ബെഞ്ചമിന്‍ പിടിച്ചാല്‍ നില്‍ക്കുന്നതിലും വലിയ പ്രസ്ഥാനമായി ആറോണ്‍ എലിയാസ് അരുണ്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. ബെഞ്ചമിന്‍ അറിയാതെയാണ് ആറോണ്‍ അമ്പാറ ഷാപ്പിന്റെ ഭിത്തിയില്‍ കള്ളുചാറ ഡിസൈൻ ചെയ്‌തത്. മേരിഗിരി ഷാപ്പില്‍ പോട്ടിക്കറിയും പന്നിക്കരളും കോഴിചാപ്സും ഡിസൈന്‍ ചെയ്‌തത്. പാലമ്മൂട് ഷാപ്പിനു മൺഭിത്തി ഇല്ലാതിരുന്നതുകൊണ്ടുമാത്രമാണ് അവിടെ ഡിസൈന്‍ വര്‍ക്കൊന്നും ചെയ്യാതിരുന്നത്!!!
ആറോണിന്റെ വളര്‍ച്ച ആനപിടിച്ചാലും നില്‍ക്കാത്ത വിധം സെറ്റായിക്കൊണ്ടിരിക്കെത്തന്നെ, ആരുമറിയാതെ സെറ്റായിക്കൊണ്ടിരുന്ന മറ്റൊന്നായിരുന്നു പ്രേയസിയുമായുള്ള പ്രണയം.
ഉന്നെ നാന്‍ വിടമാട്ടേന്‍ എന്നു പ്രേയസി പലവട്ടം അരുണിനോടു മൊഴിഞ്ഞു.
ഉന്‍ കഴുത്തില്‍ വരേയ് കാതല്‍ വന്തു കണ്‍കളില്‍ പിതുങ്കി നിന്നേന്‍ എന്ന് അരുണും!!
സ്വപ്നങ്ങളില്‍ അരുണ്‍ വീരപാണ്ഡ്യ കട്ടബൊമ്മനായി....!
പ്രേയസി കട്ടബൊമ്മന്റെ കെട്ടിയോളായി.
അരുണ്‍ എംജിആറായി. പ്രേയസി മീനച്ചിലാറായി.
തലൈവി ജയലളിതയുടെ പടത്തിനു പിന്നില്‍ അരുണ്‍ പ്രേയസിയുടെ പടമൊട്ടിച്ചു വച്ചേന്‍.
പ്രേയസി അരുണിന്റെ പടം കിട്ടാഞ്ഞു കയ്യില്‍ കിട്ടിയ തേപ്പുപലകയും കെട്ടിപ്പിടിച്ചായി ഉറക്കം.
പ്രണയത്തിന്റെ മധുരമീനാക്ഷി ക്ഷേത്രത്തില്‍ അവര്‍ വഴിയന്വേഷിച്ചു നടന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടുപോലെ അരുണ്‍ പ്രണയത്തില്‍ തുളുമ്പി. അവന്റെ കണ്‍കടാക്ഷത്തില്‍ പ്രേയസി കുടിവെള്ളം കാത്തുകിടക്കുന്ന തേനിയിലെ ചോളപ്പാടമായി. തൈരും വടയും പോലെ അവര്‍ പ്രണയിച്ചു.
കാപ്പിത്തോട്ടത്തിലെ വിളവന്വേഷിച്ചുപോയ പ്രേയസിയുടെ അപ്പന്‍ ഹൗസ് ഓണര്‍, ജൈവസമ്പുഷ്ടമായ കാപ്പിച്ചോടുകളിലെ കൈത്തഴമ്പുവീണ മരക്കമ്പുകള്‍ കണ്ടു നെടുവീര്‍പ്പെട്ടതല്ലാതെ പുറത്താരോടും ഒന്നും പറഞ്ഞില്ല. മണ്ണിലെ വളക്കൂറിന് പിന്നിലെ ജൈവബന്ധം ഭാവിയില്‍ തന്റെ മരുമകനാവുമെന്ന് ആ പാവം ചിന്തിച്ചില്ല. പ്രണയവും കാപ്പിക്കുരു വിളവും കുത്തനെ ഉയര്‍ന്നു. പ്രേയസിയുടെ വീട്ടിലോ, ബെഞ്ചമിന്റെ ലേബര്‍ ക്യാംപിലോ ആരും ഒന്നും അറിയാത്തിടത്തോളം കാലം പ്രണയത്തിന് വിള്ളല്‍ വീഴില്ലെന്ന് ഇരുവർക്കുമുറപ്പായിരുന്നു.
എന്നാല്‍, നാട്ടില്‍ പാണ്ടിവിരോധം കൊടുമ്പിരിക്കൊണ്ടു. പള്ളിക്കുന്നേല്‍ ഷാജിമോന്റെ തട്ടുകടയില്‍ രാത്രി വൈകി തട്ടടിക്കാന്‍ രണ്ടെണ്ണം വീശിച്ചെന്ന തനിനാട്ടുകാരന്‍ കട്ടഅനിലിന് തട്ടുകിട്ടിയതിന്റെ പിറ്റേന്ന് ബെഞ്ചമിന്റെ ലേബര്‍ ക്യാമ്പ് ഇളകി. നാട്ടുകാരില്‍ ഒരാളെ തട്ടിയതിന്റെ കെട്ടുതീർക്കലായിരുന്നു തനിനാട്ടുകാരുടെ ലക്ഷ്യം. തിരൈ തെന്‍ട്രലും കണ്ട് വെള്ളരിച്ചോറും ചേനസാമ്പാറും തട്ടി അകത്തിരിക്കുകയായിരുന്ന പാണ്ടികള്‍ രാത്രി കൂട്ടത്തോടെ ആക്രമിക്കപ്പെട്ടു.
ബെഞ്ചമിനോ അരുണോ സ്ഥലത്തുണ്ടായിരുന്നില്ല.
പതിനഞ്ചോളം പാണ്ടികള്‍. പത്തോളം നാട്ടുകാര്‍.
നാട്ടുകാരുടെ കയ്യില്‍ കൊന്നപ്പത്തല്‍. പാണ്ടികളുടെ കയ്യില്‍ കഞ്ഞിപ്ലേറ്റ്.
ആദ്യം നാലടി പാണ്ടികള്‍ക്കേറ്റു. അടുത്തനിമിഷം കേട്ട അലര്‍ച്ചയില്‍ ഭരണങ്ങാനം കുലുങ്ങി. മുഴക്കോലിനായിരുന്നു അടി. അടിയേറ്റുവീണ തനിനാട്ടുകാര്‍ തുണിപോലുമില്ലാതെ പലായാനം ചെയ്‌തു. ഷാജിയുടെ തട്ടുകട പൂട്ടി. മിച്ചം വന്ന മൊട്ട ഫ്രീയായിട്ടു പാണ്ടികള്‍ ഓംലറ്റ് അടിച്ചു കഴിച്ചു.
പിറ്റേന്ന് വീണ്ടും അടിപൊട്ടി. ഇത്തവണ നാട്ടുകാര്‍ക്കു നേരെ ആക്രമണം അഴിച്ചുവിട്ടത് അരുണായിരുന്നു. തന്റെ കൊളീഗ്സിനെ കൈവച്ചവര്‍ ഏത് ഊച്ചാളിയായാലും അടി മേടിക്കുമെന്ന് അലറി ആഞ്ഞടിച്ച അരുണിന്റെ പ്രയോഗത്തില്‍, നാട്ടിലെ അറിയപ്പെടുന്ന ധനികനായ രാവുണ്ണിച്ചേട്ടനും അടിതെറ്റി.
രാവുണ്ണിച്ചേട്ടന്‍ വീണ വിവരം രാവിലെ തന്നെ നാടറിഞ്ഞു. ഹൗസ് ഓണറും അറിഞ്ഞു. രാവുണ്ണിച്ചേട്ടന്റെ പ്രഖ്യാപിത ശത്രുവായിരുന്ന ഹൗസ് ഓണര്‍ക്ക് അരുണിനോട് ഉണ്ടായ സ്നേഹം സ്വന്തം മരുമകനോടു തോന്നുന്നതിലും അപ്പുറമായിരുന്നു. അതിരാവിലെ ഹൗസ് ഓണര്‍ ലേബര്‍ ക്യാംപിലെത്തി.
ഹൗസ് ഓണര്‍ വരുന്നതു കണ്ടതേ അരുണിന്റെ ചങ്കിന്റെ കോണ്‍ക്രീറ്റ് ഇളകി. പക്ഷേ നേരെ ക്യാംപിലെത്തിയ ഹൗസ് ഓണര്‍, അരുണിനെ കെട്ടിപ്പിടിച്ചു. തലേന്നത്തെ കള്ളിന്റെ തികട്ടി വന്ന ഏമ്പക്കം പിടിച്ചുകെട്ടി അരുണ്‍ ആ പിടിയില്‍ അലിഞ്ഞുനിന്നു.
നാട്ടുകാരില്‍ ഭൂരിഭാഗവും ആശുപത്രിയിലായിരുന്നു. അതില്‍ മഹാഭൂരിപക്ഷവും എണ്ണത്തോണിയില്‍. മുഴക്കോലിനുള്ള അടികൊണ്ട ഭാഗം മുഴ്ച്ചുവന്നു. മുഴയന്മാരുടെ എണ്ണം നാട്ടില്‍കൂടി. അതോടെ, ഹൗസ് ഓണറെ നേരില്‍ കാണാന്‍ എല്ലാവരും ചേര്‍ന്നു തീരുമാനിച്ചു.അരുണിനെയും ബെഞ്ചമിനെയും നാട്ടില്‍നിന്നു കെട്ടുകെട്ടിക്കണമെന്ന നാട്ടുക്കൂട്ടത്തിന്റെ ആവശ്യത്തിനു നേര്‍ക്ക് ഹൗസ് ഓണര്‍ കാര്‍ക്കിച്ചു തുപ്പിയതോടെ അന്ത വഴിയുമടഞ്ഞു!!!
ഇനി എന്തു ചെയ്യും?
പാണ്ടിയുടെ ഇരുമ്പു മസിലിനു നേര്‍ക്ക് നാട്ടുകാര്‍ ബ്രോയിലര്‍ മസിലു മുഴപ്പിച്ചിട്ടു കാര്യമില്ല എന്നു ബുദ്ധിയുള്ളവര്‍ പറഞ്ഞു. എങ്ങനെയും പാണ്ടികളെ നാട്ടില്‍നിന്നു പായിക്കണം. അതുമാത്രമായി നാട്ടുകാരുടെ ചിന്ത.ഇതേസമയം, പ്രേയസിയുമായി നാടുവിടുന്നതിനെക്കുറിച്ചുള്ള ആലോചനകളിലായിരുന്നു അരുണ്‍. പ്രേയസിക്കു തന്നോടുള്ള പ്രേമം ബിര്‍ല സിമന്റിനെക്കാള്‍ സ്ട്രോങ്ങ് ആണെന്ന് അരുണിനു നിശ്ചയമായിരുന്നു.തെല്ലും ചരലു ചേരാത്ത ഒന്നാന്തരം തേപ്പുചാന്തു പോലെയായിരുന്നു അത്.
നാടുവിടുന്നതിനെക്കുറിച്ചുള്ള അരുണിന്റെയും പ്രേയസിയുടെയും ചിന്തകള്‍ക്കു മുകളിലൂടെ ഒരു ദിവസം അഭ്യാസി ആനന്ദന്‍െറ ഓട്ടോയില്‍ കെട്ടിയ കോളാമ്പി അനൗണ്‍സ്മെന്റ് കടന്നുപോയി.
ഭരണങ്ങാനത്ത് ഒരു സിനിമാകൊട്ടക!! തമിഴ് സിനിമയ്ക്കു മാത്രമായൊരു സിനിമാ കൊട്ടക.
ഇന്തവാരം കളിക്കും തിരൈപടം - കുന്തം കുലുക്കി അണ്ണന്‍ കാതല്‍ (ഷേക്സ്പിയര്‍ ഇന്‍ ലൗ)..........!!!
(ഇനീം തുടരും)
13 comments:
eni entankum? pazhaya a gummu ellallo bhai...
തുടരണം ...
:)
ഇന്തവാരം കളിക്കും തിരൈപടം - കുന്തം കുലുക്കി അണ്ണന്‍ കാതല്‍ (ഷേക്സ്പിയര്‍ ഇന്‍ ലൗ)..........!!! :D
സുനീഷേ ആദ്യത്തെപോലെ വായനാ സുഖം തോന്നിയില്ല. പലതും തമാശക്കുവേണ്ടി മനപ്പൂര്‍വ്വം കുത്തികേറ്റിയപോലെ. ചിലതെല്ലാം മുഴച്ചുനില്‍ക്കുന്നു, അടികൊണ്ട നാട്ടുകാരുടെ മുഴ പോലെ.
എഴുതാന്‍ വേണ്ടി എഴുതിയതാണോ?)
അടുത്തതില്‍ ഉഷാറാകും എന്ന് കരുതുന്നു
നന്ദന്‍/നന്ദപര്‍വ്വം
being a pala native, i really like all ur posts..i can touch a "pala beat" on ur every post excluding d last one..like everyone said..dis is not up to ur range..plz do not stop writing..these kind of posts are the only relief which we got in our busy boaring tech life..i am writing dis from rajagiri cochin..please understand dat der r 10+ readers in our campus for ur posts..dnt be get exited..we expect more from u..write a lot..we wish u all the best
മോശമായില്ല. ഇനീം തുടരണം
ആദ്യഭാഗം പോലെ നന്നായിത്തോന്നിയില്ല.
തുടരട്ടങ്ങനെ തുടരട്ടേ...
Kuntham Kulukki annan Kalalli.. I really enjoyed this story too.. Waiting 4 the 3rd Part... pinne Pranayam nannayi Describe cheythu..
upamakal thakarkkukayanallo!!
pazhayathu pole eeekkkunnnillllalllooooo..............
വന്നല്ലോ വന്നല്ലോ ഭരണങ്ങാനം വന്നല്ലോ .. അപ്പൊ മാഷേ നമ്മള്‍ ഒകെ വായിക്കാന്‍ റെഡി പോരട്ടെ ബാക്കി :)
ഭാഗം ഒന്നും രണ്ടും , 'കിലുക്കവും' 'കിലുക്കം കിലുകിലുക്കവും' പോലെയായി എന്നു പറയാന്‍ ചെറിയ ഒരു പേടിയുണ്ട്.
Sunieesh bhaay...
thirichu varav nannaayi.. benjamin onnum randum vaayichu..sambhavam ugran.. waiting for the next episode.
khodugai bro :)
ഇന്തവാരം കളിക്കും തിരൈപടം - കുന്തം കുലുക്കി അണ്ണന്‍ കാതല്‍ (ഷേക്സ്പിയര്‍ ഇന്‍ ലൗ)..........!!
ഹഹഹഹ.തുടരു
Post a Comment