Thursday, April 19, 2007

പശു അപ്പച്ചന്‍ അഥവാ പാവങ്ങളുടെ മറഡോണ...

പ്രിയപ്പെട്ടവരേ...

ഭരണങ്ങാനം സ്റ്റാലിയന്‍ സോക്കര്‍ ക്ളബ് സംഘടിപ്പിക്കുന്ന അഖില കേരളാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനോട് അനുബന്ധിച്ചു നടക്കുന്ന വെറ്ററന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഇന്നു വൈകിട്ട് കൃത്യം നാലുമണിക്ക് സെന്റ് മേരീസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. കളരിക്കല്‍ കുട്ടപ്പന്‍ ചേട്ടന്‍ നയിക്കുന്ന ഭരണങ്ങാനവും ഇടകഴിയില്‍ പാപ്പൂഞ്ഞ് നയിക്കുന്ന അറവക്കുളവും തമ്മില്‍ നടക്കുന്ന അത്യധികം വാശിയേറിയെ ഈ മല്‍സരം കാണാന്‍ ഈ നാട്ടിലെ എല്ലാ ഫുട്ബോള്‍ പ്രേമികളെയും ഞങ്ങള്‍ സ്നേഹപൂര്‍വം സെന്റ് മേരീസ് ഹൈസ്കൂള്‍ ഗ്രൗണ്ടിലേക്കു സ്വാഗതം ചെയ്യുന്നു....

ഭരണങ്ങാനത്തിന്റെ ഗ്രാമവീഥികളിലൂടെ, രാജവീഥികളിലൂടെ, ടാറിടാത്ത കോട്ടവഴിയിലൂടെ അനൗണ്‍സ്മെന്റ് ശബ്ദം അലയടിച്ചു കടന്നുപൊയ്ക്കൊണ്ടിരുന്നു.

കളരിക്കല്‍ കുട്ടപ്പനെക്കാള്‍ പത്തുവയസിനു മൂത്തതാണ് ഇടകഴിയില്‍ പാപ്പൂഞ്ഞ്. എന്നിട്ടും അനൗണ്‍സ്മെന്റില്‍ കുട്ടപ്പന്‍ ചേട്ടനെന്നും വെറും പാപ്പൂഞ്ഞെന്നും. കാരണം, കുട്ടപ്പന്‍ ചേട്ടന്റെ വീട്ടില്‍ കാശുണ്ടായിരുന്നു. പാപ്പൂഞ്ഞിന്റെ വീട്ടില്‍ ഇല്ലാത്തതും അതായിരുന്നു.

ഭരണങ്ങാനം ടീം ഇത്തവണയെന്കിലും കളി ജയിക്കുമോ?

സംശയത്തിന് അടിസ്ഥാനമുണ്ടായിരുന്നു. കാരണം, വെറ്ററന്‍സ് മല്‍സരം തുടങ്ങി പത്തുവര്‍ഷമായിട്ടും ഇതുവരെ ഭരണങ്ങാനത്തിനു കളി ജയിക്കാനായിട്ടില്ല. കുറഞ്ഞത് പത്തുഗോളിന്റെയും വ്യത്യാസത്തില്‍ കളി ജയിക്കുക അറവക്കുളം ടീമാണ്. അന്നു മുതല്‍ ഇന്നു വരെ ഇരുടീമിന്റെയും ക്യാപ്റ്റന്മാര്‍ക്കും കളിക്കാര്‍ക്കും മാറ്റമുണ്ടായിട്ടില്ല.

തുടര്‍ച്ചയായി കളി തോറ്റുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുട്ടപ്പന്‍ ചേട്ടനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു മാറ്റണമെന്നും പകരം പൊലീസ് ഗോപിച്ചേട്ടനെ ക്യാപ്റ്റനാക്കണമെന്നും നാട്ടില്‍ അഭിപ്രായമുയര്‍ന്നിരുന്നു.


പക്ഷേ, പോക്കറ്റിലുണ്ടായിരുന്ന ജോര്‍ജുകുട്ടിയുടെയും മേരിഗിരി വളവിലെ മാടക്കടയില്‍ സുലഭമായിരുന്ന മൂലവെട്ടിയുടെയും പിന്ബലത്തില്‍ കുട്ടപ്പന്‍ ചേട്ടന്‍ ക്യപ്റ്റന്‍ സ്ഥാനം നിലനിര്‍ത്തിപ്പോന്നു.

ഉച്ചവെയിലു വന്നു, ഉച്ചകഴിഞ്ഞു, വെയിലു താണു, വൈകുന്നേരമായി. സമയം നാലര.

സ്കൂള്‍ മൈതാനത്തിന്റെ നാലുകോണിലുമായി ജനസാഗരം കളി കാണാന്‍ കാത്തുനിന്നു. മല്‍സരത്തിനു സമ്മാനദാനം നിര്‍വഹിക്കുന്നതു പള്ളിയിലെ വികാരിയച്ചനാണ്. അദ്ദേഹവും കളി കാണാന്‍ നേരത്തെയെത്തിയിട്ടുണ്ട്.

ഇരുടീമുകളും ഗ്രൗണ്ടില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്ന അനൗണ്‍സ്മെന്റ് വന്നു. കാണികള്‍ക്ക് ആകാംക്ഷയേറി.


അറവക്കുളം ടീമാണ് ആദ്യം ഗ്രൗണ്ടിലിറങ്ങിയത്. ക്യാപ്റ്റന്റെ അഹന്കാരവും വയറ്റില്‍ വെട്ടിത്തിളയ്ക്കുന്ന മൂലവെട്ടിയുടെ ഗര്‍വുമായി മൈതാനത്തെ തൊട്ടുനമിച്ചു പാപ്പൂഞ്ഞ് ആദ്യമിറങ്ങി.

തൊട്ടുപിന്നാലെ ടീമംഗങ്ങളും...

ഗോള്‍കീപ്പര്‍ ദൈവസഹായം ദേവസ്യബായ്ക്ക് ലൈനില്‍ ചാലക്കുടി അച്ചന്‍, വെട്ടിക്കുഴി പീലി,നാഗം ബേബി.മിഡ്ഫീല്‍ഡില്‍ ഒരേയൊരാള്‍-ക്യാപ്റ്റന്‍ പാപ്പൂഞ്ഞ്. മുന്നേറ്റനിരയില്‍ പുലികള്‍ രണ്ടു പേര്‍- അറവക്കുളത്തിന്റെ ഗോളടിയന്ത്രം എല്‍ദോ, എല്‍ദോയുടെ ചേട്ടന്‍ പൊലീസില്‍നിന്നു പെന്‍ഷന്‍ പറ്റിയ മത്തായി സാര്‍...


സമയം,കാടുകയറിത്തുടങ്ങി. ഭരണങ്ങാനം ടീമിനെ മാത്രം കാണുന്നില്ല!!!

ഭരണങ്ങാനം ടീം എത്രയും വേഗം ഗ്രൗണ്ടില്‍റിപ്പോര്‍ട്ടു ചെയ്യണം.

ഒന്നല്ല, അനൗണ്‍സ്മെന്റ് തുടര്‍ച്ചയായി പലവട്ടം മുഴങ്ങി.അനൗണ്‍സ് ചെയ്തുകൊണ്ടിരുന്ന മണിക്കു വരെ ഒടുവില്‍ ദേഷ്യം വന്നു. കളരിക്കല്‍ കുട്ടപ്പന്‍ ചേട്ടന്‍ ഇവിടെ എവിടെയെന്കിലും ഉണ്ടെന്കില്‍ ഉടന്‍ ഗ്രൗണ്ടില്‍ കളിക്കിറങ്ങണം..

ഇല്ല, പ്രതികരണമില്ല.

ഭരണങ്ങാനത്തിന്റെ അഭിമാനമാകേണ്ട ടീമംഗങ്ങളില്‍ ആരെയും കാണാനില്ല. കളി കാണാനെത്തിയവര്‍ പരസ്പരം നോക്കി. പരസ്പരം നോക്കിയവര്‍ പിന്നെയും പിന്നെയും നോക്കി. സംഘാടര്‍ ആകാശത്തേക്കു നോക്കി. പള്ളീലച്ചന്‍ മണിമാളികയ്ക്കു മുകളിലേക്കു നോക്കി. മണിമാളികയ്ക്ക് എങ്ങോട്ടും നോക്കാന്‍ പറ്റാത്തതിനാല്‍ അതു മാത്രം പഴയ പടി നിന്നു.!!


തുടര്‍ച്ചയായ പതിനൊന്നാം തവണയും തോല്‍വി ഭയന്നു കുട്ടപ്പന്‍ ചേട്ടനും സംഘവും മുങ്ങിയതായിരിക്കുമോ? അങ്ങനെ സംശയിച്ചവരുമുണ്ടായിരുന്നു.
ഭരണങ്ങാനത്തുകാരുടെ അഭിമാനത്തിനാണു ക്ഷതമേറ്റത്...

കള്ളുകുടിച്ചു വഴിയില്‍ കിടന്നാല്‍ പിടിച്ചേല്‍പിച്ചു പൊലീസുകാരു തരുന്നതിനെക്കാള്‍ വലിയ ക്ഷതം! ഒരുമാതിരിപ്പെട്ട കുടിയന്മാരെല്ലാം ഇങ്ങനെ ഓരോന്ന് ആലോചിച്ചുകൊണ്ടിരിക്കെ, ആലോചിക്കാന്‍ ഒന്നുമില്ലാത്തവര്‍ ഇനിയെന്ത് ആലോചിക്കും എന്നാലോചിച്ചുകൊണ്ടിരിക്കെ, മൈതാനത്തിന്റെ കോണില്‍ ഒരു മഹീന്ദ്ര ഇന്റര്‍നാഷനല്‍ ജീപ്പ് വന്നു ബ്രേയ്ക്കിട്ടുനിന്നു!

അതിന്റെ മുന്‍പില്‍നിന്ന് വെള്ള ഷോര്‍ട്ട്സും വെള്ള ജഴ്സിയും വെള്ള കാന്‍വാസ് ഷൂവുമിട്ട് തലമുഴുവന്‍ തൂവെള്ളനിറത്തില്‍ നരച്ച ഒരാളിറങ്ങി..കളരിക്കല്‍ കുട്ടപ്പന്‍ ചേട്ടന്‍!ഭരണങ്ങാനത്തിന്റെ ക്യാപ്റ്റന്‍.

പിന്നില്‍നിന്ന് ആദ്യമിറങ്ങിയതു ഗോള്‍കീപ്പര്‍ കോലടി വാസു. കുട്ടപ്പന്‍ ചേട്ടനൊപ്പം ഡിഫന്‍സില്‍ കളിക്കുന്ന(സോറി, കാവല്‍ നില്‍ക്കുന്ന) പൊലീസ് ഗോപി, അപ്പൂപ്പന്‍ ഷാജി എന്നിവരും ഇറങ്ങി. തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരെ കാണികള്‍ ആദരപൂര്‍വം കയ്യടിച്ചു വരവേറ്റു. ആരാധകരുടെ ഹര്‍ഷാരവങ്ങള്‍ക്കു നേരെ കുട്ടപ്പന്‍ചേട്ടന്‍ കൈവീശി പ്രതിനന്ദി രേഖപ്പെടുത്തിക്കൊണ്ടിരിക്കെ, ഫോര്‍വേഡ് ലൈനില്‍ കളിക്കുന്ന രണ്ടുപേര്‍ കൂടി ജീപ്പില്‍നിന്നു മെല്ലെ താളം തെറ്റാതെ താഴെയിറങ്ങി. - കുഞ്ഞാപ്പന്‍ ചേട്ടനും ഗീവര്‍ഗീസും..

എല്ലാവരും ഹൈടെന്‍ഷന്‍ ലൈനില്‍നിന്നു വരുന്നതിനെക്കാള്‍ കറന്റില്‍. വെറുതെയല്ല, ടീം എത്താന്‍ വൈകിയത്. അസൂയ മൂത്ത കുടിയന്മാര്‍ പരസ്പരം പറഞ്ഞു.

ഇല്ല, ഒരാള്‍കൂടിയുണ്ടാവണമല്ലോ... മിഡ്ഫീല്‍ഡില്‍ ആരു കളിക്കും?

ഇതുവരെ മിഡ്ഫീല്‍ഡില്‍ ഒരാളെ മാത്രം നിര്‍ത്തിയാണു ഭരണങ്ങാനം കളിച്ചിട്ടുള്ളത്. അതു പഴയ പള്ളിവാച്ചര്‍ വര്‍ഗീസുചേട്ടനായിരുന്നു. അദ്ദേഹം, വാതസംബന്ധമായ അസ്കിതകളാല്‍ പെന്‍ഷന്‍ പറ്റിയതു കാരണം ഇത്തവണ ആ പൊസിഷനില്‍ ആരുകളിക്കുമെന്നറിയാനും കാണികള്‍ക്ക് ആകാംക്ഷയേറി...

ഏറ്റവുമൊടുവിലായി, രണ്ടുപേരുടെ സഹായത്തോടെ ഒരാള്‍കൂടി മൈതാനത്തേക്കിറങ്ങി. കാണികള്‍ ഞെട്ടി. കൈലിമുണ്ടും കള്ളി ബനിയനും വേഷം. നരച്ചതെന്കിലും പ്രതാപം പൊഴിയാത്ത കൊന്പന്‍ മീശ. ഉണ്ടക്കണ്ണുകള്‍, കോടാലി മൂക്ക്, വട്ടമുഖം...

പശു അപ്പച്ചന്‍....!!!

മൈതാനമൊന്നാകെ രോമാഞ്ചം കൊണ്ടു..

പശു എന്ന വിളിപ്പേരുകാരനായ ഭരണങ്ങാനത്തിന്റെ അഭിമാനതാരം അപ്പച്ചന്‍. സ്റ്റാലിയന്‍ സോക്കറിന്റെ സ്ഥിരം അറ്റാക്കിങ് മിഡ്ഫീല്‍‍ഡര്‍. പ്രായക്കൂടുതല്‍ ഉണ്ടെന്കിലും എതിര്‍ ടീമിലെ ചെറുപിള്ളേരെ വരെ വെട്ടിച്ചു ഗോളടിച്ചുകൂട്ടിയ അപ്പച്ചന്‍. ഈ വര്‍ഷം അപ്പച്ചന്‍ ആദ്യമായിതാ വെറ്ററന്‍സ് ടീമില്‍...!!

കളി തുടങ്ങി.

ഇരുപക്ഷത്തും വാശിയേറിയ കളി. ഇരുടീമംഗങ്ങളും ബോള്‍ കണ്‍ട്രോളിങ്ങിനെക്കാള്‍ സ്വയം കണ്‍ട്രോള്‍ ചെയ്യാനാണു ശ്രമിച്ചുകൊണ്ടിരുന്നത്.... ഇടയ്ക്കു ചിലര്‍ കൂട്ടിയിടിച്ചു വീണു. അവരെ വിളിച്ചെഴുന്നേല്‍പിച്ചു കളി തുടര്‍ന്നു.

ഇടയ്ക്ക്, പൊലീസു ഗോപിയെ വെട്ടിയിട്ട എല്‍ദോയ്ക്കു നേരെ റഫറി ചുവപ്പുകാര്‍ഡുയര്‍ത്തി. എല്‍ദോയ്ക്ക് അതു സഹിച്ചില്ല, കൊടുത്തു വീക്കനടിയൊന്ന് റഫറിക്ക്. അതു പ്രതീക്ഷിച്ചുനിന്ന അദ്ദേഹം അതിവേഗം കുനിഞ്ഞു. മൈതാനത്തു പന്പരം പോലെ രണ്ടുവട്ടം കറങ്ങിയ എല്‍ദോ വട്ടം വീണു. പത്തുമിനിട്ടുകഴിഞ്ഞാണ് അദ്ദേഹം പിന്നീടുണര്‍ന്നത്. അപ്പോള്‍ കളി രണ്ടാം പകുതി തുടങ്ങിയിരുന്നു.

ആരും ഗോളടിക്കുന്നില്ല. കാണികള്‍ക്കു സമനില തെറ്റി. ഇരുഗോള്‍മുഖത്തും ഉശിരന്‍ മുന്നേറ്റങ്ങള്‍. പക്ഷേ ഒന്നും ഗോളിലേക്കു വഴി തുറന്നില്ല.

ഇടയ്ക്കാണ് അതു സംഭവിച്ചത്. പോസ്റ്റിലേക്ക് ഉയര്‍ന്നു വന്ന ഒരു പന്ത് ക്യാപ്റ്റന്‍ കുട്ടപ്പന്‍ ചേട്ടന്‍ ഹെ‍ഡ് ചെയ്ത് പുറത്തേക്കു തള്ളി. തൊട്ടുപിന്നാലെ വെട്ടിയിട്ട വാഴ പോലെ അദ്ദേഹം വീണു. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു അദ്ദേഹം പന്തു ഹെഡ് ചെയ്തത്. അതും നെറുകംതല കൊണ്ട്!!

കുട്ടപ്പന്‍ ചേട്ടന്റെ സ്വന്തം ജീപ്പ്, ഗ്രൗണ്ടിലേക്കു റിവേഴ്സ് വന്നു. ബോധംകെട്ടുകിടന്ന കുട്ടപ്പന്‍ ചേട്ടനെ അതിലെടുത്തിട്ടു. ആശുപത്രി ഉന്നംവച്ച് ജീപ്പ് പാഞ്ഞു.

കളി വീണ്ടും മുറുകി. കളി തീരാന്‍ ഒരു മിനിറ്റു മാത്രം. അറവക്കുളത്തിന്റെ ഗോള്‍മുഖത്ത് പശുഅപ്പച്ചന്റെ മിന്നല്‍ മുന്നേറ്റം. ഇല്ല അതും ഗോളായില്ല. കളിക്കു ഫൈനല്‍ വിസില്‍...!

ഇനി ടൈബ്രേക്കര്‍. ഭരണങ്ങാനത്തിന് ആദ്യഅവസരം. കിക്കെടുത്തത് അപ്പച്ചന്‍. സംഗതി സുഖസുന്ദരമായി ഗോള്‍.

അടുത്ത അവസരം അറവക്കുളത്തിന്. കിക്കെടുക്കുന്നത് അവരുടെ ഗോള്‍കീപ്പര്‍ ദൈവസഹായം ദേവസ്യ. ഗോള്‍വല കാക്കാന്‍ ഭരണങ്ങാനത്തിന്റെ സ്വന്തം ഗോളി കോലടി വാസു തയ്യാറെടുക്കുന്നതിനിടെ പശു അപ്പച്ചന്‍ പോസ്റ്റില്‍ കൈവിരിച്ചു നിന്നു.

കാണികള്‍ ഞെട്ടി!!

താന്‍ ഗോളിയാണെന്ന് അപ്പച്ചന്‍ സ്വയം പ്രഖ്യാപിച്ചു.

ആരും അത് എതിര്‍ത്തില്ല.

ദൈവസഹായം ദേവസ്യയുടെ ആദ്യകിക്ക് വലത്തേക്കു പറന്ന് അപ്പച്ചന്‍ പിടിച്ചു.

സ്റ്റാലിയന്‍ യൂത്ത് ടീമിന്റെ ഗോളി ഷാജിക്കുട്ടന്‍അടക്കം ഒരുപാടു പേര്‍ ഞെട്ടി. അത്രയ്ക്കു ഭീകരമായിരുന്നു അപ്പച്ചന്റെ പ്രകടനം. മറുഭാഗത്ത് ഭരണങ്ങാനത്തിന്റെ താരങ്ങള്‍ ഗോളടി തുടര്‍ന്നു. ഇപ്പുറത്ത് അപ്പച്ചന്റെ സുന്ദരന്‍ സേവുകളും. ഒടുവില്‍ എല്ലാവരെയും അതിശയിപ്പിച്ച് ഭരണങ്ങാനം ചാംപ്യന്മാരുടെ കിരീടമുയര്‍ത്തി!!

പശു അപ്പച്ചനെ മികച്ച കളിക്കാരനായി തിരഞഞെടുത്തു.

ട്രോഫി നല്‍കിയ വികാരിയച്ചന്‍ അപ്പച്ചനെ കെട്ടിപ്പിടിച്ചു. പിടിത്തം വിട്ട അച്ചന്‍ കള്ളിന്റെ മണമടിച്ചു തലയ്ക്കു നേരിയ മന്ദാരവുമായി കസേരയില്‍തന്നെയിരുന്നപോയി..

ഭരണങ്ങാനം ജയിച്ച വാര്‍ത്ത നാടെങ്ങും പരന്നു. അപ്പച്ചന്‍ സൂപ്പര്‍ സ്റ്റാറായി. ആശുപത്രിക്കിടക്കയില്‍ വച്ച് ആ വാര്‍ത്ത കേട്ട കുട്ടപ്പന്‍ ചേട്ടന്‍ വീണ്ടും ബോധംകെട്ടു. അറവക്കുളത്തിന്റെ ക്യാപ്റ്റന്‍ പാപ്പൂഞ്ഞ് ഉള്‍പ്പെടെ പലരും തലയില്‍ കൈവച്ചു. അപ്പച്ചന്റെ തകര്‍പ്പന്‍ സേവുകളെക്കുറിച്ചായിരുന്നു നാടെങ്ങും സംസാരം.

പിറ്റേന്ന്, അന്പാറ ഷാപ്പില്‍ കണ്ടുമുട്ടിയപ്പോള്‍ അപ്പച്ചനോടായി പാപ്പൂഞ്ഞു ചോദിച്ചു. അല്ലെടാ, അപ്പച്ചാ, നീയെങ്ങനെയാ ആ ഷോട്ടുകളെല്ലാം പറന്നുപിടിച്ചത്?

രണ്ടു കുപ്പിക്കള്ളിന്റെ തകൃതിയിലായിരുന്ന അപ്പച്ചന്‍ ഒന്നുമാലോചിക്കാതെ മറുപടി പറഞ്ഞു.

പെനല്‍റ്റിക്കു തൊട്ടുമുന്‍പ് ഞാന്‍ ഒരു കഞ്ചാവു ബീഡി വലിച്ചു.
ആദ്യമായിട്ടു വലിക്കുന്നതാ...
അതില്‍പ്പിന്നെ മുന്നോട്ടുവരുന്ന പന്തിനെല്ലാം ആനേടെ വലിപ്പം. പിടിക്കാതെ ഞാനെന്നാ ചെയ്യും...?

പാപ്പൂഞ്ഞു ചേട്ടന്‍ പറ!!!

19 comments:

SUNISH THOMAS said...

ഏറ്റവുമൊടുവിലായി, രണ്ടുപേരുടെ സഹായത്തോടെ ഒരാള്‍കൂടി മൈതാനത്തേക്കിറങ്ങി.

കാണികള്‍ ഞെട്ടി.

കൈലിമുണ്ടും കള്ളി ബനിയനും വേഷം. നരച്ചതെന്കിലും പ്രതാപം പൊഴിയാത്ത കൊന്പന്‍ മീശ. ഉണ്ടക്കണ്ണുകള്‍, കോടാലി മൂക്ക്, വട്ടമുഖം...

പശു അപ്പച്ചന്‍....!!!

മൈതാനമൊന്നാകെ രോമാഞ്ചം കൊണ്ടു..

പശു എന്ന വിളിപ്പേരുകാരനായ ഭരണങ്ങാനത്തിന്റെ അഭിമാനതാരം അപ്പച്ചന്‍. അറ്റാക്കിങ് മിഡ്ഫീല്‍‍ഡര്‍.

Anonymous said...

പശു അപ്പച്ചന്റെ നേതൃത്വത്തില്‍ ഒരു ജീപ്പ് കരുത്തന്മാര്‍ ഭരണങ്ങാനത്തു നിന്നും മലപ്പുറം ലക്ഷ്യമാക്കി പുറപ്പെട്ടതായി ഒരു വിവരമുണ്ട്.

ഇന്ന് രണ്ടിലൊന്നറിയണം എന്നതാണത്രേ മുദ്രാവാക്യം.

അവന്റെ എഴുത്ത് ഇന്നത്തോടെ നിര്‍ത്തും... നാട്ടുകാരുടെ നെഞ്ചത്തു കേറിയാ കളി- തുടങ്ങിയ ഉപ-സമ വാക്യങ്ങളും പ്രയോഗിച്ചതായി അറിയുന്നു.

Anonymous said...

എടാ ഉവ്വേ നിന്റെ പടം എന്തിയേ ?

സാജന്‍| SAJAN said...

താങ്കളുടെ.. എഴുത്തുകളൊക്കെ നന്നാവുന്നുണ്ട്.. ക്രമേണ കമന്റ്സൊക്കെ വന്നോളും..
ധൈര്യമായി എഴുതുക!!!

കുതിരവട്ടന്‍ | kuthiravattan said...

സൂപ്പറായിട്ടുണ്ട്ട്ടാ

Pramod.KM said...

ഹഹഹ.
ക്ലൈമക്സ്,ക്ലൈമക്സ്,എന്നു കേട്ടിട്ടേ ഉള്ളൂ..
കലക്കന്‍ കഥ..

Dinkan-ഡിങ്കന്‍ said...

ചിലാവര്‍ട്ട് അപ്പച്ചന് കങ്ങ്രാ‍ാ‍ാറ്റ്സ്...
ഡിങ്കന്‍ ചിരിച്ച് മറിഞ്ഞ് :)

ഉത്സവം : Ulsavam said...

ഹഹഹ കൊള്ളാം അതലക്കി!

ഇടിവാള്‍ said...

ഹഹഹ..അതു സൂപ്പര്‍ ! നല്ല വിവരണം !

Visala Manaskan said...

അടിപൊളി ചുള്ളാ. അടിപൊളീ.
ഇഷ്ടപ്പെട്ടുപോയി കേട്ടോ മാഷേ.
വണ്ടര്‍ഫുള്‍ എഴുത്തു. ശരിക്കും ചിരിച്ചു.

വേണു venu said...

ഹാഹാ...രസിച്ചു.:)

മുസ്തഫ|musthapha said...

ഹഹ സുനീഷേ... തകര്‍ത്തെഴുതിയിരിക്കുന്നു :)

ഇതുപോലെത്തെ പീസുകള്‍ ഇനിയും പോരട്ടെ :)

തമനു said...

കലക്കി മാഷേ ....
അടിപൊളി എഴുത്ത്‌ .... പോരട്ട് വെടിക്കെട്ടുകള്‍ പുറകേ ...

ഇഷ്ടക്കോട്ട്:
കളി കാണാനെത്തിയവര്‍ പരസ്പരം നോക്കി. പരസ്പരം നോക്കിയവര്‍ പിന്നെയും പിന്നെയും നോക്കി. സംഘാടര്‍ ആകാശത്തേക്കു നോക്കി. പള്ളീലച്ചന്‍ മണിമാളികയ്ക്കു മുകളിലേക്കു നോക്കി. മണിമാളികയ്ക്ക് എങ്ങോട്ടും നോക്കാന്‍ പറ്റാത്തതിനാല്‍ അതു മാത്രം പഴയ പടി നിന്നു.!!

എന്താ അലക്ക്‌ !!!!!

Kaithamullu said...

പച്ച പിടിച്ച് വരുന്നുണ്ട്, ട്ടോ!

SUNISH THOMAS said...

ഈ കഥയുടെ ത്രെഡ് പാലാ സെന്റ് തോമസ് കോളജില്‍ എങ്ങനെ ഉഴപ്പാം എന്നു പഠിക്കുന്ന കാലത്തുകിട്ടിയതാണ്.
ഡിഗ്രി മാത്തമാറ്റിക്സ് ടീമിലെ കളിക്കാരനായിരുന്നു ഞാനും.

തമ്പാക്ക് എന്ന സാധനം ഇറങ്ങിയ കാലമാണ്. ഞങ്ങളുടെ ക്ളാസിലെ അത്യാവശ്യം നന്നായി കളിക്കുന്ന ഒരു ചങ്ങാതി രാവിലെ മുതല്‍ ലഹരിയിലാണ്.

വൈകിട്ടു ഫിസിക്സ് ബാച്ചുമായി കളി.

സാധാരണ ഒരു ഫോര്‍ പോലുമടിക്കാത്ത അദ്ദേഹം അന്നടിച്ചത് നാലോ അഞ്ചോ സിക്സര്‍.

കളി ഞങ്ങളു ജയിച്ചു.
തമ്പാക്കിന്റെ കിക്കു മാറാതെ ഒരിടത്തു കുത്തിയിരുന്ന അവനോട് കളി കഴിഞ്ഞു ഞങ്ങളു ചോദിച്ചു...

എന്നാ പറ്റിയെടാ നിനക്ക്, ഇന്നിത്രയും ഫോമിലാകാന്‍....?
അളിയാ..പന്തിനു നല്ല ഫുട്ബോളിന്റെ വലിപ്പം. എങ്ങനെയടിച്ചാലും സിക്സര്‍ ഉറപ്പാ....!!

Anonymous said...

അള്യആ കലക്ക്ക്

Anonymous said...

അളിയാ കലക്കി

jackie said...

macha......nee puli thanne!

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാ.അടിപൊളി.

Powered By Blogger