അതിരാവിലെ വീട്ടില്കിടന്നുറങ്ങുകയായിരുന്ന കുഞ്ഞപ്പന്റെ തലയില്‍ വന്നുവീണ കോടിയോട് ആയിരുന്നു ഭൂമികുലുക്കത്തിന്റെ ആദ്യത്തെ അടയാളം. ഭൂമി കുലുങ്ങിക്കൊണ്ടിരുന്നു.
കുഞ്ഞപ്പന്റെ വീട്ടിലെ അടുക്കളയിലിരുന്ന് ഇഡ്ഡലിപ്പാത്രം, അടുക്കളയുടെ ഇറമ്പിലിരുന്ന് ചെരവത്തടി, വര്‍ക്ക് ഏരിയയില്‍ ഇരുന്ന് ആട്ടുകല്ല് തുടങ്ങിയവ ഭംഗിയായി കുലുങ്ങിക്കൊണ്ടിരുന്നു. ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞപ്പന് കട്ടിലില്‍ കിടന്ന് കുലുങ്ങിക്കൊണ്ടുമിരുന്നു.
ചിറ്റാനപ്പാറ റോഡിലൂടെ ഓട്ടോറിക്ഷയില്‍ പോവുകയാണെന്നു വിചാരിച്ചു കുഞ്ഞപ്പന് സ്വപ്നത്തില്‍ തുടരവേയായിരുന്നു കോടിയോട് സ്ഥാനം തെറ്റാതെ കിറുകൃത്യമായി കുഞ്ഞപ്പന്റെ നെറുകംതലയില്‍ വീണത്.
അയ്യോ ഓട്ടോ ഇടിച്ചേ എന്ന അലര്‍ച്ചയുമായി കണ്ണുതുറന്ന കുഞ്ഞപ്പന് വീടുകുലുങ്ങുന്നതും കട്ടിലുകുലുങ്ങുന്നതും കൂട്ടത്തില്‍ താന്‍ കുലുങ്ങുന്നതും ഒറ്റയടിക്കു പിടികിട്ടിയില്ല. ഭൂമിക്കടിയില്‍നിന്ന് ജാക്ക് ഹാമറിന്റെ പോലുള്ള ശബ്ദം കേട്ട് വീടിനു പുറത്തേക്കു നോക്കിയ കുഞ്ഞപ്പന് ഞെട്ടിപ്പോയി.
തന്റെ ഭാര്യയും അഞ്ചുമക്കളും വീടിനു പുറത്തുനിന്നു ചാച്ചാ ചാച്ചാ എന്നു കീറി വിളിക്കുന്നു.
വീടിനടുത്ത് വല്ല വിമാനവും തകര്‍ന്നു വീണതാകുമെന്നു കരുതി അതൊന്നു കാണാമല്ലോ എന്ന സന്തോഷത്തോടെ കുഞ്ഞപ്പന് പുറത്തേക്കു ചാടിയിറങ്ങി. കുഞ്ഞപ്പന്റെ ചാട്ടത്തില്‍ ഭൂമി ഒന്നുകൂടി ആഞ്ഞുകുലുങ്ങി. കുലുക്കത്തിന്റെ താളത്തില്‍ കുഞ്ഞപ്പന് തുള്ളിക്കൊണ്ട് ആ സത്യം തിരിച്ചറിഞ്ഞു.
ഭൂമി കുലുക്കം!!
സ്കൂളില്‍ പഠിക്കുമ്പോള്‍ കേട്ടിട്ടുള്ളേയുള്ളൂ (പഠിച്ചിട്ടില്ല!) ഭൂമികുലുക്കത്തെക്കുറിച്ച്. ഇതിപ്പം കുലുങ്ങിക്കൊണ്ടിരിക്കന്നു.
കുലുങ്ങിക്കൊണ്ട് കുഞ്ഞപ്പന് ചുറ്റും നോക്കി. ചുറ്റുപാടും കുലുങ്ങുന്നുണ്ട്. തന്റെ വര്‍ഗശത്രുവും മൂത്ത ചേട്ടനുമായ അവിരാച്ചന്റെ വീട്ടിലേക്കു നോക്കി. അവിടവും കുലുങ്ങുന്നുണ്ടെന്നു മാത്രമല്ല, അവിരാപ്പിയുടെ മൂത്തമക്കളു നാലും കുലുങ്ങിക്കൊണ്ട് അലറിക്കാറുന്നുമുണ്ട്. കുഞ്ഞപ്പന് അതുകണ്ടപ്പോള്‍ ചിരി വന്നു. അതോടെ കുഞ്ഞപ്പന് കുലുങ്ങിച്ചിരിക്കാന്‍ തുടങ്ങി!
ഒന്നു രണ്ടു മിനിറ്റുകൂടി കുലുങ്ങിശേഷം കുലുക്കം നിന്നു. അപ്പോഴും കുഞ്ഞപ്പനടക്കമുള്ള നാട്ടുകാരുടെ കുലുക്കം നിന്നില്ല. അതിരാവിലെ നാട്ടില്‍ വാര്‍ത്ത പരന്നു. ഭൂമികുലുക്കം. ലോകാവസാനം. ഇന്നു വൈകുന്നേരത്തിനു മുന്‍പ് നാലുതവണകൂടി ഭൂമി കുലുങ്ങും. നാലാമത്തെ കുലുക്കത്തോടെ ഭൂമി രണ്ടായി പിളരും. അതോടെ ലോകം അവസാനിക്കും. പിന്നീട് ഒരറിയിപ്പുണ്ടാകും വരെ ലോകം ഉണ്ടായിരിക്കുന്നതല്ല.
അതുകേട്ടതോടെ, കുഞ്ഞപ്പന് ഉള്‍പ്പെടെയുള്ള നാട്ടുകാരു പരക്കം പായാന്‍ തുടങ്ങി. ഇറച്ചിക്കച്ചവടക്കാരന്‍ കറിയാച്ചേട്ടന്റെ കടയില്‍ അന്നു പതിവില്ലാത്ത തിരക്കായിരുന്നു. ലോകം പണ്ടാമരടങ്ങുന്നതിനു മുന്‍പ് അല്പംകൂടി പോത്തിറച്ചിയും കപ്പയും കഴിക്കണമെന്നു വിചാരിച്ച സമാനമനസ്കരുടെ ഇടിമൂലവും ലോകം ഇന്നവസാനിക്കുന്നതുമൂലവും സാധനത്തിന്റെ ഷോര്‍ട്ടേജ് മൂലവും കറിയാച്ചേട്ടന് വീട്ടില്‍ മാന്യമായി പുല്ലുതിന്നുകൊണ്ടിരുന്ന മൂരിക്കുട്ടിയെ വരെ കൊണ്ടുവന്ന് കൊന്നു കെട്ടിത്തൂക്കി.
ഉച്ചയായതോടെ ജനം രണ്ടാമത്തെ കുലുക്കം പ്രതീക്ഷിച്ചു കാത്തിരിപ്പു തുടങ്ങി.നാലാമത്തെ കുലുക്കം എങ്ങനെയുള്ള കുലുക്കമായിരിക്കുമെന്നു പലരും വിശദീകരിച്ചുകൊണ്ടിരുന്നു. നാലാമത്തെ കുലുക്കം നാലുമിനിറ്റു നീണ്ടു നില്ക്കും. ആദ്യമിനിറ്റില്‍ത്തന്നെ കെട്ടിടങ്ങള്‍ മുഴുവന്‍ തകരും. രണ്ടാമത്തെ മിനിറ്റില്‍ മരങ്ങള്‍ കടപുഴകും. മൂന്നാമത്തെ മിനിറ്റില്‍ കരയിലേക്കു കടല്‍ അടിച്ചുകയറും.നാലാമത്തെ മിനിറ്റില്‍ ലോകം അവസാനിക്കും. ദ് എന്‍ഡ്!!!
ജനം തലേല് കൈവച്ചു. ചാകുമെന്നുറപ്പായി. പണ്ടാമരടങ്ങാന് പത്തിരുപതു ദിവസമെങ്കിലുംകൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നു പലരുംപറഞ്ഞു. പക്ഷേ, എന്തു ചെയ്യാം, ഇന്നു വൈകിട്ട് ഏഴുമണിക്കു മുന്‍പ് ലോകം അവസാനിക്കുമെന്നുറപ്പായി.
രണ്ടാമത്തെ കുലുക്കവും പ്രതീക്ഷിച്ചു ജനം കാത്തിരിക്കുകയാണ്. ഉച്ചയായിട്ടും രണ്ടാമത്തെ കുലുക്കമുണ്ടായില്ല. അതിന്നിടെ, പതിനൊന്നരയ്ക്ക് രണ്ടാമത്തെ കുലുക്കമുണ്ടായി എന്നും ആരും അറിയാതെ പോയതാണെന്നും ആരൊക്കെയോ പറഞ്ഞു. ആരൊക്കെയോ വിശ്വസിച്ചു. ആരും വിശ്വസിക്കാതിരുന്നില്ല എന്നതായിരുന്നു സത്യം!
മൂന്നാമത്തെ കുലുക്കം മൂന്നുമണിക്ക്! ഇതുവരെ ചെയ്ത സകല കൊള്ളരുതായ്കകളും കുമ്പസാരിച്ചു തീര്‍ക്കാന്‍ മിക്കവരും പള്ളിയിലേക്കു വച്ചടിച്ചു. അവിടെ അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിനു പോലും കണ്ടിട്ടില്ലാത്ത തിരക്ക്. സാധാരണയായി അഞ്ചുമിനിട്ടുകൊണ്ടു തീരുന്ന കുമ്പസാരം തീരാന്‍ അരമണിക്കൂറും ഒരുമണിക്കൂറും. എല്ലാവരും ഇതുവരെ പറയാത്ത മഹാഅപരാധങ്ങള് മുതല്‍ രാവിലെ വീട്ടിലെ പട്ടിക്കു തല്ലുകൊടുത്തതുവരെയുള്ള തെറ്റുകള്‍ എണ്ണെയെണ്ണി ഏറ്റുപറഞ്ഞുകൊണ്ടുമിരുന്നു.
മൂന്നുമണിയായി. ലോകം അവസാനിക്കുന്നതിനു മുന്‍പത്തെ അവസാനത്തെ കുലുക്കം. ഇനിയെന്തു ചെയ്യാന്‍ എന്ന സങ്കടത്തോടെ താടിക്കു കൈയും കൊടുത്തിരുന്ന കുഞ്ഞപ്പന് എന്തു ചെയ്യണമെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു.
ഒടുവില്‍ ഐഡിയകളുടെ കേദാരമായ കുഞ്ഞപ്പന്റെ കുടുംബനാഥ കുഞ്ഞമ്മിണിയാണ് ആ ഐഡിയ പറഞ്ഞത്- നമ്മക്ക് വൈകുന്നേരം പള്ളിയിലേക്കു പോയാലോ? കുലുക്കമുണ്ടാകുമ്പോള്‍ പ്രാര്ഥിച്ചോണ്ടു മരിക്കാം. അതാവുമ്പോള്‍ സ്വര്‍ഗത്തില്‍ പോകുമെന്നുറപ്പാ...
സ്വര്‍ഗത്തില്‍ പോകണമെന്ന ആഗ്രഹമുണ്ടായിരുന്ന ജനസഞ്ചയം മൂന്നാമത്തെ കുലുക്കവും നാലാമത്തെ കുലുക്കവും ഇനി ഒന്നിച്ചേ ഉണ്ടാകൂ എന്ന കണക്കുകൂട്ടലില്‍ വൈകിട്ട് അഞ്ചുമണിയോടെ അവസാനത്തെ അത്താഴവും കഴിച്ച് ഏമ്പക്കവും വിട്ട് പള്ളിമുറ്റത്ത് എത്തിയിരുന്നു. ചിലര്‍ പ്രാര്‍ഥനയ്ക്കിടെ കഴിക്കാനായി കപ്പ വേയിച്ചതുംപോത്തിറച്ചിയും മുതല്‍ വാഴക്കുല വരെ കൊണ്ടുവന്നിരുന്നു.
വൈകിട്ട് ഏഴുമണിക്ക് ലോകം അവസാനിക്കും. അതിനാല്‍ നാളെ രാവിലെ ആറുമണിയുടെ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല- അച്ചന് മൈക്കിലൂടെ ഇങ്ങനെ പറഞ്ഞുകൊണ്ടാണു പ്രാര്‍ഥന തുടങ്ങിയത്. പ്രാര്‍ഥനയും പ്രസംഗവും ജനം വളളിപുള്ളി വിടാതെ കേട്ടുകൊണ്ടിരുന്നു.
പള്ളിയുടെ ആനവാതില്‍ക്കല്‍ അന്നു പതിവിലുമധികം തിരക്കുണ്ടായിരുന്നു.
ഭൂമി കുലുങ്ങിത്തുടങ്ങുമ്പോളേ എഴുന്നേറ്റ് പള്ളിമൈതാനത്തേക്ക് ഓടണം എന്ന പ്ളാനിട്ട ചാകാന്‍ അത്രക്കങ്ങു മനസ്സില്ലാത്തവരായിരുന്നു അവിടെയിരുന്നത്. കുഞ്ഞപ്പനും ബദ്ധശത്രുവും സ്വന്തം ചേട്ടനുമായ അവിരാപ്പിയും അക്കൂട്ടത്തിലുണ്ടായിരുന്നു.
ഞാന്‍ ചത്തു സ്വര്‍ഗത്തില്‍ ചെല്ലുമ്പോഴും ഈ നാശം പാരയുമായി അവിടെക്കാണുമോ ദൈവമേ എന്നോര്‍ത്ത് കുഞ്ഞപ്പന് ഇതിന്നിടെയും തേങ്ങി!!
ഇനി ഗാനശുശ്രൂഷ. നിങ്ങളു പാട്ടുപാടിക്കൊണ്ടിരിക്കുമ്പോളേയ്ക്കും ഞാന്‍ പള്ളിമുറിയില്പ്പോയി കുറച്ച് അപ്പവും കോഴിക്കറിയുംകൂടി കഴിച്ചേച്ചു വരാം. എന്താണെന്നറിയില്ല വല്ലാത്ത വിശപ്പ്- ഇങ്ങനെ അരുളിച്ചെയ്ത് അച്ചന് ഗാനസംഘത്തിനു പാട്ടുപാടാന്‍ അനുവാദം നല്കി.
ഗാനം തുടങ്ങാന്‍ ഗാനസംഘം ഒരുക്കംതുടങ്ങി. പാട്ടിനു തുടക്കമായി സംഘത്തിന്റെ ലീഡര്‍ ചാച്ചപ്പന് കീ ബോര്‍ഡില്‍ വിരലമര്‍ത്തിയ തൊട്ടടുത്ത നിമിഷമാണ് അതുസംഭവിച്ചത്....!!!
വലിയൊരു ശബ്ദം അവിടെക്കൂടിയിരുന്നവരുടെ ഇടയിലേക്ക് ഇടിമുഴക്കം പോലെ വന്നുഭവിച്ചു.
സംഗതി എന്താണെന്നുതിരിച്ചറിയും മുന്‍പേ പളളിയുടെ ആനവാതില്‍ക്കല്‍ ഇരുന്നവര്‍ എഴുന്നേറ്റു പുറത്തേക്കോടി. ആരൊക്കെയോ ഓടുന്നതു കണ്ടപ്പോള്‍ ബാക്കിയുള്ളവരും പള്ളിയില്നിന്നിറങ്ങിയോടി. സംഗതി നാലാമത്തെ കുലുക്കം. ഒടുക്കത്തെ കുലുക്കം.
പള്ളിയുടെ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന സ്പീക്കറുകള്‍ കുലുങ്ങുന്നുമുണ്ട്. പോരാത്തതിനു ഭയങ്കര ശബ്ദവും. ആദ്യമിനിറ്റില്‍ത്തന്നെ കെട്ടിടങ്ങള്‍ തവിടുപൊടിയാകും. അതിനു മുന്‍പേ ജീവന് രക്ഷിക്കണം.
എല്ലാവരുമോടി. എല്ലാവരുമോടിയ സാഹചര്യത്തില്‍ പള്ളീലച്ചനും ഇറങ്ങിയോടി!!!
രണ്ടു സെക്കന്‍ഡുകൂടി ആ ശബ്ദം നീണ്ടുനിന്ന ശേഷം പെട്ടെന്ന് ശബ്ദം നിലച്ചു. കെട്ടിടങ്ങള്‍ എല്ലാം പഴയ പടി. ജനക്കൂട്ടം പള്ളിയുടെ മുറ്റത്ത് ഒത്തുകൂടി. ആരും അകത്തോട്ടു കയറിയില്ല. അകത്തോട്ടു കയറാന്‍ പള്ളീലച്ചനും ചെറിയ പേടി!!
കുലുക്കം തീര്‍ന്നോ? അതോ ഇനിയും വരുമോ???
ആകാക്ഷ അങ്ങനെ തുടരവേ പള്ളിയിലെ സ്പീക്കറില്‍ക്കൂടി ഇങ്ങനെ ഒരു അനൗണ്‍സ്മെന്റ് മുഴങ്ങി.
ആരും പേടിക്കേണ്ട, ഞാന്‍ കപ്യാരു ചേറപ്പായിയാണ്. കുറച്ചു മുന്‍പേ കേട്ട വല്യ ശബ്ദം ഭൂമി കുലുങ്ങിയതല്ല, ഇവിടെ കീബോര്‍ഡില്‍നിന്ന് ആംപ്ളിഫയറിലേക്കുള്ള കണക്ഷനില്‍ സംഭവിച്ച പിഴവുകൊണ്ടു കേട്ട അപശ്രുതിയായിരുന്നു അത്. തല്‍ഫലമായി 2 സ്പീക്കറുകളും അടിച്ചുപോയിരിക്കുന്നു.
ഇറങ്ങിയോടിയ അച്ചന് ഉള്‍പ്പെടെയുള്ളവര്‍ക്കു ധൈര്യമായി പള്ളിയിലേക്കു തിരിച്ചുവരാം!!!!!
27 comments:
ഭൂമികുലുക്കത്തിന്റെ അനുബന്ധ കഥ.വെറും കഥ മാത്രം!! വായിക്കാവുന്നതാണ്!
:)
മോശമില്ല...എന്നാലും കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍..അടുത്ത വെടിക്കെട്ടിനായി കാത്തിരിക്കുന്നു..
സസ്നേഹം അനൂപ്
:)
ചാത്തനേറ്: ഊഹിച്ചു, എന്നാലും ആ തിരക്ക് കൊള്ളാം
ഓടോ: എങ്ങനാടോ ഇത്ര ഈസിയായി കഥാപാത്രങ്ങള്‍ക്ക് പേരിടുന്നത്?
ഓ കെ അത്രമാത്രം!
കൊള്ളാം സുനീഷേ, ഇതു താന്‍ നമ്മ ലൈന്‍. ഈ ഭൂമികുലുക്കമൊക്കെ അല്ലെങ്കിലും ഇത്രയൊക്കെയേയുള്ളൂ... കുലുങ്ങാതിരിക്കുന്ന ഭൂമിയെ പിടിച്ചു കുലുക്കാനല്ലേ ഇവിടെ പലര്‍ക്കും താല്പര്യം...
അവസാനം ഒന്നൂടെ ഒന്നു പൊലിപ്പിക്കാമായിരുന്നു. സുനീഷ് മച്ചാനേ ഒരോ കഥ കഴിയുമ്പോഴും കൂടുതല്‍ കൂടുതല്‍ നന്നാവുന്നുണ്ട്. [കള്ളും പ്രേമോം വിട്ടാ..?]
കഥേടെ ആശയത്തിന് പുതുമയൊന്നുമില്ലെങ്കിലും അവതരിപ്പിച്ച രീതി കിടിലോല്‍ക്കിടിലം.
"പിന്നീട് ഒരറിയിപ്പുണ്ടാകും വരെ ലോകം ഉണ്ടായിരിക്കുന്നതല്ല"
ഇമ്മാതിരി ഐഡിയാസൊക്കെ എങ്ങിനെ വരുന്നു!!!!
ഓടോ: ഉണ്ണിക്കുട്ടന് ചോദിച്ചതിന് ഒരു എക്കോ അടിച്ചോട്ടെ.."കള്ളിലും പ്രേമത്തിലുമുള്ള വിശ്വാസം നശിച്ചോ??"
സുനീഷേ, ചിരിപ്പിച്ചു.
വായിച്ചില്ല, വായിക്കാനായി എടുത്ത് വച്ചു. ഈ ആഴ്ച കഴിഞ്ഞിട്ട് വേണം എല്ലാം പെറുക്കിയെടുത്ത് വായിക്കുവാന്‍.
ഹഹഹഹ എന്റെ സുനീഷേ.. ആ വെപ്രാളോം പാച്ചിലും അതിന്റെടയ്ക്കുള്ള രസകരമായ ചിന്തകളും തകര്‍ത്തു.. അറഞ്ഞു ചിരിച്ചൊന്നുമില്ല, എന്നാലും അറിഞ്ഞു ചിരിച്ചു. വാഴ്ക.
സുനീഷ്
ഇഷ്ടപ്പെട്ടു..
>>. നാലാമത്തെ കുലുക്കത്തോടെ ഭൂമി രണ്ടായി പിളരും. അതോടെ ലോകം അവസാനിക്കും. പിന്നീട് ഒരറിയിപ്പുണ്ടാകും വരെ ലോകം ഉണ്ടായിരിക്കുന്നതല്ല
ഇത് വായിച്ച് ചിരിച്ച് മറിഞ്ഞു! :)
സ്കൂളില്‍ പഠിക്കുമ്പോള്‍ കേട്ടിട്ടുള്ളേയുള്ളൂ (പഠിച്ചിട്ടില്ല!) ഭൂമികുലുക്കത്തെക്കുറിച്ച്. ഇതിപ്പം കുലുങ്ങിക്കൊണ്ടിരിക്കന്നു.
കൊള്ളാം....
:)
ഹഹ,, ലോകവസാനം തകര്‍ത്തു(കുലുക്കം)
ഒരു തോമസ് പാല സ്റ്റൈല്‍... ;)
ഇനി മുതല്‍ ചവറു മാത്രമേ എഴുതൂ എന്നു തീരുമാനിച്ചിരിക്കുകയാണ്. അല്പം വല്ലതും നല്ലതെഴുതിയാല്‍ ഭാവിയില്‍ സംഭവിച്ചേക്കാവുന്ന മാനഹാനിയോര്ക്കുമ്പോള് ചവറേ എഴുതാന്‍ പാടുള്ളൂ എന്നു തോന്നിപ്പോകും.
ഉണ്ണിക്കുട്ടാ, കൊച്ചുത്രേസ്യേ
കള്ളും പ്രേമവും ഒന്നുപോലെയാണ്. കള്ളുകുടിച്ചും പ്രേമിച്ചും പൂസായി നില്‍ക്കുന്നവരെ ഒരു കാര്യം പറഞ്ഞുമനസ്സിലാക്കാന്‍ വല്യപാടാണ്. അവര്‍ ആ സമയത്ത് എന്തു സാഹസവും ചെയ്യും. അതുവരെ ഒപ്പമുണ്ടായിരുന്ന ആരെയും ചെറിയ ആശയവ്യത്യാസത്തിന്റെ പേരില്‍ പോലും തെറി വിളിക്കും, തല്ലും! ഇതൊക്കെ കുറേ കണ്ടതല്ലേ?!! അതുകൊണ്ടു കള്ളും പ്രേമവും ഇനിയുമുണ്ടാകും.
കുഞ്ഞാ,
ഈ കഥ മാത്രമല്ല, ബ്ളോഗില്‍ ഇതുവരെയെഴുതിയ സകല കഥകളുടെയും പ്രേരകം തോമസ് പാലാ തന്നെയാണ്. മൂപ്പരുടെ ഏതാണ്ടെല്ലാ കഥകളും വായിച്ചിട്ടുണ്ട്. ലഭ്യമല്ലാത്ത കൃതികള്‍ക്കായി അന്വേഷണം തുടരുന്നു. വല്ലതും കൈവശമുണ്ടെങ്കില്‍ ബന്ധപ്പെടുമല്ലോ. മെയില്‍ അയച്ചാല്‍ മതി.
കുറുമാന്, ഇക്കാസ്, അനൂപ്, വലപ്പാടന്‍, സാജന്, ധൂമകേതു, പടിപ്പുര, സതീഷ്, സഹയാത്രികന് തുടങ്ങിയവര്‍ക്കും ലാല്‍സലാം.
:)
ശ്രീക്കുട്ടാ,
സ്മൈലി കണ്ടില്ല. നിനക്ക് സ്പെഷല്‍ നന്ദി
:)
സുനീഷ് ഭായ്,
ഭൂമികുലുക്കത്തിന്റെ കഥ നന്നായി. ഒരു കള്ള് എപിസഡ് കൂടെ ഉണ്ടായിരുന്നേല്‍...?
:)
സുനില്‍
(( നാലാമത്തെ കുലുക്കത്തോടെ ഭൂമി രണ്ടായി പിളരും. അതോടെ ലോകം അവസാനിക്കും. പിന്നീട് ഒരറിയിപ്പുണ്ടാകും വരെ ലോകം ഉണ്ടായിരിക്കുന്നതല്ല
))
കൊട് കൈ സുനീഷേ!
"വൈകിട്ട് ഏഴുമണിക്ക് ലോകം അവസാനിക്കും. അതിനാല്‍ നാളെ രാവിലെ ആറുമണിയുടെ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല"
:-)
തകര്‍ത്തു മാഷേ. :-)
എന്നാലും ഒരു സംശയം. പള്ളിയിലുള്ള 2 സ്പീക്കറുകളും അടിച്ച് പോയ വിവരം എങ്ങനെയാണ് കപ്യാര് വീണ്ടും സ്പീക്കറിലൂടെ തന്നെ വിളിച്ച് പറയുന്നത്? :)
ദില്‍ബാസുരന്റെ സംശയം എനിക്കുമുണ്ട് :-)
Evolution എന്ന ഒരു കോമഡിസിനിമയില് ഇമ്മാതിരി ഒരു ലോകാവസാനപരിഭ്രാന്തി വളരെ രസകരമായി ചിത്രീകരിച്ചിട്ടുണ്ട്..
ഈ കഥ വായിച്ചപ്പോള്‍ ആ രംഗങള്‍ ഓര്‍ത്തുപോയി..
ക്ലൈമാക്സിനു മുന്‍പുവരെ കൂടുതലിഷ്ടമായി...
good..
ദില്‍ബാ, കുതിരവട്ടാ, ഭരണങ്ങാനം പള്ളിയില്‍ കുറേസ്പീക്കറുണ്ട്. ഏതാണ്ട് ഇരുപതോളം. അതില്‍ രണ്ടെണ്ണം അടിച്ചുപോയെന്നാണു കപ്യാര് പറഞ്ഞത്.
:)
കഷ്ടം സുനിഷെ,
അച്ചന് കാത്ത്സൂക്ഷിച്ച വിഞ്ഞിന്റെ സ്ഥിതി എന്തരോ എന്തോ.
മാട്ടില്‍ ഷാപ്പില് അന്ന് ഉച്ചക്ക് മുന്‍പ് സ്റ്റോക്ക് തിര്‍ന്ന വിവരം സുനിഷ് മറന്നാലും ഞാന്‍ മറക്കില്ല.
ഇനിയോരറിയിപ്പുണ്ടായിരിക്കുന്ന വരെ, മറ്റോരറിയിപ്പുണ്ടായിരിക്കുന്നതല്ല.
ചുള്ളന്റെ കഥകള്‍ അലക്കിപൊള്ളിക്കുന്നുണ്ട്ട്ടാ, പാവറട്ടി പള്ളിപെരുന്നാളിന് മ്മക്ക് കാണാട്ടാ.
ഹഹഹഹ തകര്‍പ്പന്‍...
ഹാ ഹാ.കൊള്ളാം!!!!
Post a Comment