കൊച്ചന്നാമ്മയ്ക്കു കല്യാണ പ്രായമായി.
കൊച്ചന്നാമ്മയുടെ അപ്പച്ചന് അവുസേപ്പുചേട്ടനും അമ്മച്ചി മേരിച്ചേട്ടത്തിയും കൊച്ചന്നാമ്മയ്ക്കു പറ്റിയ കൊച്ചന്മാരെ കണ്ടെത്താനുള്ള പരക്കം പാച്ചില്‍ തുടങ്ങി. ഭരണങ്ങാനത്തെ അറിയപ്പെടുന്ന തറവാട്ടുകാരായതിനാല്‍ കൊച്ചിനു നാട്ടില്നിന്നെങ്ങും ചെക്കന്മാരു വേണ്ടെന്നു തീരുമാനിച്ചത് അവരുടെ കുടുംബയോഗമായിരുന്നു. കുടുംബദ്രോഹക്കാരുടെ തീരുമാനം കൊച്ചന്നാമ്മയുടെ അപ്പച്ചനും അമ്മച്ചിയും ശിരസാ വഹിക്കാനും തീരുമാനിച്ചു. അതുമൂലം പാലാ രൂപത വിട്ട് സമീപത്തെ ചങ്ങനാശേരി, എറണാകുളം, കോതമംഗലം, കാഞ്ഞിരപ്പള്ളി തുടങ്ങിയ രൂപതകളിലെ ഏതേലും തറവാട്ടില്പ്പിറന്ന കൊച്ചന്മാരുടെ കയ്യില്‍ കൊച്ചന്നാമ്മയെ പിടിച്ചേല്പ്പിക്കാനായിരുന്നു അവരുടെ പ്ളാന്‍.
പാവം കൊച്ചന്നാമ്മ. അവളിതൊന്നും അറിയാതെ അങ്ങു തിരുവനന്തപുരത്ത് ടെക്നോ പാര്‍ക്കില്‍ പ്രോജക്ട് ലീഡറെ ഒടുക്കത്തെ പ്രാക്കും പ്രാകി, വൈകിട്ട് കാര്യവട്ടം ക്യാംപസിനു മുന്നില്‍ കാറ്റുകൊളളാനിറങ്ങുന്ന വായിനോക്കികളെ മനസ്സില്‍ അടച്ചാക്ഷേപിച്ച് അടിച്ചുപൊളിച്ചു ജീവിച്ചുവരികയായിരുന്നു.
വീട്ടിലെ വിളിപ്പേരായ കൊച്ചന്നാമ്മ എന്ന മാമോദീസാപ്പേര് പുറം ലോകമറിയാതിരിക്കാന്‍ വീട്ടുകാരു തന്നെ അവള്‍ക്കിട്ട മറ്റൊരു പേരുണ്ടായിരുന്നു. അന്ന. ഫയദോര്‍ ദസ്തയേവസ്കിയുടെ ഭാര്യയായിരുന്ന അന്ന സ്ക്രോട്ട്നിവിച്ച മുതല്‍ യേശുക്രിസ്തുവിന്റെ അമ്മ മറിയത്തിന്റെ മാതാവ് അന്ന വരെ നീളുന്ന പ്രമാണ്യവനിതാര്തനങ്ങളുടെ നിരയില്‍ അങ്ങനെ അവളുടെ പേരും എഴുതപ്പെട്ടിരുന്നു. കൊച്ചന്നാമ്മയെന്നു നാട്ടുകാരു കേള്‍ക്കെ ആരെങ്കിലും വിളിച്ചാല്‍ പൊട്ടിത്തെറിക്കുമെങ്കിലും കൊച്ചിന് ഉള്ളില്‍ കൊച്ചന്നാമ്മയെന്ന പേരായിരുന്നു കൂടുതല്‍ ഇഷ്ടം.
കൊച്ചന്നാമ്മയ്ക്കു നാട്ടിലെ കണ്ട്രികളായ പെണ്കൊച്ചുങ്ങളോടൊക്കെ ഒരുതരം പുച്ഛമായിരുന്നു. ഭരണങ്ങാനത്തെ ഒരുവിധപ്പെട്ട തറവാട്ടില്പ്പിറന്ന പെണ്കൊച്ചുങ്ങള്ക്കൊന്നും തന്റെയത്ര ഇന്റലിജന്റ് ക്വോഷ്യന്റോ ഇമോഷണല്‍ ക്വോഷ്യന്റോ ഇല്ലെന്നു കൊച്ചന്നാമ്മയ്ക്കു നല്ലപോലെ അറിയാമായിരുന്നു. ആണ്‍പിറപ്പുകളുടെ കാര്യത്തിലും അങ്ങനെത്തന്നെ. തന്റെ ഒരേയൊരു ഉടപ്പിറന്നോന്‍ കൊച്ചുതൊമ്മന്‍ മുതല്‍ ഊട്ടി ഗുഡ്ഷെപ്പേര്‍ഡില്‍ തന്റെയൊപ്പം പഠിച്ച, ഒലിപ്പിച്ച റിച്ചാര്‍ഡ് വരെ ഒരുമാതിരിപ്പെട്ട ഒരുത്തനും തന്റെ നിലവാരമില്ലെന്നും കൊച്ചന്നാമ്മയ്ക്കു തൃപ്തിയായിട്ട് അറിയാമായിരുന്നു.
നാട്ടില്‍ച്ചെന്നാല്‍ അപ്പച്ചനും അമ്മച്ചിയുംകൂടി വൈകുന്നേരം ലയണ്‍സ് ക്ളബ് എന്നും പറഞ്ഞു വണ്ടിയെടുത്തു മണ്ടുന്നതിനോടും അവള്‍ക്കു പുച്ഛമായിരുന്നു. കാരണം, യഥാര്‍ഥ ജീവിതം അവിടെയല്ലിരിക്കുന്നതെന്ന് സമൃദ്ധിയുടെ മടിത്തട്ടില്‍ പിറന്നു വീണിട്ടും എങ്ങനെയോ കൊച്ചിന്റെ മനസ്സില്‍ എഴുതപ്പെട്ടു പോയി. കൊച്ചന്നാമ്മയെ വീട്ടില്‍ എല്ലാവര്ക്കും കാര്യമായിരുന്നു. അതിലുപരി അവളുടെ നാക്കിനെയായിരുന്നു എല്ലാവര്ക്കും പെരുത്തിഷ്ടം. അതങ്ങനെ വിളയാടിത്തിമിര്‍ക്കുമ്പോള്‍, ചുഴലിക്കാറ്റടിച്ച ഏത്തവാഴത്തോട്ടം പോലെ പരാമര്ശവിഷയരായവരെല്ലാം തകര്‍ന്നു തരിപ്പണമായിരിക്കും. ഇതുമൂലം, കൊച്ചന്നാമ്മയോട് കുടുംബത്തിലെ തന്നെ സമപ്രായക്കാരായ ആണ്‍കൊച്ചുങ്ങളെല്ലാം ഒരു ഈസ്തറ്റിക് ഡിസ്റ്റന്‍സ് കീപ്പു ചെയ്തുപോന്നു. കൊച്ചന്നാമ്മയ്ക്കും അതായിരുന്നു ഇഷ്ടം. അതുകൊണ്ട് അവള്‍ക്കും അവളുടെ നാക്കിനെ വല്ലാത്ത ഇഷ്ടമായിരുന്നു.
ഭരണങ്ങാനം പള്ളീലെ പെരുന്നാളിനു കൊച്ചു വീട്ടില്‍ വന്നപ്പോളാണ്, അമ്മച്ചി മേരിച്ചേടത്തി തഞ്ചത്തില്‍ കൊച്ചിനോടു കാര്യം പറഞ്ഞത്.
അതേ, നിനക്കു ഞങ്ങളൊരു ചെറുക്കനെ തപ്പി കണ്ടു വച്ചിട്ടുണ്ട്. അവനെ നിനക്കിഷ്ടമായാല്‍, നമുക്ക് ഇതങ്ങു നടത്താം...
കണ്ണുകാണാത്ത വിശപ്പില്‍ മുന്പിലിരുന്ന അപ്പോം പോത്തിറച്ചിക്കറീം ആഞ്ഞുവെട്ടുകായിരുന്ന കൊച്ചന്നാമ്മ മൂട്ടിന് കൂടത്തിന് അടികിട്ടിയ പോത്തിനെയെന്ന പോലെ ഞെട്ടി!!
എനിക്കു തന്നെ നടക്കാനറിയാം...!!
കൊച്ചിന്റെ മറുപടി കേട്ട് മേരിച്ചേടത്തി ഇരുന്നപോയി.
നിനക്കു കല്യാണമൊന്നും വേണ്ടേ? ഇങ്ങനെ നില്‍ക്കാനാണോ പ്ളാന്‍?
കല്യാണം വേണ്ടെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. എനിക്ക് ഇപ്പോള്‍ വേണമെന്നു തോന്നുന്നില്ല എന്നേ പറഞ്ഞുളളൂ..
ഇപ്പോഴല്ലേല് പിന്നെയെപ്പോളാ... ഇപ്പോള്‍ത്തന്നെ നീ തടിച്ച് ഒരുപരുവമായി. ഒരു രണ്ടുവര്‍ഷംകൂടി കഴിഞ്ഞാല്‍പ്പിന്നെ നിന്നെക്കെട്ടാന്‍ ഒരുത്തനും ഈ വീടിന്റെ വഴിയേ പോലും വരില്ല... ഓര്‍ത്തോ...
ഓ അതു സാരമില്ല. അദ്നാന് സാമിക്കു തടികുറയ്ക്കാമെങ്കിലാണോ എനിക്കു പറ്റാത്തത്? കല്യാണം കഴിക്കാറാവുമ്പോള്‍ ഞാന്‍ യോഗ ചെയ്തു തടികുറയ്ക്കും. അമ്മച്ചി നോക്കിക്കോ....
കൊച്ചന്നാമ്മ വിട്ടുകൊടുക്കാന്‍ പ്ളാനില്ലായിരുന്നു...
ഒടുവില്‍ പതിവുപോലെ മേരിച്ചേട്ടത്തി അങ്കത്തില്‍ തോല്‍വി സമ്മതിച്ച് രംഗം വിട്ടു. അപ്പവും കറിയും തീരാത്തതിനാല്‍ കൊച്ചന്നാമ്മ രംഗം വിടാന്‍ പിന്നെയും പത്തുമിനിട്ടുകൂടിയെടുത്തു.
അന്നു രാത്രി, അവുസേപ്പുചേട്ടനോടു കൊച്ചന്നാമ്മ കാര്യം പറഞ്ഞു. പുള്ളിക്കാരനു സംഗതിയുടെ ഗൗരവം പിടികിട്ടി. അമര്‍ത്തിയുള്ള ഒരു മൂളലായിരുന്നു മൂപ്പിലാന്റെ മറുപടി. മേരിച്ചേടത്തിക്ക് ഒരു ചുക്കുംപിടികിട്ടിയില്ല.
കൊച്ചന്നാമ്മ പെരുന്നാളുകൂടി. തിരിച്ചുപോകാന്‍ സമയമായി.
കോട്ടയത്തുനിന്നു ട്രെയിനിനാണു കൊച്ചന്നാമ്മയുടെ തിരിച്ചുപോക്ക്. അപ്പച്ചന് അവുസേപ്പുചേട്ടന്‍ കാറില്‍ കോട്ടയം വരെ കൊണ്ടാക്കി. റയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങിയപ്പോള്‍ അവിടെ അതാ സുമുഖനായൊരു ചെറുപ്പക്കാരന്. കൊച്ചന്നാമ്മയെ നോക്കി അയാള്‍ ചിരിച്ചു. കൊച്ചന്നാമ്മയ്ക്കു ചിരിക്കണമെന്നില്ലായിരുന്നെങ്കിലും ചുമ്മാ ഒന്നങ്ങു ചിരിച്ചുകൊടുത്തു. അപ്പോളതാ, അവുസേപ്പുചേട്ടനും ചിരിക്കുന്നു. കൊച്ചന്നാമ്മയ്ക്ക് അപ്പച്ചന്റെ ചിരിയുടെ അര്‍ഥം പിടികിട്ടിയില്ല.
അവുസേപ്പുചേട്ടന്‍ അവിടെക്കണ്ട മരമോന്തയോട് (സത്യത്തില്‍ അങ്ങനെയല്ലെങ്കിലും) വിശേഷം തിരക്കി.
മോന് നേരത്തെ വന്നായിരുന്നോ?
അല്പം നേരമായി.
ട്രെയിന്‍ വരാറായോ?
ഇല്ല, അരമണിക്കൂര്‍ കൂടിയുണ്ട്...
എന്നാല്‍ വാ.. അകത്തോട്ടു പോയേക്കാം..
കൊച്ചന്നാമ്മയുടെ ബാഗും തൂക്കി, അപ്പോള്‍ കണ്ടവന്റെ തോളില്‍ കയ്യുമിട്ട് അവുസേപ്പുചേട്ടന്‍ മുന്പില് നടന്നു. കൊച്ചന്നാമ്മയ്ക്കു ദേഷ്യം വന്നെങ്കിലും അത്തരം സന്ദര്‍ഭങ്ങളില്‍ പതിവായി ചെയ്യാറുള്ളതു പോലെ എ.ആര്. റഹ്മാന്റെ ഒരു പാട്ടുംമൂളി അവളും പിന്നാലെ നടന്നു.
പ്ളാറ്റ് ഫോമിലെ ബെഞ്ചില്‍ ബാഗു വച്ച അവുസേപ്പുചേട്ടന്‍ കൊച്ചന്നാമ്മയെ നോക്കി പറഞ്ഞു.
ഇതു ജോസുകുട്ടി. നമ്മുടെ ചങ്ങനാശേരിലുള്ള നിന്റെ അമ്മാച്ചന് പീലിപ്പോസിന്റെ പരിചയക്കാരന്റെ മോനാ.. തിരുവനന്തപുരത്തു തന്നെയാ ജോലിയും. നിന്നെ ഈ ജോസുകുട്ടിക്ക് ഞങ്ങളു കല്യാണമാലോചിച്ചിരുന്നു. നീ സമ്മതിക്കുവേല എന്നല്ലേ പറയുന്നത്. അതുകൊണ്ട് ഇങ്ങനെയൊരു കൂടിക്കാഴ്ച തന്നെ ആയിക്കോട്ടെ എന്നു ഞാനുമങ്ങു വിചാരിച്ചു. നിങ്ങളു സംസാരിച്ചിരിക്ക്. ഞാനങ്ങോട്ടു പോയേക്കാം. ജോസുകുട്ടിയും തിരുവനന്തപുരത്തിനാ. യാത്രയിലും നിനക്കു ബോറഡിക്കാതിരിക്കാന്‍ ഒരാളായല്ലോ...
നല്ല ഒന്നാന്തരം ആര്‍എസ് എസ് - 4 റബര്ഷീറ്റിന്റെയത്ര തെളിച്ചമുള്ള ചിരിയും പാസാക്കി അവുസേപ്പുചേട്ടന്‍ സ്ഥലം കാലിയാക്കി.
സുമുഖന്‍ ജോസുകുട്ടിയെ ഒറ്റകാഴ്ചയിലേ കൊച്ചന്നാമ്മ വായിച്ചെടുത്തു. പാവത്താന്‍. ഒടിഞ്ഞുതൂങ്ങിയുള്ള നില്പ്. ആയുഷ്ക്കാലം വിധേയനായിക്കോളാമേ എന്ന ഭാവം.
കൊച്ചന്നാമ്മ ഇരുന്നു. ബെഞ്ചിന്റെ നടുക്കോട്ട് എടുത്താല്‍ പൊങ്ങാത്ത ഒരു ബാഗും വലിച്ചുകേറ്റിവച്ച് അതിന്നപ്പുറത്തായി ജോസുകുട്ടിയും ഇരുന്നു...ഇരുന്നില്ല എന്ന മട്ടില്‍ ഇരുന്നു.
കൊച്ചന്നാമ്മയപ്പോള് നിലത്ത് പെരുവിരലൂന്നി സിനിമാപ്പേര് എഴുതിക്കളിക്കുകയായിരുന്നു. പാവം, ജോസുകുട്ടി അതുകണ്ടപ്പോള്‍ പണ്ടു ശകുന്തള ആദ്യമായി ദുഷ്യന്തനെ കണട് നിമിഷം പോലെ എന്നങ്ങു മനസ്സിലോര്‍ത്തു പോയി.
കൊച്ചന്നാമ്മ എന്നാണല്ലേ വീട്ടിലെ പേര്?
ആദ്യ അടി തന്നെ മര്‍മ്മത്തായിരുന്നു. കൊച്ചന്നാമ്മയ്ക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. അപ്പോളും അവളു മനസ്സില്‍ എ.ആര് റഹ്മാന്റെ പാട്ടുപാടി. പുറത്തേക്ക് അതിന്റെ ഹമ്മിങ് മാത്രമേ കേട്ടുള്ളു...
ങും..!!
എനിക്കും ആ പേരാ ഇഷ്ടം!! വായില്‍ അങ്ങനെ വഴക്കിയെടുക്കാന്‍ പെട്ട പാട് അവനോര്‍ത്തു. എങ്കിലും അവനതു കഷ്ടപ്പെട്ട് മനസ്സിലൊതുക്കി.
കര്‍ത്താവേ, കുരിശാവുമോ? അവളു മനസ്സിലോര്‍ത്തു. ആയുഷ്ക്കാലം ഈ കാലമാടന്റെ കൊച്ചന്നാമ്മേന്നുള്ള നീട്ടിവിളിയേക്കുറിച്ചോര്ത്തപ്പോള് താനിനി ചട്ടേം അടുക്കിട്ട മുണ്ടും കൂടി ഉടുക്കേണ്ടി വരുമോയെന്നും അവളു ചിന്തിച്ചുപോയി.
എന്താ ഒന്നും പറയാത്തത്?
ഞാന്‍ അധികം സംസാരിക്കുന്ന ടൈപ്പല്ല- അവളതു പെട്ടെന്നു പറഞ്ഞ് വളരെ കഷ്ടപ്പെട്ടു വായടച്ചു.
അവനതങ്ങു വിശ്വസിച്ചു. കാര്യപ്പെട്ട പഠിപ്പും ഉദ്യോഗവുമൊക്കെയുണ്ടെങ്കിലും ജോസുകുട്ടി അങ്ങനെയൊരു ടൈപ്പായിരുന്നു. ഈശ്വരവിശ്വാസത്തിന്റെ കാര്യത്തില്‍ മുതല്‍ എല്ലാക്കാര്യത്തിലും ജോസുകുട്ടി അങ്ങനെയായിരുന്നു..
ഈശ്വരവിശ്വാസമൊക്കെ...?
ഞാന്‍ ഭയങ്കര ഈശ്വരവിശ്വാസിയാ...പരീക്ഷ അടുക്കുമ്പോളും പനി വരുമ്പോളുമേ പള്ളീല് പോകത്തൂള്ളൂ. അല്ലാത്തപ്പം വീട്ടിലിരുന്ന് തനിയെ കുര്‍ബാന ചൊല്ലും. കുര്‍ബാനപ്പുസ്തകം വീട്ടിലുള്ളതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമാ...
ജോസുകുട്ടി അഡ്ജസ്റ്റ്മെന്റിനു തയ്യാറായിരുന്നു. അങ്ങനെ വേണമെന്ന് ഏതോ പുസ്തകത്തില്‍ വായിച്ചത് അവനോര്‍ത്തു.
ട്രെയിന്‍ വരാന്‍ ഇനിയും സമയമുണ്ട്. നമുക്കൊരു കാപ്പികുടിക്കാം. റയില്‍വേ സ്റ്റേഷന്റെ അടുത്തുള്ള കാപ്പിക്കടയിലേക്ക് ഇരുവരും ഒന്നിച്ചു നടന്നു. അപ്പോള്‍ അവര്‍ക്കടുത്തുകൂടി ജീന്‍സും ടോപ്പും ധരിച്ച ഒന്നുരണ്ടു പിള്ളേര് ചുകുചുകാന്ന് ഒച്ചേം വച്ചു പ്രാഞ്ചിപ്രാഞ്ചിപ്പോയി. ജോസുകുട്ടി അതുകണ്ടില്ല.
അന്നാമ്മയ്ക്ക് അതു വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അതുകൊണ്ട് അവളതു വിശ്വസിച്ചില്ല. പകരം, ഇയാളു തന്റെയടുത്ത് അടവെടുക്കുകയാണെന്ന് അവളങ്ങു വിചാരിച്ചു.
പിള്ളേരൊക്കെ സ്ളിം ആണല്ലോ എന്നോര്‍ത്തപ്പോള്‍ അവളുടെ മനസ്സു മുറിഞ്ഞു. തനിക്ക് ഇനി അങ്ങനെയൊന്നാവാന്‍ പറ്റുമോന്നും അവളോര്‍ക്കാതിരുന്നില്ല. അദ്നാന് സ്വാമിയുടെ ലിഫ്റ്റ് കരേദോ ആണ് അപ്പോള്‍ അവളുടെ മനസ്സിലേക്ക് ഓടിയെത്തിയത്.
കാപ്പി കുടിപ്പു തുടങ്ങിയെങ്കിലും അവളുടെ കണ്ണുകള്‍ കണ്ണാടിപ്പെട്ടിയിലിരിക്കുന്ന സുഖിയന്റെ നേര്‍ക്കായിരുന്നു. അതു മുഴുവന്‍ കമ്മതി വിലപറഞ്ഞു മേടിച്ചു ബാഗില്‍ വയ്ക്കാന്‍ മനസ്സില്‍ തോന്നിയതാണെങ്കിലും എ.ആര്. റഹ്മാന്റെ പാട്ട് പാടി അതുവേണ്ടെന്ന് അവളങ്ങുവച്ചു.
കല്യാണത്തെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചുമുള്ള സങ്കല്‍പ്പങ്ങള്‍??
ആ ചോദ്യത്തിനുകൂടി ഉത്തരം പറയാന്‍ അവള്‍ക്ക് ശേഷിയുണ്ടായിരുന്നില്ല.
എനിക്കങ്ങനെ സങ്കല്‍പ്പങ്ങളൊന്നുമില്ല.
ജോസുകുട്ടിക്ക് ആശ്വാസമായി. ആത്മവിശ്വാസമായി. സങ്കല്‍പ്പങ്ങള്‍ പറഞ്ഞു പെണ്ണു തന്നെ പ്ളാറ്റ്ഫോമില്‍ വീഴ്ത്തുമോയെന്ന പേടിയും ജോസുകുട്ടിയില്നിന്ന് ഓടിയകന്നു.
കാപ്പി കുടിപ്പു കഴിഞ്ഞു.
എന്നതേലുമൊന്നു പറഞ്ഞാല്‍ ഉപകാരമായിരുന്നു.
അല്പം സ്വാതന്ത്ര്യത്തോടെയുള്ള ജോസുകുട്ടിയുടെ ആ പറച്ചിലിന് അവളുടെ മറുപടി അല്പം ക്രൂരമായിരുന്നു.
കാപ്പീടെ കാശു ഞാന്‍ കൊടുത്തോളാം..!!!
തൊട്ടടുത്ത നിമിഷം മലബാര്‍ എക്സ്പ്രസ് പ്ളാറ്റ്ഫോം നമ്പര്‍ ഒന്നില്‍ വന്നു നിന്നു. സോനാമ്പുലിസം ബാധിച്ചവനെപ്പോലെനടന്നുനീങ്ങുന്ന ജോസുകുട്ടിയെ അവള് കണ്ടു. കോച്ച് തെറ്റി ട്രെയിനിന്റെ പാന്ട്രിയിലേക്ക് കയറാന്‍ തുടങ്ങിയ അയാളെ അവള് തിരികെ വിളിച്ചില്ല.
കൊച്ചന്നാമ്മ എസ്-2 കോച്ചിനു നേര്‍ക്കു നടന്നു.
ആറ്റുനോറ്റു കൊണ്ടു വന്ന ആലോചന പാളം തെറ്റിപ്പോയത് ഓര്ത്തപ്പോളൊക്കെ അവുസേപ്പുചേട്ടന്റെ ബൈപാസിലോടുന്ന ഹൃദയം വീക്കായിത്തുടങ്ങി.
തോറ്റുകൊടുക്കാന്‍ അവുസേപ്പുചേട്ടന്‍ തച്ചോളി ചന്തുവായിരുന്നില്ല.
മലബാര്‍ എക്സ്പ്രസിന്റെ ബോഗിപോലെ ഓരോന്നോരോന്നായി ആലോചനകള്‍ വന്നുകൊണ്ടിരുന്നു. കൊച്ചന്നാമ്മ ഒക്കെയും അപായച്ചങ്ങല പിടിച്ചുവലിച്ച് നിര്‍ത്തിക്കൊണ്ടും. കൊച്ചന്നാമ്മയ്ക്കു പുരുഷ പ്രജകളോടു വിരോധമുണ്ടായിട്ടായിരുന്നില്ല ഇതൊന്നും.
തന്റെ പ്രൊഫൈലിനു മാച്ചാകുന്ന ഒന്നും ഭൂമി മലയാളത്തില്‍ ഇല്ലെന്ന് അവള്‍ക്കുറപ്പായിരുന്നു.
തനിക്കു പറ്റിയ പാതിയെക്കുറിച്ച് അവളും അന്വേഷിക്കാതിരുന്നില്ല. ബോള്‍ഡ് ബട്ട് ഇറ്റാലിക് എന്ന മട്ടില്‍ ഏതെങ്കിലുമൊരു കക്ഷിയെ കണ്ടെത്തും വരെ താന്‍ മുടക്കല്‍- തിങ്കള്‍ വ്രതങ്ങള്‍ തുടരുമെന്നു മനസ്സില്‍ കൊച്ചന്നാമ്മ പ്രഖ്യാപിച്ചതിന്റെ കൃത്യം മൂന്നാം നാളാണു യാഹു ചാറ്റില്‍ അവള് ആ പേരു കണ്ടത്.....
മിസ്റ്റര്‍ പെരേര...!!!
ആ പേരില്‍ത്തന്നെ ഷേക്സ്പിയറു തോറ്റുപോയി. ആ പേരില്‍ ഒരുപാടു സംഗതികളുണ്ടെന്നു കൊച്ചന്നാമ്മയ്ക്കു തോന്നി.
ഹായ്...
കൊച്ചന്നാമ്മയുടെ ചാറ്റിനു നേരെ കുറച്ചുനേരത്തേക്കു മറുപടിയൊന്നും ചീറ്റിയില്ല.
ചീറ്റിങ്ങായിപ്പോയെന്നു കൊച്ചന്നാമ്മയ്ക്കു തോന്നി. വേണ്ടാരുന്നെന്നും...
അടുത്ത നിമിഷം, മറുപടി വന്നു.
ചെറിയൊരു ഹായ്.
എന്തു ചെയ്യുന്നുവെന്ന ചോദ്യത്തിനു നേര്‍ക്കും ആദ്യം മൗനം. പിന്നെ, മറുപടി.
ചാറ്റു ചെയ്യുന്നു...
കൊച്ചന്നാമ്മയുടെ അഭിമാനത്തിന്റെ ഇനാമല്‍ പെയിന്റ് ഇളകിത്തുടങ്ങി.
കക്ഷി ബോള്‍ഡ് തന്നെ!! അല്പം ചമ്മലോടെയും കൊച്ചന്നാമ്മ മനസ്സിലോര്‍ത്തു.
എവിടെയാ വീട്?
തിരുവനന്തപുരത്ത്!!
കൊച്ചന്നാമ്മ ഞെട്ടി!!
ഞാനും അവിടെത്തന്നെ!!
വളരെ സന്തോഷം!!!
മറുപടിയിലും ആകെപ്പാടെ ബോര്‍ഡ്നെസ്. പോരാത്തതിന് അടിച്ചുവിടുന്നതെല്ലാം നല്ല ബോള്‍ഡ് ലെറ്റേഴ്സില്‍.
വരമൊഴിയില്‍ മലയാളം അടിക്കുന്നപോലെ ആദ്യം വളരെ കഷ്ടപ്പെട്ട് കൊച്ചന്നാമ്മ ചാറ്റ് തുടര്‍ന്നു. ഇടയ്ക്ക് നിലച്ചും, ഇടയ്ക്ക് ചെറുതായി മറുപടി പറഞ്ഞുമൊക്കെ പെരേരയും ചാറ്റില്ത്തുടര്ന്നു...
ഒടുവില്‍ ഇന്റര്നെറ്റുകാരു കട അടയ്ക്കുകയാണെന്നു പ്രഖ്യാപിച്ച നിമിഷം കൊച്ചന്നാമ്മ മനസ്സില്ലാമനസ്സോടെ പെരേരയോടു യാത്ര പറഞ്ഞു.
നാളെ കാണാം....
അയ്യോ സോറി, നാളെ ഞാന്‍ സിംഗപ്പൂരാ... മറ്റന്നാളു കാണാം. തിരിച്ചുവരും...!!
കൊച്ചന്നാമ്മ പിന്നെയും ഞെട്ടി. പെരേര സിങ്കം തന്നെ!! താനിതു വരെ കണ്ട ആട്, മാട്, പൂച്ച, മരപ്പട്ടി തുടങ്ങിയവയോടൊക്കെ കൊച്ചന്നാമ്മയ്ക്ക് അതിയായ പുച്ഛം തോന്നി.
അന്നു രാത്രി കൊച്ചന്നാമ്മ ഉറങ്ങിയില്ല. ഉറങ്ങാതെ കിടന്ന കൊച്ചന്നാമ്മയുടെ തലയ്ക്കുമുകളില്‍ക്കൂടി ശംഖുമുഖത്തുനിന്നും വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്തുകൊണ്ടിരുന്നു. ഓരോ വിമാനത്തിന്റെയും ഇരമ്പല്‍ കേള്‍ക്കുമ്പോള്‍ കൊച്ചന്നാമ്മയോര്ത്തു...
ഇതില്‍ പെരേരയുണ്ടാവും!!!
കടിച്ചുപിടിച്ച് ഒരുദിവസം കഴിഞ്ഞുപോയി. കൊച്ചന്നാമ്മ പിറ്റേന്നൊരു ലീവ് പറഞ്ഞു.
രാവിലെ ചാറ്റ്റൂമില്‍ കയറി കതകടച്ച കൊച്ചന്നാമ്മ ലോഗിന്‍ ചെയ്തപ്പോളേ പെരേര അതാ ചാറ്റില്‍...
തിരിച്ചെത്തിയോ?
സോറി, ഇല്ല. ഇപ്പം ബാംഗോക്കിലാ.. അത്യാവശ്യം ഒരു മെയില്‍ അയക്കാന്‍ കേറിയതാ.. ഉടന്‍ സൈന്‍ ഔട്ട് ആകും..!!
കൊച്ചന്നാമ്മയ്ക്ക് അതിയായ സങ്കടം തോന്നി.
എന്താ പെരേരയുടെ പരിപാടി?
ബിസിനസ്.
എന്തു ബിസിനസ്?
ഇന്നതെന്നില്ല. എന്തും?
എന്തും??
ങും, ഒട്ടുപാലു മുതല്‍ മൈക്രോപ്രോസസര്‍ വരെ....
അതും കൊച്ചന്നാമ്മയ്ക്കിഷ്ടപ്പെട്ടു.
ആളു ഭയങ്കര കൂള്‍ ആണല്ലോ...
ആദ്യമായി പെരേര ഒന്നിളകി!
ഹയ്യോ... ആരു പറഞ്ഞു? എല്ലാവരും ഞാന്‍ ഭയങ്കര ബോള്‍ഡ് ആണെന്നാ പറയാറ്...!!
എനിക്കങ്ങനെ തോന്നിയില്ല. ആദ്യം മുതലേ എനിക്കറിയാമായിരുന്നു...
എന്ത്???
ഇതു ഭയങ്കര കൂളാണെന്ന്....
ഇതോ.. അതെന്താ?????
പേരു പറയാന്‍ മടിയായതു കൊണ്ടാ...
പേരു പറയാതിരുന്നാല്‍ എന്തു ചെയ്യും???
ഇത്, അത് എന്നൊക്കെ വിളിച്ചോളാം....
എത്രകാലം അങ്ങനെ വിളിക്കും???
പിന്നെ, ഞാന്‍ പിള്ളേരുടെ അച്ഛാ എന്നു വിളിച്ചോളാം...!!!!!!!
ബാംഗോക്കില്‍ ഇരുന്നു പെരേര ചിരിച്ചു. പൊട്ടിച്ചിരിച്ചു...
വളയാതെ നിന്ന കൊന്നത്തെങ്ങു വളച്ചൊതുക്കി ഇപ്പുറത്തെ പ്ളാവേല്‍ കെട്ടിവച്ചതിന്റെ അഹങ്കാരത്തോടെ കൊച്ചന്നാമ്മയും ചിരിച്ചു.
പെരേര...അതാണു പേര്. ബിസിനസ്മാനാണ്. നാട്ടില്‍ മാത്രമല്ല. ഗ്ളോബല്‍ ബിസിനസ്മാന്!!!
തന്റെ കണ്ടെത്തല്‍ കൊച്ചന്നാമ്മ അമ്മച്ചി മേരിക്കുട്ടിയോടു പറഞ്ഞു. മേരിച്ചേട്ടത്തി അങ്ങ് ഹാപ്പിയായി.
അവുസേപ്പുചേട്ടന്‍ പക്ഷേ ഹാപ്പിയായില്ല... നമുക്ക് അതൊക്കെ വേണോ?
മോളുടെ ആഗ്രഹമല്ലേ... അങ്ങു നടത്തിയേരെന്നേ...
ഒടുക്കം അവുസേപ്പുചേട്ടന്‍ തച്ചോളി ചന്തുവായി...തോറ്റുകൊടുത്തു!!
കൊച്ചന്നാമ്മ ചാറ്റ്റൂമിലേക്കു നേരെ പാഞ്ഞു.
പെരേരയോടു കാര്യം പറഞ്ഞു.
ഞാന്‍ ഭയങ്കര ബിസിയാ.. കഴിഞ്ഞ മാസം ജര്‍മനിയില്‍ നടന്ന ജി-എട്ട് ഉച്ചകോടിയില്‍ പ്രബന്ധം അവതരിപ്പിച്ചതു ഞാനാ... അതിന്റെ ഫോളോ അപ് കുറേപ്പണിയുണ്ട്...കല്യാണം നിശ്ചയിച്ചോ...കൃത്യദിവസം ഞാനങ്ങെത്തിക്കോളാം...
ഒരിക്കല്‍പ്പോലും നേരില്‍ക്കാണാത്ത ഫാവി വരനോട് കൊച്ചന്നാമ്മ മറ്റൊരു ചോദ്യം കൂടിയെറിഞ്ഞു...
ആദ്യമായിട്ട് എന്നെ കാണുമ്പോള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലോ...??
പെരേരയ്ക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല.
മുഖം മനസ്സിന്റെ കണ്ണാടി എന്നല്ലേ? ആ മുഖം ഞാനെപ്പോളേ കണ്ടിരിക്കുന്നു. എനിക്കിഷ്ടമാവും...!!
കൊച്ചന്നാമ്മേടെ മനസ്സുനിറഞ്ഞു. മുഖം തെളിഞ്ഞു.
കല്യാണദിവസമായി. നാട്ടിലെ സകലരെയും അവുസേപ്പുചേട്ടന്‍ കല്യാണത്തിനു വിളിച്ചു. ചെക്കനെ ഇതുവരെ നേരില്‍ കണ്ടിട്ടില്ലെങ്കിലും പത്തുമുപ്പതു വട്ടം ഒന്നിച്ചു ഫ്ളൈ ചെയ്തിട്ടുണ്ടെന്ന ആംഗിളില്‍ അവുസേപ്പുചേട്ടന്‍ അലക്കിക്കൊണ്ടിരുന്നു.
ഭരണങ്ങാനം പളളീല് പുതിയ കുടുംബത്തിന് കതിരുകളുയരുന്നു എന്ന ക്വയര്‍ ഗാനം കേട്ടു തുടങ്ങി. കല്യാണപ്പെണ്ണ് നേരത്തെ ഹാജര്‍.
അപ്പോളതാ... കല്യാണത്തിരക്കുകളെ കീറിമുറിച്ചുകൊണ്ട് ഒരു സ്കോര്‍പ്പിയോ, പിന്നിലൊരു സ്കോഡ, അതിനു പിന്നിലൊരു മെഴ്സിഡസ് എന്നിവ വന്നുനിന്നു.
കൊച്ചന്നാമ്മയടക്കം ആകാംക്ഷയോടെ നോക്കിയ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് കറുത്ത കോട്ടും കറുത്ത ഷൂവുമൊക്കെ ധരിച്ച അത്രയൊന്നും സുമുഖനല്ലാത്ത ഒരാളുമിറങ്ങി...
പെരേര...
ഓടിച്ചെന്ന അവുസേപ്പുചേട്ടനോട് അയാള്‍ സ്വയം പരിചയപ്പെടുത്തി.
അതുപിന്നെ എനിക്കറിയത്തില്ലേടാ മരുമോനെ എന്ന മട്ടില്‍ അവുസേപ്പുചേട്ടന്‍ പേരേരയെ കെട്ടിപ്പിടിച്ചു.
പെണ്ണും ചെറുക്കനും പള്ളീലോട്ടു വലത്തുകാലുവച്ചു കയറും മുന്‍പ് തുരുതുരെ ക്യാമറ ഫ്ളാഷുകള്‍ മിന്നി.
മിന്നിലിന്റെ ഇടയ്ക്കാണു പുറകില്‍ ഒരു മഹീന്ദ്ര ജീപ്പ് ബ്രേയ്ക്കിട്ടുനിന്നത്.
അതില്‍നിന്നിറങ്ങിയ കാക്കിയിട്ട ചേട്ടായിമാര് പെരേരയുടെ കോളറിനുപിടിച്ചു പൊക്കി.
കൊച്ചന്നാമ്മ, അവുസേപ്പുചേട്ടന്‍, മേരിച്ചേട്ടത്തി, കൊച്ചുതൊമ്മന്‍ എന്നിവര്‍ തുടങ്ങി ജനസാമാന്യം ഒന്നടങ്കം ഞടുങ്ങി.
ഇവന് കോടാലി പെരേര.. വിവാഹത്തട്ടിപ്പു വീരനാ... എറണാകുളത്തും തിരുവനന്തപുരത്തുമായിട്ടാ വിലസല്. പെണ്പിള്ളേരോട് ദുബായിലാന്നും സിംഗപ്പൂരാന്നമൊക്കെ പറയും....!!
പെരേരയെയും എടുത്തിട്ടു പൊലീസ് ജീപ്പ് പാലായ്ക്കു തിരിച്ചു പാഞ്ഞു.
ബൈപ്പാസ് ഹൃദയവും താങ്ങി അവുസേപ്പുചേട്ടന്‍ പള്ളിനടയില്‍ കുത്തിയിരുന്നു. മേരിച്ചേട്ടത്തി നെഞ്ചിനിട്ട് ഇടി തുടങ്ങി. ക്ഷണിക്കപ്പെട്ട നാട്ടുകാര്‍ പാരിഷ് ഹാളില്‍ തങ്ങളെ നോക്കി ചിരിക്കുന്ന ആടും പോത്തും പന്നിയുമൊക്കെ വേസ്റ്റ് ആവുമോ എന്നോര്‍ത്ത് വിഷാദപ്പെട്ടു.
കൊച്ചന്നാമ്മ തകര്‍ന്നു തരിപ്പണമായി അവിടെ നിന്നു...
ഇനിയെന്തു ചെയ്യുമെന്നാലോചിച്ച് തലയുയര്‍ത്താതെ അവിടെയിരുന്ന അവുസേപ്പുചേട്ടന്റെ തോളില്‍ തണുത്ത ഒരു കൈ വന്നു വീണു.
അവുസേപ്പുചേട്ടന്‍ തല ഉയര്‍ത്തി നോക്കി.
ജോസുകുട്ടി!!!
കൊച്ചന്നാമ്മയ്ക്ക് എതിര്‍പ്പില്ലെങ്കില്‍ ഞാന്‍ അവളെ കെട്ടിക്കോളാം.....!!!!
ഭരണങ്ങാനം പള്ളിയില്‍ അപ്പോള്‍ മണി പന്ത്രണ്ടു മുഴങ്ങി.
മലബാര്‍ എക്സ്പ്രസ് സര്‍വീസ് തുടങ്ങുന്ന സമയം- ജോസുകുട്ടി മനസ്സിലോര്‍ത്തു!!!
57 comments:
പരീക്ഷകള്‍ തുടര്‍ച്ചയായി തോല്ക്കുന്നതിന്റെ പേരില്‍ പട്ടിയെപ്പോലെ നാലുപാടും നടന്നു ചെരിപ്പും കാലും പിന്നെ മനസ്സും തേഞ്ഞ ആണ്പിറപ്പുകള്ക്കുവേണ്ടി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു...
ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാല്‍ ചിലപ്പോള്‍ ഞാനും നിങ്ങളുടെ കൂട്ടത്തില്‍ വന്നുകൂടായ്കയില്ല!!!
വായിക്കുക
ഹ ഹ ഹ ഇത് അലക്കിപൊളിച്ചു..
ഡിസ്ക്ലെയിമര് ഒന്നൂടെ എഴുതുന്നത് നല്ലതാ,
യേത്, ജീവിച്ചിരിക്കുന്നവരോ, മരിച്ചുപോയവരോ ആയ ആരോടും ഈ കഥാപാത്രങ്ങളും ആയി ബന്ധമില്ലാ, സാമ്യങ്ങള്‍ വെറും ആകസ്മികങ്ങള്‍ മാത്രമെന്ന്...:)
അങ്ങിനെയാണോ ഡിസ്ക്ലൈമര്‍!
മറ്റു കഥകളിലെ കഥാപാത്രങ്ങളുമായോ, താദാമ്യം പ്രാപിച്ചവരുമായോ ഒരു ബന്ധവുമില്ലാ, എല്ലാം തികച്ചും ആകസ്മികം മാത്രം, എന്നല്ലേ?
ഓഫ്: വളയാതെ നിന്ന കൊന്നത്തെങ്ങു വളച്ചൊതുക്കി ഇപ്പുറത്തെ പ്ളാവേല്‍ കെട്ടിവച്ചതിന്റെ അഹങ്കാരത്തോടെ കൊച്ചന്നാമ്മയും ചിരിച്ചു. - ആക്ച്വലി സുനീഷിനും ഇങ്ങിനെയൊന്നു ചിരിക്കാന്‍ പ്ലാനുണ്ടോ?
തല്ലല്ലേ... ഞാനോടി... ;)
--
:)) ഇത് അലക്കിപ്പൊളിച്ചു
സുനീഷേ... കഥ കൊള്ളാം... കൊച്ചന്നാമ്മയ്ക്ക് (ഐ മീന്‍.. പ്രകൃതം) ബൂലോഗത്തെ ആരോ ആയിട്ട് ഒരു സാമ്യം ;-) (വെറുതേ തോന്നിയതാണേ... ഞാന്‍ ഓടിപ്പൊക്കോളാം) :-))
മ്ജും.... ഞാനൊന്നും വായിച്ചിട്ടില്ല.
ഇവിടെ ഒരു കൂട്ട അലക്ക് ഞാന്‍ കാണണ്ടി വരും! കര്‍ത്താവേ! ഈ കമന്റു വീഴുന്നതിനു മുമ്പ് അടി ശബ്ദം കേള്‍പ്പിക്കല്ലേ...
രണ്ടും ഇപ്പ വരും! നമ്മടെ ഗോണ്‍സാല്‍വസ് പെരേരയും (ആളിപ്പോ സിഗപൂരാ!) തെറതികൊച്ചും, മലബാറികൊച്ചും ഭരണങ്ങാനം ഫ്ലേവറൂം!!
തകര്‍ത്തു!!!!!!!!!!!
(അളിയാ പള്ളീപ്പോക്കില്ല അല്ലേ? ‘പുതിയ കുടൂംബത്തിന്’ മാറീട്ടു കാലം കൊറേ ആയി!!!)
സുനീഷേ കലക്കന്‍...
ഒരു അടി പ്രതിക്ഷിക്കാം... ല്ലേ...
സുനീഷ്ജി,
ഇതു പോലൊരു കഥ എവിടെയോ വായിച്ചപോലെ..ചിലപ്പോ എനിക്ക് തോന്നിയതാരിക്കും...
“ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാല്‍ ചിലപ്പോള്‍ ഞാനും നിങ്ങളുടെ കൂട്ടത്തില്‍ വന്നുകൂടായ്കയില്ല!!!
”-- ‘ഞാന്‍‘ എന്നുള്ളിടത്ത് ‘അവന്‘ എന്ന് വായിക്കണോ..??????
:)
വളയാതെ നിന്ന കൊന്നത്തെങ്ങു വളച്ചൊതുക്കി ഇപ്പുറത്തെ പ്ളാവേല്‍ കെട്ടിവച്ചതിന്റെ അഹങ്കാരത്തോടെ കൊച്ചന്നാമ്മയും ചിരിച്ചു
njaanum chirichu mashe.....
special shake hand
ഹ ഹ.. സുനീഷേട്ടാ മറുപടി കലക്കി. പോസ്റ്റെഴുതിയാല്‍ പോസ്റ്റിട്ട് മറുപടി പറയണം. അതാണ് സ്റ്റൈല്‍. അതാണ് സ്പിരിറ്റ് (നുമ്മക്കടെ മറ്റേസ്പിരിറ്റല്ല കേട്ടാ). അല്ലാതെ പെങ്കൊച്ച് ആണുങ്ങളെ അടച്ചാക്ഷേപിച്ചു പെണ്ണാധിപത്യമാണ് ഞരമ്പിണിയാണ് എന്നൊക്കെ പോസ്റ്റിടുകയല്ല. കൊട് കൈ!
വ ഭായ് വ!!
ഇതില്‍ ചില മെഗാഹിറ്റ് പ്രയോഗങ്ങളൊക്കെയുണ്ട് ! ഉഗ്രന്‍!
[[ മറുപടിയിലും ആകെപ്പാടെ ബോര്‍ഡ്നെസ്. പോരാത്തതിന് അടിച്ചുവിടുന്നതെല്ലാം നല്ല ബോള്‍ഡ് ലെറ്റേഴ്സില്‍ ]]
ഹഹഹ!!
:-)
ചാത്തനേറ്: മലബാര്‍ എക്സ്പ്രെസ്സിനു ഭരണങ്ങാനത്തു സ്റ്റോപ്പ് അനുവദിച്ചാ!!!
berlytസുനീഷേ എന്റെ നായിക പണ്ടഭിനയിച്ച ഒരു സിനിമയിലെ കഥാപാത്രത്തോട് മുടിഞ്ഞ സാമ്യം ? പക്ഷെ, ക്ലൈമാക്സ് നിങ്ങള്‍ മാറ്റിക്കളഞ്ഞു. ഇങ്ങനാണോ നിങ്ങള്‍ എന്റെ തിരക്കഥക്കും ക്ലൈമാക്സ് വേറെ എഴുതാന്‍ പോകുന്നത് ?
കൊള്ളാം. കലക്കി.
സുനീഷേ ഈ കഥ ഇങ്ങനെ തീരുന്നില്ല. അതിന്റെ അവസാനത്തെ പാരഗ്രാഫ് ഇതാ....
പള്ളിയില്‍ വീട്ടുകാരുടെയും വികാരിയച്ചന്റെയും സംഭ്രമജനകരായ മുഴുവന്‍ ഇടവകജനങ്ങളുടെയും മുന്നില്‍ തല കുനിച്ചു കഴുത്തു കാട്ടി നിന്ന കൊച്ചന്നാമ്മയെ മിന്നു കെട്ടുമ്പോള്‍ ജോസുകുട്ടിക്ക് സദ്ദാം ഹുസൈനെ പിടിച്ച ജോര്‍ജ് ബുഷിന്റെ ഭാവമായിരുന്നു.
തോറ്റ് തോറ്റ് ഒടുവില്‍ ജീവിതം പഴയ വങ്കച്ചാര്ക്കു തന്നെ കൊടുക്കേണ്ടി വന്നതിലും പുരുഷാധിപത്യത്തിന്റെ സര്‍വാധിപത്യത്തിനു മുന്നിലെ അനിവാര്യമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിലും നിരാശയായിട്ടെന്ന പോലെ തല കുനിച്ചു നിന്ന കൊച്ചന്നാമ്മയുടെ ഉള്ളില്‍ അപ്പോള്‍ നിറഞ്ഞ ചിരിയായിരുന്നു.
കാരണം, വിജയം സാങ്കേതികമായി ജോസുകുട്ടിക്കും ഇത്തരം നാടകീയമായ വിജയങ്ങളിലൂടെ ജീവിതം ആഘോഷിക്കുന്ന പുരുഷലോകത്തിന്റേതുമാണെങ്കിലും ആത്യന്തികമായി മറ്റാര്‍ക്കും തിരിച്ചറിയാനാവാത്ത വിധം തന്റേതാണെന്ന് അവള്‍ക്കറിയാമായിരുന്നു.
ജോസുകുട്ടി എന്ന നിര്‍ദോഷ, നിഷ്ഫല, നിഷ്കാമജീവിടെ ഭര്‍ത്താവായി അപ്പോയ്ന്റ് ചെയ്തിരിക്കുന്നു. എച്ച് ഐ വി നെഗറ്റീവ്, തരക്കേടില്ലാത്ത ജീനകള്‍. ആദ്യത്തെ എന്കൌണ്ടറില് അവന് വഴങ്ങിയിരുന്നെങ്കില്‍ തീര്‍ച്ചയായും തന്റെ ആരാധകനായി അവന് ജീവിതം ഹോമിച്ചേനെ. ഇപ്പോള്‍ ഇതാ നാടകീയമായി ഇടപെട്ട് തന്നെ രക്ഷിക്കുന്ന മാതിരി സ്വന്തം ഈഗോയെ തൃപ്തിപ്പെടുത്തിക്കൊണ്ട് മിന്നു കെട്ടാന്‍ അവന് അവസരം താന്‍ തന്നെ നല്കിയിരിക്കുന്നു.
ജോസുകുട്ടീ, മണ്ടച്ചാരേ, നിങ്ങളീ കൊച്ചന്നാമ്മയുടെ റേഞ്ച് മനസ്സിലാക്കിയിട്ടില്ല.
പിന്നെ, പെരേര, സിംഗപ്പൂരിലും ബാംഗോക്കിലുമായി പറന്നു നടക്കുന്ന തോലന് ചുമ്മാ ജിമെയിലിലിരുന്ന് തിരന്തോരത്തുള്ള പെണ്ണുങ്ങളുടെ ചാറ്റിന് മറുപടി അയക്കണമെങ്കില്‍ തീര്‍ച്ചയായും അവന് ജന്മനാ ഫ്രോഡായിരിക്കണം എന്നത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴേ കൊച്ചന്നാമ്മക്കറിയാമായിരുന്നു.
പിന്നെ കല്യാണം നിശ്ചയിച്ചപ്പോള്‍ താലി കെട്ടിന് നേരേ പള്ളിയില്‍ വന്നിറങ്ങാമെന്നു പറഞ്ഞപ്പോഴേ സംഗതി ഉറപ്പായി. പിന്നെ പൊലീസുകാരെ കൂടി കല്യാണം വിളിക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ.
താലികെട്ട് കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോള്‍ പുരുഷന് എത്ര ദുര്‍ബലനാണെന്ന് മാത്രം ചിന്തിക്കുകയായിരുന്നു കൊച്ചന്നാമ്മ.
പാവം ജോസുകുട്ടിയുടെ മനസ്സില്‍ അപ്പോഴും പഴയ മലബാര്‍ എക്സ്പ്രസ് തന്നെയായിരുന്നു !!
സുനീഷേ ഹഹ കലക്കി. മലബാര്‍ എക്സ്പ്രെസ്സിനത്ര നല്ല സമയമല്ല.
പക്ഷേ ഇതു ഞാനുദ്ദേശിച്ച കൊച്ചന്നാമ്മയല്ല, പുള്ളിക്കാരത്തി അപ്പവും പോത്തിറച്ചിയും തിന്നില്ല പുട്ടും പോത്തിറച്ചിയുമേ തിന്നൂ..
ഉണ്ണിക്കുട്ടാ അടി !!!
പുട്ടിനെക്കുറിച്ച് പറയരുത് !
പുട്ടിനെക്കുറിച്ചൊരക്ഷരം പറയരുത് !!
('സന്ദേശ'ത്തിലെ ശ്രീനിവാസന് പോളണ്ടിനോടുള്ള വികാരം പോലെ തന്നെ- കാലഹരണപ്പെട്ടതെങ്കിലും ഗൃഹാതുരകമായ തനിമ നിലനിര്‍ത്തുന്ന എന്തോ ഒന്നിനോടുള്ള ബഹുമാനം)
“മലബാര്‍ എക്സ്പ്രസിന്റെ ബോഗിപോലെ ഓരോന്നോരോന്നായി ആലോചനകള്‍ വന്നുകൊണ്ടിരുന്നു“
“കൊച്ചന്നാമ്മയുടെ അഭിമാനത്തിന്റെ ഇനാമല്‍ പെയിന്റ് ഇളകിത്തുടങ്ങി“
സുനീഷേ പോസ്റ്റ് ഞെറിച്ചൂറാ.. :)
ഇതിന്റെ മറ്റൊരു വെര്ഷന് ഈയടുത്ത് എവിടെയോ വായിച്ച പോലെ! ങും ങും ങും..
ജീവിതഗന്ധിയായ കഥ. ഇതിലെ കഥാപാത്രങ്ങളെയൊക്കെ എവിടെയൊ കണ്ടുമറന്നപോലെ ഒരു ഫീലിംഗ്.പോസ്റ്റ് വായിച്ചു കഴിഞ്ഞ് രണ്ടു കുറ്റി പുട്ടടിച്ചു കേറ്റിയതിനു ശേഷവും ഈ കഥ മനസ്സീന്നു പറിച്ചു മാറ്റാന്‍ പറ്റുന്നില്ല. അത്രയ്ക്കു ടച്ചിങ്ങായ സ്ടോറി. ഒന്നൂടെ വ്യക്തമായി പറഞ്ഞാല്‍ "അമ്മച്ചിയാണേ ഇതു ഞാന്‍ മറക്കമാട്ടേ. ഇന്നേയ്ക്കു ദുര്‍ഗ്ഗാഷ്ടമി..ഉന്നെ കൊന്ന്..ഉന്‍ രക്തത്തെ കുടിച്ച്....".
ഇനിയൊന്നു ചിരിച്ചോട്ടേ--ബു ഹ ഹ ഹ . അങ്ങനെ പുരുഷവര്‍ഗം വെറും മണുക്കൂസുകളും മണ്ടശിരോമണികളുമാണെന്ന് വീണ്ടും തെളിയിച്ചു കൊണ്ട് കൊച്ചന്നാമ്മ ജോസുകുട്ടിയെ അജീവനാന്ത അടിമയായി സ്വീകരിച്ചു. എല്ലാം തന്റെ കണക്കു കൂട്ടലുകളനുസരിച്ച് നടന്നതിന്റെ അഹങ്കാരം അവളുടെ മുഖത്തുണ്ടായിരുന്നു (പാവം ജോസുകുട്ടി, അതു ലജ്ജയാണെന്നു തെറ്റിദ്ധരിച്ചു പോയി).പെരേരയുമായുള്ള ഒത്തു കളിയില്‍ അവള്‍ക്ക് നഷ്ടപ്പെട്ടതു വെറും 40 രൂഭാ (4*ഇന്റര്‍നെറ്റ് കഫെ ചാര്‍ജ്-10Rs). ലാഭമോ 10ലക്ഷവും ഒരു ബെന്‍സ് കാറും. ആ റെയില്‍വേ സ്റ്റേഷനില്‍ വച്ചു തന്നെ കല്യാണത്തിനു സമ്മതിച്ചിരുന്നെങ്കില്‍; ലോകത്തിലെ ഏത് അണ്ടനും അടകോടനും തന്റെ ജന്മാവകാശമായി കരുതുന്ന ആ സാധനം- അതേ സ്ത്രീധനം- അതു ജോസുകുട്ടിയ്ക്കും കൊടുക്കേണ്ടിവന്നേനെ. ഇതിപ്പോ എല്ലാം ലാഭം. ജോസുകുട്ടി വന്ന വണ്ടിക്കൂലി പോലും കൊടുക്കേണ്ടി വന്നില്ല.പുരുഷവര്‍ഗ്ഗത്തിന്റെ ദൗര്‍ബല്യങ്ങളായ-,പെണ്ണിന്റെ കണ്ണീരു കണ്ടാല്‍ അലിഞ്ഞു പോവുക, കിട്ടിയ ചാന്‍സിനു ഹീറോ ചമയുക, സര്‍വ്വോപരി തലയിലെ മൂള വേണ്ടസമത്തു പ്രവര്‍ത്തിക്കതിരിക്കുക എന്നീ ഗുണങ്ങളെല്ലാം വേണ്ടസമയത്ത് വേണ്ടപോലെ ഉപയോഗിച്ചാല്‍ ഏതു പെണ്ണിനും വിജയം വരിക്കാം എന്നാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത് (മോറല്‍ ഓഫ് ദി സ്റ്റോറി).
ദാറ്റ്സ് ഓള് യുവറോണര്‍...
ഓര്‍ഡര്‍ ഓര്‍ഡര്‍..!!!!!!!!!1
സുനീഷേ എന്റെ പുരഷ രക്തം തിളക്കുന്നു ത്രേസ്യാമ്മയുടെ കമന്റു കണ്ടിട്ട്..എനിക്കു ദേഷ്യം വന്നാലുണ്ടല്ലോ..ശോ കുറച്ചു നേരം പോയി റെസ്റ്റ് എടുക്കട്ടെ..എനിക്കു പെണ്ണു കിട്ടൂല്ലന്നു പറഞ്ഞ കൊച്ചു ത്രേസ്യോയ്... ഞാന്‍ വച്ചിട്ടുണ്ട്...
ഇവിടെ ഒരു ചായേം പരിപ്പുവടേം...
കൊച്ചുത്രേസ്യാക്കൊച്ചേ,
കണ്ടതില്‍ സന്തോഷം!
നീയിപ്പോളും നിഗമനങ്ങളോട് ഏറ്റുമുട്ടിക്കഴിയുകയാണ് എന്നു പറയാതെ വയ്യ.
പെണ്മക്കളെ സ്ത്രീധനം കൊടുക്കാതെ പടിയിറക്കിവിടാന്‍ ചിലപ്പോള്‍ അപ്പനും അമ്മയും ആലോചിച്ചേക്കും. പക്ഷേ, കിട്ടാനുള്ളതു കണക്കുപറഞ്ഞു മേടിക്കാതെ, കിട്ടിയാലും പിന്നേംപിന്നേം മേടിക്കാന്‍ മക്കളെയും എളിയിലെടുത്ത് വാവിനും സംക്രാന്തിക്കും വീട്ടിലോട്ട് വരുന്ന കുറേ നാത്തൂന്മാരെ ഞാന്‍ കണ്ടിട്ടുണ്ടേ..
സോ... ഇറ്റ് നെവന്‍ എന്‍ഡ്സ്....ലോകനിയതി ഇതേപടി തുടരുവോളം ഇതും തുടരും. തുടരട്ടെ...
ഓഫ്
ഇതുവരെ പോസ്റ്റുകളില്‍ കാണിച്ച ക്രിയേറ്റിവിറ്റിയും വേവ് ലെങ്തും ചുമ്മാ ഇതുമാതിരി ഫെമിന സോപ്പിന്റെ മണമുള്ള കമന്റിട്ടു കൊച്ചു കുളമാക്കരുത്. പോ..... വീട്ടില്‍പ്പോയി ആലോചിച്ച് വൃത്തിയായിട്ട് ഒരു പോസ്റ്റിട്... അതിലമര്ത്ത്!!!!!
:)
ബാംഗ്ലൂരില്‍ ഏത് കഫേയിലാണ് നെറ്റിനു മണിക്കൂഫിനു 10 രൂഭാ ?
കൊച്ചുത്രേസ്യേ കച്ചോടം പൊളിഞ്ഞു !
റോള്‍ ഞാന്‍ കട്ട് ചെയ്യും, ചുമ്മാ ഫ്രെയിം ചെയ്ത് തൂക്കും പറഞ്ഞേക്കാം !
ചുമ്മാ ഒരോഫ് :
ഉണ്ണിക്കുട്ടാ,
നീയിങ്ങോട്ടിരി നമ്മക്കു സംസാരിക്കാം. നമ്മളെന്തിനാ വേണ്ടാത്തകാര്യത്തിലൊക്കെ സംസാരിക്കുന്നെ..
“ആക്ചലി ഇറ്റലിയിലേതിനേക്കാള്‍ മെച്ചപ്പെട്ടതാരുന്നു ജെര്മിനി ജി-എട്ട് സമിറ്റ് പറയാതെ വയ്യ...അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചും മറ്റും ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ കൈക്കൊണ്ടാല്‍ അത് പൂര്‍ണ്ണ വിജയമായിരുന്നു എന്നു കരുതാം..!!!!!”
മാഷേ എന്റെ കമന്റ് ഒരു സ്പോട്സ്മാന്‍ സ്പിരിറ്റിലെടുക്കണമെന്ന് താഴ്മയായി അഭ്യര്‍ഥിക്കുന്നു. അതില്‍ ഫെമിന സോപ്പിന്റെ മണം കലര്‍ത്താന്‍ നോക്കരുത് (അത് കൊച്ചുത്രേസ്യക്ക് അലര്‍ജിയാണ്).പിന്നെ സ്ത്രീധനം- എന്ന വാക്കാണ് ഇവിടെ വെടിമരുന്നിന് തീയിട്ടതെങ്കില്‍ ഒരു കാര്യം വ്യക്തമാക്കിക്കോട്ടേ - സ്ത്രീധനം ചോദിക്കുന്ന പുരുഷന്മാരെ മാത്രമല്ല, ഒന്നും വേണ്ടാന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ച് സ്ത്രീധനം കൊടുക്കുന്ന മാതാപിതാക്കളെയും പിന്നേം പിന്നേം പങ്കു ചോദിച്ച് പടികേറിവരുന്ന പെണ്‍കൊച്ചുങ്ങളെയും, നിങ്ങള്‍ക്കിഷ്ടമുള്ളതു തന്നാല്‍ മതിയെന്നു പറഞ്ഞ് ത്രിശങ്കുസ്വര്ഗ്ഗത്തിലാക്കുന്ന ചെക്കന് വീട്ടുകാരെയും,രണ്ടു കൂട്ടര്‍ക്കുമിടയില്‍ നിന്ന് ലാഭം കൊയ്യുന്ന ഇടനിലക്കാരെയുമൊക്കെ ഇത്രേം കാലത്തിനിടയ്ക്ക് ഞാനും ഒരു പാടു കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇക്കര്യത്തില്‍ വരന്റെ വീട്ടുകാര്‍ മാത്രമാണ് കുറ്റക്കാര്‍ എന്ന് ഞാനും വിശ്വസിക്കുന്നില്ല.പിന്നെ എന്റെ കമന്റില്‍ അങ്ങനെയൊരു ഹിന്റ് തന്നത് അതാണ് ഈ പോസ്റ്റിന് കൂടുതല്‍ ചേരുന്നത് എന്നു തോന്നീട്ടാണ്.അല്ലാതെ അവര്‍ മാത്രമാണ് കുറ്റക്കാര്‍ എന്നുള്ള ഒരു ഫെമിനിസ്റ്റ് ചിന്താഗതിയല്ല അതിനു പിന്നില്‍.
പിന്നെ "സോ... ഇറ്റ് നെവന്‍ എന്‍ഡ്സ്....ലോകനിയതി ഇതേപടി തുടരുവോളം ഇതും തുടരും. തുടരട്ടെ"
ഞാനും യോജിക്കുന്നു.ഇത്തിരി കൂട്ടിച്ചേര്‍ക്കലോടെ- കൊടുക്കാനും വാങ്ങാനും സൗകര്യവും മനസ്സുമുള്ളവര്‍ അതു തുടരുക.. അതിനു പറ്റാത്തവര്‍ എതിര്‍ക്കുക.അത്രെയുള്ളൂ.ഫെമിനിസം മാത്രമല്ല ഈ എതിര്‍പ്പിനു പിന്നില്‍ എന്നു ദയവായി മനസ്സിലാക്കുക.
ഈ കമന്റെഴുതുമ്പോള്‍ ഇത്രയും ഭീകരമായ ഒരര്‍ത്ഥം അതിനു കൈവരുമെന്ന് അമ്മച്ചിയാണെ ഞാന്‍ വിചാരിച്ചിരുന്നില്ല. ദേ അവസാനം ഒരു വെല്യ സ്മെയിലി.
ബെര്‍ളി മാഷേ ബംഗ്ലൂരും ഡെല്ലിയും പോലുള്ള നഗരങ്ങളില്‍ ഇന്റര്‍നെറ്റ് കഫെ ചാര്‍ജ് മണിക്കൂറില്‍ 15 Rs ആണ്. പിന്നെ ഔട്ട്സ്കര്ട്ട്സിലേക്കു വരുമ്പ്പോള്‍ അത്` 10 രൂപയാകും.ബിസിനസ്സ് കുറവായതു കൊണ്ടാവും.ഈ പ്രശ്നത്തിന്റെ പേരില്‍ എന്നെ ഫ്രെയ്ം ചെയ്തു തൂക്കാനാണു ഭാവമെങ്കില്‍ ഞാന്‍ തിരിച്ചു മണിയേട്ടന്റെ പ്രൊജക്ടിലേക്കു പോകും. പറഞ്ഞേക്കാം.
ങൂം... കൊച്ചുത്രേസ്യയെ വച്ച് എന്റെ ബിഗ് ബജറ്റ് മൂവി ഇതിനും മാത്രം ഷൂട്ട് ചെയ്തു പോയതുകൊണ്ട്...
വില്‍ ബി കണ്ടിന്യൂഡ്....
നായികയെ കട്ട് ചെയ്ത് കൊച്ചുത്രേസ്യയെ നായകനാക്കുന്ന കാര്യവും പരിഗണനയിലുണ്ട്...
സ്പോര്‍ട്സ് വുമണ്‍ സ്പിരിറ്റില്‍ എന്നു പറ കൊച്ചേ..
ഒരു അപര ഐഡിയും ഉണ്ടാക്കി ഇറങ്ങുമ്പോള്‍ ഇതൊക്കെ ഓര്‍ക്കണ്ടേ...;)
അന്നാ പാര്‍വതി- ശ്രീനി ഗോമ്പിനേഷന്‍ പറഞ്ഞപ്പോഴേ ഓര്‍ത്തതാ..
ജോക്സ് എപ്പാര്‍ട്ട്
കൊച്ചുത്രേസ്യകൊച്ചേ,
നോ പ്രോബ്ലം. ഇവിടാരും പ്രകോപിതരായില്ല. ഹാസ്യത്തിന്റെ അതെ മൂഡില്‍ തന്നെ വായിച്ചുപോകുന്നു. എല്ലാരും അങ്ങനെതന്നെ. ധൈര്യമായി എന്തും എഴുതൂ. തിരിച്ചും എഴുതാം. മറുപടി പറയുന്നത് ഇഷ്ടമായില്ലെങ്കില്‍ അതും പറയാം. ‘നിര്‍ത്തെടാ. ഓവറാക്കാതെ‘ എന്ന് രണ്ടു വാക്ക്. ഇവിടെ കമന്റിയിരിക്കുന്ന ആരോടും അത് പറയാം. ഗ്യാരണ്ടി. എന്താ അങ്ങനെയല്ലേ സുനീഷെ..?
പിന്നെ ആക്ഷേപ ഹാസ്യങ്ങള്ക്കൊടുവില് ഇങ്ങനെ ആരോഗ്യകരമായ ചര്‍ച്ച ആവാമെങ്കില്‍ അത് കൂടുതല്‍ നന്ന്. ബ്ലോഗിന്റെ വിജയമാവും അത്.
:)
സുനീഷ്.. ഓരോ എപ്പിസോഡും പല ചാനലുകളിലായി ഓടിക്കൊണ്ടിരിക്കുന്ന സീരിയലിന്റെ ഈ എപ്പിസോഡ്ആദ്യം വായിച്ചു. എന്നിട്ട് പോയി കതിരവന്റെ ചാനലില്‍ പോയി അടുത്ത എപ്പിസോഡ് കണ്ടു. (വിശദമായ കമന്റ് അവിടെ വച്ചിട്ടുണ്ട്)
എന്തൊക്കെയായാലും കൊച്ചുത്രേസ്യയുടെ പോസ്റ്റില്തുടങ്ങി ഇതുവരെ വായിച്ച മൂന്നും തകര്‍ത്തു. ഇതിനൊരു കഥയുടെ രീതി തന്നെ ഉണ്ട്. നന്നായി
ഈ വിഷയം കൈവിട്ടു കലാപം ആകാതെ തന്മയത്ത്വത്തോടെ കൈകാര്യം ചെയ്യുന്ന പോസ്റ്റുകള്‍ക്കെല്ലാം അഭിനന്ദങ്ങള്‍.
സുനീഷേ, കലക്കിമറിച്ചു, തിരിച്ചു, ,പിന്നേം മറിച്ചു, ഇട്ടിരുട്ടി.....നിങ്ങള്‍ രാമ ലക്ഷമണന്മാര്‍ എന്നാ ഭാവിച്ചാ ഈ യാത്ര, ഒരാളും കൂടി വഴിക്കീന്ന് കേറട്ടെ ;)
കൊച്ചുത്രേസ്യാക്കൊച്ചേ..
ഇതു കൊച്ചിന്റെ കമന്റിനുള്ള മറുപടിയല്ല. അത് അവിടെ അവസാനിച്ചു. സംഗതി ശുഭം, തൃപ്തികരം.
എതിരന്റെ പോസ്റ്റിലിട്ട കമന്റില്‍ നീയറിയാതെ പറഞ്ഞ ഒരു കാര്യമുണ്ട്. തമാശയായിട്ടു തന്നെ. എങ്കിലും അതിലല്പം കാര്യമുണ്ട്. എല്ലായിടത്തും ഓടിയെത്താന്‍ ഞാനൊറ്റയ്ക്കല്ലേയുള്ളൂവെന്ന്!!!
അതാണ് ലോകത്തിലെ ഏറ്റവും വല്യ സത്യം. അതുകൊണ്ട് ഇത്രേം സ്മാര്‍ട്ടായ കൊച്ച് എത്രേം പെട്ടെന്ന് പരീക്ഷ പാസാകാന്‍ നോക്ക്. നല്ല കൗണ്ടര്‍ പാര്‍ട്ടിനെ തന്നെ കിട്ടട്ടെ!! ആശംസകള്‍.
ങേ.. എന്തോ... ഞാനിതാ വരുന്നേ... (അമ്മച്ചി വിളിച്ചതാ, ഞാന്‍ പോട്ടെ...!!)
ജി എട്ട് ഉച്ചകോടിയുമായി ബന്ധപ്പെട്ട് രണ്ടുദിവസം അവധിയായിരുന്ന ഷാപ്പ് നാളെ രാവിലത്തെ ചെത്തുകള്ള് എത്തിയാലുടന്‍ തന്നെ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്. ഇതുവരെ ഷാപ്പിനെ മുന്നോട്ടു നയിച്ച എല്ലാ മാന്യ കുടിയന്മാരെയും വീണ്ടും സ്വാഗതം ചെയ്തുകൊള്ളുന്നു.
സവിനയം,
ഷാപ്പുമൊതലാളി!
ഡാ സുനീഷേ ഒരു കുപ്പി കള്ളും ഒരു പ്ലേറ്റ് പോത്തും പോരട്ടെ. :-) മഴക്കാലമല്ലേ, തവളക്കാലുണ്ടെങ്കില് അതും ഒരു പ്ലേറ്റ്.
ദേ വട്ടാ...
കള്ളൊക്കെ കള്ള്.
കഴിഞ്ഞ തവണത്തേപ്പോലെ കാശും തരാതെ എന്റെ വീട്ടിലിരിക്കുന്നവര്‍ക്കും പറഞ്ഞിട്ടു പോയാലുണ്ടല്ലോ..കൂമ്പിടിച്ചു വാട്ടും ഞാന്‍.
ഇപ്പം വന്ന ഇളവനെടുക്കാം അല്ലേ?!!!
:-)
ഇളവനാ?.... ഇപ്പഴാ?.... അന്തീണ്ടാഷ്ടാ?
സുനീഷെ ഇതു നല്ലപരിപാടിയാണല്ലൊ....
അപ്പൊ ഒന്നൊ രണ്ടൊ വര്‍ഷത്തിനകം ബാച്ചിലേഴ്സ് ക്ലബ് അംഗത്വം അവസാനിപ്പിക്കാന്‍ പരിപാടിയുണ്ടല്ലെ...
ഒ. ടൊ. കൊച്ചുത്രേസ്യെ വേര്‍ഷനും അടിപോളി..
സുനീഷേ ഞാനെന്റെ തോക്കൊക്കെ ഇന്നലെയേ വലിച്ചെറിഞ്ഞു.വെടി വെച്ചു കഴിഞ്ഞിട്ടും തോക്കും കൊണ്ടു നടക്കുന്ന ശീലം പണ്ടേയില്ല.(അല്ലെങ്കിലും ഉണ്ടയില്ലാത്ത തോക്കും കൊണ്ട് നടന്നിട്ടും കാര്യമില്ലല്ലോ) :-)
പിന്നെ ആ ഷാപ്പില് പുട്ടും കടലയും വിളമ്പുന്നുണ്ടെങ്കില്‍ ഞാന്‍ എപ്പം എത്തീന്നു ചോദിച്ചാ മതി.എന്താന്നറിയില്ല, കള്ളിനോടൊന്നും പണ്ടത്തെപോലെ ഒരു താല്പര്യവുമില്ല.ഇതൊരു രോഗമാണോ ഡോക്ടര്ര്ര്...
മുകളിലത്തെ ഡോക്ടര്ര്ര് വിളി എവിടെയോ കേട്ട പോലെ... ങാ പോട്ടെ!!!
ചാത്തന്റെ കമന്റു കണ്ടില്ലാരുന്നോ കൊച്ചുത്രേസ്യമ്മേ..? അതോ സൌകര്യപൂര്‍വം കാണാതിരുന്നതോ..? അപരയാണോ അപരനാണോ എന്നൊന്നും എന്നതിലൊന്നും എനിക്കു താത്പര്യമില്ല. പക്ഷെ എല്ലാ പോസ്റ്റിലും കേറി തെണ്ടി നടക്കുന്ന സ്വന്തം ഐഡിന്റിറ്റിയും ലിംഗവുമെല്ലാം അറിയാതെ പറഞ്ഞു പോയ ഞങ്ങളെ പറ്റിക്കരുത്... സ്ഥിരമായി. ഇടയ്ക്കൊക്കെ ആവാം.
ഇനി കൊച്ചു പറ്റിച്ചിട്ടില്ലെങ്കില് വിട്ടേരെ..നമുക്കിച്ചിരി കള്ളും പോത്തിറച്ചീം തിന്നു ജോളിയായിട്ടു പോകാം ..എന്ത്യേ..
ഉണ്ണിക്കുട്ടാ ചാത്തനുള്ള മറുപടി തിയതി ഞാന്‍ നേരിട്ടു കൊടുത്തോളാം.
ചാത്താ 11-ാം തിയതി അങ്കത്തട്ടിലേക്കു വാ. അവിടെ വച്ചാവാം മറുപടി. ജാഗ്രതൈ
(മാപ്പു പറഞ്ഞ് പ്രസ്താവന പിന്‍വലിക്കാന്‍ ഇനിയും സമയമുണ്ട്)
സുനീഷേ ഓഫിനു മാപ്പ്. അല്ല ഇവിടങ്ങനെ ഓഫെന്നും ഓണെന്നുമൊക്കെയുണ്ടോ?
സുനീഷേ ഇതു കുറച്ചു നേരത്തേക്കു ഓഫാക്കുവാണേ..
ചാത്താ 11 തീയതി മീറ്റിനു പോകുമ്പോ ഒരു ഹെല്‍മറ്റ് കരുതുന്നതു നല്ലതായിരിക്കും. പിന്നെ വന്നിരിക്കുന്നതു ഒറിജിനല്‍ ത്രേസ്യാമ്മയാണോ അല്ലെങ്കില്‍ ത്രേസ്യാമ്മ ഇറക്കിയ ആളാണോ എന്നു ടെസ്റ്റ് ചെയ്യാന്‍ രണ്ടു മൂന്നു ചോദ്യങ്ങള്‍ കരുതി വെക്കുക. ത്രേസ്യമ്മേ ഇതു കുറച്ചു നേരത്തെ പറഞ്ഞിരുന്നെങ്കില്‍ എന്റെ ഒരു കമന്റു വെറുതേ കളയണമായിരുന്നോ..?
സുനീഷേ വീണ്ടും ഓണാക്കി.
സ്വാറി, ഇന്നലെ ഷാപ്പടയ്ക്കാന്‍ വൈകി. ഓഫായിപ്പോയിതുമൂലം എത്താനും വൈകി.
കൊച്ചന്നാമ്മേ, അല്ല, കൊച്ചുത്രേസ്യാക്കൊച്ചേ നന്ദി.പുട്ടും പോത്തിറച്ചിയുമാണു നമ്മുടെ സ്റ്റൈല്‍. അതുമതിയാകുമെങ്കില് ഭരണങ്ങാനത്തേക്കു പോര്.
ഉണ്ണിക്കുട്ടാ, സാല്‍ജോ ഇതാണ്ടാ സ്പിരിറ്റ്. (തീപ്പെട്ടി ഉരയ്ക്കരുത്!)
ചാത്താ, ബാംഗ്ളൂര്‍ മീറ്റിന് ആശംസകള്‍.
“ബൈ പാസ്സിലോടുന്ന ഹൃദയം”-എഴുത്തിന്റേയും ചിന്തയുടേയും ശക്തി തെളിയുന്നു.
കുടുംബ യോഗം/കുടുംബദ്രോഹം. ചാറ്റ്- ചീറ്റി- ചീറ്റിങ്...
മലബാര്‍ എക്സ്പ്രസ്സ് എന്ന സിംബോളിക് ഇമേജ്.
സുനീഷ് എഴുതിത്തെളിയുന്നു.
തെളിയൂ നീ പൊന്‍ വിളക്കെ എന്ന പഴയ സിനിമാപ്പാട്ട് പുറകില്‍ കേള്‍ക്കുന്നു. ആ പാട്ട് ഒന്ന് ഒച്ച കൂട്ടി വച്ചേ പിള്ളേരെ.
പറയാതെ വയ്യ...അടിപൊളി............
pls visit my cartoon blog
www.cartoonmal.blogspot.com
ഹെന്റമ്മോ.... ആരിത് എതിരന്‍ അച്ചായനോ?
എനിക്കു സഹിക്കാന്‍ പറ്റുന്നില്ല!!
മറ്റാരു പറയുന്നതിലുമധികം, അതിനെക്കാളേരെ, അതുമല്ലെങ്കില്‍ അതിലുമുപരിയായിട്ടുള്ള അച്ചായന്റെ കമന്റ് എന്റെ ഹൃദയത്തേല് കൊണ്ടു.
നന്ദി, നന്ദി, നന്ദി. നാട്ടില്‍ വരുമ്പോള്‍ അമ്പാറ ഷാപ്പു ഞാന്‍ മേടിച്ചു തരും!! ങ്ഹാ...
ഓഫ്-
ബെര്‍ളിച്ചായോ, ചേട്ടനിതു വല്ലോം കേള്‍ക്കുന്നുണ്ടോ??!!!
ഇന്നലെ സുനീഷെ, തന്നെയും ബെര്‍ളിയെയും സ്വപനം കണ്ടു. പോലീസുകാരുടെ കൈയില്‍ നിന്നിടിയും, പാസ്പോര്‍ട്ട് തട്ടിക്കല്‍ ടീം തന്റെ പോക്കറ്റടിയും നടത്തി.!!! എന്തിനാന്നു മാത്രം മനസിലായില്ല!!!!!!!!!
സാല്ജോക്കുട്ടാ,
നീ കണ്ട സ്വപ്നത്തില്‍ ആദ്യത്തേതു നടക്കാന്‍ ബുദ്ധിമുട്ടാ. പൊലീസുകാരുടെ ഇടി. നീ അക്രഡിറ്റേഷന് അക്രഡിറ്റേഷന് എന്നു കേട്ടിട്ടുകാണുമല്ലോ. അതുള്ളതുകാരണവും മറ്റേ സിന്‍ഡിക്കറ്റില്‍ അംഗത്വമുള്ളതു കാരണവും ആ പേടിയില്ല. പിന്നെ, പാസ്പോര്‍ട്ട് തട്ടിപ്പ്. അതിനു ചിലപ്പോള്‍ സാധ്യതയുണ്ടാവാന്‍ സാധ്യതയുണ്ട്.
എന്നതായാലും സ്വപ്നം ഫലിക്കാതിരിക്കട്ടെ... അല്ലേ?!!!
I am an annonnymous reader. Never tried Varamozhi. But regular reader for berly,suneesh and kodakara. All are good.
Good marketing strategy (Half dressed girls photo with car paint advt), lot of comments, including mine--My first comment!!! I will try this varamozhi soon...Sorry to place the comment in English.
ആഹാ.. ഞാന്‍ ഈ സൈറ്റ് ഇപ്പഴാ ആദ്യമായി കണുന്നതു. അടിപൊളി എഴുത്താണല്ലോ... ഈ കഥ ശരിക്കും ഇഷ്ടമായി... ഇയാളുടെ മുഴുവന്‍ കഥകളും ഞാന്‍ വായിക്കാന്‍ തീരുമാനിച്ചു.. എന്നിട്ട് വിശദമായ അഭിപ്രായം പറയാം.. ഇത് ഏതായാലും വളരെ നന്നായിട്ടുണ്ട്...
[അഭിലാഷങ്ങള്‍]
nannayittundu
കഥകൽ അതിഭയങ്കരം തന്നെ. ഇനിയും എഴുതുക. വയിക്കാൻ ഞൻ തയ്യർ.
മലയലം ലിപി എഴുതൻ വരുന്നതെ ഉല്ലു. പൊറുക്കുമല്ലൊ.
You might have to guide me how to get the "Chill" letters in Mozhi Key Map.
Once again good writing.
വളയാതെ നിന്ന കൊന്നത്തെങ്ങു വളച്ചൊതുക്കി ഇപ്പുറത്തെ പ്ളാവേല്‍ കെട്ടിവച്ചതിന്റെ അഹങ്കാരത്തോടെ കൊച്ചന്നാമ്മയും ചിരിച്ചു.
:)
ഹാ ഹാ ഹാാ.സൂപ്പർ!!!!
പോസ്റ്റ് അതിരസകരം.
കമന്റുകൾ അതിലും രസകരം.
Post a Comment