പട്ടിക്ക് ഏറ് ഒരു വിഷയമല്ലാത്തതുപോലെയായിരുന്നു ബെഞ്ചമിന്‍ തല്ലും. എത്രയെണ്ണം കിട്ടിയാലും ഒരു കുഴപ്പവുമില്ല, പിറ്റേന്നു രാവിലെ അതിന്റെ ഹാങ് ഒാവറുമില്ല. കൃത്യമായി എത്രയെണ്ണം കിട്ടിയെന്നോ എത്രയെണ്ണം തിരിച്ചുകൊടുത്തെന്നോ മധുരക്കാരനായ ചെന്തമിഴ് അണ്ണാച്ചി ബെഞ്ചമിന്‍ കണക്കു സൂക്ഷിച്ചിരുന്നില്ല.
കൃത്യം പന്ത്രണ്ടുവര്‍ഷം മുന്‍പാണ് ആദ്യമായി ബെഞ്ചമിന്‍ ഭരണങ്ങാനത്തിറങ്ങുന്നത്. കേരളത്തില്‍ ചാരായം നിര്‍ത്തുന്നതിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിലൊന്നില്‍ പാലായില്‍നിന്നു മൂക്കുമുട്ടെ സേവിച്ചായിരുന്നു ആ വരവ്. റോബിന് ബസില്‍ ഭരണങ്ങാനം വരെ സീറ്റുകിട്ടാതെ നിന്നതിന്റെ കലിപ്പുതീര്‍ത്തായിരുന്നു തുടക്കം. ഉള്ളില്‍ തിളച്ച കൊട്ടുവടിയുടെ കുന്തളിപ്പില്‍ ഭരണങ്ങാനത്തേക്കു കാലുകുത്തിയ അടുത്ത നിമിഷം ബെഞ്ചമിന്‍ ബസിന്റെ കിളിയെ നോക്കി നല്ല സംഘകാല തമിഴില്‍ നാലു തെറി വിളിച്ചു.
സി.വി. രാമന്‍പിളളയ്ക്കു ശേഷം ഇന്തമാതിരി ചെന്തമിഴില്‍ മലയാളത്തെ മാമകമാക്കുന്നതാരെടേയ് എന്ന സംശയദൃഷ്ടിയോടെ ഭരണങ്ങാനം ആ സാഹിത്യാര്‍ച്ചന കേട്ടുനിന്നു. തിരുക്കുറളും തിരുവള്ളുവറും തോറ്റു പോകുന്ന ആ ചമല്ക്കാര ഭാഷ കേട്ട് തമിഴ്മാമണി സാഹിത്യ കുലപതികള്‍ ആകാശസീമയില്‍ വന്ന് അദ്ഭുതം പൂണ്ടുനിന്നുപോയിട്ടുണ്ടാവും!
അവിടെയായിരുന്നു തുടക്കം. രണ്ടെണ്ണം ഉള്ളില്ച്ചെന്നാല് നാലെണ്ണം ബെഞ്ചമിനില്‍നിന്നു പുറത്തുചാടും. സോഡയില്ലാതെ അടിച്ചാല്‍ കരളുകത്തിപ്പോകുന്ന നാടന്‍ വാറ്റിന്റെ തിളപ്പുണ്ടായിരുന്നു ബെഞ്ചമിന്റെ തെറികള്‍ക്ക്. ഉഗ്രനൊരു നരവംശ ശാസ്ത്രജ്ഞനെപ്പോലെ എതിരുനില്‍ക്കുന്നവന്റെ ആദിമകുലം തേടിപ്പോകുന്ന വാചകമേളയില്‍, ഏതൊരാളുടെയും അപ്പനപ്പൂപ്പന്മാര് മുതല്‍ അവരുടെ മുതുമുത്തഛന്മാര് വരെ അന്ത്യനിദ്രയില്‍നിന്നെഴുന്നേറ്റ് 'എന്തോ' എന്നു വിളികേട്ടുപോകും. അതായിരുന്നു ബെഞ്ചമിന്‍. തനിനാട്ടുകാര്‍ തൂക്കുകട്ടയും മുഴക്കോലും പിടിക്കുന്നതു നിര്‍ത്തിത്തുടങ്ങിയതോടെ, നാട്ടിലാവശ്യമായ കണ്‍സ്ട്രക്ഷന്‍സിനായി തമിഴ്നാട്ടില്‍നിന്നു മൈഗ്രേറ്റ് ചെയ്തുവന്ന മേസ്തിരി പ്രഭൃതികളില്‍ മ്യുസ്ഥാനീയനായിരുന്നു അയാള്‍. ബെഞ്ചമിന്റെ നാക്കില്‍ കുടിയിരുന്ന കക്കൂസ് പ്രയോഗങ്ങളായിരുന്നു ഇക്കാലമത്രയും അയാളെ തല്ലുകൊള്ളിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കഥമാറി.
ദേശീയപ്രസ്ഥാനത്തിനെക്കാള്‍ വലിയ ദ്രാവിഡ പ്രസ്ഥാനത്തിന്റെ സമരചരിത്രമുറങ്ങുന്ന നാട്ടില്‍നിന്നുവന്ന കുറേ ശിങ്കിടികളാണിപ്പോള്‍, തല നരച്ച പ്രായത്തിലും ബെഞ്ചമിനു തല്ലുവാങ്ങിക്കൊടുക്കുന്നത്. ഒറ്റയ്ക്കു പത്തു ഷോപ്പിങ് കോംപ്ലക്സ് പണിതു തീര്‍ക്കാന്‍ പറ്റാത്തതിനാല്‍ ഒരു സുപ്രഭാതത്തില്‍ 1210 എസ്ഇ ലോറിയില്‍ നാട്ടിലെത്തിച്ചതായിരുന്നു അവരെ. അന്തിമയങ്ങിയാല്‍ തനിനാട്ടുകാരന്‍ രാരിച്ചന്‍ സ്വഭവനത്തിലും പഞ്ചായത്ത് ഒാഫിസിന്റെ തിണ്ണയിലും വച്ചു ഡൈല്യൂട്ട് ചെയ്തു വില്‍ക്കുന്ന രാരിത്തൈലം സേവിച്ചു നാട്ടുകാരെ മുഴുവന്‍ തെറിവിളിക്കുന്നതിലായിരുന്നു ബെഞ്ചമിന്റെ പണിക്കാര്‍ക്കു കമ്പം.
അതോടെ, നാടുമുഴുവന്‍ ബെഞ്ചമിന്‍ എതിരായി. തമിഴ്നാട്ടില്‍ ഹിന്ദി നിരോധിക്കണമെന്നാവശ്യപ്പെട്ട പോലെ ഭരണങ്ങാനത്തു തമിഴ് നിരോധിക്കണമെന്നു പ്രമേയം പാസാക്കപ്പെട്ടു. തമിഴ് പറയുന്നവനാരായാലും നാട്ടുകാര്‍ തല്ലുകൊടുക്കുമെന്നതായി സ്ഥിതി. ആമയെ വില്ക്കാന് നാട്ടിലെത്തിയ തനിനാട്ടുകാരന്‍ കൊട്ടാരക്കര സ്വദേശി കോവാലനു പോലും തട്ടുകിട്ടി- ആമാ ആമാ എന്നുറക്കെ വിളിച്ചുകൊണ്ടു റോഡിലൂടെ പോയതിനായിരുന്നു തട്ടും തലോടലും പിന്നെ നീട്ടിയൊരാട്ടും!
വൈഗ നദിയില്‍ എട്ടുവട്ടം മുങ്ങിപ്പൊങ്ങിയാലും കറ പോകാത്തവയായിരുന്നു ബെഞ്ചമിന്റെ പണിക്കാരുടെ പച്ചത്തെറികള്‍. ഉണക്കമീനിനെക്കാള്‍ നാറ്റവും പത്തുദിവസം പഴയകിയ പച്ചമീനിനെക്കാള്‍ കടുപ്പവും അവയ്ക്കുണ്ടായിരുന്നു. ബെഞ്ചമിന്റെ അനുജന് ആറോണ്‍ എലിയാസ് അരുണ്‍ കേരളത്തിലേക്കു റീലോഡഡ് ചെയ്യപ്പെട്ടതോടെ സ്ക്രിപ്റ്റ് പിന്നെയും മാറി. കോണ്‍ക്രീറ്റില്‍ ഡിസൈന്‍ സ്പെഷലിസ്റ്റായിരുന്നു ആറോണ്‍. അമ്പതുകാരനായ ബെഞ്ചമിന്റെ സഹോദരശായിലെ ഏറ്റവും ഇളയത്- ഇരുപത്തിയേഴുകാരന് ആറോണ്‍. ആറോണ്‍ എന്ന പേര് തെങ്കാശിയില്‍നിന്നു വണ്ടികയറി കൊട്ടാരക്കരയെത്തുമ്പോള്‍ തനിയെ അരുണ്‍ എന്നായി മാറുകയായിരുന്നു. പഴയ നിയമ ബൈബിളിലെ അഹറോന് എന്ന പേരിന്റെ തമിഴ്തദ്സമമോ മറ്റോ ആയിരുന്നു ആറോണ്‍. ആറോണ്‍ എലിയാസ് അരുണാകട്ടെ അഹറോന്റെ അപ്പന്റെ പേരായിരുന്നു കൂടുതല്‍ ചേരുക.
മറ്റു തനിപ്പാണ്ടികളെപ്പോലെ പട്ടച്ചാരായം തട്ടി റോഡില്‍ വീണു മുട്ടുപൊട്ടി ലീവെടുത്തു വീട്ടിലിരിക്കുന്നത് അരുണിന് ഇഷ്ടമല്ലായിരുന്നു. നാലുദിവസം പണിതാല്‍ അഞ്ച്, ആറ്, എഴ് ദിവസങ്ങില്‍ ലീവെടുത്ത് പാലായിലെ ഏതെങ്കിലും ബാറിലിരുന്നു മൂക്കുമുട്ടെ സേവിക്കുന്നതായിരുന്നു അരുണിന്റെ മോഡസ് ഒാപ്പറാണ്ടി! ഇക്കാര്യത്തില്‍ ആകാശവും ഭൂമിയും സൃഷ്ടിച്ച സാക്ഷല്‍ ദൈവം തമ്പുരാനായിരുന്നു അരുണിന്റെ റോള്‍മോഡല്‍. ആശാന് ഒന്നിലെങ്കില്‍ ശിഷ്യന് അമ്പത്തൊന്നില്‍ എന്നതായിരുന്നു തനിയവസ്ഥ എന്നുമാത്രം. (കര്‍ത്താവ് കള്‍സടിച്ചു എന്നു കഥാകൃത്ത് നിരീച്ചിട്ടില്ല, മാപ്പ് ഇന്‍ അഡ്വാന്‍സ്!)
ഏതു ദുഷ്യന്തനെയും ഇളക്കാന്‍ ഒരു മഗ്ദലന മറിയം വരും എന്ന സെക്യുലര്‍ കഥ പോലെ, അരുണിന്റെ മനസ്സില്‍ ആര്‍ട്ട് വര്‍ക്കു നടത്താന്‍ ഒരു കഥാപാത്രം അരങ്ങേറിയത് ആയിടയ്ക്കാണ്. ലൈലാ മജ്നുമാരെപ്പോലെ, ഷാജഹാനെയും മുംതാസിനെയും പോലെ അരുണും പ്രേയസിയും പെട്ടെന്നടുത്തു. അരുണും ബെഞ്ചമിനും ഉള്‍പ്പെടെയുള്ളവര്‍ അന്തിയുറങ്ങുന്ന വാടകക്വാര്‍ട്ടേഴ്സിന്റെ ഉടമസ്ഥന്റെ ഏകമകളായിരുന്നു പ്രേയസി!!
തൂമ്പ പോലെത്തെ കൈകളും പിടി പോയെ കൈക്കോട്ടു പോലത്തെ താടിയും ഇന്റര്‍ലോക്ക് ഇഷ്ടിക പിടിപ്പിച്ച പോലത്തെ സിക്സ് പായ്ക്ക് ബോഡിയും കണ്ടായിരുന്നു പഞ്ചാരപോലിരുന്ന പ്രേയസി കരിപ്പട്ടി പോലിരിക്കുന്ന അരുണുമായി അടുത്തത്. വൃത്തിയുള്ളതെന്നു പറയാന്‍ അവനു സ്വന്തമായി അവന്റെ പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നിട്ടും പ്രേയസി പ്രണയത്തിന്റെ തീക്കടല്‍ കടഞ്ഞു തിരുമധുരം കുടിച്ചിട്ടേയുള്ളൂവെന്ന പിടിവാശിയിലായിരുന്നു.
പ്രണയം ചങ്കില് ചാന്തുകൂട്ടിത്തുടങ്ങിയതോടെ അരുണിന്റെ മനസ്സില്‍ മൃദുലവികാരങ്ങള്‍ കമ്പികെട്ടി. കര്‍ത്താവിന്റെ പീഡാസഹനം ചിത്രീകരിക്കാനായി ഫൊറോനാ പള്ളിയുടെ മുറ്റത്തു ഡിസൈന്‍ ചെയ്ത കോണ്‍ക്രീറ്റ് സ്തൂപത്തില്‍, കുരിശേല്‍ കിടക്കുന്ന കര്‍ത്താവിനെ നോക്കി നില്ക്കുന്ന മഗ്ദലനമറിയത്തിന്റെ കാലില്‍ ദര്‍ഭമുന കൊണ്ടു. പത്രോസ് ശ്ലീഹായുട തലയില്‍ എവിടെനിന്ന് എന്നറിയില്ല, ഒരു മയില്‍പ്പീലി...!! വികാരിയച്ചന്റെ കയ്യില്‍ ആദ്യം കിട്ടിയത് ഒരു പൊട്ടിയ ഇഷ്ടികയായിരുന്നതിനാല്‍ അരുണിന്റെ ആയുസ് പൊട്ടാതെ ബാക്കിയായി.
എന്നും രാവിലെ എഴുന്നേറ്റ് തൊട്ടടുത്ത കാപ്പിത്തോട്ടത്തിലേക്കു പായുന്നതിനിടെയായിരുന്നു അരുണ്‍ ആദ്യമൊക്കെ പ്രേയസിയെ കണ്ടുമുട്ടിയിരുന്നത്. രാവിലെ ഏഴരയ്ക്കു കന്യാസ്ത്രീമാര്‍ പാട്ടു പരിശീലിക്കുന്ന കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകും വഴിയായിരിക്കും അരുണും ശിങ്കിടികളും കാപ്പിത്തോട്ടത്തിലേക്കു മാര്‍ച്ച് ചെയ്യുക. ബൈബിളില്‍ കര്‍ത്താവിന്റെ കാര്യം പറയും പോലെ 'അവന് അതിരാവിലെ എഴുന്നേറ്റു വിജനസ്ഥലത്തേക്കു പോയി' എന്ന തിരുവെഴുത്തു പൂര്‍ത്തിയാകും വിധമായിരുന്നു ആ പാച്ചില്‍.
പട്ടാളക്കാരുടെ പിടി പരേഡ് പോലെ, തമിഴന്മാരുടെ വ്യായാമപ്പരേഡോ മറ്റോ ആയിരിക്കുമെന്നേ പ്രേയസി വിചാരിച്ചുളളൂ. തലേവര്‍ഷത്തേതിന്റെ ഇരട്ടി കാപ്പിക്കുരു വിളവു കിട്ടും വരെ പ്രേയസിയുടെ അപ്പന് ഹൌസ് ഒാണറും കഥയറിഞ്ഞിരുന്നില്ല. എന്തിനേറെ, ഭരണങ്ങാനത്തെ ഒരു പട്ടിക്കുഞ്ഞുപോലും ഒന്നുമറിഞ്ഞില്ല.
ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍ പോലെയായിരുന്നു ബെഞ്ചമിനും അരുണും. ഒരിക്കലും മുാമും വരാത്തവിധം അവര്‍ അടുപ്പത്തിലായിരുന്നതിനാല്‍ ബെഞ്ചമിനും ഒന്നുമറിഞ്ഞില്ല.
തുടരും
26 comments:
നിരുപാധികം, നിര്‍ലജ്ജം ഞാന്‍ മടങ്ങിവരുന്നു. പഴയ എഴുത്തിന്റെ അതേവഴിയില്‍. ഇത്തവണ ഒരു തുടരന് കഥ. തുടക്കം ഇങ്ങനെ, ഒടുക്കം എങ്ങനെയാവുമെന്ന് എനിക്കറിയില്ല!!!
:)
തീരുമാനം നന്നായി!!! ഇനി വായിക്കട്ടെ!!!
രണ്ടാം വരവ് മോശമായില്ല. സസ്പെന്സിട്ടുള്ള കളി വേണ്ട. അതെനിക്കിഷ്ടമല്ല. ഭരണങ്ങാനം നന്നായിട്ടും സുനീഷ് നന്നായില്ലല്ലോ എന്ന സങ്കടം മാത്രം ബാക്കി. ചില തകര്‍പ്പന്‍ പ്രയോഗങ്ങളോട് ഇറവറന്‍സ് കാണിക്കുന്നില്ല.
-തമിഴ്നാട്ടില്‍ ഹിന്ദി നിരോധിക്കണമെന്നാവശ്യപ്പെട്ട പോലെ ഭരണങ്ങാനത്തു തമിഴ് നിരോധിക്കണമെന്നു പ്രമേയം പാസാക്കപ്പെട്ടു. തമിഴ് പറയുന്നവനാരായാലും നാട്ടുകാര്‍ തല്ലുകൊടുക്കുമെന്നതായി സ്ഥിതി. ആമയെ വില്ക്കാന് നാട്ടിലെത്തിയ തനിനാട്ടുകാരന്‍ കൊട്ടാരക്കര സ്വദേശി കോവാലനു പോലും തട്ടുകിട്ടി- ആമാ ആമാ എന്നുറക്കെ വിളിച്ചുകൊണ്ടു റോഡിലൂടെ പോയതിനായിരുന്നു തട്ടും തലോടലും പിന്നെ നീട്ടിയൊരാട്ടും!
-വൃത്തിയുള്ളതെന്നു പറയാന്‍ അവനു സ്വന്തമായി അവന്റെ പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നിട്ടും പ്രേയസി പ്രണയത്തിന്റെ തീക്കടല്‍ കടഞ്ഞു തിരുമധുരം കുടിച്ചിട്ടേയുള്ളൂവെന്ന പിടിവാശിയിലായിരുന്നു.
-ബാക്കിയിങ്ങു പോരട്ടെ....
എന്താ ഒരോ പ്രയോഗങ്ങള്‍?
തൂമ്പ പോലെത്തെ കൈകളും പിടി പോയെ കൈക്കോട്ടു പോലത്തെ താടിയും ഇന്റര്‍ലോക്ക് ഇഷ്ടിക പിടിപ്പിച്ച പോലത്തെ സിക്സ് പായ്ക്ക് ബോഡിയും
ഉണക്കമീനിനെക്കാള്‍ നാറ്റവും പത്തുദിവസം പഴയകിയ പച്ചമീനിനെക്കാള്‍ കടുപ്പവും അവയ്ക്കുണ്ടായിരുന്നു.
സോഡയില്ലാതെ അടിച്ചാല്‍ കരളുകത്തിപ്പോകുന്ന നാടന്‍ വാറ്റിന്റെ തിളപ്പുണ്ടായിരുന്നു ബെഞ്ചമിന്റെ തെറികള്‍ക്ക്.
അപാര വര്‍ണ്ണന തന്നെ!!!
വീവാണ്ടനദര് വണ്‍ ജസ്റ്റ് ലൈക് ദ പ്രീവ്യിസ് വണ്‍...
ഇതാരാ, പഴയ സുനീഷോ? അഡിക്ഷന് സെന്ററില്‍ നിന്നും ഇറക്കി വിട്ടോ? ഇറങ്ങിയ പടി പണ്ടത്തെ കഥയെഴുത്തും തുടങ്ങി.
അപ്പോ അവിടെ ഒന്നാന്തരം വാചകങ്ങളെഴുതാന്‍ ട്രെയിനിങ് ഒണ്ടാരുന്നോ?
രണ്ടാം വരവിലും പ്രയോഗങ്ങള്‍ കിടിലന്‍...
കട്ടക്ക് കട്ട നില്ക്കുന്ന പ്രയോഗങ്ങൾ. എനിക്കിഷ്ടപ്പെട്ടത് ഇത്.
"ഉഗ്രനൊരു നരവംശ ശാസ്ത്രജ്ഞനെപ്പോലെ എതിരുനില്‍ക്കുന്നവന്റെ ആദിമകുലം തേടിപ്പോകുന്ന വാചകമേളയില്‍, ഏതൊരാളുടെയും അപ്പനപ്പൂപ്പന്മാര് മുതല്‍ അവരുടെ മുതുമുത്തഛന്മാര് വരെ അന്ത്യനിദ്രയില്‍നിന്നെഴുന്നേറ്റ് 'എന്തോ' എന്നു വിളികേട്ടുപോകും."
ശൈലി മൊത്തം മാറിയിട്ടുണ്ടല്ലോ മാഷേ. ലൈന്‍ വല്ലതും ശരിയായോ? ;-) സ്ത്രീവിരോധമായിരുന്നു പഴയ കഥകളുടെ ഒരു സ്റ്റൈൽ. അപ്പോഴേ എനിക്കറിയാമായിരുന്നു ലൈന്‍ വല്ലതും ശരിയായാൽ ഇട്ടിട്ടു പോവുമെന്ന്. എന്തായാലും പുതിയൊരു ശൈലി തപ്പിപ്പിടിച്ചെടുത്ത് തിരിച്ചു വന്നതിൽ സന്തോഷം.
കലക്കി സുനീഷേ,
സൂപ്പര്‍ പ്രയോഗങ്ങളോടെയുളള ഈ രണ്ടാം വരവില്‍ സ്വാഗതമോതി വഴിമാറി നില്ക്കുന്നു. മുന്നോട്ടു പോയാട്ടെ....
ഗംഭീരം! അതിഗംഭീരം!!
തിരിച്ചു വരവ് ഒട്ടും മോശമായില്ലെന്നല്ല ഗംഭീരമാകുകയും ചെയ്തു.
“എന്നിട്ടും പ്രേയസി പ്രണയത്തിന്റെ തീക്കടല്‍ കടഞ്ഞു തിരുമധുരം കുടിച്ചിട്ടേയുള്ളൂവെന്ന പിടിവാശിയിലായിരുന്നു.“
ഉപമകള്‍ എവിടേക്കെല്ലാം... ഹോ ! അസാദ്ധ്യം.
ഹാസ്യത്തിന്റെ പത്തുനില കോമ്പ്ലക്സ് ഉടന്‍ തുടരട്ടെ..
നന്ദന്/നന്ദപര്‍വ്വം
തറവാടി പ്രയോഗങ്ങള്‍. അല്ലെങ്കിലും സുനീഷിന്റെ പോസ്റ്റില്‍ എന്നും അത് കണ്ടിട്ടുണ്ട്.
തിരിച്ചിറങ്ങിയത് ആര്‍ഭാടമാക്കി.രണ്ടു മൈന, സന്തോഷം.
രസിക്കുന്നു :)
വായന മരിക്കുന്നു എന്ന ദുഃഖത്തിൽ നീറിനീറി സുനീഷ് എഴുത്തു നിർത്തുന്നു എന്ന പോസ്റ്റ് വായിച്ച് അതിൽ പ്രതിഷേധിച്ച് ഞാനൊരു മെയിൽ അയച്ചിരുന്നു; തുടർന്നും എഴുതണമെന്ന് ആവാശ്യപ്പെട്ട്. ഏതായാലും വീണ്ടും എഴുത്താൻ തീരുമാനിച്ചതിൽ ആശംസകൾ. അന്നയച്ച അഭ്യർത്ഥനയിലെ നാലു വരികൾ ഇവിടെ ഇടുന്നു......
“അരുതെന്നു ചൊല്ലുവാനാരുമല്ലെങ്കിലും
അറിയില്ല നമ്മൾ പരസ്പരമെങ്കിലൂം
അരുതേ സുനീശാ.... വരാനുള്ളതോർത്തുള്ളി-
ലരുതാത്തതിന്നേ നിനച്ചു പോകൊല്ലെടോ...”
:)
waiting for the next part
സുനീഷ് ഭായി...
പ്രയോഗങ്ങളെല്ലാം വളരെ രസകരം. ഹിസ് ഹൈനസ്സ് അബ്ദുള്ളയില്‍ പറയുമ്പോലെ വരവ് ഗംഭീരമായിരിക്കുന്നു..!
കൊട്ടാരക്കരക്കാരനെ കൊട്ടിയത് കിടിലം..!
കമന്റുകള്‍ കൂബാരം അകുബോള്‍ പൊസ്റ്റുകള്‍ ഗംഭീരം അകട്ടെ
ആദ്യമായാ സുനീഷിനെ വായിക്കുന്നത്. നന്നേ ഇഷ്ടമായി ഈ തുടരന്റെ തുടക്കം. രസിച്ചു വായിച്ചു
വെല്‍കം ബാക്ക് മച്ചാ..
സന്തോഷമായി...ഇനി വായന..
ബാക്കിവരട്ടെ,എന്നിട്ട് വധിക്കാം...
വിട്ടുപോയ അന്തം തിരിച്ചുകിട്ടാന്‍ വേണ്ടി വെയിറ്റ് ചെയ്യുകാരുന്നു ഇത്രെം നേരം, ഇതൊക്കെ വായിച്ചിട്ടേയ്
"പ്രണയം ചങ്കില് ചാന്തുകൂട്ടിത്തുടങ്ങിയതോടെ "
സുനീഷേ എന്തു പെടയാത്... പെടച്ചു പെടച്ചിന്നു പോരട്ടെ. :)
-സുല്‍
സുനീഷേ,
ഈ തിരിച്ചുവരവിൽ സന്തോഷം.
പോസ്റ്റ് പതിവുപോലെ രസകരം.
Good Suneesh ;)
Enjoyed reading this.
ഭരണങ്ങാനത്ത് കാലുകുത്തുന്നിതാദ്യമായിട്ടാണ്. എത്താന്‍ വൈകി എന്ന ഖേദമേയുള്ളു.
ഉം... കൊള്ളാടേയ്.....
ഇനിയും എഴുതാന്‍ താമസിച്ചിരുന്നേല്‍ അന്വേഷിച്ചുവന്നേനെ വീട്ടിലേക്ക്....
മച്ചൂ...മുട്ടന്‍.....ഇങ്ങനെ കൊട്ടിക്കൊട്ടി അവസാനം ആരെയേലും ബാക്കി വെച്ചേക്കുമോ?
പോരട്ടേ..പിടപ്പന്‍ സാധനങ്ങള്‍ പോരട്ടേ..
Post a Comment