Saturday, February 09, 2008
ഒടുക്കത്തെ ചവിട്ടിടി!!!
ചെറുപ്പത്തില്‍ ഞാന്‍ ഭയങ്കര വിപ്ളവകാരിയായിരുന്നു.
വ്യവസ്ഥാപിതമായ ഒന്നിനോടും എനിക്കു യോജിപ്പില്ലായിരുന്നു. ഇതുമൂലം എഴുത്തുപരീക്ഷ, ഞായറാഴ്ച കുര്‍ബാന,സണ്‍േഡ സ്കൂള്‍, മാനുവല്‍ ബുക്ക് പൂരിപ്പിക്കല്‍, കുമ്പസാരം തുടങ്ങിയവയോടൊക്കെ ആന്‍ ഈസ്തറ്റിക്ക് ഡിസ്റ്റന്‍സ് ഞാന്‍ സൂക്ഷിച്ചിരുന്നു. കോളജ് കാലഘട്ടമായതോടെ, വിപ്ളവം രക്തത്തിലേക്കുകൂടി കേറിപ്പിടിച്ചു. ശ്രീനിവാസന് പറയും പോലെ, ഏതുനിമിഷവും അണ്ടര്‍ ഗ്രൗണ്ടില്‍ പോകാനും വര്‍ഗശത്രുക്കള്‍ക്കെതിരെ യുദ്ധം നയിക്കാനും തയ്യാറെടുത്തു തുടങ്ങി.
അതിന്റെ ഭാഗമായിട്ടായിരുന്നു ഹരിയാശാന്റെ കളരിയില്‍ പയറ്റു പഠിക്കാന്‍ ചേര്‍ന്നത്. ഒരു പ്രീഡിഗ്രിക്കാലത്ത് അതിരാവിലെ കാവിമുണ്ടും അരയില്‍ പുതിയ വെള്ളത്തോര്‍ത്തും കെട്ടി ഞാന്‍ ആശാനു ദക്ഷിണ വച്ചു. അന്പത്തൊന്നുരൂപ, വെറ്റില, അടയ്ക്ക. ഒറ്റയ്ക്കായിരുന്നില്ല, കൂട്ടത്തില്‍ ബാബു, ബിനോയി, ജോയി....
കെസിവൈഎം എന്ന പ്രസ്ഥാനം ഇടവകയില്‍ തുടങ്ങിയ കാലം. തുടക്കം മുതലേ ചിലരോട് ആശയപരമായുള്ള എതിര്‍പ്പ് ഇനി തല്ലിത്തീര്ത്താലേ തീരൂ എന്ന നിലയിലേക്ക് എത്തുന്നതുകൂടി മനസ്സില്‍ കണ്ടുകൊണ്ടായിരുന്നു കളരി പഠനത്തിനു ഞങ്ങള്‍ തീരുമാനമെടുത്തത്.
പഠിക്കുന്നത് കളരിപ്പയറ്റ് ആണെന്നുള്ള അഭിമാനവും അതിന്റെഭാഗമായി ചില്ലറ അഹങ്കാരവുമൊക്കെ ഇക്കാലത്ത് കൂടെക്കൂടി. ചെറിയ ചില തല്ലുകേസുകളില്‍ ഇടപെടാതെ മാറിനില്‍ക്കുകയെന്നതായിരുന്നു തുടക്കത്തിലേ രീതി. നമ്മളു ഭയങ്കരമായി പയറ്ററിയാവുന്നവന് ആണെന്നും, അറിയാതെ അടിവല്ലതും യവന്റെ മര്മത്തുകൊണ്ടാലോ എന്നധാരണയിലുമായിരുന്നു ഈ പിന്മാറ്റം!!! .
ചുവട് രണ്ടെണ്ണം പഠിച്ചു കഴിഞ്ഞ ശേഷം ആശാന് പറഞ്ഞു- ഇനി അടിതടല
ആദ്യത്തേതു പഠിപ്പിച്ചു. വലത്തുകൈ കൊണ്ടു കരണക്കുറ്റിക്കുനേരെ വരുന്ന അടി ഇടംകൈ കൊണ്ടു തടുക്കണം. അടുത്ത സ്റ്റൈപ്പില്‍ ഒന്നു വട്ടം തിരിച്ച് വലത്തു കൈകൊണ്ട് എതിരാളിയുടെ കരണത്തടി, അടുത്ത ചുവടില്‍ വലംകാല് പൊക്കി നാഭിനോക്കി നല്ല ഒന്നാന്തം തൊഴി. ഇതായിരുന്നു അടി. തടലയില് ആദ്യം അടി, പിന്നെ, കറസ്പോണ്ടിങ് അടിയുടെയും തൊഴിയുടെയും തട...
ഗംഭീര പരിപാടി. അടിതെറ്റാതെ അടിതടല തുടങ്ങാന്‍ ഒരാഴ്ച എടുത്തു. അടിയെന്നൊക്കെ വച്ചാല്‍, നല്ല പൊരിഞ്ഞ അടിയാണ്. അടി തടുക്കുന്ന ഇടത്തുകൈ നീരുവച്ചു വീര്‍ത്തു വരും. അങ്ങനെ നീരുവച്ച്, നീരുവച്ച് കൈയുടെ മസില് ഉറയ്ക്കുമെന്നു സീനിയേഴ്സ് പറഞ്ഞുതന്നു. എന്നും പറഞ്ഞ് ഒരുമയവുമില്ലാത്ത അടിയാണു കാലന്മാരുടേത്.
വര്‍ഗശത്രുക്കളെ വഴിയില്‍ പിടിച്ചു നിര്‍ത്തി അടി കൊടുക്കുന്ന ഭാസുരകാലം സ്വപ്നം കണ്ട് ഞങ്ങള്‍ പഠനം പുരോഗമിപ്പിച്ചു.മാസത്തില്‍ കൃത്യമായി ഫീസ് കൊടുക്കാന്‍ ഒരുത്തനും നിവൃത്തിയില്ലായിരുന്നു. എങ്കിലും ആശാന്റെ വിശാലമനസ്സുകാരണം ഞങ്ങളു പഠനം തുടര്‍ന്നു. ആശാനു ഞങ്ങളെ ഭയങ്കര കാര്യമായിരുന്നു. അതുകൊണ്ട്, സാധാരണ ശിഷ്യന്മാരെക്കാള്‍ ആഴ്ചകള്‍ കഴിഞ്ഞാണ് ഞങ്ങളെ ഓരോ പുതിയ അടവും ചുവടും പഠിപ്പിച്ചിരുന്നത്. ഒപ്പം ദക്ഷിണ വച്ചവന് ഒറ്റച്ചുവടു കഴിഞ്ഞ് കൂട്ടച്ചുവടിലേക്കു കൂടുമാറുന്നത് ഏഴാം ക്ളാസില്‍ മൂന്നുവട്ടം തോറ്റവന് ഒപ്പം പഠിച്ചവന് പത്താം ക്ളാസില്‍ പരീക്ഷയെഴുതുന്നതു കാണുന്പോളുള്ള നിര്‍വൃതിയോടെ നോക്കിനില്‍ക്കാനായിരുന്നു ഞങ്ങളുടെ വിധി.
എന്നിട്ടും ഞങ്ങളു തോറ്റില്ല.
മുറിവൈദ്യം പോലെയാണു മുറിയഭ്യാസവുമെന്ന് എന്നും ആശാന് പറയും. എനിക്കങ്ങനെ തോന്നിയിരുന്നില്ല. ഒരുമാസം കഴിഞ്ഞ് ഒരു വൈകുന്നേരം കളരി കഴിഞ്ഞ് വീര്‍ത്ത കൈയുമായി ഭരണങ്ങാനത്തു ബസിറങ്ങിയ നേരം. ഫുട്ബോള്‍ കളി കഴിഞ്ഞു വിശ്രമിക്കുന്ന ചങ്ങാതിമാര്‍. കൂട്ടത്തിലൊരുത്തനെ ഞാന്‍ അല്പം അഹങ്കാരത്തോടെ അടുത്തുവിളിച്ചു.
എടാ, ഇവിടെ വാ... തല്ലിനോക്ക്, ഞാന്‍ തടുക്കാം.
അല്പം ബഹുമാനത്തോടെ അവന് അടുത്തുവന്നു. എന്നെക്കാള്‍ ഒരടികൂടി പൊക്കം കാണും.
ഞാന്‍ പറഞ്ഞു.
നീ എന്റെ കരണത്തിനു വീശിയടിച്ചോ... ഞാന്‍ തടുക്കും.
അവന് ചോദിച്ചു- അതുവേണോ?
ഞാന്‍ പറഞ്ഞു- ഇത്തരം നിസ്സാരമായ കാര്യങ്ങള്‍ ചോദിക്കരുത്, അടിക്കാന്‍ പറഞ്ഞാല്‍ അടിച്ചോണം...
അവന് അടിക്കാന്‍ തയ്യാറെടുത്തു. ഞാന്‍ തടുക്കാനും. മൈതാനത്തു ബാക്കിയുണ്ടായിരുന്നവര്‍ അതുകാണാനും.
അവന് വലത്തുകൈ ഉയര്‍ത്തി അടിക്കും. ഞാന്‍ ഇടത്തുകൈ ഉയര്‍ത്തി തടയുകയും അടുത്ത നിമിഷം അതുവരെ പുറത്തുകാണിക്കാത്ത പുതിയ വിദ്യയായ നേരെ മുന്നോട്ടുകയറി, അവന്റെ വലത്തുകാലിന്റെ പിന്നില്‍ പൂട്ടിട്ട് കഴുത്തില്‍ പിടിച്ചു നേരെ മൈതാനത്ത് അലക്കുകയുമാണ് എന്റെ ഉദ്ദേശ്യം.
അവന്റെ വലംകൈ അടി തടുക്കാന്‍ എന്റെ ഇടംകൈയെ സജ്ജമാക്കി ഞാന്‍ നിന്നു.
അടുത്ത നിമിഷം അടി വീണു.
വലത്തുകൈയ്ക്കല്ല, ഇടത്തുകൈയ്ക്ക്.....!!!
വലംകൈയ്യനടി പ്രതീക്ഷിച്ചുനിന്ന എനിക്കു തെറ്റി. ബ്ളോക്കാന് അവിടെ എന്റെ വലം കൈ റെഡിയായിരുന്നില്ല. ഒന്നുരണ്ടു നക്ഷത്രങ്ങള്‍ മിന്നിയതോര്ക്കുന്നുണ്ട്. പിന്നെ ഒരു എരന്പലും...
സ്റ്റേഷന് തിരിച്ചുകിട്ടിയപ്പോളേക്കും ചാനലു മൊത്തം മാറിയപോലെ...
ആരും ഒന്നും മിണ്ടാതെ അവരവരുടെ വീടുകളിലേക്കു പോയി. ഞാനും...!!!
ബസിലാണു യാത്ര. അങ്ങോട്ടുപോകുന്പോള് അഹങ്കാരം ചില്ലറയല്ല. കൃത്യം സ്റ്റോപ്പില്‍ നിര്‍ത്താത്ത ബസിന്റെ കിളിയെ ഭീഷണിപ്പെടുത്തും.
സൂക്ഷിച്ചുനിന്നോണം, ഇല്ലേല് പത്തുമുപ്പതുദിവസം എണ്ണത്തോണീല് കിടക്കേണ്ടിവരും...
എന്നിട്ടു സുരേഷ് ഗോപി സ്റ്റൈലില്‍ കളരിയിലേക്കു പോവും.
തിരിച്ച് അടിതടല കഴിഞ്ഞ് ദേഹമാസകലം വേദനയുമായി വരുമ്പോള്‍ നമ്മുടെ വിധിയാണോ എന്തോ ഇതേ ബസ് അടുത്ത ട്രിപ്പുമായി നമ്മുടെ മുന്നില്‍ വന്നുനില്ക്കും. അതേ ബസ്, അതേ കിളി.
എണ്ണത്തോണിയില്‍ കിടക്കാന്‍ പരുവത്തിനാണു ബസേല്‍ കയറുക. ഏതേലും സീറ്റില്‍ പോയി അമ്മേ എന്ന വിളിയോടെ ഇരിപ്പേ നിവൃത്തിയുള്ളൂ. അപ്പോള്‍ പഴയ കോഡിന് മറുകോഡുമായി കിളി വന്നാല്‍ അടി മേടിക്കുകയേ നിവൃത്തിയുള്ളൂ എന്ന സ്ഥിതി.പക്ഷേ ഇതുകൊണ്ടൊന്നും കളരി പഠിക്കുന്നവര്‍ എന്ന ഞങ്ങളുടെ അഹങ്കാരത്തിനു മാത്രം കുറവുണ്ടായില്ല.
എന്നും രാവിലെ എഴുന്നേറ്റ് വീട്ടുമുറ്റത്ത് സൂര്യനമസ്കാരവും ചുവടും എടുക്കുക എന്റെ ഹോബിയായിരുന്നു. അപ്പനെയും അമ്മയെയും അഭ്യാസമുറകള്‍ കാട്ടിക്കൊടുക്കുകയായിരുന്നു ലക്ഷ്യം. അപ്പന് അങ്ങോട്ടു നോക്കുക പോലും ചെയ്യാതെ സ്ഥലം വിടും. പക്ഷേ അമ്മ അങ്ങനെയായിരുന്നില്ല.
തിണ്ണയില്‍ വന്നിരുന്ന് എന്റെ അഭ്യാസം മുഴുവന്‍ കാണും. ആശാനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ പഠിപ്പിക്കാത്ത പലവേലകളും കാട്ടും. അടുത്തുനില്ക്കുന്ന മരത്തില്‍ കയറി കാലു കൊന്പിലുടക്കി തൂങ്ങിക്കിടന്നു തല്ലുന്നതായി കാട്ടും. അതൊക്കെ കാണുന്പോള്‍ അമ്മ പറയും... ഇത്രയൊക്കെ മതിയെടാ.. നീ ഇനി കളരി പഠിക്കാന്‍ പോവേണ്ട...
ഞാന്‍ പറയും... അതല്ല, ഇനി കത്തികൂടി പഠിക്കാനുണ്ട്.
കത്തിയോ?
അതേ, ഒറ്റക്കത്തി, ഇരട്ടക്കത്തി. അതിനു വേറെ ദക്ഷിണവയ്ക്കണം, അന്‍പതുരൂപ കൂടി വേണം....
അതുകേള്‍ക്കുന്നതും അമ്മ എഴുന്നേറ്റ് അടുക്കളയിലേക്കു പോവും. അതായിരുന്നു പതിവ്.
ആരേയെലും കൊന്നിട്ടാണേലും കത്തി കൂടി പഠിക്കണമെന്നു ഞങ്ങള്‍ തീരുമാനിച്ചിരുന്നു. എങ്കിലേ വര്‍ഗസമരം അതിന്റെ ലക്ഷ്യം കൈവരിക്കൂ എന്നും ഞങ്ങള്‍ വിശ്വസിച്ചു. പക്ഷേ, കാലം ചെല്ലുംന്തോറും ആവേശം കുറഞ്ഞുവന്നു.
കളരിപഠനം നാലുവര്‍ഷം മുന്നോട്ടുപോയി. അപ്പോളേയ്ക്കും സ്വഭാവത്തിലൊക്കെ വലിയമാറ്റം. പരസ്യപ്രകടനങ്ങളൊക്കെ പതിയെ നിലച്ചുതുടങ്ങി. കളരി എന്നു കേട്ടാല്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിലേക്കു മാറി കാര്യങ്ങള്‍.
അതെന്തുകൊണ്ടായിരുന്നു എന്ന് ഇപ്പോളും എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. എത്തും പിടിയും അവിടെ നില്‍ക്കുന്പോളും എനിക്ക് ഒരു കാര്യം ഉറപ്പാണ്.
നമ്മളെ തല്ലാന്‍ ഒരുത്തന് തീരുമാനിക്കുന്നു. അവന് നേരിട്ടു വരും, മിക്കവാറും വെറുംകയ്യാല്‍. എന്നാല്‍ നമുക്ക് തല്ല് അറിയാമെന്ന് അവന് അറിഞ്ഞാല്‍ കൂട്ടത്തില്‍ രണ്ടുപേരെക്കൂടി കൂട്ടാനാണു സാധ്യത. അതും വെറുംകയ്യോടെ ആവണമെന്നുമില്ല. വല്ല കത്തിയോ വടിവാളോ...
ഓടുന്ന കാര്യത്തില്‍ കളരിയില്‍ പ്രത്യേക പരിശീലനമൊന്നും കിട്ടിയിട്ടില്ല. അതു നമ്മുടെ മിടുക്കുപോലെ വേണം...
വര്‍ഷം നാലുകഴിഞ്ഞു. ഒന്നരവര്‍ഷംകൂടി കഴിഞ്ഞാല്‍ അരങ്ങേറ്റം. കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. കൂടെപ്പഠിച്ചവരില്‍ പലരും റെഗുലര്‍ ആയിരുന്നതുകൊണ്ട് അരങ്ങേറാന്‍ മുട്ടിനില്ക്കുന്നു. ഞങ്ങളുകൂടി മൂത്തിട്ടുമതി അരങ്ങേറ്റമെന്ന് ആശാനും.
അക്കാലത്തു പുതിയതായി അധികം വിദ്യകള്‍ പഠിക്കുന്ന പരിപാടിയില്ല. ആശാന് മാസത്തിലൊരിക്കലാണ്, പുതിയ ഒരു അടവോ മറ്റോ പറഞ്ഞുതരിക. അല്ലാത്തപ്പോള്‍ പുതിയ ള്‍ക്കാരെ ചുവടുപഠിപ്പിക്കലും അവരുമായി അടിതടല എടുക്കലുമാണു പരിപാടി. ഒരുതരം ഗസ്റ്റ് ലക്ചററുടെ ഡ്യൂട്ടി.
അങ്ങനെ ശാന്തസ്വച്ഛന്ദമായി, വര്‍ഗസമരവും ആവശ്യം വന്നാല്‍ അട്ടിമറിയും കൂട്ടത്തല്ലും സ്വപ്നം കണ്ട് ഞങ്ങളു തല്ലിത്തുടരവേയാണ് ഒരു സുപ്രഭാതത്തില്‍ ഒരു തടിയന് കളരിയിലേക്കു വലംകാലു വച്ചു കേറി വന്നത്.
നേരെ ആശാനെ കണ്ടു, പരിചയപ്പെട്ടു.
ഷോട്ടോക്കാന്‍ ബ്ളായ്ക്ക് ബെല്‍റ്റുകാരനാണ്. കളരികൂടി പഠിക്കണമത്രേ. അരങ്ങേറാനില്ല. കുറച്ചു ചുവടുകളും മറ്റുമൊക്കെ. ആശാന് അര്‍ധസമ്മതംമൂളി. നോക്കാമെന്നു മാത്രം പറഞ്ഞു.
അടുത്ത ദിവസം അതിയാന് ദക്ഷിണ വച്ചു.
ഏഴടിപൊക്കം. അതിനുചേര്‍ന്ന തടി. ആജാനബാഹു എന്നു വിളിപ്പേരുള്ളവര്‍ അങ്ങേരുടെ അനിയന്മാരായിട്ടു വരും. അതായിരുന്നു ഇനം.
അടുത്തുപോയി നിന്നാല്‍ നമുക്കു ഭയങ്കര ഇന്‍ഫീരിയോറിറ്റി കോംപ്ളക്സ് വരും. അത്രേമുണ്ടു പൊക്കം.
പക്ഷേ, അളിയന് പാവമായിരുന്നു.
കരാട്ടെ ബ്ളായ്ക്ക് ബെല്‍റ്റും കളരി നാലാംവര്‍ഷവും മാര്‍ഷ്യല്‍ ആര്‍ട്സ് പ്രോട്ടോക്കോള്‍ പ്രകാരം ഐപിഎസും ഐഎഎസും പോലെ ഇക്വലന്റാണെന്ന് അക്കാലത്താണ് ആരോ പറഞ്ഞത്. ഞാനതങ്ങു വിശ്വസിക്കുകയും ചെയ്തു.
ഒരു ദിവസം ആശാന് വിളിപ്പിച്ചു. എന്നിട്ട് ആ വെട്ടുപോത്തനെ ചൂണ്ടിക്കാട്ടീട്ടു പറഞ്ഞു. ചവിട്ടിടി പഠിപ്പിക്കണം, പതിയെ എടുത്താല്‍ മതി...
ബ്ളായ്ക്ക് ബെല്റ്റുകാരന്രെ ഗുരുവായ അഹങ്കാരത്തോടെ ഞാന്‍ ലവനെ ചൂണ്ടി വിളിച്ചു. ലവന് അടുത്തു വന്നു.
ചുവടുറപ്പുണ്ടോ... ഇല്ലെന്ന് അവന് തലയാട്ടി.
ഞാന്‍ ഗൗരവം കൂട്ടി. ആദ്യം ചുവടുറയ്ക്കട്ടെ. ഒരുകാര്യം ചെയ്യ്, ഒന്നുമുതല്‍ മൂന്നു ചുവടുവരെ നിര്‍ത്താതെ ചെയ്തോ...
അവന് പണി തുടങ്ങി. ഞാന്‍ നോക്കിനിന്ന് ആനന്ദിച്ചുകൊണ്ടിരുന്നു.
ഇതിന്നിടയ്ക്ക് ഒരു സത്യം പറയാം, (കരാട്ടെയ്ക്കാരു കോപിച്ചാലും വേണ്ടില്ല), കരാട്ടെ പഠിച്ചവര്‍ക്കു കളരി പഠിക്കുന്നവരെക്കാള്‍ താരതമ്യേന സ്റ്റാമിന കുറവായിരിക്കും.
സ്റ്റെപ്പുകള്‍ കുറവും പഞ്ചിങ്, കിക്കിങ് പോലെയുള്ള അറ്റാക്കിങ് സാധനങ്ങള്‍ കൂടുതലുമാണു മിക്ക കരാട്ടെ അസോസിേയഷനുകള്ക്കും. എന്നാല്‍, കളരിക്കു ചുവടാണു പ്രധാനം. ആക്രമണത്തെക്കാള്‍ പ്രതിരോധവും ഒഴിഞ്ഞുമാറലുമാണു മുഖ്യം.
അവന്രെ സ്റ്റാമിന കരിന്തിരി കത്തിത്തുടങ്ങി. അവന് ഇടംകണ്ണുകൊണ്ട്, എന്നെ ക്രൂരമായി നോക്കുന്നത് ഒരു തരം ആനന്ദത്തോടെ ഞാന്‍ കണ്ടു.
അവന് മടുത്തെന്ന് എനിക്കു മനസ്സിലായപ്പോള്‍ ഞാന്‍ പറഞ്ഞു- ഇനി നിര്‍ത്താം.
കിതപ്പോടെ, അവന് നിന്നു.
ഞാന്‍ പതിെയ അടുത്തുചെന്നു. പല്ലിറുമ്മന്നതു പോലെ ഒരു ശബ്ദം കേട്ടോ..??
ഏയ് തോന്നിയതായിരിക്കും.
ഇനി ചവിട്ടിടി പഠിപ്പിക്കാം.
അവന് തലയാട്ടി.
സംഗതി അല്പം കോംപ്ളിക്കേറ്റഡാണ്.
ആദ്യം കരണത്തിനടി വരുന്നത് ഇടം കൈയ്ക്ക് ബ്ളോക്ക് ചെയ്ത് അടുത്ത നിമിഷാര്ത്തം വലംകാലും വലംകൈയും ഒന്നിച്ച് എതിരാളിയുടെ ചങ്കിനുനേര്ക്ക് അറ്റാക്ക് ചെയ്യണം. അടുത്തസെക്കന്ഡില് ബ്ളോക്ക് ചെയ്ത കൈപ്പാകത്തിന് ഇടം വെട്ടിത്തിരിച്ച്എതിരാളിയുടെ ചവിട്ടുകൊണ്ട നെഞ്ചില്‍ത്തന്നെ കൈകൊണ്ട് വെട്ട്. പിന്നാലെ വീണ്ടും വെട്ടിത്തിരിഞ്ഞ് അടി.
ഇതിന് തുല്യമായ ബ്ളോക്കുകളും ചേരുന്നതായിരുന്നു അടിതടല.
പഠിപ്പിച്ചു തുടങ്ങി. ആശാനെക്കാള്‍ മിടുക്കന് ശിഷ്യനായിരുന്നു. വേഗം പഠിച്ചു.
അടിതടലയുടെ മറ്റൊരു പ്രധാനപ്പെട്ട സംഗതി, അത്, ബ്ളോക്ക് വരാതിരുന്നാല്‍ ദേഹത്തു കൊള്ളരുത് എന്നതായിരുന്നു. കൃത്യം ശരീരദൂരം പാലിച്ച് എത്ര പവറിലുള്ള അടിയാണേലും ചവിട്ടാണേലും നില്‍ക്കണം.
അതും അവനെ ആദ്യം മുതലേ പറഞ്ഞുബോധിപ്പിച്ചിരുന്നതാണ്.
അവന് അടി തുടങ്ങി. സ്റ്റാമിനക്കുറവുമൂലം ഇടയ്ക്കിടെ അവനു ചുവടുപിഴച്ചു. ഞാന്‍ നിര്ത്താന്കൂട്ടാക്കിയില്ല. നല്ല അമറന്‍ കീറുകള്‍ അങ്ങോട്ടുകൊടുത്തുകൊണ്ടിരുന്നു. അവനു വേദനിക്കുന്നുണ്ടെന്ന്എനിക്കു നല്ല നിശ്ചയമായിരുന്നു.
എന്റെ തഴന്പുവീണ കൈകള്‍ക്ക് അവന്റെ അടി ഏല്ക്കില്ലെന്നുറപ്പായിരുന്നു.
അഹങ്കാരം മൂത്തുവന്ന സമയത്ത് എപ്പോളോ അതിവേഗത്തില്‍ ഞാന്‍ ചവിട്ടിടിക്കായി വെട്ടിത്തിരിഞ്ഞു. അപ്രതീക്ഷിതമെങ്കിലും അവന് ആ വേഗം മനക്കണ്ണാല്ക്കൂട്ടി തത്തുല്യമായി ബ്ളോക്ക് ചെയ്തു.
അടുത്തത് അവന്റെ അടി , തൊഴി.സമയം തെല്ലും കളയാതെ അവന് ചാടിയടിച്ചു. ഞാന്‍ ബ്ളോക്ക് ചെയ്തു. ബ്ളോക്കുചെയ്ത കൈ സഹിതം അവന്റെ എമണ്ടന്‍ അടി എന്റെ ഒന്നാന്തരം ചങ്കിന്റെ മധ്യഭാഗത്ത് വന്നലച്ചുവീണു.
ശ്വാസം പോയി. ആകാശത്തു നക്ഷത്രം വിരിഞ്ഞു. ഭൂമി കറങ്ങി. കാറ്റുനിലച്ചു. സൂര്യനസ്തമിച്ചു. ഞാന്‍ നിലത്തുവീണു.
പിന്നെ എഴുന്നേല്ക്കുന്പോള് തല ആശാന്റെ മടിയിലാണ്.
എന്തു പറ്റി??
അവന് തെറ്റിച്ചടിച്ചു...
പറയണമെന്നുണ്ട്, സ്വരം പുറത്തോട്ടു വരുന്നില്ല. എല്ലാവരും ചേര്‍ന്നു തിരുമ്മി. രണ്ടുപേര്‍ ചേര്‍ന്ന് എടുത്തുയര്‍ത്തി നിലത്തിട്ടു.അതോടെ, ശ്വാസം നേരെ വീണു.
ആശാന് അവനെ അടുത്തു വിളിച്ചു. ചവിട്ടിടി എടുക്കാന്‍ പറഞ്ഞു.
ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്കു പുറത്ത് എന്നത് ആദ്യമായി നേരില്‍ക്കണ്ടു.
അടിച്ച് അടിച്ച് ആശാന് അവനെ തോല്പിച്ചു. കളരിക്കു പുറത്താക്കി. ഇനി വരേണ്ടതില്ലെന്ന താക്കീതും നല്കി. കുനിഞ്ഞ തലയുമായി നടന്നുനീങ്ങുന്ന അവനെ നോക്കി ഞാന്‍ കിടന്ന കിടപ്പു കിടന്നു.
അന്നു വൈകിട്ട് വീട്ടില്‍ ചെന്നിട്ടും എന്റെ വിഷമം മാറിയില്ല. ശരിക്കും അവനെ വല്ലാതെ പീഡിപ്പിച്ചിട്ടാണ് അവന് പിടിവിട്ടടിച്ചത്. ഞാനാണു കുറ്റക്കാരന്‍. അവന് ബ്ളായ്ക്ക് ബെല്റ്റുകാരനാണേല് ഞാന്‍ അവനെക്കാള്‍ പുലിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ചെയ്ത പണി. എന്റെതാണു തെറ്റ് എന്നു ഞാന്‍ മനസ്സില്‍ പലവട്ടം പറഞ്ഞു. പക്ഷേ, പുറത്തുപറഞ്ഞില്ല.
പിറ്റേന്നു തന്നെ പുതിയ തീരുമാനമെടുത്തു. കളരി പഠനം നിര്‍ത്തി. ആവേശവും വര്ഗസമരാഗ്രഹവുമൊക്കെ അതിനും മുന്‍പേ കളം വിട്ടിരുന്നു. പിന്നെ എന്തിന് അഭ്യാസം പഠിക്കണം? അങ്ങനെ അരങ്ങേറ്റം പോലും നടത്താതെ കളരിയെ ഞാന്‍ കളരിക്കു പുറത്താക്കി.
ശുഭം.
Subscribe to:
Post Comments (Atom)
40 comments:
എന്റെ കൈരളിപരമ്പരദൈവങ്ങളേ...
“അടുത്തുനില്ക്കുന്ന മരത്തില്‍ കയറി കാലു കൊമ്പിലുടക്കി തൂങ്ങിക്കിടന്നു തല്ലുന്നതായി കാട്ടും”...ഈ രംഗം ചിരിപ്പിച്ചു..കോട്ടയം കുഞ്ഞച്ചന് സിനിമയില്‍, കാഞ്ഞിരപ്പള്ളി പാപ്പനെ തല്ലാന്‍ പോകുന്നതിനുമുമ്പ്, ഉപ്പുകണ്ടം ബ്രദേഴ്സിന്റെ വക ‘വാമപ്പ്’ ഓര്‍മ്മവന്നു..അപ്പോ അണ്ണന് ശരിക്കും കരളിയാണോ?. എനിക്കു വയ്യ. പിന്നെ, ഞാന്‍ ഒരു പര്‍പ്പിള്‍ ബെല്റ്റുകാരനാണേ. ബഹുമാനം വേണം.
ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്......
കൊള്ളാം നല്ല അനുഭവം. ആശംസകള്‍!
അക്ഷരാര്‍ത്ഥത്തില്‍ ആശാന്റെ നെഞ്ചത്തിട്ടു പൂശി അല്ലേ :-)
എന്നാലും ആശാനേക്കാള്‍ പൊക്കമുള്ള അവന് എങ്ങനെയാ ചാടി ചങ്കിന് അടിക്കുന്നത്? ചവിട്ടോ ഇടിയോ ആണെങ്കില്‍ പോട്ടെന്നു വക്കാമായിരുന്നു. കളരി അറിയാത്തോണ്ടുള്ള സംശയമാ :-)
ഹൊ ഒരു കളരി കുരുക്കള്ടെ ബ്ലോഗായിരുന്നു അല്ലേ ഇത്രേം കാലം വായിച്ചോണ്ടിരുന്നത്. ഇനിയും പഠിച്ചൂടേ? കോഴിക്കോട് സൈഡിലൊക്കെ നല്ല വടക്കന്‍ കളരികള്‍ കാണുമല്ലോ. ബാക്കി പഠനം തുടരൂ. കരാട്ടെക്കാരനെ ഓര്‍ക്കട്ടില്‍ ആഡ് ചെയ്യൂ.
കളരിയില്‍ വച്ച് നരുന്തു പോലത്തെ ആ സുനീഷ് പയ്യനെ ഒന്നും ചെയ്യാതെ ഞാന്‍ വിട്ടുകളഞ്ഞത് അവന് ചത്തു പോകുമോ എന്നു പേടിച്ചിട്ടാ. ഇനിയാണെങ്കില്‍ അവനെ കിട്ടിയാല്‍ ഒന്നു പെരുമാറാമെന്നു വിചാരിച്ചപ്പൊ കേള്‍ക്കുന്നത് കള്ളു കുടിച്ച് ചങ്കും കരളും നശിപ്പിച്ചിട്ടിരിക്കുയാണെന്നാ.
ഇവിടെ പുതീതാ ഞാന്‍ ട്ടോ.
തലേക്കെട്ടിലെ ആ തലതിരിഞ്ഞ ‘ഞാന്‍‘ കണ്ടപ്പ ഒക്കെ മനസ്സിലായി.
കൊള്ളാം ട്ടാ.
സുനീഷേ വിവരണം നന്നായി.
ഇങ്ങനെ ഒരു റോളും ഉണ്ടായിരുന്നു അല്ലേ.
പത്രപ്രവര്‍ത്തനരംഗത്തേക്ക് കയ്യും കാലും കയറ്റിവെക്കുന്നതിനു മുമ്പ് ഗവര്‍മെന്റു തന്നെ കളരിയഭ്യാസം പഠിപ്പിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗം കണ്ടുപിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. :)
ആശാന് അവനെ അടുത്തു വിളിച്ചു. ചവിട്ടിടി എടുക്കാന്‍ പറഞ്ഞു.
ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്കു പുറത്ത് എന്നത് ആദ്യമായി നേരില്‍ക്കണ്ടു.
എന്നിട്ട് ആശാന്റെ നെഞ്ചത്തുകേറിയോ അച്ചായാ
so interesting...
കളരിയെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന്
പറഞ്ഞിട്ടുള്ളതല്ലേ.
ആശാന്റെ പേര് ഓര്‍മയുണ്ടല്ലോ അല്ലേ..
ശിഷ്യാ, നെഞ്ചത്തുനിന്ന് ഒന്നെറങ്ങ്.., പ്ലീസ്..
എന്റെ ലോകനാര് കാവില്‍ അമ്മുമ്മെ ...... ഞാന്‍ ഇവിടെ പുതിയ ആളാ . ഒരു കളരിയെ kanan പറ്റിയതില്‍ സന്തോഷം . കൊള്ളാട്ടോ എഴുത്ത് . അപ്പൊ ബാബു ആന്റണിയെ കളരിനു പുറത്താകിത് നിങ്ങള്‍ ആണ് അല്ലെ??
എന്റെ കളരിപരമ്പരദൈവങ്ങളെ കാത്തോളണെ..
ഹിഹിഹി...
"ഓടുന്ന കാര്യത്തില്‍ കളരിയില്‍ പ്രത്യേക പരിശീലനമൊന്നും കിട്ടിയിട്ടില്ല. അതു നമ്മുടെ മിടുക്കുപോലെ വേണം..."
ഹ! ഹ!..
കളരി Vs കരാട്ടേ.. നന്നായിട്ടുണ്ട് ട്ടോ!!
എന്റെ സുനീഷ് ഭായ് :)))
ഉപാസന
ഓ. ടോ: കുതിരവട്ടന്റെ ചോദ്യം :)))
എന്റെ കളരിപരമ്പരദൈവങ്ങളെ ....രക്ഷിച്ചു.
ഇത്രയും കാലം കളരി പഠിപ്പിക്കാന്‍ ഒരാളെ തേടി നടക്കുകയായിരുന്നു... ഇപ്പോള്‍ കാലില്‍ ചുറ്റി. ഇനി ശിഷ്യപ്പെടണം..
പത്തൊന്‍പതാമത്തെ അടവ് (ഓട്ടം)എന്തിനാ ആശാനേ
പഠിക്കുന്നത്. അതു നമുക്കു പണ്ടേ അറിയുന്നതല്ലേ???
ഈ ബ്ലോഗില്‍ ഇതാദ്യം...
ഭരണങ്ങാനത്തെ വിശേഷങ്ങള്‍ കൊള്ളാം...
സുനീഷേ,
ഇതും അടി പൊളി. എന്നാ കീറാ ഉവ്വേ ഈ കീറുന്നത്. ഒരുപാട് രസിച്ചു
സ്റ്റേഷന് തിരിച്ചുകിട്ടിയപ്പോളേക്കും ചാനലു മൊത്തം മാറിയപോലെ...
Ooooops! :D
കുതിരവട്ടാ,
ചാടി നെഞ്ചത്ത് അടിച്ചു എന്നല്ല,
വട്ടംതിരിഞ്ഞ് (വേഗത്തിലാകുന്പോള് ചാടുക തന്നെ വേണ്ടേ?) എന്റെ നെഞ്ചിന്‍കൂടു നോക്കി ഒന്നു തന്നു എന്നാണുദ്ദേശിച്ചത്.
ഓഫ്
കുതിരവട്ടന്‍ ബ്ളായ്ക്ക് ബെല്‍റ്റ് ആണെന്നത് അറിയാന്മേലത്താവര്ക്കായി പരസ്യപ്പെടുത്തുന്നു. ബീനോറ്യൂ ആണ് അസോസിയേഷന്.
ഒരുപാടു പുതിയ ആള്‍ക്കാരെ കാണുന്നു.പലര്‍ക്കും പ്രൊഫൈല്‍ മാത്രം!!!!
സുനീഷേ, ആ “കൈ” മാറി തല്ലു വാങ്ങിച്ചത് ഇഷ്ടമായി ;)
കിട്ടിയത് തനിക്കല്ലേ;) ഹഹ
കളരി പഠിപ്പിക്കുന്ന കളളുഷാപ്പ് ഏതാ സുനീഷേ
ആരാടാ എന്നോടും സുനീഷേട്ടനോടും മുട്ടാന്‍ ഉള്ളത്? :)
"കുതിരവട്ടന്‍ ബ്ളായ്ക്ക് ബെല്‍റ്റ് ആണെന്നത് അറിയാന്മേലത്താവര്ക്കായി പരസ്യപ്പെടുത്തുന്നു. ബീനോറ്യൂ ആണ് അസോസിയേഷന്."
സുനീഷ് ഭായ് ബീനോറ്യൂ ആണോ..?
SJK International അല്ലേ..?
:)
ഉപാസന
ഒപ്പം ദക്ഷിണ വച്ചവന് ഒറ്റച്ചുവടു കഴിഞ്ഞ് കൂട്ടച്ചുവടിലേക്കു കൂടുമാറുന്നത് ഏഴാം ക്ളാസില്‍ മൂന്നുവട്ടം തോറ്റവന് ഒപ്പം പഠിച്ചവന് പത്താം ക്ളാസില്‍ പരീക്ഷയെഴുതുന്നതു കാണുന്പോളുള്ള നിര്‍വൃതിയോടെ നോക്കിനില്‍ക്കാനായിരുന്നു ഞങ്ങളുടെ വിധി.
എന്നിട്ടും ഞങ്ങളു തോറ്റില്ല.
ചിരിച്ചു മടുത്തു. സുനീഷണ്ണനോടും എന്നോടും കളിക്കാന്‍ ധൈര്യം ഉള്ളവര്‍ ഇറങ്ങി വാടാാാാ (കട: മാമുക്കോയാ ഫ്രം കണ്കെട്ടു ഫിലിം)
സുനീഷ് ഭായ്,
കഥ നന്നായി...
:)
-കുട്ടന്‍സ്
Hi man, This is the first time I visit your blog... Its amazing... Ithu Kalakki mone... Kalari kollam...
വലതു മാറി, ഇടത്ത് ചവിട്ടി, ഞെരിഞ്ഞമര്‍ന്ന്, തലയും കുത്തി തറയില്‍...
കരോട്ട Vs കളരി. കഥ കലക്കി.
:)
സംഭവം കലക്കി. “ഒരു തെക്കന്‍ വീരഗാഥ” എന്ന സിനിമ കണ്ടപ്പോള്‍ തോന്നിയ അതേ അനുഭവം.. കൊള്ളാം.
കരാട്ടേ- കളരി കഥ നന്നായി.
:)
ചാത്തനേറ്: “അവന് തെറ്റിച്ചടിച്ചു...”
ഇവിടെത്തിയപ്പോള്‍ അടക്കിയ ചിരി പൊട്ടിപ്പോയെടെ..
:)
നീ ഇത്രേം വല്യ കളരിയാശാനായിരുന്നോ !!! കണ്ടാല്‍ പറയൂല ;)
മിസ്റ്റര്‍ സുനീഷ് കളരി,
ദൈര്യമുണ്ടേല്‍ എന്നോട് മുട്ടിനോക്ക് ...
ഞാന്‍ കരളിയും കളരിയും കൊരളിയുമൊന്നുമല്ല..
ഒന്നാം തരം കുംഫുവാ..കുംഫു!!
വേണേല്‍ ലേശം സാമ്പിള്‍ കാട്ടിത്തരാം:
“യാ ഹീയ്യോ.....യ്യി..ക്യൂ...യ്യാ...!
ഹൂഊഊ..യ്യാാാ..ഗ്യാാ...ഗ്യൂൂ.. യ്യാ!
യ്യു..യ്യു..യ്യു..യ്യൂ..യ്യൂൂൂൂൂ....ഹ്വ:!”
ഇതൊക്കെ എന്റെ കൈവശം ഉണ്ട് മോനേ, ഞാനിതൊന്നും ആരോടും പബ്ലിക്കായി പറയാറില്ല എന്ന് വച്ച്, കളരിപഠിച്ചവരൊഴികെ മറ്റുള്ളവര്‍ മണുക്കൂസന്മാരാണെന്നുള്ള വല്ല വിചാരവുമുണ്ടേങ്കില്....
“വേണ്ട മോനെ..വേണ്ട മോനെ..
വേണ്ട മോനെ..വേണ്ട മോനെ..”.
[ആത്മഗതം: കണ്ണൂരില്‍ ആപ്ടെക്കില്‍ കമ്പ്യൂട്ടര്‍ ക്ലാസിന് പോകുന്ന കാലത്ത് ഗ്രൌണ്ട് ഫ്ലാറിലെ ‘മോഡേണ്‍ കുംഫു’ സെന്ററിന്റെ അടച്ചിട്ട വാതിലിനടുത്ത് ബസ്സ് കാത്ത് നില്ക്കുമ്പോള് അകത്ത് നിന്ന് വരുന്ന സൌണ്ട് എഫക്റ്റ്സ് കേട്ട് പഠിച്ചത് എത്രനന്നായി. എന്നോടാ കളി... ങാ ഹാ!]
:-)
ഹാാ..ഹോ..ഹൂ....ഹൂൂ.. (കിതപ്പ്..കിതപ്പ്)
മുകളില്‍ എന്റെ മാര്‍ഷ്യല്‍ ആര്‍ട്ടിന്റെ അപൂര്‍വ്വ ജ്ഞാനം പുറത്തെടുത്തപ്പോള്‍ ഉണ്ടായ കിതപ്പ് കാരണം ഒരു കാര്യം പറയാന്‍ മറന്ന് പോയി. ഇപ്പോ പറഞ്ഞേക്കാം.. “സുനീഷേ.. ഇഷ്ടമായി മാഷേ... നന്നായി ചിരിച്ചു. ശരിക്കും ആസ്വദിച്ചു. ഫീസ് കൊടുക്കാതെ കളരിപഠിച്ചിട്ട് കാശുകൊടുക്കാതെ നല്ല കോമഡി മൂവി കണ്ട ഒരു ജിങ്ങ്ചക്കാ ഫീല്‍.. താങ്ക്സ് കേട്ടാ..!”
:-)
ഹഹഹ...
അമറന്‍ പോസ്റ്റായിട്ടുണ്ട് സുനീഷ് ജി. ഞാനെത്രേ ഇത് വായിക്കാന്‍ വിട്ടുപോയി??
വെരി നൈസ്.
ഹ ഹ കലക്കന്‍ എഴുത്ത് മാഷേ... ഇഷ്ടപ്പെട്ടു.. :)
ആദ്യമായിട്ടാ ഈ പോസ്റ്റില്‍ എത്തുന്നത്,ഇനി സ്ഥിരമായിട്ടുവരാം.
കളരി പഠനം കലക്കി സുനീഷേ....ചില സ്ഥലങ്ങളില്‍ ചിരിച്ച് പണ്ടാരമടങ്ങി.
ഇടതു കൈയ്ക്ക് അടി വാങ്ങിയല്ലേ ച്ഛെ ലജ്ജാവഹം, ഈ ഒറ്റക്കാരണം കൊണ്ടാ ഞാന്‍ കളരി പടിക്കാത്തത്
ഇന്നാണ് വായിച്ചത്..കൊള്ളാം..
"ആവേശവും വര്ഗസമരാഗ്രഹവുമൊക്കെ അതിനും മുന്‍പേ കളം വിട്ടിരുന്നു."
അതും ഇതു പോലെ അടി മേടിച്ചിട്ടാണോ കളം വിട്ടത് കളരി ആശാനെ???
ന്റെ കളരി പരമ്പര ദൈവങ്ങളെ... അതെന്തായാലും നന്നായി.. അരങ്ങേറ്റത്തിനു മുമ്പ് കളരിയെ കളരിക്ക് പുറത്താക്കിയത്.. ലോകം രക്ഷപ്പെട്ടു...
അടി പൊളി!!!!!!!!!!!
നമ്മുടെ മലയാളികളൊട് ഒരു കാര്യം പരയാണ്ട് വേഗം തന്നെ www.amma-malayalam.blogspot.com ലേക്കു പോവ്വ
Post a Comment