അവന് അവളോടു പ്രേമമൊന്നുമില്ലായിരുന്നു.
പക്ഷേ, അവന്‍ അവളെ പ്രേമിക്കണമെന്നു നിര്‍ബന്ധം ഞങ്ങള്‍ക്കായിരുന്നു. ഞങ്ങളെന്നു പറഞ്ഞാല്‍ ഞങ്ങള്‍ നാലുപേര്‍. അവനും കൂടിയാകുമ്പോള്‍ അഞ്ചുപേര്‍. പഞ്ചപാണ്ഡവര്‍. പക്ഷേ, പാഞ്ചാലി എന്ന സെറ്റപ്പിനോടു ഞങ്ങള്‍ക്കു യോജിപ്പില്ലായിരുന്നു.
അവന് അവളോടു പ്രേമമൊന്നുമില്ലായിരുന്നു എന്ന് ആവര്‍ത്തിക്കട്ടെ. എന്നിട്ടും അവന്‍ അവളെ പ്രേമിച്ചു തുടങ്ങി. ആദ്യം മനസ്സില്ലാമനസ്സോടെ തുടങ്ങിയ സംഗതി ഒടുവില്‍ അവള മറക്കാന്‍ എനിക്കു മനസ്സില്ലെടാ എന്നു പറയുന്നിടം വരെയെത്തിച്ചപ്പോളാണു ഞങ്ങള്‍ വിജയിച്ചതായി ഞങ്ങള്‍ക്കു തന്നെ തോന്നിയത്.
ലെവനെ ചുമക്കാന്‍ എനിക്കു മനസ്സില്ലെടാ എന്നതായിരുന്നു അവളുടെ ലൈന്‍. പക്ഷേ, കൂട്ടത്തിലെ അനുഭവസമ്പന്നനും ധൈര്യശാലിയുമായ ഭീമന്‍ പറഞ്ഞു-
എടാ അര്‍ജുനാ, നീ ധൈര്യമായിട്ടു പ്രേമിച്ചോ... ഞങ്ങളുണ്ടു കൂടെ...
എടാ അവളുടെ അപ്പന്‍?
ഒന്നുപോടാ... ഞാനില്ലേ കൂടെ? പോരെങ്കില്‍, കരാട്ടെ ബ്ളായ്ക്ക് ബെല്‍റ്റായ യുധിഷ്ഠിരന്‍, കളരിയഭ്യാസിയായ നകുലന്‍, ഗുസ്തിക്കാരനായ സഹദേവന്‍ പോരേ?? പോരേന്ന്???
എടാ അവളുടെ നാല് ആങ്ങളമാര്‍???
അതിനെന്താ? അവളുടെ മൂത്തചേട്ടനെ ഞാന്‍ നോക്കിക്കൊള്ളാം. ബാക്കി മൂന്നെണ്ണത്തിനേം യെവന്‍മാരു മൂന്നും നോക്കിക്കൊള്ളുമെടേയ്.. പിന്നെന്തിനാ പേടിക്കുന്നത്?
എടാ എന്‍റെ അപ്പന്‍?
അതു സില്ലി മാറ്ററല്ലേ? നിന്‍റെ അമ്മയോടു പറഞ്ഞാല്‍ പോരേ???
അപ്പം അമ്മയെ ആരു നോക്കുമെടേയ്?
അതിനു നീയില്ലേ? അവളെത്തന്നെ കെട്ടണമെന്നു നീ പിടിവാശിയില്‍ തുടരുമ്പോള്‍ ഏതമ്മയാണെടാ പിടിവിട്ടുപോകാത്തത്?
നേരാണല്ലേ?
പിന്നെ, സംശയമുണ്ടോ?
സംശയമുണ്ട്!!
എന്തു സംശയം?
അവള്‍ക്ക് എന്നെ ഇഷ്ടമാണോന്ന്!!!
ഒറ്റച്ചവിട്ടു തന്നാലുണ്ടല്ലോ!! എടാ അവള് ഇഷ്ടമില്ലെന്നേ പറയൂ... ഇഷ്ടമാണെന്നു പറഞ്ഞാലേ നമ്മളു സംശയിക്കേണ്ടതുള്ളൂ.
അതെന്തിനാ സംശയിക്കുന്നത്?
ചുമ്മാ ഒരു രസത്തിന്. ഒരു പെണ്ണും ചാടിക്കേറി ഇഷ്ടമാണെന്നു പറയത്തില്ലെടാ ഉവ്വേ?
ഉറപ്പാണോ?
എനിക്കു നല്ല ഉറപ്പാ...
അതിനു നീ പ്രേമിച്ചിട്ടില്ലല്ലോ..
.
പ്രേമിച്ചിട്ടില്ലെങ്കിലെന്താ? നിന്നെപ്പോലുള്ളവര്‍ക്കു പ്രേമിക്കാന്‍ ഒത്താശ ചെയ്തുചെയ്തു എനിക്കിപ്പം വല്യ വിവരമായെടേയ്!!
ഓ അതു ശരി. എന്നാല്‍പ്പിന്നെ പ്രേമിക്കാമല്ലേ?
തീര്‍ച്ചയായും. - ഭീമനൊപ്പം യുധിഷ്ഠരനും നകുലനും സഹദേവനും യേസ് മൂളി.
അര്‍ജുനന് ആത്മവിശ്വാസമായി.
പ്രേമിക്കാനുള്ള പത്തുവഴികള്‍ എന്ന പുസ്തകം ലൈബ്രറിയില്‍നിന്നെടുത്തു. പ്രാക്ടിക്കല്‍ ക്ളാസു കട്ടു ചെയ്തിരുന്നു വായിച്ചു പഠിക്കാന്‍ തുടങ്ങി. വായന പൂര്‍ത്തിയായതിന്‍റെ പിറ്റേന്ന്, അവള് രാവിലെ വീട്ടില്‍നിന്നു വരുംവഴി കോളജ് കവാടത്തിനു പുറത്തുനിന്ന് അര്‍ജുനന്‍ ജീവിതത്തിലാദ്യമായി ആ കടുംകൈ ചെയ്തു.
അവളു നേരെ മുന്നിലെത്തിയപ്പോള്‍ കയ്യിലിരുന്ന പുസ്തകം വിറയാര്‍ന്ന കയ്യാല്‍ അപേക്ഷയെന്നോണം പിടിച്ച് അവളോട് നേരിട്ടങ്ങു പറഞ്ഞു.
എനിക്കുനിന്നെ ഇഷ്ടമാണ്. ഇപ്പം കല്യാണം കഴിക്കണം!!!
അവളതുകേട്ടു ഞെട്ടി. (ഞെട്ടല്‍ ഭാവിച്ചതാണോ എന്നറിയില്ല. കാരണം, നകുലനും സഹദേവനും ഭീമനും യുധിഷ്ഠിരനും ഒളിച്ചിരുന്ന റബര്‍ത്തോട്ടത്തില്‍നിന്നു നോക്കിയാല്‍ സംഗതി ഒന്നുമങ്ങു വ്യക്തമല്ലായിരുന്നു!)
കോളേജിലേക്കു വന്ന അവളു കരഞ്ഞുകൊണ്ടു നേരെ വീട്ടിലേക്കോടി.
രണ്ടുദിവസം അവളെ കോളജില്‍ കണ്ടില്ല. അന്വേഷിച്ചപ്പോള്‍ പനി പിടിച്ചു കിടക്കുകയാണെന്നു കേട്ടു. അര്‍ജുനനും കോളജില്‍ വന്നില്ല. അടികൊണ്ടു ചാകാന്‍ ഞാനില്ലെന്നായിരുന്നു വിളിച്ചപ്പോള്‍ കിട്ടിയ മറുപടി.
പേടിച്ചുണ്ടായ പനി മാറി അവളു വീണ്ടും കോളജില്‍ വന്നു തുടങ്ങി.
എന്നിട്ടും അവന്‍, അര്‍ജുനന്‍ വന്നില്ല. ഒടുക്കം, പത്തുമുപ്പതുരൂപ ഓട്ടോറിക്ഷക്കൂലി കൊടുത്ത് ഒരുവിധം വീട്ടിലെത്തി പഞ്ചപാണ്ഡവരിലെ ബാക്കിനാലുപേരും ചേര്‍ന്ന് അര്‍ജുനനെ അനുനയിപ്പിച്ച് കോളജില്‍ വരാന്‍ കഷ്ടപ്പെട്ടു സമ്മതിപ്പിച്ചു.
അവളും കോളജില്‍. പിറ്റേന്നു മുതല്‍ അവനും കോളജില്‍. എന്തും സംഭവിക്കാം...!!
യുധിഷ്ഠിരനും ഭീമനും ത്രില്ലിലായിരുന്നു. നകുലനും സഹദേവനും അത്ര ത്രില്ലുപോരായിരുന്നു. എങ്കിലും, അടി കിട്ടുകയാണേല്‍ ഒന്നിച്ചല്ലേ കിട്ടുകയൊളളു എന്നോര്‍ത്തപ്പോള്‍ ധൈര്യം കൂടിയപോലെ.
പിറ്റേന്ന്, ക്ളാസില്‍ ആദ്യമെത്തിയത് അവളായിരുന്നു. അര്‍ജുനന്‍റെ പാഞ്ചാലി.
അര്‍ജുനന്‍ എത്താന്‍ ഒരുപാടു വൈകി. ആരുടെയും മുഖത്തുനോക്കാതെ അര്‍ജുനന്‍, ഒരു വശത്തുകൂടി വന്ന് ക്ളാസില്‍ ഏറ്റവും പിന്നിലെ പഞ്ചപാണ്ഡവരുടെ ബെഞ്ചില്‍ വന്നിരുന്നു. പേടിയോടെ അവള്‍ അര്‍ജുനന്‍റെ മുഖത്തേക്കൊന്നു നോക്കി. അര്‍ജുനന്‍ അതിനെക്കാള്‍ പേടിയോടെ അവളുടെ മുഖത്തേക്കും.
ഇരുവരും ഈവിധത്തില്‍ പരസ്പരം നോക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ട നാള്‍ ഭീമനു ക്ഷമകെട്ടു.
അങ്ങോട്ടുമിങ്ങോട്ടും നോക്കിക്കൊണ്ടിരുന്നാല്‍ ക്ളാസു തീരുമ്പോള്‍ അവള്‍ അവളുടെ പാട്ടിനു പോകും. നീ അവളോട് ഇന്നാളം പറഞ്ഞത് ഒന്നൂടെ പറയെടാ....
ഞാന്‍ ഇനീം പറയണോ?
പറയാതെ പിന്നെ കാര്യം നടക്കുമോ?
നടക്കും. ഇല്ലേല്‍ ഓടും!!
ആര്?
ആരുമല്ല. നീ പറ!!!
പറയാമെന്ന് അവന്‍ വീണ്ടും തീരുമാനിച്ചു.
പിറ്റേന്ന് അവള്‍ കോളജ് വിട്ടു വീട്ടിലോട്ടു പോകുംവഴി അവന്‍ കാര്യം പറഞ്ഞു. കഴിഞ്ഞതവണത്തേക്കാള്‍ അല്‍പംകൂടി മയത്തില്‍!!
എനിക്കു തന്നെ ഇഷ്ടമാണ്. ലോകത്തില്‍ ആര്‍ക്കും തോന്നാത്തത്ര ഇഷ്ടം. എന്നെ ഇഷ്ടമാണോ എന്നറിയണം.ആലോചിച്ച് ഒരു മറുപടി പറഞ്ഞാല്‍ മതി!
അവള് ആലോചിക്കാതെ തന്നെ മറുപടി പറഞ്ഞു.
അല്ല!!!
അര്‍ജുനന്‍റെ ആത്മവിശ്വാസം അപ്പാടെ പോയി. അവന്‍, അവളു പോയ വഴിയില്‍ അതേ പടി കുത്തിയിരുന്നു. പക്ഷേ, ബാക്കിനാലിനും ആത്മവിശ്വാസമേറി.
ഇത്തവണ മുന്‍കൈയെടുത്തത് നകുലനായിരുന്നു.
എടാ, അവള്‍ക്കു നിന്നെ ഇഷ്ടമല്ലെന്നല്ലേ പറഞ്ഞത്? അതേ അവളെക്കൊണ്ട് നിന്നെ ഇഷ്ടമാണെന്നു പറയിക്കുന്ന കാര്യം ഞാനേറ്റു!!
നകുലന്‍ കുശാഗ്രബുദ്ധിയുടെ രാജാവായിരുന്നു. അക്കാര്യത്തില്‍ ഭീമനും യുധിഷ്ഠിരനും സഹദേവനും പോലും അവനോടു ബഹുമാനായിരുന്നു.
അന്നു വൈകിട്ട്, ക്ളാസില്‍നിന്ന് എല്ലാവരും പോയിക്കഴിഞ്‍പ്പോള്‍ കോളജിനടുത്ത കടയില്‍നിന്നു വാങ്ങിയ പുതിയ റേസര്‍ ബ്ളേഡുമായി നകുലനും ഭീമനും ക്ളാസ് മുറിയില്‍ പ്രവേശിച്ചു. ക്ളാസില്‍ അവളിരിക്കുന്ന ഡെസ്കില്‍ അവളിരിക്കുന്ന ഭാഗം വളരെ വൃത്തിയായി ചുരണ്ടി വെളുപ്പിച്ചു. വീട്ടില്‍നിന്ന് അന്നു രാവിലെ പൊക്കിക്കൊണ്ടുവന്ന കല്യാണക്കുറി ഒരെണ്ണം എടുത്തു നിവര്‍ത്തിവച്ചു. എന്നിട്ടു നല്ല വടിവൊത്ത അക്ഷരത്തില്‍, അത് അതേപടി ഡെസ്കിലോട്ടു പകര്‍ത്തി.
ചെറിയ ചില മാറ്റങ്ങള്‍ മാത്രം. വധുവിന്‍റെ സ്ഥാനത്ത് അവളുടെ പേര്!!
വരന്‍റെ സ്ഥാനത്ത് ക്ളാസിലെ ഒന്നാം നമ്പര്‍ അലമ്പനും തനിചെറ്റയും എന്നു വിളിപ്പേരുള്ള യുധിഷ്ഠിരന്‍റെ പേരും എഴുതപ്പെട്ടു.
പിറ്റേന്ന് അതിരാവിലെ ക്ളാസില്‍ എത്തുന്ന അവളിതു കാണും. യുധിഷ്ഠരന്‍ വേണോ അര്‍ജുനന്‍ വേണോ എന്ന സംശയം അവള്‍ക്കുണ്ടാവും. അതില്‍, അര്‍ജുനനു നറുക്കുവീഴും. തല്‍ക്കാലം ഇക്കാര്യം യുധിഷ്ഠിരനോടു പറയേണ്ട. -
നകുലന്‍ മൊഴിഞ്ഞു.
ഭീമനു സന്തോഷമായി. തനിക്കില്ലാത്തതു നകുലനു സമൃദ്ധമായുണ്ട്!!
പിറ്റേന്നു പാണ്ഡവര്‍ എത്താന്‍ അല്‍പം വൈകി. ക്ളാസില്‍ വലിയൊരു ആള്‍ക്കൂട്ടം.
പെട്ടെന്നു നകുലനും ഭീമനും വലിഞ്ഞു. കാര്യമറിയാതെ ക്ളാസിലേക്കു ചെന്ന യുധിഷ്ഠിരന്‍റെ നേര്‍ക്കു ക്ളാസ് ഒന്നടങ്കം വെട്ടിത്തിരിഞ്ഞു.
ദേണ്ടെ അവന്‍!!
ആള്‍ക്കൂട്ടത്തിനു നടക്കുനിന്ന് പ്രിന്‍സിപ്പലച്ചന്‍ വെട്ടിത്തിരിഞ്ഞു.
യുധിഷ്ഠിരന്‍ വായ് പൊളിച്ചു നിന്നു. നിന്ന നില്‍പില്‍ അച്ചന്‍ അവനെയും പിടിച്ചുകൊണ്ട് ഓഫിസ് റൂമിലേക്കു പോയി!!
അച്ചന്‍ പോയ പിന്നാലെ, ആള്‍ക്കൂട്ടവും പോയി. ആള്‍ക്കൂട്ടമൊഴിഞ്ഞ ക്ളാസ് റൂമില്‍ സഹദേവനും അര്‍ജുനനും ബാക്കിയായി.
അവിടെ, ഡെസ്കില്‍ തല വച്ചു പൊട്ടിക്കരയുന്നു അവള്‍!!
അര്‍ജുനന്‍ഞെട്ടി.
എന്താണു കാര്യം????
ക്ളാസിലുള്ള മറ്റാരോ പറഞ്ഞു.
നിന്‍റെ കൂട്ടത്തില്‍ നടക്കുന്ന മറ്റവനില്ലേ? യുധിഷ്ഠിരന്‍. അവന് ഇവളോടു പ്രേമമാണത്രേ. പോരാത്തതിന് അവന്‍റെയും ഇവളുടെയും പേരെഴുതിയ കല്യാണക്കുറി ഇതാ ആ ഡെസ്കില്‍ എഴുതിയിടുകയും ചെയ്തു.
അര്‍ജുനന്‍ വീണ്ടും ഞെട്ടി.
ശബ്ദമുണ്ടാക്കാതെ കരയുന്ന അവളുടെ അടുക്കലേക്ക് ശബ്ദമുണ്ടാക്കാതെ അവന്‍ നടന്നെത്തി. പതിയെ കുനിഞ്ഞു ഡെസ്കിലേക്കു നോക്കി. ശരിയാണ്, കല്യാണക്കുറി...
പക്ഷേ കയ്യക്ഷരം?!!!
ഇത്രയും മനോഹരമായി എഴുതാന്‍ യുധിഷ്ഠിരന് അറിയില്ല. എങ്കിലും നല്ല പരിചയമുള്ള കയ്യക്ഷരം!!
അര്‍ജുനന്‍റെ ചിന്ത കറങ്ങിത്തിരിഞ്ഞ് നകുലന്‍റെ അടുക്കലെത്തി.
അപ്പോള്‍ യുധിഷ്ഠിരന്‍ ചെയ്യാത്ത കുറ്റത്തിനു കുരിശിലേറ്റപ്പെടാന്‍ പോകുന്ന യേശുക്രിസ്തുവിനെപ്പോലെ, പീലാത്തോസായ പ്രിന്‍സിപ്പിലച്ചന്‍റെ മുറിയില്‍ അവസാനത്തെ ലാപ്പ് കരുണയും യാചിച്ചുകഴിഞ്ഞിരുന്നു.
അച്ചോ, ഞാനല്ല, എന്‍റെ ക്ളാസിലെ അര്‍ജുനനും അവളും തമ്മില്‍ പ്രേമത്തിലാ... അതു കലക്കാന്‍ വേറെ ആരോ ചെയ്ത പണിയാ....
പ്രേമമെന്നു കേട്ടതും അച്ചനു തലകറങ്ങി..
നീയൊക്കെ വരുന്നതു പഠിക്കാനോ പ്രേമിക്കാനോ?
ഞാന്‍ വരുന്നതു പഠിക്കാനാ അച്ചാ, പ്രേമിക്കാന്‍ വരുന്നത് അവനാ... അര്‍ജുനന്‍..
ഓ ശരി ശരി ശരി... നിന്‍റെ അപ്പനെന്നതാ പണിയെന്നാ പറഞ്ഞേ?
പണിയൊന്നുമില്ലച്ചോ....
അതെന്നാടാ അങ്ങനെ?
പ്ളാന്‍ററാ അച്ചോ....
അതുശരി. നമ്മുടെ ലൈബ്രറി ഫണ്ടിലേക്ക് നാളെ വരുമ്പോള്‍ അഞ്ഞൂറുരൂപ അടച്ചേക്കണം. അതുകഴിഞ്ഞു ക്ളാസില്‍ കയറിക്കോ. ഇപ്പം പൊയ്ക്കോ....!!
അടുത്തഷോട്ടില്‍ പ്രിന്‍സിപ്പിലച്ചന്‍റെ മുറിയില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവള്‍ പ്രത്യക്ഷപ്പെട്ടു. അടുത്ത നിമിഷം അവനും. അര്‍ജുനന്‍!!!
ഈ സമയം, കരാട്ടെ ബ്ളായ്ക്ക് ബെല്‍റ്റായ ശ്രീ യുധിഷ്ഠിരന്‍ ഭീമനെയും നകുലനെയും സഹദേവനെയും അടുത്തുള്ള റബര്‍തോട്ടത്തില്‍ വച്ച് എടുത്തിട്ടു പൂശുകയായിരുന്നു. സഹദേവനാണ് ഏറ്റവുമധികം ഇടികൊണ്ടത്. കാരണം, എനിക്കൊന്നുമറിയില്ലേ എന്ന് ഏറ്റവുമധികം കരഞ്ഞുപറഞ്ഞത് അവനായിരുന്നു. അതുകൊണ്ടു തന്നെ ഇടിയുടെ എണ്ണവും കൂടി.
ഒടുവില്‍ ഭീമന്‍, നകുലനെ ചൂണ്ടി ഉള്ള സത്യങ്ങള്‍ വിളിച്ചു പറഞ്ഞു. എല്ലാം അര്‍ജുനനു വേണ്ടിയാണല്ലോ എന്നോര്‍ത്തപ്പോള്‍ വിശാലമനസ്കനായ യുധിഷ്ഠിരന്‍ തണുത്തു.
അപ്പോള്‍ പക്ഷേ, പ്രിന്‍സിപ്പിലച്ചന്‍റെ മുറിയില്‍ അങ്ങേരു ചുട്ടുപഴുത്തു നില്‍ക്കുകയായിരുന്നു.
നീയും ഇവനും തമ്മില്‍ പ്രേമത്തിലാണോ?
അച്ചന്‍റെ ചോദ്യം കേട്ട് അവളു ഞെട്ടി!!
അര്‍ജുനനോടായി അടുത്ത ചോദ്യം.
എടാ, നിനക്ക് ഇവളോടു പ്രേമമാണോ?
അതേ- അര്‍ജുനന്‍ മൊഴിഞ്ഞു.
അച്ചന് അതുമതിയായിരുന്നു.
അവള്‍ക്ക് അവനോട് പ്രേമമാണോ എന്ന് അച്ചന്‍ ചോദിച്ചില്ല. അതിന്‍റെ ആവശ്യമുണ്ടെന്ന് ആ പാവത്തിനു തോന്നിയില്ല. അച്ചനല്ലേ?!!
അടുത്ത നിമിഷം കരഞ്ഞുവീങ്ങിയ കണ്ണുമായി പോയവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വീട്ടില്‍പ്പോയി.
സംഗതി കുളമായിരിക്കുന്നു.
പിറ്റേന്ന് അര്‍ജുനന്‍ കോളജില്‍ വന്നപ്പോള്‍ ഭീമനെയും നകുലനെയും വിളിച്ചു മാറ്റിനിര്‍ത്തി ഷര്‍ട്ട് പൊക്കിക്കാട്ടി.
അരയില്‍ ഒന്നാന്തരമൊരു പിച്ചാത്തി.
അവളുടെ ആങ്ങളമാരു വന്നാല്‍ അവന്‍മാരെ ഞാന്‍ തട്ടും. ജയിലില്‍ കിടന്നാല്‍ അവളു വേറെ കല്യാണം കഴിക്കാതെ നിങ്ങളു നോക്കിക്കൊള്ളണം...!!
പക്ഷേ, ആരും വന്നില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ അവള്‍ ക്ലാസില്‍ വരാന്‍ നോക്കി.
യുധിഷ്ഠിരനും അര്‍ജുനനും മുന്നിലൂടെ ഒരു കൂസലുമില്ലാതെ അവള്‍ കടന്നുപൊയ്ക്കൊണ്ടിരുന്നു. യുധിഷ്ഠിരന് അതു പ്രശ്നമല്ലായിരുന്നു. പക്ഷേ, പാവം അര്‍ജുനന്‍, അവനത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അവളുടെ ലക്ഷ്യവും അതായിരുന്നു.
പരീക്ഷയുടെ അവസാന ദിവസം.
പരീക്ഷയും പ്രണയവും തോറ്റുപോയെന്നുറപ്പിച്ച അര്‍ജുനന്‍റെ മുന്‍പിലെത്തി അവള്‍ ആദ്യമായി ചിരിച്ചു.
അര്‍ജുനന് ഇനിയെന്താ പ്ളാന്‍?
അങ്ങനെയൊന്നുമില്ല.
അതെന്താ അങ്ങനെ?
ഓ...പഠിച്ചിട്ട് എന്തിനാ?
അയ്യോ അങ്ങനെ പറയരുത്. ഞാന്‍ ഇവിടെത്തന്നെ ഡിഗ്രിക്കു ചേരുവാ... പറ്റുമെങ്കില്‍ ഇവിടെത്തന്നെ ചേരാന്‍ നോക്ക്!!
അര്‍ജുനന് അവളു മനോഹരമായി സമ്മാനിച്ച സിഗ്നല്‍ പിടികിട്ടി. അവന്‍റെ ഉള്ളുകാളി!
പഠിപ്പിച്ച സാറിനെയും പഠിച്ച കോളജിനെയുമുള്‍പ്പെടെ 'സഭ്യ'ഭാഷയില്‍ ഉപന്യസിച്ചിരിക്കുന്ന ആ ഉത്തരപ്പേപ്പറുകള്‍ ഒന്നാകെ പിടിച്ചുവാങ്ങി തീയിട്ട ശേഷം പുതിയതായി ഒന്നുകൂടി പരീക്ഷയെഴുതാന്‍ ആ നിമിഷം അവനു തോന്നിപ്പോയി.
പക്ഷേ എന്തു ചെയ്യാം
അങ്ങനെ അര്‍ജുനന്‍ , പരീക്ഷയില്‍ തോറ്റു. അവളു ജയിച്ചു. ഭീമനും യുധിഷ്ഠിരനും നകുലനും സഹദേവനും പരീക്ഷയില്‍ ജയിച്ചു. അര്‍ജുനന്‍ മാത്രം ഒറ്റയ്ക്കായി.
എല്ലാ പരീക്ഷകളും തോറ്റതിന്‍റെ വിഷാദത്തില്‍ അര്‍ജുനന്‍ നാടുവിട്ടു. പിന്നെയാരും അര്‍ജുനനെ കണ്ടിട്ടില്ല. കേട്ടിട്ടില്ല!!!
>>> >>> >>>
ഇന്നലെ നട്ടുച്ചയ്ക്കു കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്ന നകുലന്‍റെ സെല്‍ ഫോണ്‍ ശബ്ദിച്ചു.
എടാ ഇതു ഞാനാ, ആര്‍ജുനന്‍. ഞാനിപ്പം ബഹ്റൈനിലാ. അവധിക്കു നാട്ടില്‍ വന്നതാടാ...
ഇത്രയും കാലം നീയെവിടാരുന്നെടാ??
അതൊക്കെ നേരിട്ടു കാണുമ്പോള്‍ പറയാം. നീ നാട്ടിലോട്ടു വാ...
എന്തൊക്കെയാടാ വിശേഷങ്ങള്‍?
എന്‍റെ കല്യാണമാണ് അടുത്ത ഒന്‍പതിന്. നീ വരണം.
എവിടെനിന്നാടാ പെണ്ണ്?
എടാ അവളു തന്നെ. നമ്മുടെ പാഞ്ചാലി....!!!
ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്ന് നകുലന്‍റെ ഫോണ്‍ അടുത്ത നിമിഷം സ്വിച്ചോഫായി!!!!!
