ജനകീയാസൂത്രണം വരുന്നതിനും മുന്‍പുള്ള കാലം. ജനകീയാസൂത്രണം എന്ന ചിന്തയ്ക്കു തന്നെ വിത്തുപാകിയ വിധമൊരു ഓണാഘോഷം ഭരണങ്ങാനത്തു നടക്കുന്നു.
സ്ഥലം ഭരണങ്ങാനം ആനക്കല്ല് സെന്റ് മേരീസ് ഫൊറോന പള്ളിവക റബ്ബര്‍ത്തോട്ടം. അധ്യക്ഷനില്ല, ഉദ്ഘാടകനില്ല,പ്രസംഗകരില്ല. ഉള്ളത് ഒരു മണ്ണെണ്ണ സറ്റൗ, രണ്ടു ലിറ്റര്‍ മണ്ണെണ്ണ, ഒരു ചീനച്ചട്ടി, ഇരുപതു കോഴിമുട്ട, കുറച്ച് വെളിച്ചെണ്ണ. പങ്കെടുക്കുന്നവരുടെ എണ്ണം കൃത്യമായി പറയാന്‍ പറ്റാത്ത സ്ഥിതി.
കാര്യപരിപാടി
സ്റ്റൗവില്‍ തീ കത്തിക്കൊണ്ടിരിക്കുന്നു. ചീനച്ചട്ടി ചൂടായി നില്ക്കുന്നു. സമീപത്തെ പച്ചക്കറിക്കടയുടമസ്ഥന്‍ അന്ത്രപ്പന്റെ നേതൃത്വത്തില്‍ വഴിയേ പോകുന്ന നാട്ടുകാര്‍ക്ക് ഓണാശംസ നേരുന്നു. നേരെ റബ്ബര്‍ തോട്ടത്തിലേക്കു ക്ഷണിക്കുന്നു. റബ്ബര്‍ തോട്ടത്തിലെത്തുന്ന നാട്ടുകാരനെ അതിശയിപ്പിച്ചുകൊണ്ട്, ചീനച്ചട്ടിയില്‍ ഓംലൈറ്റുകള്‍ പിറവി കൊള്ളുന്നു.
എന്നതാ അന്ത്രപ്പാ... നട്ടുച്ചയ്ക്ക് മൊട്ട പൊരിച്ചു തിന്നാന്‍ തലയ്ക്കു വട്ടുണ്ടോ?
അന്ത്രപ്പന് മറുപടി പറയില്ല. പകരം, അന്ത്രപ്പന്റെ ശിങ്കിടികള്‍ സമീപത്തെ കാനയിലെ കരിയലികള്‍ക്കിടയില്‍നിന്ന് ഒരു സാധനം പൊക്കിയെടുക്കും. നല്ല ചന്തമുള്ളോരു കുപ്പി. കുപ്പി നിറയെ നല്ല വീഞ്ഞുനിറമുള്ള വിദേശ മദ്യം. വിസ്കി മാത്രം കഴിച്ചു ശീലമുള്ളവര്‍ അതിനെ ചാത്തനെന്നും വെട്ടിക്കൂട്ടെന്നുമൊക്കെ വിളിക്കുമെങ്കിലും നല്ല മൊരിയന്‍ സാധനം.
ഗ്ളാസിലേക്കു പകര്‍ത്തപ്പെടുന്ന വിദേശിക്ക് മേമ്പൊടിയായി അല്പം വെള്ളം. കുടിച്ചിറക്കുന്ന ഇറക്കില്‍ ടച്ചിങ്സായി അല്പം ഓംലൈറ്റ്.
നാട്ടുകാരന്റെ തോളില്‍ത്തട്ടുന്നു. അന്ത്രപ്പന് വക ഹാപ്പി ഓണം ആശംസകള്‍.
രണ്ടു കൈയും വീശി വെറുതെയങ്ങുപോകാന്‍ നാട്ടുകാരൊക്കെ ആരാ മക്കള്‍?!!
എന്നാപ്പിന്നെ അന്ത്രപ്പാ ആശംസ ഒന്നോ രണ്ടോകൂടിപ്പോരട്ടെ... ഇതാ എന്റെ വക ഷെയറു പിടിച്ചോ....
സമാനമനസ്കരായ നാട്ടുകാരുടെ എണ്ണം ഭരണങ്ങാനത്തു ഭീകരമാം വിധം കൂടുതലായിരുന്നു. അതുകൊണ്ട് സംഭാവനകള്‍ കൂമ്പാരമായി. ഇടയ്ക്കിടെ ഭരണങ്ങാനത്തിന്റെ വിരിമാറിലൂടെ പാലാനഗരത്തിലെ ആയിരങ്ങള്‍ ക്യൂ നില്ക്കുന്ന വിദേശ മെഡിക്കല്‍ ഷാപ്പുതേടി ഓട്ടോറിക്ഷകള്‍ പാഞ്ഞുകൊണ്ടിരുന്നു.
റബര്‍തോട്ടത്തില്‍ ഓണാശംസ മേടിച്ചു മേടിച്ചു തലകുമ്പിട്ടു മാര്‍പ്പാപ്പമാരായവരുടെ എണ്ണവും പെരുകിക്കൊണ്ടിരുന്നു. സാക്ഷാല്‍ മാവേലി മുതല്‍ വാമനന് വരെ മനുഷ്യരെല്ലാം ഒന്നുപോലെ റബര്‍മരത്തില്‍ ചാരിയിരുന്ന് മധുരോദാരമായ ഓണസ്മരകള്‍ അയവിറിക്കിക്കൊണ്ടിരുന്നു. ചിലരുടെ സ്മരണകള്‍ വാളിന്റെയും പരിചയുടെയും രൂപത്തിലായിരുന്നു. അവരങ്ങനെയങ്ങനെ ഏറിക്കൊണ്ടിരുന്നു.
ഭരണങ്ങാനം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ഓണാഘോഷത്തിന്റെ കണ്‍വീനര്‍ സ്ഥാനം അലങ്കരിച്ചുകൊണ്ടിരുന്ന അന്ത്രപ്പന്റെ കടയില്‍ സ്റ്റോക്കുണ്ടായിരുന്ന കോഴിമുട്ടകള്‍ തീര്‍ന്നുകൊണ്ടിരുന്നു. അന്ത്രപ്പന്റെ മേശവലിപ്പില്‍ കാശു വന്നു വീണുകൊണ്ടുമിരുന്നു. നാട്ടുകാര്‍ക്ക് ഫ്രീയായി ഓണാശംസയും ഓംലൈറ്റും കൊടുക്കാന്‍ അന്ത്രപ്പന് അന്തോനീസുപുണ്യാളന്റെ ചേട്ടന്റെ മോനൊന്നുമല്ലല്ലോ....!
മുട്ട തീരുമെന്ന ഘട്ടമെത്തിയപ്പോള്‍ അന്ത്രപ്പന് പ്രഖ്യാപിച്ചു.
നാട്ടുകാരേ...
നമുക്ക് ആഘോഷം മതിയാക്കാം. എനിക്കു വീട്ടില്‍ ഓണസദ്യയുണ്ണേണ്ട നേരമായി. നിങ്ങള്‍ക്കും ഓണമുണ്ണേണ്ടതാണല്ലോ. അതുകൊണ്ട് നമുക്ക് ഈ ആഘോഷമവസാനിപ്പിക്കാം. കടയിലുണ്ടായിരുന്ന മുട്ടയും തീര്‍ന്നുകഴിഞ്ഞിരുന്നു. സ്റ്റൗവും ചീനച്ചട്ടിയും വെളിച്ചെണ്ണയുമെത്തിച്ച നല്ലവനായ ചാക്കോപ്പിക്ക് ഈ അവസരത്തില്‍ എന്റെ ആയിരമായിരം നന്ദി, നന്ദി...
അതുവരെ, ജ്വലിച്ചുനിന്ന ആഘോഷത്തെ അത്രവേഗം ചവിട്ടി പാതാളത്തിലേക്കു താഴ്ത്താന്‍ വന്ന വാമനനായി മാറിയ അന്ത്രപ്പനെ നാട്ടുകാരില്‍ ചിലര്‍ക്കു പിടിച്ചില്ല.
അന്ത്രപ്പാ.... മുട്ട തീര്‍ന്നെങ്കില്‍ തീരട്ടെ. ബാക്കി സാധനം ഇനിയുമുണ്ട്. വേണേല്‍ ഇനിയും വരുത്തുകയും ചെയ്യാം. ആ നിലയ്ക്ക് ആഘോഷം തുടരട്ടെ. മാത്രമല്ല, ഓണസദ്യയുണ്ടാക്കാനുള്ള സാധനവും വാങ്ങി രാവിലെ വീട്ടിലേക്കു വിട്ടവരെ വരെ നമ്മളിവിടെ കുളിപ്പിച്ചു കിടത്തിയിട്ടുണ്ട്. ആ നിലയ്ക്ക്, അവര്‍ക്കു ബോധം തെളിയും വരെയെങ്കിലും ഈ ആഘോഷം തുടരേണ്ടതായുണ്ട്.
അന്ത്രപ്പന് ചിരിച്ചു.
എങ്കില്‍ പ്രിയപ്പെട്ടവരേ നിങ്ങള്‍ ആഘോഷം തുടരുക. ഞാന്‍ വിടവാങ്ങട്ടെ.....
നാട്ടുകാരില്‍ ചിലര്‍ക്ക് അപ്പോഴും അതങ്ങിഷ്ടപ്പെട്ടില്ല. അവര്‍ പറഞ്ഞു
അല്ല, അന്ത്രപ്പാ.. ഇവിടെ ഇത്രയും വലിയ ആഘോഷം നടന്നിട്ടും താനൊരു തുള്ളി വിദേശിയെപ്പോലും അകത്താക്കിയില്ലല്ലോ... അതുകൊണ്ട് ഒരല്പം സേവിച്ചിട്ടു പോടോ.. താനിതുവരെ ഷെയറു തന്നില്ല. അതു തരികയും വേണ്ട. സാധനം ആവശ്യത്തിനുണ്ട്. ഞങ്ങളുടെ സന്തോഷത്തിനെങ്കിലും....
അന്ത്രപ്പന്റെ ദുരഭിമാനത്തിന്റെ മൂട്ടിലാണ് അതു ചെന്നുകൊണ്ടത്.അന്ത്രപ്പന് തിരിച്ചടിച്ചു.
ഹും... ഷെയറിടാതെ അന്ത്രപ്പന് ഈ പണിക്കു നിക്കത്തില്ല. ഷെയറിടാതെ അന്ത്രപ്പന് ഒരു തുള്ളി പോലും വേണ്ട. അതുകൊണ്ട് ഇന്നാ പിടി എന്റെ വക നൂറു രൂപ...!!
ജനസഹസ്രം കയ്യടിച്ചു. നൂറു പോയതിന്റെ ദുഖത്തില്‍ അന്ത്രപ്പന് ആദ്യരണ്ടുലാപ്പില്‍ത്തന്നെ അതിവേഗം മുന്നേറി. മിനിട്ടുകള്‍ക്കകം അടുത്തുള്ള റബര്‍ച്ചോട്ടില്‍ അന്ത്രപ്പന് സീറ്റിങ്ങായി.
വിദേശി അകത്തോട്ടു ചെന്നപ്പോളാണ്, അപ്പനപ്പൂന്‍മാരു മുതലുള്ള കാലത്തേ കുടുംബപരമായി കൈവശമുള്ള, ജനിതമായിട്ടുള്ളതായിട്ടുള്ള വിദേശവിരുദ്ധ വികാരം അന്ത്രപ്പനില്‍ തെകട്ടി വന്നത്.
അന്ത്രപ്പന് പൊട്ടിത്തെറിച്ചു.
ഹും മാവേലി, കേരളം, ഓണം.... എന്നിട്ടിവിടെയോ വിദേശി മാത്രം!! എനിക്കിതു സഹിക്കില്ല.
വേറെ ചിലര്‍ക്കും അതു സഹിച്ചില്ല. വിദേശിയെ കുറ്റം പറയുന്നതു കേട്ടാല്‍ ചോര തിളയ്ക്കുന്ന നല്ലയിനം കോണ്‍ഗ്രസുകാരുടെ ജനുസ്സില്‍പ്പെട്ടവരായിരിക്കാം അവര്‍.
അന്ത്രപ്പന് വീണ്ടും തുടര്‍ന്നു- വിദേശി കഴിച്ച സാഹചര്യത്തില്‍ ആ തെറ്റു മായ്ക്കാനായി എനിക്കല്പം സ്വദേശികൂടി വേണം. നല്ല തെങ്ങിന്‍കള്ള് കുറച്ചു വേണം. ആരുണ്ട് മേടിച്ചോണ്ടു വരാന്‍...? കാശിന്നാ പിടിച്ചോ.....!!!
അന്ത്രപ്പനു തെങ്ങിന്‍കള്ളു വേണം. എവിടെ കിട്ടാന്‍?
ഉത്തരവും അന്ത്രപ്പന് തന്നെ പറഞ്ഞു. പാലമ്മൂട്ടിലോട്ടു വിട്ടോ. അവിടാകുമ്പോള്‍ ഒറിജിനലു തന്നെ കിട്ടും...
അന്ത്രപ്പന്റെ സ്വദേശിപ്രേമത്തിന്റെ ഭാഗമായി കള്ളുമേടിക്കാന്‍ ഓട്ടോറിക്ഷയൊന്ന് പാലമ്മൂട്ടിലേക്കു പാഞ്ഞു. അതുവരെയുള്ളതിന്റെ കിക്കില്‍ അന്ത്രപ്പന് റബര്‍മരച്ചോട്ടിലേക്കും ചാഞ്ഞു. അന്ത്രപ്പന്റെ കണ്മുന്നില് ഭൂമി വട്ടം കറങ്ങി. ആരൊക്കെയോ വന്ന് തന്നെ പാതാളത്തിലേക്കു ചവിട്ടിത്താക്കുന്നതുപോലെയും അന്ത്രപ്പനു തോന്നി.
പാലമ്മൂട്ടിലേക്കു പോയ ഓട്ടോറിക്ഷയില്‍ രണ്ടു കോണ്‍ഗ്രസുകാരായിരുന്നു.
വിദേശിപ്രേമികളെങ്കിലും രഹസ്യമായി സ്വദേശിയെയും പ്രേമിക്കുന്ന തനി കോണ്‍ഗ്രസുകാര്‍. ഷാപ്പെത്തിയപ്പോളേയ്ക്കും അവരിലും സ്വദേശി പ്രേമം മുളപൊട്ടി.
അന്ത്രപ്പനു വേണ്ടതു തെങ്ങിന്‍കള്ള്. കുപ്പിക്കു വില നാല്പ്പതുരൂപ. കോണ്‍ഗ്രസുകാര്‍ക്കു പനയാണെങ്കിലും മതി. അതിനു വേണം കുപ്പിക്ക് ഇരുപത്തിനാലു രൂപ. ഖദര്‍ഷര്‍ട്ടിന്റെ പല കോണിലും തെറുത്തുവച്ച കൈമടക്കിലും തപ്പിയിട്ടും കിട്ടിയതു പത്തുരൂപ. ബാക്കി സംഘടിപ്പിക്കാന്‍ ഒരു മാര്‍ഗവുമില്ല. എന്തു ചെയ്യാന്‍?
അന്ത്രപ്പന് വക പണം അവരുടെ കയ്യിലിരുന്നു തുടിച്ചു. അതേ, അതു തന്നെ.
അന്ത്രപ്പനു തെങ്ങു വേണ്ട. പകരം അന്ത്രപ്പനും തങ്ങള്‍ക്കും പന. ഇഷ്ടം പോലെ പന.
തെങ്ങിന്‍കള്ളിനു കാശുകൊടുത്തുവിട്ട അന്ത്രപ്പനെ മനപ്പൂര്‍വം മറന്ന കോണ്‍ഗ്രസുകാര്‍ പന ആവശ്യം പോലെ അകത്താക്കി.
ഒടുക്കം മിച്ചം വന്നത് അന്ത്രപ്പനു കൊടുക്കാന്‍ കുപ്പിയുടെ പകുതി മാത്രം പന.
സ്വദേശികളായ കോണ്‍ഗ്രസുകാര്‍ നേരെ മീനച്ചിലാറ്റിലേക്കു വച്ചടിച്ചു. അന്ത്രപ്പനായുള്ള അരക്കുപ്പിയില്‍ ആറ്റിലെ പരിശുദ്ധമായ പച്ചവെള്ളം നിറച്ചു. ഓട്ടോ തിരികെ പാഞ്ഞു.
അങ്കവും കണ്ടു താളിയുമൊടിച്ചതിന്റെ ആവേശത്തില്‍ ഓട്ടോറിക്ഷയില്‍നിന്ന് ജയ് ഗാന്ധി, ജയ് ജെപി വിളികള്‍ മുഴങ്ങി.
ഓണദിവസം ഏതോ മദ്യവിരുദ്ധ സമിതിയുടെ പ്രവര്‍ത്തകര്‍ ജാഥയ്ക്കു പോവുകയാണെന്നു കരുതി നാട്ടുകാര്‍ സംഗതി വിട്ടുകളഞ്ഞു.
ഓട്ടോ റബര്‍ത്തോട്ടമണഞ്ഞു. റബര്‍മരത്തില്‍ കെട്ടിപ്പിടിച്ചു കിടക്കുകായിരുന്ന അന്ത്രപ്പനെ സംഘം വിളിച്ചുണര്‍ത്തി. അദ്ദേഹത്തിനായി പാലമ്മൂട്ടില്‍നിന്നെത്തിച്ച പന അല്ല തെങ്ങ് നിവേദിച്ചു.
അന്ത്രപ്പനു സന്തോഷമായി. കൊതിയോടെ തന്നെ നോക്കുന്ന ആയിരം കണ്ണുകളെ തൃണവല്‍ഗണിച്ച് അന്ത്രപ്പന് കുടി തുടങ്ങി.
ചങ്കിടിപ്പോടെ കോണ്‍ഗ്രസ് സംഘം കാത്തുനിന്നു.
കുപ്പി പകുതിയാക്കിയ അന്ത്രപ്പന് അതിശക്തമായൊരു ഏമ്പക്കം വിട്ടു. അതിന്റെ കാറ്റടിച്ച് അടുത്തുകിടന്നവര്‍ ഞെട്ടിയെണീറ്റു കണ്ണുതുടച്ചു.
ഓ ഞാന്‍ ഷാപ്പിലല്ല അല്ലേ എന്ന ചോദ്യവുമായി അവര്‍ വീണ്ടും മലച്ചു.
അന്ത്രപ്പന് കുപ്പിയിലേക്കും അതുമായെത്തിവരുടെ കണ്ണുകളിലേക്കും രൂക്ഷമായൊന്നു നോക്കി. എന്നിട്ടു പറഞ്ഞു.
കുഴപ്പമൊന്നുമില്ല. എങ്കിലും പാലമ്മൂടുകാരും കളിപ്പിക്കല്‍ തുടങ്ങിയിരിക്കുന്നു. ഓണമായിട്ടായിരിക്കും. അവന്മാരവിടെ തെങ്ങിന്‍കള്ള് എന്നും പറഞ്ഞു വില്‍ക്കുന്ന സാധനം അത്രയ്ക്കങ്ങു വിശ്വസിക്കാനൊരു പ്രയാസം.
ഇതിലൊരു അന്‍പതു ശതമാനമെങ്കിലും പനം കള്ളാണെന്നേ......!!!!
20 comments:
ഭരണങ്ങാനം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ഓണാഘോഷത്തിന്റെ കണ്‍വീനര്‍ സ്ഥാനം അലങ്കരിച്ചുകൊണ്ടിരുന്ന അന്ത്രപ്പന്റെ കടയില്‍ സ്റ്റോക്കുണ്ടായിരുന്ന കോഴിമുട്ടകള്‍ തീര്‍ന്നുകൊണ്ടിരുന്നു. അന്ത്രപ്പന്റെ മേശവലിപ്പില്‍ കാശു വന്നു വീണുകൊണ്ടുമിരുന്നു. നാട്ടുകാര്‍ക്ക് ഫ്രീയായി ഓണാശംസയും ഓംലൈറ്റും കൊടുക്കാന്‍ അന്ത്രപ്പന് അന്തോനീസുപുണ്യാളന്റെ ചേട്ടന്റെ മോനൊന്നുമല്ലല്ലോ....!
ഇങ്ങനെയുമൊന്ന്. വായിക്കുക.
:)
ബൂലോഗരെ ഫിറ്റാക്കിയേ അടങ്ങൂ അല്ലേ? :)
ഇത്തിരി വെള്ളം കൂടിപ്പോയില്ലേ എന്നൊരു ശങ്ക.
:-)
മാഷുമുണ്ടായിരുന്നോ ആഘോഷത്തിന്? അല്ലേല്‍ കാര്യങ്ങളൊക്കെ ഇത്ര കൃത്യമായെങ്ങിനെയറിഞ്ഞു? :)
--
:-)
ഇത് തന്നെയാ ഞങ്ങടെ നാട്ടിലെ താമരയും പറഞ്ഞത്. “കുപ്പി രണ്ടെണ്ണം കഴിഞ്ഞിട്ടും ഒരു തരിപ്പ് പോലും ഉണ്ടായില്ലാ..” ന്ന്.
സുനേഷേ... ഓണാശംസകള്‍.
ജനകീയാസൂത്രണത്തെ പറ്റിപറഞ്ഞിട്ട് ഇതിപ്പം കോഴികളുടെ കുടുംബാസൂത്രണമായി!!!!എത്ര മുട്ടയാ തീര്‍ത്തെ?
വെറുതെ കൊതിപ്പിക്കല്ലെന്ന് ഞാന്‍ പണ്ടേ പറഞ്ഞിട്ടൊണ്ട്...
നന്നായി...
\:)
അച്ചായോ, ഓണം എങ്ങനെ, കരിപ്പുരിലാണേല് പുഷ്പക്ക് അല്ലെ.
ഓണക്കളി[പന്നി മലത്ത്..റമ്മികളി]..
ഓണത്തല്ല്[ശരിക്ക് കിട്ടീട്ടൊണ്ട്-എവിടുന്നൊക്കെയാണെന്ന് ഓര്‍മ്മയില്ല].....
ഓണപ്പോലീസ്[നമ്മടെ സ്വന്തം ആള്‍ക്കാരാ]....
ഓണക്കള്ള്[ഇവനില്ലാതെ എന്ത് ഓണം]....
ഇങ്ങനെ എല്ലാം വച്ചോണ്ടൊരു ഓണാശംസകള്‍...
പോസ്റ്റില്‍ വെള്ളം ചേര്‍ത്തിട്ടൊണ്ട്.....ഇല്ലേ...ഇല്ലേ..
പറയൂ..പറയാതെ ഞാന്‍ വിടില്ലാ...
'ഓഫ് ടോപ്പിക് എന്ന മുഖവുരയ്ക്ക് നന്ദി.........
പിന്നെ സുനീഷ് തോമസ് ,,,,,
എഴുത്തിനെ എന്തിനാണ് പെണ്ണെഴുത്തെന്നും, ആണെഴുത്തെന്നും തിരിക്കുന്നത്....
ഏതായാലും....പെണ്ണ് എഴുതുന്നതെല്ലാം പെണ്ണെഴുത്ത് എന്ന് വിശേഷിപ്പിക്കാമോ... സുനീഷ്
വാര്യസ്യാര് എന്താണു കമന്റിയത്? ആവോ എന്തോ പറഞ്ഞു..!
ഈ തെങ്ങിന് കള്ള്, പനങ്കള്ള് എന്നു പറഞ്ഞാലെന്നാതാവ്വേ...(ഞാന്‍ ഇന്നസന്റ്)
അന്ത്രപ്പനാണ് പുലി. 51.5% പനയാണെന്ന് പറഞ്ഞ് കാണും. അല്ലെങ്കിലും ഈ എക്സ്പീരിയന്‍സ് എന്ന് പറയുന്ന സാധനം ഏത് യൂണിവേഴ്സിറ്റിയില്‍ പോയാലും കിട്ടില്ലല്ലോ. :-)
കുഞ്ഞാ,
അമൃത വാര്യര്‍ എന്ന ബ്ളോഗറുടെ പോസ്റ്റില്‍ ഞാനിട്ട കമന്റിനു മറുപടിയാണീ കമന്റ്. ആ ബ്ളോഗിലെ എഴുത്തുകളും എഴുതുന്നയാളുടെ പേരും തമ്മിലുള്ള വിരോധാഭാസം ചൂണ്ടിക്കാട്ടിയതിനുള്ള വിശദീകരണം.
എതായാലും വാര്യര്‍ (വാരസ്യാര് എന്നു ഞാന്‍ വിളിക്കില്ല, സോറി) തന്നെ അതു പറഞ്ഞിരിക്കുന്നു. ഇനിയും ചര്‍ച്ച തുടരേണ്ടതില്ലെന്നു സാരം.
:)
സാന്ഡേസേ, മൂര്‍ത്തി
ഇതില്‍ ഞാനല്പം പോലും വെള്ളം ചേര്‍ത്തിട്ടില്ല. പതിവുകഥകളിലെല്ലാം വെള്ളം ആവശ്യത്തിനൊഴിക്കാറുണ്ട്. പക്ഷേ, ഇതില്‍ ഒരല്പം പോലുമില്ല വെള്ളം. സത്യം!!
സുനീഷ്.
കഥ രസായിരിക്കുന്നു സുനീഷ്.ചായ കമ്പനിയിലെ ടീ റ്റേസ്റ്റ്റെപ്പോലേ കള്ള് ഗുദാമില് ഒരു പോസ്റ്റ് ഉണ്ടായിരുന്നെങ്കില്‍ അന്ത്രപ്പനെ തീര്‍ച്ചയായും അവിടെ നിയമിക്കാം.
സുനീഷേ ഈ കള്ളുകഥ ഞാന്‍ നീ പോസ്റ്റ് ചെയ്ത ഉടനേ വായിച്ചതാണ്.ഈ കള്ളുകുടിയന്മാരുടെ ഓരോരോ കഥകളേ...മുകുന്ദനേക്കുറിച്ച് പറഞ്ഞ പോലേ ഈ ചരക്ക് കുടിക്കുകയുമില്ല.പിന്നെങ്ങനാണാവോ...
അതുശരി കഴിഞ്ഞ പോസ്റ്റില്‍ പൂക്കളത്തിന്റെയൊക്കെ പടമെടുത്തിട്ട് നേരെ പോയത് ഓംലൈറ്റടിയ്ക്കാനാ അല്ലേ.. നടക്കട്ടെ നടക്കട്ടെ. എന്നാലും ആ അന്ത്രപ്പനെ സമ്മതിച്ചിരിക്കുന്നു. ഇത്രെം കള്ളടിച്ചു വെളിവില്ലാതായിട്ടും ആ കള്ളിന്റേം വെള്ളത്തിന്റേം കറക്ട് അനുപാതം മനസ്സിലായല്ലോ. കണ്ടു പഠി..
:D
ഇത്ര കൃത്യമായെങ്ങിനെയറിഞ്ഞു? പറയൂ..സുനീഷേ...
ഹാ ഹാ ഹാ.ഈ വെട്ടിക്കൂട്ടെന്ന പദം എന്റെ സ്വന്തം നാടായ മൂന്തോട്ടിൽ മാത്രേ കാണൂന്നാ ഞാൻ കരുതിയിരുന്നത്.
Post a Comment