‍ന്നു ഭക്ഷണം കഴിച്ച് പിന്നെയമര്‍ന്നുറങ്ങി വീണ്ടും ഭക്ഷണം കഴിച്ച് വൈകിട്ട് റോഡിലിറങ്ങി, പിന്നെ ഷാപ്പില്‍ കയറി അല്ലലും അലട്ടലും ഇല്ലാതെ ജീവിതം കഴിച്ചുപോന്ന ജോമിക്കുട്ടന്റെ കഥയിലേക്കുള്ള രംഗപ്രവേശം ഇവിടെവച്ചായിരുന്നു.

മൂന്നുദിവസമായി ഡോളിക്കുട്ടിയുടെ കത്തോ ശബ്ദമോ ദര്‍ശനമോ കിട്ടാതെ വലഞ്ഞ ബേബിക്കുട്ടി കഞ്ചാവുബീഡി വലിക്കാന്‍ കിട്ടാത്തവനെപ്പോലെ വലിഞ്ഞുമുറുകി. എങ്ങനെയെങ്കിലും മോളിക്കുട്ടിയോടു സംസാരിക്കണമെന്നു തീരുമാനിച്ചതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു അയല്‍വാസിയായ ജോമിക്കുട്ടനെ ബേബിക്കുട്ടന്‍ തപ്പിപിടിച്ചത്.

ശ്രീ ബേബിക്കുട്ടന് തപ്പിച്ചെല്ലുന്പോള്‍ സഫലമായ ഒരു പ്രണയത്തിന്റെ അവസാനത്തെ ആഘോഷമായ ബാച്ചിലേഴ്സ് പാര്‍ട്ടിയില്‍ കെഎസ് ചിത്രയുടെ ഒരു ഗാനമാലപിക്കുകായിരുന്നു ജോമിക്കുട്ടന്‍. ജോമിക്കുട്ടന്റെ സ്വരമാധുരിയില്‍, പെണ്‍കുട്ടിയുടെ വീട്ടിലേക്കു സ്ഥിരമായി വിളിച്ച് ഒടുവില്‍ വിവാഹം വരെയെത്തിയ അനേകം കേസുകളിലൊന്നിന്റെ ആഘോഷം.

ഒരേസമയം, കുളം നീളത്തിലും ചതുരത്തിലും ത്രികോണത്തിലും വൃത്തത്തിലും പണിത പെരുന്തച്ചനെപ്പോലെ ജോമിക്കുട്ടന്. ഏതു ഷേപ്പിലായാലും തന്റെ കുളമായ പ്രണയത്തിന് ഒരു കരയുണ്ടാക്കിത്തരണമെന്നു കരഞ്ഞഭ്യര്‍ഥിച്ചു ബേബിക്കുട്ടി. ബേബിക്കുട്ടന്റെ അഭ്യര്‍ഥന ജോമിക്കുട്ടന്‍ കേട്ടു. ജോമിക്കുട്ടന്റെ ഡിമാന്‍ഡുകള്‍ ബേബിക്കുട്ടനും. അതിങ്ങനെയായിരുന്നു.

എന്നും ഡോളിക്കുട്ടിയുടെ കൂട്ടുകാരി ലൂസിക്കുട്ടി എന്ന പേരിലോ ട്യൂഷന്‍ ടീച്ചര്‍ മോളിക്കുട്ടി എന്ന പേരിലോ ലൂസിക്കുട്ടിയുടെ അമ്മ േമരിക്കുട്ടി എന്ന പേരിലോ ജോമിക്കുട്ടന്‍ ഫോണ്‍ വിളിക്കും. ഫോണ്‍, ഡോളിക്കുട്ടിയുടെ കയ്യില്‍ കിട്ടിയാല്‍ രണ്ടുമിനിറ്റു നേരത്തേക്ക് ജോമിക്കുട്ടന്‍ സംസാരിക്കും. വീട്ടുകാര്‍ക്കു സംശയമുണ്ടാവാതിരിക്കാനാണിത്.

അതിനു ശേഷം ഫോണ്‍ ബേബിക്കുട്ടിക്കു കൈമാറും. ബേബിക്കുട്ടിക്ക് സംസാരിക്കാം. ജോമിക്കുട്ടന്റെ സാന്നിധ്യത്തില്‍ മാത്രം. ഇടയ്ക്ക് ആരെങ്കിലും ഫോണ്‍ പിടിച്ചു വാങ്ങുകയോ സംശയം തോന്നി എക്സറ്റന്‍ഷന്‍ എടുക്കുകയോ ചെയ്തു എന്നു തോന്നിച്ചാലുടന്‍ ഫോണ്‍ ജോമിക്കുട്ടനു നല്‍കണം.

ജോമിക്കുട്ടന്‍ ഉടന്‍ ജോസി വാഗമറ്റത്തിന്റെ ഈ വളവില്‍ ആരും ഹോണടിക്കാറില്ല എന്ന നോവലിലെ നാന്‍സിയെക്കുറിച്ചും അവളുടെ തലമുടിയെക്കുറിച്ചും ഡോളിക്കുട്ടിയോടു സംസാരിച്ചു തുടങ്ങും. ജോമിക്കുട്ടന്റെ തലയിലെ ആള്‍പ്പാര്‍പ്പോര്‍ത്തു ബേബിക്കുട്ടി അഭിമാനിച്ചു.

ഡോളിക്കുട്ടി സന്തോഷിച്ചു. മകള്‍ പഠനകാര്യത്തില്‍ ശ്രദ്ധിച്ചുതുടങ്ങിയെന്നോര്‍ത്ത് അവുസേപ്പുചേട്ടന്‍ സന്തോഷിച്ചു. ഉയര്‍ത്തിക്കെട്ടിയ വീടിന്റെ മുന്നിലത്തെ മതില്‍ അനാവശ്യ ചെലവായിരുന്നല്ലോ എന്നോര്‍ത്തു പരിതപിച്ചു. ഡോളിക്കുട്ടിയുടെ അമ്മ ഏലിക്കുട്ടി വേളാങ്കണ്ണി പള്ളിയിലേക്കു നേര്‍ന്ന നേര്‍ച്ച ഒന്നുകൂടി പുതുക്കി.

എന്‍രെ മകളേ ഏതെങ്കിലും കൊള്ളാവുന്നവന്‍റെ കൈയില്‍ പിടിച്ചേല്‍പിക്കാന്‍ മാതാവേ നീ കനിയണേ...ഡോളിക്കുട്ടി ഫോണിനു മുന്‍പില്‍ തപസ്സു തുടങ്ങിയതോടെ ബേബിക്കുട്ടിയും ജോമിക്കുട്ടനും ആത്മാര്‍ഥമിത്രങ്ങളായി.

പാന്പന്‍പാലത്തെക്കാള്‍ ഉറപ്പും അപ്പെക്സ് അള്‍ട്രായെക്കാള്‍ തിളക്കവുമുള്ള ആ ബന്ധത്തിന്റെ ആഴങ്ങളില്‍ വീണ് അന്പാറ ഷാപ്പിലെ കള്ളുകീടങ്ങള്‍ മൃതിയടഞ്ഞുകൊണ്ടിരുന്നു.

ആഴങ്ങളില്‍നിന്ന് ആഴങ്ങളിലേക്ക് ഊളിയിട്ടു പോയ ചില ഷാപ്പുരാത്രങ്ങളുടെ പേരില്‍ ബേബിക്കുട്ടിയോടു ഡോളിക്കുട്ടി കയര്‍ക്കല്‍ പതിവായി. താന്‍ അന്പാറ ഷാപ്പില്‍ വാളുവച്ചു കിടന്നതിനെക്കുറിച്ചും കള്ളിനു പുളിയുണ്ടെന്നു പറഞ്ഞു കച്ചവടക്കാരനുമായി ഉടക്കുണ്ടാക്കിയതിനെക്കുറിച്ചുമൊക്കെ വള്ളിപുള്ളി വിടാതെ ഡോളിക്കുട്ടി സംസാരിച്ചു തുടങ്ങിയതോടെ ബേബിക്കുട്ടിക്കു നില്‍ക്കക്കളിയില്ലാതായി.

ഷാപ്പിലും ചാരന്‍മാരോ എന്ന സംശയവുമായി ബേബിക്കുട്ടി അന്പാറയില്‍നിന്നു കുടി പാലമ്മൂടിലേക്കു മാറ്റി. അവിടെയും തഥൈവ. പാലമ്മൂട്ടില്‍നിന്നു ബേബിക്കുട്ടി മാട്ടേല്‍ ഷാപ്പിലേക്കും അവിടെനിന്നു മേരിഗിരി ഷാപ്പിലേക്കും അവിടെനിന്ന് അവസാനമായി ചിറ്റാനപ്പാറ ഷാപ്പിലേക്കും കുടികിടപ്പ് മാറ്റിനോക്കി. രക്ഷയില്ല.

എല്ലാം ഡോളിക്കുട്ടിയുടെ ചെവിയില്‍ അപ്പപ്പോള്‍ എത്തുന്നു.

ഒരുദിവസം ജോമിക്കുട്ടനില്ലാത്ത ബേബിക്കുട്ടി കള്ളുകുടിക്കാന്‍ പോയി. അതേക്കുറിച്ചു ഡോളിക്കുട്ടി ബേബിക്കുട്ടിയോട് ഒന്നും ചോദിച്ചില്ല. ജോമിക്കുട്ടനില്ലാതെ ബേബിക്കുട്ടി ഒരാഴ്ച ഷാപ്പില്‍പ്പോയി, അതും ഡോളിക്കുട്ടി അറിഞ്ഞില്ല. ഒന്നും ചോദിച്ചില്ല. അതോടെ, ഷാപ്പോടു ഷാപ്പോരം ഈ വിവരങ്ങള്‍ ഡോളിക്കുട്ടിയുടെ കാതിലെത്തിക്കുന്നത് ആരെന്നു ബേബിക്കുട്ടിക്കു മനസ്സിലായി. തന്റെ മിത്രം ജോമിക്കുട്ടന്‍.

ബേബിക്കുട്ടിയുടെ ഉള്ളില്‍ ഷാപ്പെരിഞ്ഞു. ഒരുദിവസം രാത്രി രണ്ടുകുപ്പിക്കള്ളിന്റെയും ഒരു പായ്ക്കറ്റ് ദിനേശ്ബീഡിയുടെയും തരിപ്പില്‍ ഷാപ്പിനു സൈഡിലെ ഇടവഴിയില്‍ വച്ച് ബേബിക്കുട്ടി ജോമിക്കുട്ടന്‍റെ മേല്‍ കൈവച്ചു. ജോമിക്കുട്ടന്റെ നിലവിളി കേട്ട് സ്ത്രീപീഢനമെന്നു ധരിച്ചു ജനം പാഞ്ഞെത്തിയെങ്കിലും നിരാശരായി മടങ്ങി.

ജോമിക്കുട്ടനും ബേബിക്കുട്ടിയും ശത്രുക്കളായി. ഡോളിക്കുട്ടിയെ പ്രേമിക്കാന്‍ തനിക്കനി ഒരു ജോമിക്കുട്ടന്റെയും സഹായം വേണ്ടെന്നു ബേബിക്കുട്ടി പ്രഖ്യാപിച്ചു. ബേബിക്കുട്ടി ജോമിക്കുട്ടനെ മര്‍ദിച്ച വിവരവും ഡോളിക്കുട്ടി അറിഞ്ഞു. പക്ഷേ, അവള്‍ അവനോടൊന്നും ചോദിച്ചില്ല.

ബേബിക്കുട്ടിക്കു സന്തോഷമായി. അവനു രണ്ടെണ്ണം കിട്ടിയെന്നറിഞ്ഞപ്പോള്‍ അവള്‍ക്കും സന്തോഷമായിക്കാണും. ഉള്ള ധൈര്യം സംഭരിച്ച്, ശബ്ദം മാറ്റി ബേബിക്കുട്ടി നേരിട്ടായി ഡോളിക്കുട്ടിയുടെ വീട്ടിലേക്കുള്ള വിളി. ഡോളിക്കുട്ടി ഫോണിനു സമീപം എപ്പോളുമുണ്ടായിരുന്നു.

എക്കണോമിക്സില്‍ ഡിഗ്രി രണ്ടാം വര്‍ഷക്കാരിയായ ത‍ന്‍റെ മകള്‍ക്ക് നിലവിലുള്ള, ഇനിയുമുണ്ടാകാന്‍ പോകുന്ന അഗാധമായ ജ്ഞാനത്തെക്കുറിച്ചുള്ള ദിവാസ്വപ്നങ്ങളിലായിരുന്ന ഏലിക്കുട്ടിയും മകളെ കെട്ടിച്ചുവിടാന്‍ സ്ത്രീധനം സംഘടിപ്പിക്കാന്‍ ചിട്ടിക്കു ചേര്‍ന്നതിന്റെ പെടാപ്പാടില്‍ ഓടിനടന്ന അവുസേപ്പു ചേട്ടനും ഒന്നുമറിഞ്ഞില്ല.

ഡോളിക്കുട്ടിയുടെ പ്രണയനിശ്വാസങ്ങള്‍ക്കു സാക്ഷിയായിരുന്ന ടെലിഫോണും ഒന്നുമറിഞ്ഞില്ല. ടെലിഫോണിന്‍റെ അങ്ങേത്തലയ്ക്കല്‍ മിടിക്കുന്ന ഹൃദയത്തോടും പ്രണയം തുളുന്പുന്ന മനസ്സോടും കൂടി നിറഞ്ഞുനിന്ന ബേബിക്കുട്ടിയും ഒന്നുമറിഞ്ഞില്ല. ഡോളിക്കുട്ടിക്കു മാത്രം എല്ലാമറിയാമായിരുന്നു.

ഒരു ദിവസം ആ ഫോണ്‍ ശബ്ധിക്കാതെയായി.

ബേബിക്കുട്ടിയുടെ കണ്‍മുന്നിലൂടെ വെയിലും മഴയും കാലവും കടന്നുപോയി. അക്കൂട്ടത്തില്‍ ഡോളിക്കുട്ടിയും ജോമിക്കുട്ടനുംഅവരുടെ കുട്ടികളുമുണ്ടായിരുന്നു!!!

24 comments:

SUNISH THOMAS said...

പ്രേമം, കള്ള്, ഷാപ്പ്....
എന്നെക്കൊണ്ടു ‍ഞാന്‍ തോറ്റു.
വായിക്കുക!!!

കുഞ്ഞന്‍ said...

ഒരു വല്യ തേങ്ങ ഞാന്‍ ടപ്പേന്ന് ഠേ..ഉടച്ചു


കുറച്ചുനാള്‍ കണ്ടില്ലാ..?

കുറുമാന്‍ said...

ഹ ഹ കൊള്ളാം :)


എന്നെങ്കിലുമൊരിക്കല്‍ തന്‍റെ പ്രതിശ്രുത അമ്മായിപ്പന്‍റെ ഹൃദയത്തില്‍ തനിക്കു പ്രൈമറടിക്കാന്‍ അവസരം കിട്ടുമെന്നും അതുമുതലാക്കി തനിക്കു ഡോളിയോടുള്ള രണ്ടുകോട്ട് എമര്‍ഷനേക്കാള്‍ അഗാധമായ പ്രണയം അപ്പോള്‍ അറിയിക്കാമെന്നുമായിരുന്നു ബേബിക്കുട്ടിയുടെ വിചാരം. - എവിടുന്നൊക്കുണു ഭായ് ഇത്തരം അമറന്‍ ഡയലോഗുകള്‍

Mr. K# said...

വിവരണം വളരെ നന്നായി. പക്ഷേ കഥാന്ത്യം പതിവു പോലെ ശോകമയം.

എന്നാലും ജോമിക്കുട്ടിക്കും ഒരു ലൈന്‍ വേണ്ടേ? ബേബിക്കുട്ടിക്ക് വേണമെങ്കില്‍ വേറെ ലൈന്‍ വലിക്കാലോ അല്ലേ :-)

Duryodhanan said...

ചതി!

എന്നാ‍ലും സുനീഷുകുട്ടി ഈ ചതി വേണ്ടായിരുന്നു.

Unknown said...

ജോമിക്കുട്ടന്‍ ഉടന്‍ ജോസി വാഗമറ്റത്തിന്റെ ഈ വളവില്‍ ആരും ഹോണടിക്കാറില്ല എന്ന നോവലിലെ നാന്‍സിയെക്കുറിച്ചും അവളുടെ തലമുടിയെക്കുറിച്ചും ഡോളിക്കുട്ടിയോടു സംസാരിച്ചു തുടങ്ങും

ഹ ഹ് ഹ.. തകര്‍ത്തു :)

...പാപ്പരാസി... said...

മൂന്നുദിവസമായി "ഡോളിക്കുട്ടി"യുടെ കത്തോ ശബ്ദമോ ദര്‍ശനമോ കിട്ടാതെ വലഞ്ഞ ബേബിക്കുട്ടി കഞ്ചാവുബീഡി വലിക്കാന്‍ കിട്ടാത്തവനെപ്പോലെ വലിഞ്ഞുമുറുകി. എങ്ങനെയെങ്കിലും
"മോളിക്കുട്ടി"യോടു സംസാരിക്കണമെന്നു തീരുമാനിച്ചതിന്റെ....
അല്ലാ അപ്പോ ആരാ ഈ ഡോളിക്കുട്ടി??...
അപ്പോ ഡോളിക്കുട്ടി ഇതാണെങ്കി ആരാ മോളിക്കുട്ടീ...കണ്‍ഫൂഷനായി..

Sherlock said...

സുനീഷേട്ടാ.. ഇഷ്ടായി..

“തലയിണമന്ത്രങ്ങള്‍ക്കിടെ, ഏലിയാമ്മേച്ചട്ടത്തി പറ‍ഞ്ഞ മീന്‍തലയുടെ കണക്കും അവുസേപ്പുചേട്ടന്‍റെ കണക്കും തമ്മില്‍ തുടര്‍ച്ചയായി പൊരുത്തപ്പെടാതെ വന്നതിന്‍റെ ..”...സുപ്പര്‍

Satheesh said...

ബേബിക്കുട്ടിയുടെ കണ്‍മുന്നിലൂടെ വെയിലും മഴയും കാലവും കടന്നുപോയി. അക്കൂട്ടത്തില്‍ ഡോളിക്കുട്ടിയും ജോമിക്കുട്ടനുംഅവരുടെ കുട്ടികളുമുണ്ടായിരുന്നു!!!

തകര്‍ത്തു!
ഇന്ന് കാലത്തും കൂടി ഓര്‍ത്തതേ ഒള്ളൂ- ഈ സുനീഷിന്റെ പോസ്റ്റൊന്നും ഇല്ലല്ലോന്ന്. ദേ വൈകുന്നേരത്തേക്ക് കിടക്കുന്നു കിടിലന്‍ ഒന്ന്!

സഹയാത്രികന്‍ said...

"പാന്പന്‍പാലത്തെക്കാള്‍ ഉറപ്പും അപ്പെക്സ് അള്‍ട്രായെക്കാള്‍ തിളക്കവുമുള്ള ആ ബന്ധത്തിന്റെ ആഴങ്ങളില്‍ വീണ് അന്പാറ ഷാപ്പിലെ കള്ളുകീടങ്ങള്‍ മൃതിയടഞ്ഞുകൊണ്ടിരുന്നു. "

ഹ..ഹ...ഹ... നന്നായി മക്കളേ...

മെലോഡിയസ് said...

സുനീഷ് ജി..അടിപൊളി ട്ടാ..
പെയ്ന്റിങ്ങ് പണിയിലെ വാക്കുകള്‍ വെച്ചുള്ള ഡയലോഗുകള്‍ കിടിലനായിട്ടുണ്ട്.

ഇതാ പറയുന്നത്..മണ്ണും ചാരി നിന്നവന്‍..............

Jay said...

ജോമിക്കുട്ടന്റെ നിലവിളി കേട്ട് സ്ത്രീപീഢനമെന്നു ധരിച്ചു ജനം പാഞ്ഞെത്തിയെങ്കിലും നിരാശരായി മടങ്ങി.

കോട്ടയത്തെ കാറ്റേറ്റ് എഴുതിയ സംഗതി. തകര്‍ത്തു. ഞങ്ങള്‍ പണ്ട് എസ്.റ്റി.ഡി ബൂത്തിലെ പെണ്ണിനെ കൊണ്ട് ഈ പണി ചെയ്യിക്കാറുണ്ടായിരുന്നു. മച്ചാ...പ്രേമത്തിന് അതിന്റേതായ ഒരു പശ്ചാത്തലഭംഗി വേണമെന്ന് ‘സര്‍വ്വകലാശാലയില്‍’ ജഗതിയച്ചന്‍ പറഞ്ഞതിനെ അന്വര്‍ഥമാക്കിയ പോസ്‌റ്റ്.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

സുനീഷെ, ഇത് വായിച്ചപ്പോള്‍ എനിക്കോര്‍മ്മ വരുന്നത് നമ്മുടൊരു മുന്‍ മുഖ്യനും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയേയും, പിന്നെ മറ്റൊരു കേന്ദ്ര മന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും എം. എല്‍. എ യു മൊക്കെ ആയിരുന്ന ആ മാഡത്തിനെയുമൊക്കെയാണു.

ഇതിലെ കഥാപാത്രങ്ങള്‍ക്ക് ലോകത്തുള്ള ആരുമായും ഒരു സാമ്യവുമില്ലെന്ന് ഒരു തലക്കെട്ട് കൊടുക്കാമായിരുന്നു.

എന്തായാലും, സുനീഷ് എന്തെഴുതിയാലും രസിക്കാനുള്ള വക കാണും. അത് മതി എനിക്ക്.

Rasheed Chalil said...

സുനീഷേ... കലക്കിട്ട്ണ്ട്ഷ്ടാ...

സൂര്യോദയം said...

സുനീഷേ... കള്ള്‌ ഷാപ്പില്ലെങ്കില്‍ എന്തോന്ന് ഉലകം, അല്ലിയോ? ;-)

G.MANU said...

എന്നെങ്കിലുമൊരിക്കല്‍ തന്‍റെ പ്രതിശ്രുത അമ്മായിപ്പന്‍റെ ഹൃദയത്തില്‍ തനിക്കു പ്രൈമറടിക്കാന്‍ അവസരം കിട്ടുമെന്നും അതുമുതലാക്കി തനിക്കു ഡോളിയോടുള്ള രണ്ടുകോട്ട് എമര്‍ഷനേക്കാള്‍ അഗാധമായ പ്രണയം അപ്പോള്‍ അറിയിക്കാമെന്നുമായിരുന്നു ബേബിക്കുട്ടിയുടെ വിചാരം.

kalakki

സാല്‍ജോҐsaljo said...

അങ്ങനെ അവര്‍ ഐസ് കട്ടയ്ക്ക് പെയിന്റടിച്ചു അല്ലേ
കൊള്ളാം ഉഷാര്‍...!

;)

ശ്രീ said...

നന്നായിട്ടുണ്ട്, സുനീഷേട്ടാ...
:)

Sethunath UN said...

കിടിലോല്‍ക്കിടില‌ം.അനായാസമായ ഹാസ്യം .. എഴുത്ത്. സൂപ്പ‌ര്‍ പോസ്റ്റ്.

കൊച്ചുത്രേസ്യ said...

സുനീഷേ അങ്ങനെ ഒരു ദുരന്തനായകനെയും കൂടി സൃഷ്ടിച്ചു അല്ലേ :-)

അലക്ക്‌ ഓഫ്‌ ദ പോസ്റ്റ്‌:
ജോമിക്കുട്ടന്റെ നിലവിളി കേട്ട് സ്ത്രീപീഢനമെന്നു ധരിച്ചു ജനം പാഞ്ഞെത്തിയെങ്കിലും നിരാശരായി മടങ്ങി :-)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: തുടക്കം കണ്ടപ്പോള്‍ നിന്റെ വീട്ടിലു പെയിന്റടി നടന്നോണ്ടിരിക്കുകയാകുമെന്ന് സംശയിച്ചു തിരിച്ച് ഷാപ്പില്‍ തന്നെ ചെന്നു കയറി അല്ലേ ?

ആ പെയിന്റിങ് തുടക്കം കൊള്ളായിരുന്നു ഒരു വ്യത്യസ്തത ഫീലായി..

മനോജ് കുമാർ വട്ടക്കാട്ട് said...

ഈ വളവില്‍ ആരും ഹോണടിക്കാറില്ല

സുനീഷേ, ചിരിച്ചുപോയിഷ്ടാ :)

വിന്‍സ് said...

//ബേബിക്കുട്ടിയുടെ ഉള്ളില്‍ ഷാപ്പെരിഞ്ഞു. ഒരുദിവസം രാത്രി രണ്ടുകുപ്പിക്കള്ളിന്റെയും ഒരു പായ്ക്കറ്റ് ദിനേശ്ബീഡിയുടെയും തരിപ്പില്‍ ഷാപ്പിനു സൈഡിലെ ഇടവഴിയില്‍ വച്ച് ബേബിക്കുട്ടി ജോമിക്കുട്ടന്‍റെ മേല്‍ കൈവച്ചു. ജോമിക്കുട്ടന്റെ നിലവിളി കേട്ട് സ്ത്രീപീഢനമെന്നു ധരിച്ചു ജനം പാഞ്ഞെത്തിയെങ്കിലും നിരാശരായി മടങ്ങി.
//

hahahaha.... bhayankaram.

Best kannaa Best

സുധി അറയ്ക്കൽ said...

ക്ലൈമാക്സ്‌ ഊഹിക്കാൻ പറ്റി.നല്ല രസമുണ്ടായിരുന്നു.

Powered By Blogger