Friday, June 29, 2007
ജീവിതം ചെറിയാച്ചനെ എന്തു പഠിപ്പിച്ചു?
ജീവിതം എന്നെ എന്തു പഠിപ്പിച്ചു എന്ന കോളത്തില്‍ തനിക്കുമെഴുതണം..
അതിനായി ചെറിയാച്ചന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുത്തിയിരുന്നു ജീവിതം പഠിക്കുന്ന തിരക്കിലായിരുന്നു. എന്നും ഉറക്കമെണീറ്റാല്‍ അപ്പോള്‍ തുടങ്ങും പഠനം. രാത്രി വൈകി ഉറങ്ങും വരെ പഠനം. ഇടയ്ക്കു ഭക്ഷണം പോലും നേരാം വണ്ണമില്ല. അതുകൊണ്ടുതന്നെ അമ്മച്ചി പഴംചോറു കൊടുത്ത് ഊട്ടി ഉരുക്കിയെടുത്ത വണ്ണമെല്ലാം പോയി ചെറിയാച്ചന്‍ മെലിഞ്ഞുണങ്ങി.
ജീവിതത്തില്‍ ഒരു ഡിഗ്രിയും പോസ്റ്റു ഗ്രാജുവേഷനും പിന്നെ ഒന്നു രണ്ടു തപാല്‍ ഡിപ്ളോമകളുമായി എന്നുറപ്പായപ്പോളാണ് ചെറിയാച്ചന്‍ എഴുത്ത് എന്ന ഉദ്യമത്തിനു മുതിര്‍ന്നത്. വെട്ടിയും തിരുത്തിയും പിന്നെയുമെഴുതിയും വെട്ടിച്ചുരുക്കിയും ചെറിയാച്ഛന്‍ തന്‍റെ ജീവിതത്തെ കടലാസിന്‍റെ ഒരു പുറമെന്ന വെല്ലുവിളിയിലേക്കു ചുരുക്കിയെടുത്തു.
അതുമായി ഉള്ളതിലേക്കും വച്ചേറ്റവും നല്ല ഷര്‍ട്ടും അലക്കിത്തേച്ച മുണ്ടുമുടത്ത് ചെറിയാച്ചന്‍ എറണാകുളത്തിനു ബസു കയറി. നേരെ മാസികയുടെ ആപ്പീസില്‍ ചെന്നു.
നാലുവശത്തും മാര്‍ജിനിട്ട കടലാസില്‍ വടിവൊത്ത അക്ഷരത്തിലെഴുതിയ ജീവിതപാഠങ്ങളും തന്‍റെ പ്രൊഫൈലും പത്രാധിപര്‍ക്കു കൈമാറി. കണ്ണടയ്ക്കിടയിലൂടെ ചോദ്യഭാവത്തില്‍ നോക്കിയ അദ്ദേഹത്തോട് ചെറിയാച്ചന്‍ ആഗമനോദ്ദേശ്യം വിനീതഭാവത്തില്‍ ബോധിപ്പിച്ചു.
മൊത്തത്തില്‍ ആളെ നോക്കിയ അദ്ദേഹം, ചെറിയാച്ചന്‍റെ എഴുത്തും വായിച്ചെടുത്തു. അദ്ഭുത പരതന്ത്രനായിപ്പോയ അദ്ദേഹം അതു തിരികെ ചെറിയാച്ചനു കൊടുത്തു.
എന്നിട്ട് ഇങ്ങനെ പറഞ്ഞു-
ചെറിയാച്ചാ... പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഈ പ്രസിദ്ധീകരണം നാട്ടിലെ സാധാരണക്കാര്‍ക്കു വായിക്കാനുള്ളതാണ്. അതിലെ ലേഖനങ്ങളും അങ്ങനെ തന്നെ. ചെറിയാച്ചനെപ്പോലുള്ള മഹാപ്രതിഭകള്‍ എഴുതുന്നതു മനസ്സിലാക്കാന്‍ കെല്‍പുള്ള ആരും ഇതു വായിക്കുന്നുണ്ടാവില്ല. ഇപ്പറഞ്ഞ എനിക്കു പോലും ഇതു വായിച്ചിട്ടു പൂര്‍ണമായും മനസ്സിലായില്ല.
അതുകൊണ്ട് ചെറിയാച്ചന്‍ അല്‍പം കൂടി നിലവാരമുള്ള ഏതെങ്കിലുമൊരു പ്രസിദ്ധീകരണത്തിലേക്ക് ഇതു നല്‍കണമെന്നാണ് എന്‍റെ അപേക്ഷ.
നിരാശ കൊണ്ടു വീണ്ടും ചെറുതായിപ്പോയ ചെറിയാച്ചന്‍ നേരെ ഭരണങ്ങാനത്തേക്കു തിരിച്ചുപോന്നു. രണ്ടു മൂന്നുദിവസമായി വിഷണ്ണനായി നടക്കുകയായിരുന്ന ചെറിയാച്ചനെ അവധിക്കു നാട്ടില്‍പ്പോയ എനിക്കു കണ്ടുമുട്ടേണ്ടി വന്നു.
ചെറിയാച്ചന്‍ തന്‍റെ ദുഖങ്ങള്‍ എന്നോടു പറഞ്ഞു. അതു കേട്ടപ്പോള്‍ എനിക്കും വിഷാദം തോന്നി. മറ്റു പല പ്രസിദ്ധീകരണങ്ങളിലേക്ക് അയച്ചിട്ടും ആരും പ്രസിദ്ധീകരിക്കാന്‍ തയ്യാറാകാതിരുന്ന ചെറിയാച്ചന്‍റെ ജീവിത പാഠം അതുകൊണ്ടു ഞാന്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായി. ചെറിയാച്ചന്‍ സന്തുഷ്ടനായി.
തന്നെക്കുറിച്ചു വേറെ കഥയൊന്നും എഴുതിയേക്കരുത് എന്നും ചെറിയാച്ചന്‍ പറഞ്ഞിരുന്നു. അതിനാല്‍ ചെറിയാച്ചന്‍റെ ജീവിതപാഠം സബ് ചെയ്യാതെ നേരിട്ടു താഴെക്കൊടുക്കുന്നു. പ്രൊഫൈലുമുണ്ട്.
ചെറിയാച്ചന്‍ (36)
പുരാതന കത്തോലിക്കാ കുടുംബത്തിലെ ഏകആണ്‍തരി. ഭരണങ്ങാനം സ്റ്റാലിയന്‍സോക്കര്‍ ഫുട്ബോള്‍ ക്ളബിന്‍റെ മുന്‍ സ്റ്റോപ്പര്‍ ബായ്ക്ക്. വ്യവസ്ഥാപിത നിയമങ്ങളോടും സംവിധാനങ്ങളോടുമുള്ള എതിര്‍പ്പും എഴുത്തുപരീക്ഷയോടുള്ള കടുത്ത വിദ്വേഷവും മൂലം പത്താം ക്ളാസില്‍ പഠിപ്പു നിര്‍ത്തി. വിശപ്പാണ് ഏറ്റവും വലിയ ഭീഷണിയെന്നും അഭിമാനമാണ് ഏറ്റവും വലിയ സമ്പത്തെന്നും മനസ്സിലായതിനെത്തടുര്‍ന്ന് ഒരു ജോലിക്കു ശ്രമിച്ചു. വിജയിച്ചു. അവാര്‍ഡ്, അടി എന്നിവ കിട്ടിയിട്ടില്ല. ആരും തന്നാലും മേടിക്കാനും ഉദ്ദേശമില്ല.
ജീവിതം പഠിപ്പിച്ചത്...
1. ഭരണങ്ങാനം സ്റ്റാലിയന്‍സോക്കറിന്‍റെ ഫോര്‍വേഡ് ലൈനില്‍ കളിക്കാന്‍ റയല്‍ മഡ്രിഡില്‍നിന്നു റൊബീഞ്ഞോ വരണമെന്നു വാശിപിടിക്കരുത്. സ്റ്റാലിയന്‍സോക്കറിന് പറഞ്ഞിരിക്കുന്നതു പശു അപ്പച്ചനെയാണ്.
2. ഒട്ടുപാലിന്‍റെ നിറം കണ്ടിട്ടു റബര്‍തോട്ടത്തിനു വില പറയരുത്.
3. ചാക്കോ കുടിച്ച കള്ളിനു പൈലി പൂസാകരുത്.
4. ചെറിയാച്ചന്‍ ആനയാണ് എന്നു ചെറിയാച്ചന്‍ തന്നെ പറയുന്നതിലോ ചെറിയാച്ചന്‍റെ കാല്‍ചുവട്ടിലുള്ള ഉറുമ്പു പറയുന്നതിലോ കാര്യമില്ല. മറ്റൊരു ആന തന്നെ അതു പറയണം, എങ്കിലേ ചെറിയാച്ചന്‍ ആനയാകൂ..
5. ബാറില്‍ പോകാന്‍ ആലോചിക്കുമ്പോളെ പൂസാകരുത്. ചിലപ്പോള്‍ അന്നു ബാര്‍ അവധിയായിരിക്കും.
6. പത്തുകിലോ എടുക്കാന്‍ പറ്റുന്നവന്‍ അറുപതു കിലോ എടുക്കാന്‍ നോക്കരുത്. നടുവുവെട്ടും
7. റബറും പെണ്ണും ഒരുപോലെ. എപ്പോള്‍ വേണമെങ്കിലും വിലത്തകര്‍ച്ചയുണ്ടാകാം, തറവില പോലുമില്ലാതാകാം
Wednesday, June 27, 2007
ഭരണങ്ങാനം ബ്ളോഗേഴ്സ് മീറ്റ് -ഭാഗം 2
പ്രിയപ്പെട്ടവരെ,
ഞാന്‍ ഈ ബ്ളോഗിന്‍റെ ഉടമസ്ഥനായ സുനീഷ് തോമസ് അല്ല. ശ്രീ ബെര്‍ളിയുടെ പുസ്തകം പ്രകാശിപ്പിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങളില്‍പ്പെട്ട് നേരത്തെ തന്നെ ഫ്യൂസായിപ്പോയതിനാല്‍ അദ്ദേഹത്തിന്‍റെ മൗനാനുവാദത്തോടെ ഈ പോസ്റ്റ് ഇടുന്നതു ഞാനാണ്- ലൂസിക്കുട്ടി.അതിനാല്‍ത്തന്നെ ഇതില്‍ പറയാന്‍ പോകുന്ന ഒരു കാര്യങ്ങള്‍ക്കും ശ്രീ സുനീഷ് തോമസുമായി ഒരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല.
സ്ഥലം- ബ്ലൂമൂണ്‍ ബാര്‍,പാല.
(രാജധാനി ബാര്‍ ആയിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും സെക്കന്‍ഡ്സ് നല്ലതു കിട്ടുക ഇവിടെയാണെന്നു പലരും പറഞ്ഞതിനാല്‍ യോഗം ഇവിടേക്കു മാറ്റുകയായിരുന്നു!)
ബെര്‍ളിത്തരങ്ങള്‍ പുസ്തകരൂപത്തില്‍!!
വെളിപാട് ഉണ്ടായ പാടേ, ഉപദേശി ഫോണെടുത്ത് കറക്കി. കറക്കിക്കറക്കി അതിന്‍റെ കേബിളെല്ലാം കുരുങ്ങി ആകെ അലുക്കുലുത്തായെന്നു മനസ്സിലായ ഉപദേശി അതവിടെ വച്ച് മൊബൈള്‍ ഫോണെടുത്തു കുത്തി. കുത്തുകൊണ്ട അടുത്തിരുന്ന ഉപദേശി രൂക്ഷമായൊന്നു നോക്കി- കുഞ്ഞാടേന്നു വിളിച്ച നാവുകൊണ്ടു നീയെന്നെ... ആ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു പലതും വിളിപ്പിക്കുമെടാ എന്നായിരുന്നു നോട്ടത്തിന്‍റെ അര്‍ഥം.
പരിശ്രമങ്ങള്‍ക്കൊടുവില്‍ മുട്ടുവിന്‍ പൊട്ടപ്പെടും എന്നു മുട്ടക്കാരന്‍ അപ്പിച്ചേട്ടന്‍ പറയും പോലെ ബെര്‍ളിയെ കിട്ടി. ഓര്‍ഹാന്‍ പാമുഖ് മുതല്‍ ഗുന്തര്‍ ഗ്രാസ് വരെ പറഞ്ഞിട്ടും ആ പോകാന്‍ പറ, യെവനൊക്കെ എനിക്കു വെറും ഗ്രാസാ എന്നു പറഞ്ഞു നടന്ന ബെര്‍ളിക്ക് സമ്മതപൂര്‍വം തല കുലുക്കാതെ നിവൃത്തിയില്ലായിരുന്നു.
കാരണം, തന്‍റെ ബ്ളോഗിന്‍റേതടക്കം മാനസികരോഗവും പ്രേതബാധയും മാറ്റിക്കിട്ടിയത് ഈ ധാന്യ കേന്ദ്രത്തില്‍ (എഫ്സിഐ ഗോഡൗണല്ല!) നിന്നാണല്ലോ എന്നോര്‍ത്തപ്പോള്‍ അദ്ദേഹത്തിന് അതല്ലാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. അങ്ങനെ ബെര്‍ളിത്തരങ്ങള്‍ പുസ്തകമാക്കാനുള്ള ആദ്യപടി അവിടെ സമാരംഭിച്ചു.
അന്നു രാത്രി മൂന്നിലവു മലയില്‍ ഉരുള്‍പൊട്ടി. രണ്ടുവീടും മൂന്നേക്കര്‍ പുരയിടവും മീനിച്ചിലാറ്റിലൂടെ ഒലിച്ചുപോയി. രണ്ടുദിവസം പാലായും പരിസരത്തെ കള്ളുഷാപ്പുകളും വെള്ളത്തില്‍ മുങ്ങിക്കിടന്നു. നല്ല നിമിത്തം-ത്രികാല ജ്ഞാനികള്‍ പറഞ്ഞു!
അതൊരു ചോദ്യമായിരുന്നു.ബെര്‍ളിത്തരങ്ങള്‍ എന്ന വിശ്വസാഹിത്യ കൃതിക്ക് ആര് അവതാരികയെഴുതാന്‍.
ബെര്‍ളിയുടെ ആത്മാര്‍ഥ സുഹൃത്തുക്കളായ അടപ്പൂരാന്‍, വിക്രമാദിത്യന്‍, സഞ്ചിപ്പെണ്ണ്, സുനീഷ്, ജോര്‍ജുകുട്ടി, വാസന്തി, എതിരന്‍ കതിരവന്‍,കുതിരവട്ടന്‍, കുറുമാന്‍, ഇടിവാള്‍,വടിവാള്‍ തുടങ്ങിയവര്‍ ഒറ്റയ്ക്കും കൂട്ടായും ആലോചിച്ചു.
ഒടുവില്‍ ബെര്‍ളി തന്നെ ആളെയും കണ്ടെത്തി.
എതോ വിസ്കിയുടെ പേരാണെന്നു വിചാരിച്ച സുനീഷ് ഉടന്‍ കയ്യടിച്ചു സംഗതി അംഗീകരിച്ചു.
അപ്പോളാണ് കൂട്ടത്തില്‍ അല്‍പം വെളിവുള്ള എതിരന്‍ അതിനു മുടന്തുന്യായം ഉന്നയിച്ചത്- ദസ്തയേവസ്കി മരിച്ചുപോയില്ലേ?
ആ നിലയ്ക്ക് പിന്നെയാര് അവതാരിക എഴുതും?
ഒടുവില്‍ ആലോചനകളുടെ ലാര്‍ജുകള്‍ നിറഞ്ഞൊഴിഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ബെര്‍ളിയുടെ നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ശ്രീ അടപ്പൂരാന്‍ അവതാരിക എഴുതാമെന്നേറ്റു. ഊണിലും ഉറക്കത്തിലും അടപ്പൂരാന്‍ എന്ന ഒറ്റ വിചാരം മാത്രമുള്ള ബെര്‍ളി അതോടെ ഹാപ്പിയായി.
അവതാരികയുടെ പതിവു സങ്കേതങ്ങളില്‍നിന്നു വ്യത്യസ്തമായി വായനക്കാര്‍ പതിവായി ഉന്നയിക്കാറുള്ള ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും എന്ന രീതിയില്‍ അവതാരിക എഴുതിക്കളായമെന്ന ഐഡിയ മുന്നോട്ടുവച്ചതും അടപ്പൂരാന്‍ തന്നെയായിരുന്നു. കുപ്പികള്‍ ഏതാണ്ട് ഒന്നൊഴിഞ്ഞു എന്നുറപ്പായതോടെ ആലോചനായോഗം അവസാനിച്ചു.
പക്ഷേ, മലയാളം ബ്ളേഗേഴ്സിന്‍റെ ഐക്യവും ഹൃദയവിശാലതയും വെളിവാക്കിക്കൊണ്ട് ഒരുപറ്റം ചെറുപ്പക്കാര്‍ ചേര്‍ന്നു പ്രൂഫ് വായിക്കാമെന്നേറ്റു. ആഴ്ചകള്‍ക്കകം പ്രൂഫ് പൂര്‍ത്തിയാക്കി പുസ്തകം അച്ചടിക്കു തയ്യാറായി.
പുസ്തകം അച്ചടിക്കാന്‍ തയ്യാറായി ഒരുപാട് പ്രസുകാര്‍ മുന്നോട്ടു വന്നു. പ്രസ് എന്നു കേള്‍ക്കുന്നതേ അലര്‍ജിയായിരുന്ന ബെര്‍ളി ആ ടെന്‍ഷന്‍ മാത്രം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വൈന്‍ അധികൃതര്‍ പുസ്തകം അച്ചടിപ്പിക്കുന്നതിന്‍റെ ഉത്തരവാതിത്തം ഏറ്റെടുത്തു. വിശാലമനസ്കന്‍റെ കൊടകര പുരാണത്തിന്‍റെ അതേസൈസില്‍ 134 പേജുകളുള്ള പുസ്കതം.
അങ്ങനെ ആയിരങ്ങളുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ബെര്‍ളിത്തരങ്ങള്‍ പുസ്തകം അച്ചടിശാല വിട്ടു പുറത്തെത്തി.
പുസ്തക പ്രകാശനെത്തുക്കുറിച്ചായി പിന്നീടുള്ള ആലോചന.
പതിവു ശൈലികളിലുള്ള പ്രകാശനച്ചടങ്ങിനോട് ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല.
അലറിപ്പാഞ്ഞുവരുന്ന ട്രെയിനിനു തലവച്ച് പുസ്തകം പ്രകാശനം നടത്തിയാലോ? അതൊരു നല്ല ഐഡിയായി പലര്‍ക്കുംതോന്നി. തലവയ്ക്കാന്‍ തയ്യാറായി പലരും വന്നു. പക്ഷേ, പാലാ വഴി കോരസാര്‍ ട്രെയിന്‍ കൊണ്ടുവന്നിട്ടില്ലാത്തതിനാല്‍ അതു പ്രായോഗികമല്ലെന്നു മനസ്സിലായി.
ഒടുവില്‍ ഒത്തുതീര്‍പ്പുകളല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. ഒടുവില്‍ ജോര്‍ജുകുട്ടിയാണ് ആ ആശയം ഉന്നയിച്ചത്.
നമുക്കു ബാറില്‍വച്ചു പുസ്തകം പ്രകാശിപ്പിക്കാം. അവിടെയാകുമ്പോള്‍ അധികം വെളിച്ചവുമില്ലല്ലോ. അതുകൊണ്ടു പുസ്തകം പ്രകാശിപ്പിക്കുന്നതു പത്തുപേരറിയുകേം ചെയ്യും!!
അതും അംഗീകരിക്കപ്പെട്ടു.
പുസ്തകം ആരു പ്രകാശിപ്പിക്കും?
അതൊരു വലിയ പ്രശ്നമായിരുന്നു. ബെര്‍ളിയുടെ അഭിപ്രായത്തില്‍ അതിനു പോന്നവര്‍ ഭൂമിമലയാളത്തില്‍ ആരുമുണ്ടായിരുന്നില്ല. ഉഗാണ്ടയില്‍നിന്ന് ഈദി അമീനെ കൊണ്ടു വന്നാലോ എന്ന് ആലോചനയുണ്ടായി. അതിനി നടക്കില്ലെന്ന് എതിരന്‍ പറഞ്ഞതോടെ മറ്റാരെയെങ്കിലും കിട്ടുമോയെന്നായി ആലോചന. സദ്ദാം ഹുസൈന്‍? ഇല്ല, നടക്കില്ല.
ബിന്‍ ലാദന്‍?പല തവണ വിളിച്ചിച്ചും അണ്ണനെ റേഞ്ചില്‍ കിട്ടുന്നില്ല,അതും ഒഴിവാക്കി.ബാല്‍ താക്കറെ മുതല്‍ ജയലളിത വരെയും മന്‍മോഹന്‍ സിങ് മുതല്‍ വിഎസ് അച്യുതാനന്ദന്‍ വരെയും പലരെയും ആലോചിച്ചു. അവര്‍ക്കെല്ലാം വരണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും ബിസിയായിരുന്നു.
ഒടുവില്‍ പലരെയും ആലോചിച്ച് ഉപേക്ഷിച്ചതോടെ, ഇനി പുസ്തക പ്രകാശനത്തിനു സന്നദ്ധരാവാന്‍ സാധ്യതയുള്ളവരുടെ എണ്ണം ആലോചനാ സംഘത്തിലേക്കു ചുരുങ്ങി. ചീട്ടുകളിക്കിടെ പൊലീസു വരുമ്പോള്‍ സ്കൂട്ടും പോലെ പലരും പലവിധതിരക്കുകളുമായി പുറത്തിറങ്ങിയതോടെ ബെര്‍ളി തനിച്ചായി. അങ്ങനെ പുസ്തക പ്രകാശനം ബെര്‍ളിയുടെ ഉത്തരവാദിത്തമായി. അഥവാ അദ്ദേഹത്തിന്‍റെ മാത്രം ഉത്തരവാദിത്തമായി!!
അങ്ങനെ പുസ്തക പ്രകാശന ദിനം വന്നെത്തി. വൈകിട്ട് നാലുമണിയായതോടെ ബാര്‍ലോബി നിറഞ്ഞു. ബ്ളോഗിലെ പല ലോബിയില്‍പ്പെട്ട ഗഡികളും സദസ്സിനെ അലങ്കരിച്ചിരുന്നു. ബൂലോഗ സാഹിത്യം നേരിടുന്ന വെല്ലുവിളികള്‍, ബൂലോഗത്തിനു സംഭവിച്ച അപചയം, ബൂലോഗത്തെ പുലികള്‍ തുടങ്ങിയ പലവിഷയങ്ങളിലായി പലവിധ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരുന്നു.
സമയം അഞ്ചുമണിയായി. പുസ്തക പ്രകാശനത്തിനുള്ള സമയമായി.
ഇതുവരെയും ബെര്‍ളിയെ കാണാനില്ല. സുനീഷ്, ജോര്‍ജുകുട്ടി, എതിരന്‍ കതിരവന്‍, ജോണി, വണ്ടാളന്‍ ദേവസ്യ തുടങ്ങിയവര്‍ മുന്നൊരുക്കങ്ങളും പിന്നൊരുക്കങ്ങളും മറുഒരുക്കങ്ങളുമായി അണിയറയിലായിരുന്നു.
ബെര്‍ളി എവിടെ?
പലരും അന്വേഷിച്ചുകൊണ്ടിരുന്നു. പാലായില്‍ അങ്ങനെയൊരു പേരുള്ള ഒരേയൊരു ആളേ ഉണ്ടായിരുന്നുള്ളൂ എന്നതിനാലും നാട്ടിലെ എല്ലാവരും ബെര്‍ളിസാഹിത്യത്തിന്‍റെ പതിവു വായനക്കാര്‍ ആയിരുന്നതിനാലും ആ പേര് എല്ലാവര്‍ക്കും സുപരിചിതമായിരുന്നു.
ബ്ലൂമൂണിന്‍റെ അകത്തളങ്ങളില്‍ ആ ചോദ്യം പലയാവര്‍ത്തി മുഴങ്ങി. ബെര്‍ളി മാത്രമല്ല, പുസ്തകവും ഇതുവരെ എത്തിയില്ല. ബെര്‍ളിത്തരങ്ങള്‍ ആദ്യമായി പുസ്തകൂപത്തില്‍ കാണാന്‍ കൊതിപൂണ്ടിരുന്നവര്‍ ആകാംക്ഷമൂലം വീണ്ടും വീണ്ടും ഓര്‍ഡര്‍ ചെയ്തുകൊണ്ടിരുന്നു.
സമയം ആറുമണിയായി. ഇല്ല ബെര്‍ളി വന്നില്ല. ബെര്‍ളി വരാതിരിക്കുമോ?
ഹേയ് ഇല്ല. വരുമെന്നു പറഞ്ഞാല്‍ ലേറ്റായിട്ടായാലും ലേറ്റസ്റ്റാ വന്തിടും മച്ചാന്‍. പാലാക്കാരനല്ലേ, വാക്കുവ്യത്യാസം കാണിക്കില്ല, വരാതിരിക്കില്ല. ആരോ അങ്ങനെ പറയുന്നതു കേട്ടു.
ആരായാലും അങ്ങനെ പറഞ്ഞതൊരു പാലാക്കാരനല്ല എന്നുറപ്പായിരുന്നു.
ബെര്‍ളിയെ പലരും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇല്ല, രക്ഷയില്ല.
നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ മൂന്നിലവു മലയ്ക്കു മുകളിലാണ് എന്നു കിളിമൊഴി.അതോടെ ഒരു കാര്യമുറപ്പായി. ബെര്‍ളി അല്ലെങ്കില്‍ ബെര്‍ളിയുടെ ഫോണ്‍ അതുമല്ലെങ്കില്‍ ഇതുരണ്ടും വീട്ടില്‍ത്തന്നെയുണ്ട്.
അതുവഴി പോയ ഒരു കാലി മണല്‍ലോറി കൈകാട്ടി നിര്‍ത്തി. എല്ലാവരും അതില്‍ കയറി. അതില്‍ ചിലര്‍ നിന്നു, ചിലര്‍ ഇരുന്നു, ചിലര്‍ കിടന്നു, ചിലരെ കിടത്തി.
മൂന്നു ഹെയര്‍പിന്‍ വളവും രണ്ടു വലിയ കയറ്റവും കയറി ലോറി കരഞ്ഞുനിലവിളിച്ചു ബെര്‍ളിയുടെ ഭവനത്തിലേക്കുള്ള പാതിവഴിയില്‍ ജോയിന്‍റിടിച്ചു നിന്നു. ബൂലോഗത്തിനു സ്വപ്നം കാണാന്‍ പോലും സാധ്യമല്ലാത്തയത്ര പുരോഗതി പ്രാപിച്ച ഒരു പറുദീസയാണു മൂന്നിലവ് എന്നു ബ്ളോഗേഴ്സിന് ഒറ്റനോട്ടത്തിലെ മനസ്സിലായി.
വികസനകാര്യത്തില്‍ മുന്‍പന്തിയിലായിരുന്നു മൂന്നിലവ്. ഏറ്റവും അടുത്തുകൂടിപ്പോകുന്ന വാഹനം വിമാനം. രണ്ടു കിലോമീറ്റര്‍ മുകളിലൂടെ... ഒരു സൈക്കിള്‍ കിട്ടണമെങ്കില്‍ അഞ്ചുകിലോമീറ്റര്‍ മലയിറങ്ങണം. അതായിരുന്നു അവസ്ഥ.
നേരം ഇരുട്ടിത്തുടങ്ങി. ബെര്‍ളിയുടെ വീടെവിടെയാ?
കൂട്ടത്തില്‍ അതറിയാവുന്ന ഒരേയൊരാള്‍ സുനീഷായിരുന്നു. ലോറിയുടെ പ്ളാറ്റ് ഫോമില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ ആരോ വിളിച്ചുണര്‍ത്തി. സുനീഷിന്‍റെ നേതൃത്വത്തില്‍ സംഘം ബെര്‍ളിയുടെ വീട്ടിലെത്തി. വീടിനു മുന്നിലും മുറ്റത്തുമായി ഒരു പുരുഷാരം
ബ്ളോഗേഴ്സ് ഞെട്ടി...!!
വീട്ടുമുറ്റത്തുനിന്ന് അറുപതു വയസ്സു തോന്നിക്കുന്ന ഒരാള്‍ താഴേയ്ക്കിറങ്ങിവന്നു സംശയത്തോടെ സംഘത്തിന്‍റെ നേര്‍ക്കു നോക്കി.
ആരോ അങ്ങനെ പറഞ്ഞു. ബ്ളോഗേഴ്സ് എന്നു കേട്ടതും ആ വയോധികന്‍ മുണ്ടിന്‍റെ മടക്കിക്കുത്ത് അഴിച്ചു നിലത്തിട്ടു വിധേയനായി.
ഉണ്ട് ...
എന്നിട്ടെന്തിയേ? എന്നാ പറ്റി?
അതോ ഇന്നു വൈകിട്ട് ഇവിടെ ഒരു അദ്ഭുതമുണ്ടായി. അതിന്‍റെ തിരക്കിലാ...
ബെര്‍ളിത്തരങ്ങള്‍ എന്ന അദ്ദേഹത്തിന്‍റെ പുസ്തകം ആയിരം കോപ്പി അടിപ്പിച്ചതില്‍ പകുതി ഇവിടെ ആരോ കൊണ്ടെത്തന്നിട്ടുപോയി. വായിച്ചുകഴിഞ്ഞാല്‍ അതുപോലത്തെ അഞ്ഞൂറൂകോപ്പി വേറെ അടിപ്പിക്കണം എന്നും അതില്‍ എഴുതിയിട്ടുണ്ടായിരുന്നു. അതനുസരിച്ച് അഞ്ഞൂറുകോപ്പി അടിക്കാന്‍എവിടെയോ ഓര്‍ഡര്‍ കൊടുക്കുകയും ചെയ്തു. എന്നിട്ടു പാലായ്ക്കു പോകാനാന്നും പറഞ്ഞിറങ്ങിയതാ....
പുറത്തിറങ്ങി കൊച്ച് ചവിട്ടുന്നിടമെല്ലാം സ്വര്‍ണമാവുകയല്ലോ...
എന്നിട്ട്?
കൊച്ച് അതെല്ലാം വാരി ചാക്കില്‍ക്കെട്ടിക്കൊണ്ടിരിക്കുവാ...എന്നിട്ട്, വാരീട്ടും വാരിട്ടും സ്വര്‍ണം തീരുന്നില്ല സാറുന്മാരേ...മുറ്റത്തു മുഴുവന്‍ സ്വര്‍ണക്കല്ലുകളായിരുന്നു. അതുമുഴുവന്‍ പെറുക്കി ചാക്കില്‍ക്കെട്ടി മുറിക്കകത്തു വച്ചു പൂട്ടാന്‍ പോയിരിക്കുവാ...
അത്രയും കേട്ടതും കെട്ടുവിട്ട സംഘം ഒറ്റച്ചാട്ടത്തിനു ബെര്‍ളിയുടെ വീട്ടില്‍ക്കയറി. അപ്രതീക്ഷിതമായി സുഹൃത്തുക്കളെ കണ്ട അദ്ദേഹം അദ്ഭുത പരതന്ത്രനായി.
എവിടെ ബെര്‍ളീ സ്വര്‍ണം?
എല്ലാവരെയും നോക്കി ബെര്‍ളി ഗൂഢമായൊന്നു ചിരിച്ചു. ഇത്രയും വലിയൊരു അദ്ഭുതം നടന്നതിന്‍രെ തരിമ്പുപോലും അഹങ്കാരം ആ മുഖത്തുണ്ടായിരുന്നില്ല..!
ബെര്‍ളി എല്ലാവരെയും തന്‍റെ വീടിന്‍റെ പിന്‍ഭാഗത്തെ ഗോഡൗണിലേക്കു നയിച്ചു.
ഇനി ഇതെല്ലാം ഞാനെന്തു ചെയ്യുമെന്നു വിചാരിക്കുകയാ...ബെര്‍ളി പറഞ്ഞുകൊണ്ടിരുന്നു.
സംഘം കേട്ടുകൊണ്ടും...
ഗോഡൗണിലെത്തി. പത്തുതാഴിട്ടുപൂട്ടിയിരുന്ന വലിയ കതകു തുറന്നു.
അവിടെ അമ്പതോളം ചാക്കുകെട്ടുകള്‍. ഒരു ആരവത്തോടെ സംഘം ഗോഡൗണില്‍ കടന്നു. ചാക്കുകെട്ടുകള്‍ വലിച്ചുപൊട്ടിച്ചു തുറന്നു.
അതില്‍ നിറയെ കൊട്ടയ്ക്ക കല്ലുകള്‍, പല വലിപ്പത്തിലുള്ളവ തിക്കിക്കുത്തിനിറച്ചിരുന്നു...!!!
Wednesday, June 20, 2007
വെസ്പ്രിക്കാനയും വയലറ്റു മേഘവും
ഞാന്‍ ഇന്നു രാവിലെ മരിച്ചു.
എന്‍റെ കൂടെ ആത്മാര്‍ഥ സുഹൃത്തക്കളായ ബാബുവും ജോര്‍ജുകുട്ടിയും മരിച്ചു. ഞങ്ങളു മൂന്നു പേരുംകൂടി ഭരണങ്ങാനം പള്ളിയുടെ മുന്‍പിലത്തെ കൊന്നത്തെങ്ങിന്‍റെ ചുവട്ടില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോളായിരുന്നു മരണം. തെങ്ങില്‍നിന്ന് സൈമുള്‍ട്ടേനിയസായി വീണ മൂന്നു മച്ചിങ്ങകളാണു ഞങ്ങളുടെ ജീവന്‍ അപഹരിച്ചത്. മൂന്നും വീണതു ഞങ്ങളുടെ നെറുകം തലയില്‍. വീണപാടെ വെട്ടിയിട്ട വാഴ പോലെ മൂന്നും നിലത്തുവീണു. ഞാന്‍ ഒന്നു പിടച്ചതായി ഓര്‍ക്കുന്നുണ്ട്. മറ്റു രണ്ടവന്‍മാരും പിടച്ചുപോലുമില്ല. അതിനു മുന്‍പേ കാറ്റുപോയി.
നാട്ടുകാരു ഞങ്ങളുടെ കിടപ്പു കണ്ട് തിരിഞ്ഞുപോലും നോക്കിയില്ല. വൈകുന്നേരമായിട്ടും എഴുന്നേല്‍ക്കാതെ കിടക്കുന്ന കണ്ട പള്ളീലച്ചനാണ് ഞങ്ങള്‍ മരിച്ച വിവരം ആദ്യമായി സ്ഥിരീകരിച്ചത്. കയ്യില്‍ ഒരു മൊന്ത നിറയെ മോരുമായി വന്ന അദ്ദേഹത്തിന് എന്‍റെ മുഖത്തേക്കു നോക്കിയതേ കാര്യം പിടികിട്ടി.
വളരെ വേഗം തന്നെ സംസ്കാരം നടത്തി. വീട്ടുകാരൊക്കെ നെഞ്ചത്തടിച്ചു കരയുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ അവര്‍ക്കെന്തോ വലിയ സങ്കടമൊന്നും കണ്ടില്ല. ഞങ്ങള്‍ക്കും വല്യ സങ്കടമൊന്നുമുണ്ടായിരുന്നില്ല. കാരണം, മരിച്ചപ്പോഴും ഞങ്ങളു മൂന്നുപേരും ഒന്നിച്ചായിരുന്നല്ലോ.
സംസ്കാര കര്‍മങ്ങള്‍ തുടങ്ങി. ഒരു മാന്യവൈദികന്‍ ഒപ്പീസു ചെല്ലാന്‍ തുടങ്ങും വരെ കുഴപ്പമൊന്നുമില്ലായിരുന്നു. അങ്ങേര് ഒപ്പീസു തുടങ്ങിയപ്പോള്‍ മുതല്‍ കഴുത്തേല്‍ കയറിട്ട് ആരോ മുകളിലോട്ടു വലിക്കുന്നതു പോലെ. ഒരോ സെക്കന്‍ഡിലും വലിയുടെ ശക്തി കൂടിവന്നു.
ഒടുവില്‍ വൈദികശ്രേഷ്ഠന്‍ അന്ത്യ ആശീര്‍വാദത്തിനു കൈ ഉയര്‍ത്തിയ ആ സെക്കന്‍ഡില്‍ ആരൊക്കെയോ ചേര്‍ന്നു ഞങ്ങളെ പൊക്കിയെടുത്തു. ഭൂമി ഞങ്ങളുടെ കാല്‍ചുവട്ടില്‍. പതിയെപ്പതിയെ ആകാശത്തെ മേഘങ്ങള്‍ തൊട്ടരികിലായി. ഞങ്ങള്‍ പിന്നെയും പൊങ്ങിക്കൊണ്ടിരുന്നു.
ഭരണങ്ങാനം സെന്‍റ് മേരീസ് ഫൊറോന പള്ളിയും സെമിത്തേരിയും അമ്പാറ കള്ളുഷാപ്പും മീനിച്ചിലാറും ഗോപിച്ചേട്ടന്‍റെ മുറുക്കാന്‍ കടയും അവിടുത്തെ സിഗററ്റുപെട്ടിയുമെല്ലാം ഞങ്ങളെ വിട്ട് അങ്ങുതാഴെ. ഞങ്ങളോ ഇങ്ങ് അനന്തവിഹായസ്സില്‍ ആകെപ്പാടെ ഒന്നുമല്ലാത്ത അവസ്ഥയില്‍ പഞ്ഞിമേഘം പോലെ പറന്നുകൊണ്ടിരുന്നു.
ഭൂമിയില്‍നിന്നു നോക്കിയാല്‍ കാണുന്ന പഞ്ഞിമേഘങ്ങള്‍ പിന്നിട്ട് പിന്നെയും പറക്കല്‍ തുടര്‍ന്നു. ഇടയ്ക്ക് ഇന്‍ഡ്യന്‍റെ ഒരു ചടാക്ക് വിമാനം ഞങ്ങളെ ഇടിച്ചുഇടിച്ചില്ല എന്ന മട്ടില്‍ കടന്നുപോയി. വിമാനം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും നേരിട്ടു കാണുന്നത് ആദ്യമായിട്ടായിരുന്നു. നാട്ടിലൂടെ ഓടുന്ന റോഡ് ലൈന്‍സ് ബസ് ഇതിനേക്കാള്‍ മെച്ചമാണെന്ന് ഒറ്റകാഴ്ചയിലേ മനസ്സിലായി. ഞങ്ങളെ കണ്ടിട്ടാവണം, പെലൈറ്റ് വിമാനത്തിലിരുന്ന് ഒരു ഹോണടിച്ചു. ലൈറ്റും ഇട്ടു കാണിച്ചു കടന്നുപോയി.
പറക്കല്‍ പിന്നെയും തുടര്‍ന്നു. കുറേനേരത്തേക്ക് ശൂന്യത മാത്രമായിരുന്നു. ശൂന്യത പിന്നിട്ടു പിന്നെയും പറന്നപ്പോള്‍ വയലറ്റ്, പച്ച, മഞ്ഞ, നീല, ചുവപ്പ് തുടങ്ങി പലനിറത്തിലുള്ള മേഘങ്ങള്‍ കാണാന്‍ തുടങ്ങി. മേഘങ്ങള്‍ക്കിടയിലൂടെ കൊട്ടാരം പോലെ തോന്നിക്കുന്ന വലിയ ഒരുകെട്ടിടം.
ചുറ്റിനും അത്രയും തന്നെ വലിപ്പമില്ലെങ്കിലും കാഴ്ചയില്‍ അത്രയ്ക്കു തന്നെ മനോഹരമായ കെട്ടിടങ്ങള്‍ വേറെയും. ചുറ്റിനും വലിയ പൂന്തോട്ടങ്ങള്‍. അമ്യൂസ്മെന്‍റ് പാര്‍ക്ക്. വെള്ളച്ചാട്ടങ്ങള്‍. ആകെപ്പാടെ ഏതോ വിദേശരാജ്യത്തു ചെന്ന പ്രതീതി.
വെസ്പ്രിക്കാന എന്ന വലിയൊരു ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടു. ഇതാണു ശുദ്ധീകരണ സ്ഥലം എന്നെനിക്കു മനസ്സിലായി. ഭൂമിയില്‍നിന്നു മരിച്ചെത്തുന്നവരെ ഇവിടെയാണു താമസിപ്പിക്കുക എന്നു മനസ്സിലായി. ഇവിടെനിന്നാണ് സ്വര്‍ഗത്തിലേക്കാണോ നരകത്തിലേക്കാണോ പോകേണ്ടതെന്നു തീരുമാനിക്കുക. ഭൂമിയില്‍ ചെയ്ത നല്ല കാര്യങ്ങളുടെ കണക്ക് അനുസരിച്ചാണു സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ഉള്ള വീസ കിട്ടുക. ഞങ്ങളുടെ പറക്കല്‍ വെസ്പ്രിക്കാനയുടെ തിരുമുറ്റത്ത് അവസാനിച്ചു.
പവിഴം പോലെ തോന്നിക്കുന്ന കല്ലുകള്‍ പാകിയ മുറ്റത്ത് ഞങ്ങളുടെ കാലുകള്‍ തൊട്ടു. ഞങ്ങള്‍ ചുറ്റും നോക്കി. മുന്‍വശത്ത് റിസപ്ഷനില്‍ ഒരു സ്ത്രീരത്നം ഇരിക്കുന്നതു കണ്ടു. നേരെ അങ്ങോട്ടു നടന്നു. ചെന്ന പാടെ ഞെട്ടിപ്പോയി.
നമ്മുടെ മരിച്ചുപോയ സിനിമാ താരം സൗന്ദര്യ. ദൈവമേ...വെസ്പ്രിക്കാനയിലെ റിസപ്ഷനിസ്റ്റ് ആണിപ്പോള്‍ സൗന്ദര്യ. യാത്രക്കാരുടെ ശ്രദ്ധയ്ക്കും കിളിച്ചുണ്ട്ന്‍ മാമ്പഴവും കുറഞ്ഞത് അമ്പതു തവണയെങ്കിലും കണ്ടിട്ടുണ്ട്. നല്ല ശേലുള്ള നടിയായിരുന്നു.
മര്യാദയ്ക്ക് വിമാനം പറത്തിക്കൊണ്ടിരുന്ന പൈലറ്റിനെ ചാക്കിലാക്കി ഞാനും കൂടി കാണട്ടെ എന്നും പറഞ്ഞു കോക്പിറ്റില്‍ കയറിയതാണ്. അവിടുത്തെ ഏതോ ലിവറില്‍ അറിയാതെ കൈ തട്ടിയതാണ്. സൗന്ദര്യയും വിമാനവും കത്തിക്കരിഞ്ഞു ചാമ്പലായിപ്പോയി. മര്യാദയ്ക്കു സീറ്റ് ബെല്‍റ്റും ഇട്ട് സീറ്റിലിരുന്നിരുന്നെങ്കില്‍ ഇത്ര പെട്ടെന്ന് ഈ സീറ്റിലിരിക്കേണ്ടി വരില്ലായിരുന്നല്ലോ എന്നോര്‍ത്തു പോയി. നേരെ അങ്ങോട്ടു ചെന്നു. ഞങ്ങളെ കണ്ട പാടെ സൗന്ദര്യ ചിരിച്ചു. നല്ല ചിരി.
ഹല്ലോ സുനീഷ്, യാത്രയൊക്കെ സുഖമായിരുന്നോ?
എനിക്കു സന്തോഷമായി. സൗന്ദര്യക്ക് എന്നെ അറിയാം. ഈ സിനിമാക്കാരുടെ ഒരു കാര്യമേ...
നിങ്ങളു വരുന്ന വിവരം കാണിച്ചുള്ള കാലന്‍റെ എസ്എംഎസ് ഇപ്പോള്‍ വന്നതേയുള്ളൂ. അതുകൊണ്ട് അറേന്‍ജ്മെന്‍റ്സ് ഒക്കെ ആയി വരുന്നതേയുള്ളൂ. നിങ്ങളുടെ ഭൂമിയിലെ സാഹസികചരിത്രവും ആക്കൗണ്ട്, ക്രെഡിറ്റ്, ഡെബിറ്റ് ഫയലുകളുമൊക്കെ എത്താന്‍ അല്‍പം വൈകും. അതുകൊണ്ട് നിങ്ങള്‍ ഇവിടെമെല്ലാം ഒന്നു ചുറ്റിക്കറങ്ങി വാ... രണ്ടു മണിക്കൂറുകൊണ്ട് എല്ലാം ശരിയാക്കി വിടാം.
സൗന്ദര്യ മാഡത്തോട് ഞങ്ങള്‍ക്കു പണ്ടുണ്ടായിരുന്ന ആരാധന ഇരട്ടിയായ പോലെ. തൊട്ടപ്പുറത്ത് കണക്കുപുസ്തകം മറിച്ചുനോക്കി മറ്റൊരാള്‍ ഇരിപ്പുണ്ടായിരുന്ന മാഡത്തിനെ തൊട്ടുപിന്നാലെയാണു കണ്ടത്. കണ്ടപ്പോളേ ഞാന്‍ തകര്‍ന്നുപോയി. മോനിഷ. ഫ്രണ്ട് ഓഫിസ് അസിസ്റ്റന്‍റാണ്. ഞങ്ങളെയൊന്നും കണ്ട ഭാവം പോലും കാണിക്കുന്നില്ല. ഞാന്‍ ഒന്നു ചിരിച്ചു കാണിച്ചു നോക്കി. രക്ഷയില്ല.
എല്ലാം കറങ്ങിക്കാണാന്‍ ആവശ്യത്തിനു സമയമുണ്ട്. പോയി വന്നോളൂ. - സൗന്ദര്യ വീണ്ടും അനുവാദം തന്നു.
ഇവിടം വരെ വന്ന സ്ഥിതിക്ക് ആദ്യം വെസ്പ്രിക്കായുടെ അകം മുഴുവന്‍ ഒന്നു കണ്ടേക്കാമെന്നു ഞങ്ങള്‍ തീരൂമാനിച്ചു. റിസപ്ഷന്‍ കടന്ന് നേരെ അകത്തോട്ടു കയറി. ആകെപ്പാടെ എന്താണു പറയേണ്ടത് എന്നറിയില്ല. അത്രയ്ക്കു ഭയങ്കരമായിരുന്നു അവിടുത്തെ സ്ഥിതിഗതികള്‍.
പണ്ടൊരിക്കല്‍ കൊച്ചിയിലെ ലേ മെറിഡിയിന്‍ ഹോട്ടലിന്‍റെ അകത്തു കയറിയപ്പോള്‍ തോന്നിയ ഇന്‍ഫീരിയോറിറ്റി കോംപ്ളക്സ് തന്നെ വീണ്ടും ഉള്ളില്‍ തികട്ടി വന്നു. വിലകൂടിയ ഇനം ഇറ്റാലിയന്‍ മാര്‍ബിള്‍ ആണു ഫ്ളോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. ഭിത്തിയില്‍ വുഡന്‍ പാനലിങ്. അതും വിലകൂടിയ എന്തോ തടിയാണ്. നമ്മുടെ ലോക്കല്‍ ഈട്ടിയും തേക്കുമൊന്നുമല്ല. ചന്ദനമാണോ എന്നു പോലും സംശയിക്കും. സെന്‍ട്രലൈസ്ഡ് എസിയാണ്. ഭിത്തിയില്‍ വാന്‍ഗോഘും മറ്റുംവരച്ച ചിത്രങ്ങള്‍. എല്ലാവരും ഇപ്പോള്‍ അവൈലബിള്‍ ആയതുകൊണ്ട് വെസ്പ്രിക്കാനക്കാര്‍ക്ക് എന്തും ആവാമല്ലോ?!!
നേരെ അകത്തോട്ടു നടന്നു. ഹോട്ടല്‍ റൂമു പോലെ മുറികള്‍. എല്ലാ മുറികളിലും എന്തൊക്കെയോ ജോലികള്‍ ചെയ്യുന്നവര്‍. സ്വര്‍ഗത്തില്‍നിന്നും നരകത്തില്‍നിന്നുമായി മൂന്നുമാസത്തെ ഡപ്യൂട്ടേഷനില്‍ ആണു വെസ്പ്രിക്കാനയില്‍ ആളെ ജോലിക്കു നിയമിക്കുക. ഡപ്യൂട്ടേഷന്‍ കഴിഞ്ഞാല്‍ വീണ്ടും പഴയ ലാവണത്തിലേക്കു തിരിച്ചു പോവണം അത്രേ..!
നടന്നു നടന്ന് ഞങ്ങള്‍ വെസ്പ്രിക്കാനയുടെ ഏതാണ്ട് നാലിലൊന്നു ഭാഗവും കണ്ടു തീര്‍ത്തു. അപ്പോളേയ്ക്കും ആശ്ചര്യം കൂടിക്കൂടി ബോറഡി തുടങ്ങി.ബോറഡിച്ചാല്‍ ഒന്നെങ്കില്‍ തിരിച്ചടിക്കണം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും അടിക്കണം. അതായിരുന്നു ഞങ്ങളുടെ പോളിസി.
ഇവിടെ ഇത്രയുമൊക്കെ സെറ്റപ്പ് ഉള്ള സ്ഥിതിക്ക് അതും കാണുമായിരിക്കുമെടാ...- ബാബു പറഞ്ഞു.
നമുക്ക് ആരോടെങ്കിലും ചോദിക്കാം. - ജോര്‍ജുകുട്ടി.
ആരോടു ചോദിക്കാന്‍- ഞാന്‍.
വല്ല സെക്യൂരിറ്റിക്കാരനോടും ചോദിക്കാം- ജോര്‍ജുകുട്ടി വീണ്ടും.
പിന്നീട് സെക്യൂരിറ്റിക്കാരനെ അന്വേഷിച്ചായി ഞങ്ങളുടെ യാത്ര. ഒടുവില്‍ വെസ്പ്രിക്കാനയുടെ പിന്‍വശത്തെ ഗേറ്റിനു സമീപം കൊമ്പന്‍ മീശയും ത്രീനോട്ട് ത്രീ റൈഫിളും തൂക്കി നില്‍ക്കുന്ന ഒരാളെ കണ്ടു. പച്ചക്കുപ്പായം. കഴുത്തില്‍ വെടിയുണ്ടമാല.ഞങ്ങളെ കണ്ടതും സെക്യൂരിറ്റി ചേട്ടന്‍ തിരിഞ്ഞുനോക്കി.
ചേട്ടനെ കണ്ടു ഞെട്ടി.
വീരപ്പന്‍. മരിച്ചുപോയ സോറി, ദൗത്യസേനക്കാരു വെടിവെച്ചു കൊന്ന കാട്ടുകള്ളന്‍ വീരപ്പന്‍. മൂപ്പര്‍ക്കിപ്പം ശൂദ്ധീകരണ സ്ഥലത്തു കാവലാണു പണി. കൊള്ളാം നല്ല പണി.
ചോദ്യഭാവത്തില്‍ നോക്കിയ വീരപ്പനോട് ബാബു കാര്യം തിരക്കി.
അണ്ണാ, ഇങ്കെ ബ്രാണ്ടി ഷാപ്പ് ഇറുക്കതാ....
വീരപ്പന്‍ കണ്ണുരുട്ടി.
എന്നടാ ഇത്. ഇതു വെസ്പ്രിക്കാന. ഇങ്ങെ ബ്രാണ്ടി ക്രീണ്ടി ആനാ അന്ത മാതിരിയൊന്നും കിടയ്ക്കാത്. തണ്ണി കിടയ്ക്കും.
ബാബു നിരാശനായി. ഞാനും. ജോര്‍ജുകുട്ടി നിരാശനായില്ല.
അണ്ണാ, അതല്ലേയ്. ഒരു ഫുള്ളു കിടച്ചാല്‍ പകുതി അണ്ണനുക്കു താന്‍..
അതേറ്റു. അണ്ണന്‍റെ കണ്ണു തിളങ്ങി. പിരിച്ചുവച്ചിരുന്ന കൊമ്പന്‍ മീശ അയഞ്ഞു.
അണ്ണന്‍ ഞങ്ങളെ അടുത്തുവിളിച്ചു. എന്നിട്ടു നല്ല തനിമലയാളത്തില്‍ ചെവിയില്‍ കാര്യം പറഞ്ഞു.
മക്കളേ നിങ്ങള് ഒരു കാര്യം ചെയ്യ്. ഈ ഗേറ്റ് കടന്നു നേരെ മുന്നോട്ടു നടക്കുക. ഒരു പത്തുമിനിട്ടു നടന്നു കഴിയുമ്പോള്‍ ഒരു ചെറിയ മാടക്കട കാണും. കല്ലുവാതുക്കല്‍ മദ്യക്കേസില്‍പ്പെട്ട് ഒളിച്ചു താമസിക്കുന്ന ഒരുത്തന്‍റെ വകയാ. നമ്മുടെ പഴയ സിനിമാക്കാരന്‍ ജോണ്‍ ഏബ്രഹാം കടയില്‍ സ്ഥിരമായി കാണും. അവിടെചെന്നു ജോണിനോടു കാര്യം പറഞ്ഞാല്‍ മതി. പായ്ക്കറ്റിലാണു സാധനം കിട്ടുക. മക്കളു നാലെണ്ണം വാങ്ങിക്കോ. എന്‍റെ പേരില്‍ പറ്റെഴുതാന്‍ പറഞ്ഞാല്‍ മതി.
ഞങ്ങളു തലകുലുക്കി. എന്നിട്ട് ആരും കാണാതെ പതിയെ ഗേറ്റു തുറന്നു പുറത്തിറങ്ങി.
ആ പിന്നേയ്...വീരപ്പന്‍ പിന്നില്‍നിന്നു വിളിച്ചു.
എന്താ അണ്ണാ?
കൂടെ ഒരുപായ്ക്കറ്റ് അച്ചാറും കൂടി മേടിച്ചോണം...
ഞങ്ങളു വീണ്ടും തല കുലുക്കി. തലയല്ലേ ചുമ്മാ കുലുക്കുന്നതു കൊണ്ടു നഷ്ടമില്ലല്ലോ..!!
പതിയെ നടന്നു തുടങ്ങിയപ്പോള്‍ വീണ്ടും പിന്‍വിളി. വീരപ്പന്‍ തന്നെ.
ഒരു പ്രധാന കാര്യം പറയാന്‍ മറന്നു. നിങ്ങള് പുറത്തിറങ്ങി നടക്കുമ്പോള്‍ സൂക്ഷിക്കണം. താഴെയുള്ള മേഘത്തില്‍ ചവിട്ടി വേണം പോകാന്‍. പല നിറത്തിലുള്ള മേഘങ്ങള്‍ കാണാം. അതില്‍ വയലറ്റ് നിറമുള്ള മേഘത്തില്‍ ഒരിക്കലും ചവിട്ടിയേക്കരുത്. സംഗതിയാകെ പാളും.- വീരപ്പന്‍റെ മുന്നറിയിപ്പ്.
ഞങ്ങളു സമ്മതഭാവത്തില്‍ വീണ്ടും തലകുലുക്കി.
പതിയെ മേഘത്തില്‍ ചവിട്ടി നടപ്പു തുടങ്ങി. വയലറ്റ് മേഘം വരുമ്പോള്‍ വഴി മാറിയാണു നടപ്പ്. നടക്കാന്‍ ഏറ്റവും സുഖമുള്ള മേഖം ചുവപ്പുനിറമുള്ളതാണെന്നു മനസ്സിലായി. നല്ല ഉറപ്പ്. വെള്ള നിറമുള്ള മേഘവും ഇടയ്ക്കുണ്ട്. അതില്‍ ചവിട്ടാനൊരു പേടി. കാലേലെ ചെളി അതില്‍ പറ്റും. അതു വേണ്ട..
നടന്നു നടന്ന് ഞങ്ങള് ഒരുപാടു ദൂരം നടന്നു. അപ്പോള്‍ അകലെ ഒരു മാടക്കട ദൃഷ്ടിയില്‍പ്പെട്ടു. എനിക്കു സന്തോഷം സഹിച്ചില്ല. ഞാന്‍ തുള്ളിച്ചാടാന്‍ തുടങ്ങി.
കൂടെയുള്ളവരും ചാടിയിരുന്നെങ്കിലും എന്‍റെ ചാട്ടം ഇടയ്ക്കെപ്പോഴേ പിഴച്ചു. അറിയാതെ ഏതോ ഒരു വയലറ്റ് മേഘത്തില്‍ എന്‍റെ കാലൊന്നു കൊണ്ടു.
തലയ്ക്ക് അപ്പ കട്ടി അടി ഒന്ന്. ബോധം പോയി.
ബോധം തെളിഞ്ഞപ്പോള്‍ ആദ്യം ചെന്ന വെസ്പ്രിക്കാനയുടെ റിസപ്ഷനു സമീപം തറയില്‍ ഇരുത്തിയിരിക്കുകയാണ്. റിസപ്ഷനില്‍ സൗന്ദര്യയെ കാണാനില്ല. ഞാന്‍ കണ്ണു തുറന്നു ചുറ്റും നോക്കി. വലത്തുഭാഗത്തേക്കു നോക്കിയ ഞാന്‍ ഞെട്ടിക്കരഞ്ഞുപോയി.
ഒന്നുകൂടി നോക്കി. വീണ്ടും ഞെട്ടി.
കറുത്ത് കരുവാളിച്ച നിറം. ചുവന്ന കണ്ണുകള്‍. വലിയൊരു വാല്. അറ്റത്ത് കുന്തമുന പോലെ എന്തോ ഒന്ന്. മുഖം നിറയെ കറുത്ത രോമങ്ങള്‍. ഒറ്റകാഴ്ചയില്‍ത്തന്നെ ഛര്‍ദിക്കാന്‍ വരുന്ന പരുവത്തിലൊരു ചെകുത്താന്‍ എന്‍റെ വലത്തുവശത്ത്!
ദൈവമേ... ഞാന്‍ അറിയാതെ വിളിച്ചുപോയി.
അതുകേട്ട് പുറത്തുനിന്ന് ഒരാള്‍ കയറി വന്നു. നിനക്കൊക്കെ ഇതുവേണം. ഇവിടെ കാലുകുത്തിയില്ല. അതിനു മുന്‍പേ മതിലുചാടി കള്ളു കുടിക്കാന്‍ പോയി. വയലറ്റ് മേഘത്തിലും ചവിട്ടി. ഇനി ആയുഷ്ക്കാലം നിന്‍റെ കൂടെ ഈ ചെകുത്താനുമുണ്ടാവും. അനുഭവിച്ചോ....
കാര്യങ്ങളുടെ ഗൗരവം എനിക്ക് അപ്പോളാണു പിടികിട്ടിയത്. വയലറ്റ് മേഘത്തില്‍ ചവിട്ടിയതിനുള്ള ശിക്ഷയാണ് ഈ ചെകുത്താന്‍. ഇനി സ്ഥിരമായി സന്തത സഹചാരിയായി ഈ പിശാച് കൂടെക്കാണും. കഷ്ടമായിപ്പോയി...
ഞാന്‍ ചെകുത്താനെ നോക്കി. അവന്‍ എന്നെ നോക്കിയൊന്നു ചിരിച്ചു. എനിക്കു അതു കണ്ടപ്പോള്‍ കരച്ചിലാണു വന്നത്.
അങ്ങനെ ഓരോന്ന് ആലോചിച്ചും തപിച്ചും ഇരിക്കെ ദാണ്ടെ വരുന്നു ബാബു. അവനെ കണ്ടതും കരയാന്‍ തുടങ്ങിയ ഞാന്‍ അതു വേണ്ടെന്നു തീരുമാനിച്ചു പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ചിരിക്കാതെ തരമില്ലായിരുന്നു. കാരണം, എന്‍റെ കൂടെയുള്ളതിനെക്കാള്‍ വിരൂപനായ ഒരു ചെകുത്താന്‍ അവനൊപ്പവും.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണു ബാബുവിന്‍റെ വരവ്.
എന്‍റെ അടുത്തിരിക്കുന്നയാളെ കണ്ടപ്പോള്‍ അവനും സമാധാനമായി. അവന്‍റെ കരച്ചില്‍ നിന്നു. പകരം ചിരി തുടങ്ങി.
നീയും വയലറ്റു മേഘത്തില്‍ ചവിട്ടി അല്ലേടാ?
ചവിട്ടിയാല്‍ എന്തുപറ്റും എന്നറിയാന്‍ ചവിട്ടി നോക്കിയതാടാ... അത് അബദ്ധമായിപ്പോയി..ആ സാരമില്ല നീയും കൂടെയുണ്ടല്ലോ... ബാബുവിന് അതൊരു പ്രശ്നമേ അല്ലായിരുന്നു.
ഞങ്ങളു രണ്ടു പേരും ആ ഇരിപ്പു തുടര്‍ന്നു. പക്ഷേ ജോര്‍ജുകുട്ടിയെ കാണുന്നില്ല. അവന്‍ എവിടെപ്പോയി?
നേരെ ചൊവ്വേ നടന്നു കടയില്‍ചെന്നു സാധനവും വാങ്ങി തിരിച്ചു പോന്നു കാണും. ഇപ്പോള്‍ അവനും വീരപ്പനുംകൂടി അടി തുടങ്ങിക്കാണും. എനിക്കാകെ നിരാശയായി.
നിരാശയുടെ കനം കൂടിക്കൂടി വരവേ അപ്രതീക്ഷിതമായി ജോര്‍ജുകുട്ടി അവിടേക്കു കടന്നുവന്നു. അവനെ കണ്ടതും ശരിക്കും ഞാന്‍ ഞെട്ടിപ്പോയി.
അവനൊപ്പം മരിച്ചുപോയ നമ്മുടെ ഡയാന രാജകുമാരി.
അളിയാ....
ബാബുവിന്‍റെ ആ വിളി ഒരു കരച്ചിലായിരുന്നു. ഡയാന രാജകുമാരിയും കരയുന്നുണ്ടായിരുന്നു. അത് എന്തിനാണെന്ന് എനിക്കു മനസ്സിലായില്ല. ജോര്‍ജുകുട്ടിക്കു നല്ല സന്തോഷമായിരുന്നു.
എന്താടാ പറ്റിയത്?
ജോര്‍ജുകുട്ടി പതിയെ ശബ്ദം താഴ്ത്തി ഞങ്ങളോടു കാര്യം പറഞ്ഞു. എടാ നിങ്ങളെ രണ്ടു പേരെയും കാണാതായിട്ടും ഞാന്‍ നടപ്പു തുടര്‍ന്നു. ഒടുവില്‍ വയലറ്റു മേഘത്തില്‍ ചവിട്ടാതെ കടയില്‍ച്ചെന്നു സാധനം വാങ്ങി. നാലു പായ്ക്കറ്റ്.
നിങ്ങളു രണ്ടുപേരെയും കാണാതായതു കൊണ്ട് ഒരെണ്ണം അവിടെ വച്ചു തന്നെ അടിക്കാന്‍ തീരുമാനിച്ചു. ഒരെണ്ണം അടിച്ചതേ എനിക്കോര്‍മയുള്ളൂ. കാലു വേച്ചുപോയി. അറിയാതെ ഏതോ വയലറ്റു മേഘത്തില്‍ ഞാനും ചവിട്ടിയെന്നു തോന്നുന്നു. എന്താണു സംഭവിച്ചതെന്നറിയില്ല. കെട്ടിറങ്ങിയപ്പോള്‍ മുതല്‍ ഡയാന മാഡത്തിനൊപ്പമാണു ഡ്യൂട്ടി. അവര്‍ എവിടെപ്പോയാലും കൂടെപ്പോണം.
നിങ്ങള്‍ക്കൊപ്പമുളള ഈ ചെകുത്താന്‍മാര്‍ ആരാടാ?
ഞങ്ങള്‍ മറുപടി പറയാന്‍ പോയില്ല. പകരം, അവനോട് കടുത്ത അസൂയ തോന്നി.
എങ്കിലും നീയിതെങ്ങനെ ഒപ്പിച്ചെടാ...
ആത്മഗതം പോലെയാണു ഞാനുദ്ദേശിച്ചതെങ്കിലും അതല്‍പം ഉച്ചത്തിലായിപ്പോയി.
അടുത്തുണ്ടായിരുന്നവരൊക്കെ എന്‍റെ മനോഗതം കേട്ടു.
കരഞ്ഞുകലങ്ങിയ കണ്ണുകളുമായിരുന്ന ഡയാന രാജകുമാരിയാണ് അതിനു മറുപടി പറഞ്ഞത്
സുനീഷേ ഞാന്‍ പറയാം. വല്ല ബ്യൂട്ടി പാര്‍ലറുമുണ്ടോ എന്നറിയാന്‍ പുറത്തിറങ്ങി നോക്കിയതാ ഞാന്‍. അറിയാതെ ഒരു വയലറ്റ് മേഘത്തില്‍ ചവിട്ടിപ്പോയി.
അപ്പോള്‍ മുതല്‍ ദേ ഈ ചെകുത്താന്‍ എന്‍റെ കൂടെയുണ്ട്. എന്‍റെ വിധി....!!!
ജോര്‍ജുകുട്ടി അപ്പോളും ചിരിച്ചുകൊണ്ടിരുന്നു. ഒപ്പം ഞങ്ങളുടെ വലത്തുഭാഗത്തുള്ളവന്‍മാരും ചിരിച്ചുകൊണ്ടിരുന്നു. ഞങ്ങള് കരഞ്ഞുകൊണ്ടും.....
അന്തോണി മാപ്പിളയും അന്തസ്സുള്ള ചാപ്സും
അന്തോണി മാപ്പിള ധ്യാനം കൂടിയാണു കള്ളുകുടി നിര്‍ത്തിയതെന്ന് നാട്ടില്‍ പാട്ടായി.
പക്ഷേ സത്യം അതായിരുന്നില്ല. അദ്ദേഹം കള്ളുകുടി നിര്‍ത്താനുള്ള കാരണം ധ്യാനമോ ധാന്യമോ ആയിരുന്നില്ല. ഒരു മഹാസംഭവത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു അന്തോണി മാപ്പിളയുടെ കള്ളുകുടി നിര്‍ത്തല്‍.
കള്ളുകുടിക്കുന്ന കാലത്ത് അന്തോണി മാപ്പിള പുലിയായിരുന്നു എന്നു പറയാം. കള്ളുഷാപ്പുകളിലൂടെയൊരു തീര്‍ഥയാത്ര എന്ന യാത്രാവിവരണം എഴുതിയത് അദ്ദേഹമായിരുന്നു.
മീനച്ചില്‍ താലൂക്കിന്‍റെ കിഴക്കേയറ്റം മുതല്‍ പടിഞ്ഞാറേയറ്റം വരെയും തെക്കേയറ്റം വരെയും വടക്കേയറ്റം വരെയും നാട്ടിലുള്ള സകല കള്ളുഷാപ്പുകളിലും അന്തോണി മാപ്പിളയ്ക്കു പറ്റുപിടിയുണ്ട്.
മാസാവസാനം പറമ്പിലെ ഒട്ടുപാലുവിറ്റു കിട്ടുന്ന കാശില്‍ നാലിലൊന്നു കൊടുത്താല്‍ അതു തീരാവുന്നതേയുള്ളൂ. മക്കളു നാലും അമേരിക്കയില്‍. മക്കളു നാട്ടിലേക്കു വരാറില്ലാത്തതിനാല്‍ അന്തോണി മാപ്പിളയ്ക്ക് ആവിധത്തിലും ടെന്‍ഷനു വകയില്ല.
അന്തോണി മാപ്പിള പക്ഷേ മുഴുക്കുടിയനായിരുന്നില്ല.
ദിവസവും രണ്ടേ രണ്ടു കുപ്പി കള്ളു മാത്രമേ അദ്ദേഹം കഴിക്കൂ. സ്ഥിരം ഷാപ്പ് എന്ന പരിപാടിയില്ലാത്തതിനാല്‍ ഇന്നു പാലമ്മൂട്ടിലാണേല്‍ നാളെ അമ്പാറ, മറ്റന്നാള്‍ ചിറ്റാനപ്പാറ, പിറ്റേന്ന് ഇടപ്പാടി, അടുത്ത ദിവസം മാട്ടേല്‍, അതിന്നടുത്ത ദിവസം മേരിഗിരി തുടങ്ങി നാട്ടിലെ സകല ഷാപ്പുകളിലും മാറി മാറി കള്ളുകുടിച്ച് ബോറഡിയില്ലാതെ ജീവിതം തുടര്‍ന്നു പോരുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലൈന്‍.
അന്തോണി മാപ്പിള ധനികനായിരുന്നെങ്കിലും നാട്ടിലെ മറ്റ് പല ധനികരെയും പോലെ ഒന്നാന്തരം പിശുക്കനുമായിരുന്നു.
എല്ലാ ദിവസവും ഷാപ്പിലെ മറ്റു കുടിയന്‍മാരുടെ കറിപ്പാത്രത്തില്‍നിന്ന് ഇറച്ചിക്കഷ്ണങ്ങള്‍ തോണ്ടിയെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മോഡിസോപ്രാണ്ടി.
പകലന്തിയോളം കള്ളുകുടി സ്വപ്നം കണ്ടു പണിയെടുത്ത് ഒരുവിധം ഓടിക്കിതച്ചു ഷാപ്പിലെത്തി കള്ളുകുടിച്ചു വാറായി വീട്ടില്‍പ്പോയിരുന്ന നാട്ടിലെ പ്രഫഷനല്‍ മദ്യപാനികള്‍ക്ക് അതു പക്ഷേ അംഗീകരിക്കാനാവുമായിരുന്നില്ല.
എല്ലാവരോടും മുടിഞ്ഞ സൗഹൃദവും ഷാപ്പില്‍വച്ചു കെട്ടിപ്പിടത്തവും ഉമ്മവയ്ക്കലും എന്നതിനപ്പുറം ഇന്നുവരെ അന്തോണിമാപ്പിള ഒരു മനുഷ്യനും ഒരു കുപ്പി കള്ളു പോലും വാങ്ങിച്ചു കൊടുത്ത ചരിത്രമില്ല.
സ്ഥിരമായി കറിപ്പാത്രത്തില്‍ കയ്യിട്ടു വാരുന്നതു പതിവാക്കിയതോടെ ഒരു ദിവസം അമ്പാറ ഷാപ്പില്‍വച്ചു കുടിയന്മാര്‍ അന്തോണിമാപ്പിളയ്ക്കു നേരെ പ്രതിഷേധ സ്വരമുയര്‍ത്തി.
ഒന്നുവല്ലേലും നിങ്ങളൊരു കാശുകാരനല്ലേ..? ഒരു പ്ളേറ്റ് ഇറച്ചിയെങ്കിലും മേടിച്ചു കഴിക്കടോ ഉവ്വേ...
അന്തോണി മാപ്പിളയുടെ അഭിമാനത്തിന്റെ മുതുകത്ത് തന്നെ അതേറ്റു.
അഭിമാനം തകര്‍ന്ന അന്തോണി മാപ്പിള അന്നേരം, അവിടെ വച്ച് ഇങ്ങനെ പ്രഖ്യാപിച്ചു.
ഇനി മുതല്‍ എല്ലാ ശനിയാഴ്ചയും ഞാനേതു ഷാപ്പിലാണോ കള്ളുകുടിക്കാന്‍ വരുന്നത് അവിടെയുള്ളവര്‍ക്ക് ഒരു പ്ളേറ്റ് പോത്തുചാപ്സ് എന്റെ വക ഫ്രീ...!!
കുടിയന്‍മാര്‍ മേശയിലടിച്ചു പ്രമേയം പാസാക്കി.
ആ വാര്‍ത്ത നാടെങ്ങും പരന്നു. ശനിയാഴ്ച അന്തോണി മാപ്പിള കുടിയന്‍മാര്‍ക്കായി ഇറച്ചി വാങ്ങിക്കും...!!
ശനിയാഴ്ച വന്നെത്തി. വൈകുന്നേരമായപ്പോള്‍ അന്തോണിച്ചേട്ടന്‍ എത്തിയത് ഇടപ്പാടി ഷാപ്പില്‍. സംഗതി മണത്തറിഞ്ഞ നാട്ടിലെ ഒട്ടുമിക്ക കുടിയന്‍മാരും ആ ചരിത്രനിമിഷത്തിനു സാക്ഷിയാവാന്‍ അവിടെ ആടിയാടിയെത്തി.
നുരഞ്ഞു പതഞ്ഞു കുപ്പിക്കു പുറത്തുചാടിയ തെങ്ങിന്‍കള്ള് അന്തോണിമാപ്പിളയുടെ മുന്നിലെത്തി.
.. കോവാലാ...ഒരു പ്ളേറ്റ് പോത്തുചാപ്സ് പോരട്ടെ...
ഇന്നത്തെ കറി എന്‍റെ വക...!!
പോത്തുചാപ്സ്കൊണ്ട് അയ്യായിരം കുടിയന്‍മാരെ പോറ്റാന്‍ അന്തോണി മാപ്പിള യേശുക്രിസ്തുവായിരുന്നില്ല.
ചാപ്സിങ്ങെത്തി!
ഉദ്ഘാടനമെന്ന നിലയ്ക്ക് അതില്‍നിന്ന് ഒരു കഷണമെടുത്ത് അന്തോണി മാപ്പിള വായില്‍വച്ചു. വായില്‍ വെള്ളമൂറി മറ്റു കുടിയന്‍മാര്‍ നോക്കി നില്‍ക്കെ അദ്ദേഹമതു ചവച്ചു തുടങ്ങി. ഇടത്തുനിന്നും വലത്തേക്ക്, വലത്തുനിന്നും ഇടത്തേക്ക്... രണ്ടു മോണകളിലും ( പല്ലില്ല!) മാറിമാറിച്ചവച്ചിട്ടും രക്ഷയില്ലാത്ത മട്ടില്‍ അദ്ദേഹം പോത്തിറച്ചിക്കഷ്ണം വായില്‍നിന്നു പുറത്തെടുത്തു...
ഹോ..! ഇതെങ്ങും കൊള്ളത്തില്ല. മുടിഞ്ഞ പശളയാ.. എനിക്കു വേണ്ട, നിങ്ങളു കഴിച്ചോ..
കുടിയന്‍മാര്‍ ആരവത്തോടെ ആ പ്ളേറ്റിനു നേര്‍ക്കു പാഞ്ഞടുക്കവേ അന്തോണി മാപ്പിള കയ്യിലിരുന്ന ഇറച്ചിക്കഷ്ണം നേരെ ബാക്കിയിരുന്ന ഇറച്ചിക്കറിയുടെ ഒത്തനടുവില്‍ സ്ഥാപിച്ചു!!
ഒരു നിമിഷം.
മുന്നോട്ടാഞ്ഞവര്‍ പിന്നോട്ടുപോയി. വായിലിച്ചു ചവച്ചു ചവച്ചു വശാക്കി ഒരുപരുവത്തിലായ കഷ്ണമൊന്ന് ഇറച്ചിക്കറിക്ക് ഒത്തനടുവില്‍.
ആരും വരാത്തതു കണ്ടപ്പോള്‍ അന്തോണി മാപ്പിള സന്തുഷ്ടനായി.
ആര്‍ക്കും വേണ്ടേ? പശളയായതു കൊണ്ടായിരിക്കും അല്ലിയോ? ഞാന്‍ ഇറച്ചിക്കറി മേടിക്കുന്ന ദിവസമെങ്കിലും നിനക്ക് ഇച്ചിരി നല്ല ഇറച്ചി തന്നുകൂടടേയ്?
അന്തോണി മാപ്പിള കറിക്കച്ചവടക്കാരനെ ചൊറിഞ്ഞു. ഇറച്ചിയില്‍ പശളയില്ലെന്ന സത്യം കറിക്കച്ചവടക്കാരന് അറിയാമായിരുന്നെങ്കിലും അന്തോണിമാപ്പിളയുടെ എച്ചിത്തരത്തെ മനസ്സാ നമിച്ചുപോയ അയാള്‍ മറുപടി പറഞ്ഞില്ല. തന്‍റെ പരിശ്രമം വിജയിച്ചതു കണ്ട അന്തോണി മാപ്പിളയ്ക്ക് പിന്നെയും അവിടെയിരിക്കാന്‍ നേരമുണ്ടായിരുന്നില്ല. ആരും വേണ്ടാതെ ഉപേക്ഷിച്ച ഇറച്ചിക്കറി അദ്ദേഹം പതിയ കഴിച്ചു തുടങ്ങി.
ഒപ്പം ഒരു ന്യായീകരണവും-
ആര്‍ക്കും വേണ്ടെങ്കിലും കളയാന്‍ പറ്റില്ലല്ലോ.. കാശു കൊടുക്കേണ്ടതല്ലേ?
നിര്‍വാഹമില്ലാതെ കുടിയന്‍മാര്‍ തലയാട്ടി. അന്തോണി മാപ്പിള പതിയെ കുടിപ്പും കഴിപ്പും വേഗത്തിലാക്കി. അപ്പോളാണ്, കൂട്ടത്തിലെ മുഴുക്കുടിയന്‍മാര്‍ക്കിടയില്‍നിന്ന് ഒരു സെമിക്കുടിയന്‍ തലനീട്ടുന്നത്. അന്തോണി മാപ്പിളയുടെ പ്രയോഗം ഇഷ്ടപ്പെട്ട അദ്ദേഹം ഷാപ്പിലെ താരതമ്യേന പുതിയ പറ്റുപിടിക്കാരനായിരുന്നു. കുടി തുടങ്ങിയിട്ട് അധികകാലമായിരുന്നില്ല. നേരെ അന്തോണി മാപ്പിളയുടെ അടുത്തേക്കു ചെന്ന അദ്ദേഹം, പ്ളേറ്റിന്‍റെ ഒരു അരികില്‍നിന്ന് ഒരു കഷ്ണം ഇറച്ചിയെടുത്തു.
വായിലിട്ട് അന്തോണിമാപ്പിള ചവച്ചതിനെക്കാള്‍ മനോഹരമായി ചവച്ചു. അന്തം വിട്ടിരിക്കുന്ന അന്തോണി മാപ്പിളയുടെ നേര്‍ക്കു നോക്കിക്കൊണ്ട് യുവ കുടിയന്‍ ചവയ്ക്കല്‍ അവസാനിപ്പിച്ചു. ചവച്ച് പരുവമാക്കിയ ഇറച്ചിക്കഷ്ണം പതിയെ പുറതതെടുത്തു.
ചേട്ടന്‍ പറഞ്ഞതു ശരിയാ. ഇതെങ്ങും കൊള്ളത്തില്ല.
ചവച്ചു വശാക്കിയ സാധനം ഇറച്ചിപാത്രത്തിന്‍റെ ഇങ്ങേക്കോണിലേക്ക് ഫിറ്റു ചെയ്ത ശേഷം ചെറുപ്പക്കാരന്‍ തിരിച്ചുപോയി. അപ്രതീക്ഷിതമായി കിട്ടിയ അടിയില്‍ നിഷ്കാമ കുടിയനായിപ്പോയ അന്തോണി മാപ്പിള നേരെ ഷാപ്പില്‍നിന്നിറങ്ങി.
ഷാപ്പിലെ കുടിയന്‍മാര്‍ ഒന്നടങ്കം ആ വിജയം ആഘോഷിച്ചു കൊണ്ടിരിക്കെ അന്തോണി മാപ്പിള വീട്ടിലേക്കു നടന്നു തുടങ്ങിയിരുന്നു. അതിനു ശേഷം അന്തോണി മാപ്പിള ഭരണങ്ങാനത്തെ ഒരു ഷാപ്പിലും കള്ളുകുടിക്കാന്‍ ചെന്നിട്ടില്ല.
പിന്നീട് എന്തേ ഇപ്പം കള്ളുകുടിക്കാത്തത് എന്നു ചോദിച്ച ആരോടോ അന്തോണി മാപ്പിള പറഞ്ഞു.
ഞാന്‍ ഒരു ധ്യാനം കൂടി. ഭയങ്കര വെളിപാടായിരുന്നു. അതോടെ കുടി നിന്നു പോയി...!!
Sunday, June 17, 2007
വിദ്യാര്‍ഥിമിത്രം പാരലല്‍ കോളജ്
വിദ്യാര്‍ഥികളുടെ മിത്രമായിരുന്നു മനോഹരന്‍ സാര്‍.
പ്രത്യേകിച്ചും പത്താം ക്ളാസില്‍ ഒന്നും രണ്ടും വട്ടം തോറ്റ വിദ്യാര്‍ഥികളുടെ. അവരെ പരീക്ഷയെന്ന കടമ്പ കടത്തി, വിജയമെന്ന മരീചികയിലേക്ക് അടുപ്പിക്കുകയെന്ന മഹത്തും ദുഷ്കരവുമായ ദൗത്യം അനായാസമെന്നോണം ചെയ്തു പോന്ന ഒരു അധ്യാപക ശ്രേഷ്ഠനായിരുന്നു മനോഹരന്‍ സാര്‍. പത്താം ക്ളാസില്‍ തോറ്റവരുടെ മാനസിക വ്യാപാരങ്ങള്‍ മറ്റാര്‍ക്കുമെന്നതിനെക്കാള്‍ അദ്ദേഹത്തിനു മനസ്സിലാകുമായിരുന്നു. കാരണം, അദ്ദേഹവും ഇതുവരെ പത്താം ക്ളാസ് പാസായിരുന്നില്ല.
സാറിനൊന്നുമറിയില്ലേലും കുട്ടികള്‍ക്ക് എല്ലാം മനസ്സിലാവും വിധമായിരുന്നു അദ്ദേഹത്തിന്‍റെ അധ്യാപന ശൈലി. മനോഹരന്‍ സാര്‍ ഒരിക്കല്‍ പറഞ്ഞ കാര്യം ഒരു വിദ്യാര്‍ഥിയും മറക്കില്ല. പക്ഷേ മനോഹരന്‍ സാര്‍ നേരെ തിരിച്ചായിരുന്നു. ഏതു കാര്യവും എപ്പോള്‍ വേണമെങ്കിലും അദ്ദേഹം മറന്നു പോകും.
അല്‍ഷിമേഴ്സിന്‍റെ അനിയനായ മറവി എന്ന രോഗമായിരുന്നു അതിനു കാരണം. ഇതുമൂലം മനോഹരന്‍ സാറിന് സ്വന്തമായി അമ്പതോളം ഇ-മെയില്‍ ഐഡികള്‍ പോലുമുണ്ടായിരുന്നു. പാസ് വേഡ് മാത്രമല്ല, മെയില്‍ ഐഡി വരെ മറന്നുപോകുന്നതിനാല്‍ ഓരോ തവണയും അദ്ദേഹം അതു മറവിയില്ലാത്ത മറ്റാര്‍ക്കെങ്കിലുമൊക്കെ പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. പിന്നീട്, ആവശ്യസമയത്ത് മെയില്‍ ഐഡിയും പാസ് വേഡും ആരോടാണു പറഞ്ഞതെന്നും അദ്ദേഹം മറക്കും. അതോടെ പുതിയതൊന്നുണ്ടാക്കുക മാത്രമായി അദ്ദേഹത്തിനു പോംവഴി.
അങ്ങനെ മറവികള്‍ക്കിടയിലും ചില ഓര്‍മകളിലൂടെ മനോഹരന്‍ സാര്‍ വിദ്യാര്‍ഥിമിത്രം പാരലല്‍ കോളജിന്‍റെയും അവിടുത്തെ നൂറുകണക്കിനു വിദ്യാര്‍ഥികളുടെയും കണ്ണിലുണ്ണിയായി വളര്‍ന്നു പോന്നു. പ്രായം മുപ്പതോട് അടുക്കാറായപ്പോളാണ് ഇനിയും വെറുതെ കൊന്നത്തെങ്ങുപോലെ വളര്‍ന്നിട്ടു കാര്യമില്ല എന്നദ്ദേഹത്തിനു തോന്നലുണ്ടായത്.
ഒരു കല്യാണമൊക്കെ കഴിക്കാന്‍ പ്രായമായി എന്ന് എന്നും രാവിലെ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ അമ്മ പറയുമെങ്കിലും കോളജിലേക്കുള്ള മാര്‍ഗമധ്യേ അദ്ദേഹം അതു മറന്നു പോവുമായിരുന്നു. കല്യാണക്കാര്യത്തില്‍ അദ്ദേഹത്തെപ്പോലും അതിശയിപ്പിച്ചുകൊണ്ട് മറവി മാറിനില്‍ക്കാന്‍ പ്രധാന കാരണം വിദ്യാര്‍ഥിമിത്രം പാരലല്‍ കോളജില്‍ പുതിയതായി പഠിക്കാനെത്തി ഒരു വിദ്യാര്‍ഥിനീ രത്നം തന്നെയായിരുന്നു.
ഇത്തവണയെങ്കിലും പരൂക്ഷ ഒന്നു പാസാക്കിത്തരണമേയെന്നു സകല അമ്പലങ്ങളിലും പ്രാര്‍ഥിച്ചു പ്രാര്‍ഥിച്ച് ഒരു പരുവമായ ആ വിദ്യാര്‍ഥിനീ രത്നത്തിന്‍റെ പേരും അതുതന്നെയായിരുന്നു- രത്നം. കാഴ്ചയില്‍ പവിഴവും മരതകവും ഇന്ദ്രനീലവുമൊക്കെ തോറ്റുപോകും. മനോഹരന്‍ സാറും തോറ്റുപോയത് അവിടെയായിരുന്നു.
സുന്ദരനും ഒരു പാരലല്‍ കോളജിന്‍റെ നടത്തിപ്പുകാരനുമായ അദ്ദേഹം അങ്ങനെ സുന്ദരിയും പാരലല്‍ കോളജുകളിലൂടെ നടന്നു കാലുതേഞ്ഞവളുമായ രത്നവുമായി പ്രണയത്തിലായി.
കോളജില്‍ വിദ്യാര്‍ഥികളെല്ലാവരും ഈക്കഥയറിഞ്ഞു. കോജളിലെ മറ്റു പെണ്‍കുട്ടികള്‍ക്ക് രത്നത്തോട് ആരാധന തോന്നി (സോറി, അസൂയ തോന്നി- അതേ തോന്നൂ...!).
മനോഹരന്‍ സാറിനു തന്നെ ഇഷ്ടമായിരുന്നെങ്കില്‍ ട്യൂഷന്‍ ഫീസ് പോലും കൊടുക്കാതെ പഠിക്കാമായിരുന്നു എന്നായിരു്നനു പല വിദ്യാര്‍ഥിനികളുടെയും ചിന്ത. എന്തു ചെയ്യാം? മനോഹരന്‍ സാറിന് ഇഷ്ടം രത്നത്തോടായിരുന്നു. രത്നത്തിനും മനോഹരന്‍ സാറിനെ ഇഷ്ടമായിരുന്നു.
ആദ്യമൊക്കെ മനോഹരന്‍ സാര്‍ ഉള്ളിലെ പ്രണയം മറച്ചുവയ്ക്കുകയും സന്ദേശത്തിലെ ശ്രീനിവാസനെപ്പോലെ രത്നത്തെ ഭയപ്പെടുത്തുകയും ചെയ്തു. ഞാന്‍ ഒരു രക്തഹാരം അങ്ങോട്ട് അണിയിക്കും, ഭവതി ഒന്നിങ്ങോട്ടും. അപ്പോള്‍ അന്തരീക്ഷത്തില്‍ മാവോസൂക്തങ്ങള്‍ മുഴങ്ങും. പരിപ്പുവടയും കട്ടന്‍ ചായയും. തീര്‍ന്നു കല്യാണം. പിന്നെ, എന്നും എപ്പോഴും എന്നെ കാണാന്‍ പോലും കിട്ടിയെന്നു വരില്ല. ചീറിപ്പാഞ്ഞുവരുന്ന വെടിയുണ്ടകള്‍ക്കു ഞാന്‍ വിരിമാറു കാട്ടിക്കൊടുത്തു രക്തസാക്ഷിയായെന്നും വരും..
ഈ മോഡല്‍ പലതും പ്രയോഗിച്ച് രത്നത്തിന്‍റെ പ്രണയത്തെ മനോഹരന്‍ സാര്‍ ഒരു സ്ക്രൂഗേജ് കൊണ്ട് എന്ന വണ്ണം അളന്നുകൊണ്ടിരുന്നു. അതിലൊന്നും രത്നം കുഴങ്ങിയില്ല. എനിക്കു പരീക്ഷ പാസായില്ലെങ്കിലും കുഴപ്പമില്ല, മനോഹരന്‍ സാറിനെ കല്യാണം കഴിച്ചാല്‍ മതിയെന്നു പറയുന്നിടം വരെ കാര്യങ്ങളെത്തി. അതോടെ മനോഹരന്‍ സാറിന് ആശ്വാസമായി. തന്‍റെ പ്രയത്നം വിജയിച്ചിരിക്കുന്നു.
മനോഹരന്‍ സാര്‍ തന്‍റെ പേരു മറന്നുപോകുന്നതൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങളൊന്നും രത്നത്തിന് കണ്ടുപിടിക്കാനും കഴിഞ്ഞിരുന്നില്ല. തങ്ങളുടെ ഈ പ്രണയം പുറത്താരും കണ്ടുപിടിക്കില്ലെന്നായിരുന്നു മനോഹരന്‍സാറിന്‍റെയും രത്നത്തിന്‍റെയും വിചാരം. അതുപക്ഷേ തെറ്റായിരുന്നു എന്ന് ആദ്യം തെളിയിച്ചത് രത്നത്തിന്‍റെ അച്ഛന്‍ ഗോപാലന്‍ ചേട്ടന്‍ തന്നെയായിരുന്നു.
ഒരു ദിവസം വൈകുന്നേരം കോളജ് വിട്ടു കുട്ടികള്‍ക്കൊപ്പം വന്ന മനോഹരന്‍ സാറിന്‍റെ മുന്‍പിലേക്ക് ഗോപാലന്‍ ചേട്ടന്‍ ചാടിവീണു. ചാടിയപ്പോള്‍ വീണു എന്നും പറയാം. നിലത്തുനിന്ന് എഴുന്നേറ്റയുടന്‍ ഗോപാലന്‍ ചേട്ടന്‍ ആ ചോദ്യമെറിഞ്ഞു.
നിനക്ക് എന്‍റെ മകളെ പഠിപ്പിച്ചാല്‍ മാത്രം പോരാ അല്ലേടാ.. അവളെ പ്രേമിക്കുകയും കൂടി വേണം അല്ലേ?
ഓടി രക്ഷപ്പെടുന്നത് പാരലല്‍ കോളജ് അധ്യാപകരുടെ അന്തസ്സിനു ചേര്‍ന്ന പണിയല്ലെന്നു മനസ്സിലാക്കിയ മനോഹരന്‍സാര്‍ ഓടിയില്ല. പകരം അല്‍പം വേഗത്തില്‍ മുന്‍പോട്ടു നടന്നു. അടുത്ത നിമിഷം ഗോപാലന്‍ ചേട്ടന്‍ മനോഹരന്‍ സാറിനെ പിന്നില്‍നിന്നു കോളറില്‍ പിടിച്ചു വലിച്ചു. ഷര്‍ട്ട് ഊരിക്കൊടുത്തിട്ട് ഓടുന്നതാണു ബുദ്ധിയെന്നുപോലും ചിന്തിക്കും മുന്‍പ് ഗോപാലന്‍ ചേട്ടന്‍ മനോഹരന്‍ സാറിന്‍റെ ഇടത്തേ ചെകിടുനോക്കിയെന്നു പൊട്ടിച്ചു.
ഠേ...
അടുക്കളയില്‍ സ്റ്റീല്‍ പാത്രം താഴെ വീഴുമ്പോള്‍ കുറച്ചു നേരത്തേക്കുണ്ടാകുന്ന ഒരു മൂളല്‍ പോലെ എന്തോ ഒന്ന് മനോഹരന്‍ സാറിന്‍റെ ചെവിയില്‍ വന്നലച്ചു. അടുത്ത നിമിഷം ആ മധ്യവയസ്കന്‍ മനോഹരന്‍ സാറിന്‍റെ വലതുകൈയില്‍ കടന്നു പിടിച്ചു. എന്നിട്ട് ഉള്ള ആരോഗ്യത്തോടെ വലിച്ചൊരു കടി...
അയ്യോ....
ദിഗന്തങ്ങളൊന്നുമില്ലെങ്കിലും ഭരണങ്ങാനം ഞടുങ്ങുമാറ് മനോഹരന്‍ സാര്‍ ഉറക്കെ നിലവിളിച്ചു. അതുകേട്ട് സാറിന്‍റെ വിദ്യാര്‍ഥികള്‍ നിലവിളിച്ചു. നിലവിളി കേട്ട ഭാഗത്തേക്ക് ആരോ ഒരു ടാക്സിയുമായെത്തി. മനോഹരന്‍ സാറിനെ അതില്‍ കയറ്റി. വണ്ടി നേരെ മേരിഗിരി ആശുപത്രിയിലേക്ക്.
നാലു സ്റ്റിച്ച്.
കയ്യില്‍ വലിയൊരു കെട്ട്. സഹതാപ തരംഗത്തില്‍ രത്നവുമായി ഒന്നുകൂടി അടുക്കാമോയെന്നു പരീക്ഷിക്കാന്‍ പിറ്റേന്ന് ആ കെട്ടുമായാണ് അദ്ദേഹം കോളജില്‍ എത്തിയത്. അപ്പോഴേയ്ക്കും വിദ്യാര്‍ഥികളും മറ്റ് അധ്യാപകരും എല്ലാം കഥയറിഞ്ഞിരുന്നു. സ്റ്റാഫ് റൂമില്‍ മറ്റ് അധ്യാപകരില്‍ ആരോ മനോഹരന്‍ സാറിനോടു കൈയ്ക്ക് എന്തു പറ്റിയതാണെന്നു ചോദിച്ചു.
ഇന്നലെ വീട്ടിലോട്ടു പോകും വഴി ഒരു പട്ടി കടിച്ചതാ...
പട്ടി കയ്യിലാണോ കടിക്കുന്നത്?
പട്ടിക്കു കടിക്കാന്‍ കിട്ടിയത് എന്‍റെ കയ്യായിരുന്നു. ആ ഇനം പട്ടിയായിരുന്നു.
സ്റ്റാഫ് റൂമില്‍നിന്നിറങ്ങി മനോഹരന്‍ സാര്‍ നേരെ രത്നം പഠിക്കുന്ന ക്ളാസിലേക്കു നടന്നു. കയ്യിലെ കെട്ടുമായി കയറി വരുന്ന സാറിനെ കണട്പാടെ വിദ്യാര്‍ഥികള്‍ എഴുന്നേറ്റു.
ഗുഡ്മോണിങ് സാര്‍...
സാര്‍ അതു കേട്ടില്ല. പകരം, ആ കുട്ടികള്‍ക്കിടയില്‍ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ രത്നത്തെ തിരഞ്ഞു. ഇല്ല അവളവിടെയില്ല.
രത്നം എവിടെ?
ഇനി ഇങ്ങോട്ടില്ലെന്ന് അവളുടെ അമ്മ പറഞ്ഞു. അവള്‍ പരീക്ഷ എഴുതുന്നില്ലത്രേ. അടുത്തയാഴ്ച ആരോ അവളെ കാണാന്‍ വരുന്നുണ്ടത്രേ.
അവസാന വാചകം പിള്ളേര് ആരോ കയ്യീന്നിട്ടതായിരുന്നു. അത് കൃത്യമായിട്ടു ചെന്നു വീണതു മനോഹരന്‍ സാറിന്‍റെ ഹൃദയത്തിന്‍റെ മധ്യഭാഗത്തായിരുന്നു. അദ്ദേഹം, അന്നു നേരത്തെ കോളജില്‍നിന്നിറങ്ങി. നാട്ടിലെ സുഹൃത്തുക്കളുമായി കൂടിയാലോചിച്ചു. എങ്ങനെയും രത്നത്തെ സ്വന്തമാക്കണം. അവളെ മറ്റൊരാള്‍ കല്യാണം കഴിക്കുന്നതു തനിക്ക് ആലോചിക്കാന്‍പോലും പറ്റില്ല. ഒടുവില്‍, പിറ്റേന്നു രാത്രി മനോഹരന്‍ സാറിന്‍റെ കാമുകിയെ തട്ടിക്കൊണ്ടു വരാന്‍ തീരുമാനമായി.
തട്ടിക്കൊണ്ടു വരേണ്ട മോഡസ് ഓപ്പറാണ്ടിയും തീരുമാനിക്കപ്പെട്ടു. രത്നത്തെ രഹസ്യമായി വീട്ടില്‍നിന്നിറക്കുന്നു. അവിടെനിന്നു വണ്ടി നേരെ ഗുരുവായൂരിലേക്ക്. അവിടെ പൂലര്‍ച്ചെ അമ്പലത്തില്‍ കുളിച്ചു തൊഴുത് കല്യാണം. പിന്നീട് റജിസ്റ്റര്‍ മാര്യേജ്. ശാപ്പാട്. അതായിരുന്നു പദ്ധതി.
തന്‍റെ വിശ്വസ്തയായ ഒരു വിദ്യാര്‍ഥി വഴി ഇക്കാര്യം മനോഹരന്‍ സാര്‍ രത്നത്തെ അറിയിച്ചു. രത്നം നൂറിനു നൂറ്റമ്പതു സമ്മതം എന്നു തിരിച്ചറിയിച്ചു. എല്ലാം ഒകെ. സമയം സന്ധ്യയായി. നേരം ഇരുട്ടി. രാത്രിയായി.നേരത്തെ പറഞ്ഞ പ്രകാരം ടാറ്റാ സുമോ ഒന്നു മനോഹരന്‍ സാറിന്‍റെ വീട്ടിനു മുന്‍പില്‍ ബ്രേയ്ക്കിട്ടു നിന്നു. മറ്റൊരു ടാറ്റാസുമോ നിറയെ മനോഹരസുഹൃത്തുക്കള്‍ നേരത്തെ ഗുരുവായൂരിലെത്തി കാര്യങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ടിരുന്നു.
അരണ്ട വെളിച്ചത്തില്‍ കുപ്പികള്‍ സംസാരിക്കുന്ന ഒരിടത്തായിരുന്നു അവരുടെ ആലോചന. പ്രണയ വിവാഹത്തിന്‍റെ ദൂഷ്യഫലങ്ങള്‍, ഗുണഫലങ്ങള്‍, വെല്ലുവിളികള്‍ എന്നു തുടങ്ങി മൂന്നാം ലോകരാജ്യങ്ങളിലെ പ്രണയവിവാഹങ്ങള്‍ നേരിടുന്ന ജൈവികവും ഭൗതികവും സാമൂഹികവുമായ പ്രശ്നങ്ങളും ഗുണഫലങ്ങളും വരെ അവര്‍ വിശകലനം ചെയ്തുകൊണ്ടിരുന്നു.
മനോഹരന്‍ സാറും അദ്ദേഹത്തിന്‍റെ രണ്ടുസുഹൃത്തുക്കളുംകൂടി വണ്ടിയില്‍ നേരെ രത്നത്തിന്‍റെ വീട്ടിലേക്ക് യാത്ര തുടങ്ങി. മനോഹരന്‍ സാറിനു കടുത്ത ടെന്‍ഷന്‍. നല്ല മഴയത്തും അദ്ദേഹം കുടുകുടെ വിയര്‍ത്തുകൊണ്ടിരുന്നു.
വണ്ടി ഭരണങ്ങാനം വിട്ടുകഴിഞ്ഞാണ് ഡ്രൈവര്‍ മനോഹരന്‍ സാറിനോട് കുഴപ്പിക്കുന്ന ആ ചോദ്യമെറിഞ്ഞത്. - പെണ്ണിന്‍റെ വീടെവിടെയാ സാറേ?
മനോഹരന്‍ സാര്‍ കുഴങ്ങി. അവളുടെ വീടെവിടെയാ? താനതു മറന്നുപോയിരിക്കുന്നു..!
കൂടെയുണ്ടായിരുന്ന വിശ്വസ്തന്‍മാരും കുഴങ്ങി. അവര്‍ പത്താം ക്ളാസു ജയിച്ചവരായിരുന്നതിനാല്‍ ആ കോളജില്‍ പഠിച്ചിരുന്നില്ല. മാത്രമല്ല, അവരാരും മനോഹരന്‍സാറിന്‍റെ കാമുകിയെ കണ്ടിട്ടുമില്ല.
പോട്ടെ സാറേ ആ കുട്ടിയുടെ പേരെന്താ? നമുക്ക് എങ്ങനെയെങ്കിലും കണ്ടുപിടിക്കാം- ഡ്രൈവര്‍ വീണ്ടും പ്രതീക്ഷ കൊടുത്തു.
മനോഹരന്‍ സാര്‍ അതും മറന്നുപോയിരുന്നു.
അതോടെ, എല്ലാം കലങ്ങി. എത്ര ആലോചിചിട്ടും മനോഹരന്‍ സാറിന് അവളുടെ പേരോ വീട് എവിടെയാണെന്നോ മാത്രം ഓര്‍മവന്നില്ല. ഇനിയെന്തു ചെയ്യും? ആര്‍ക്കും ഒരു എത്തും പിടിയും കിട്ടിയില്ല.ഒടുവില്‍, കൂട്ടുകാരില്‍ ഒരാള്‍ക്കാണ് ആ ബുദ്ധിയുദിച്ചത്. മനോഹരന്‍ സാറിന്‍റെ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ആരോടെങ്കിലും ചോദിക്കാം.. അവര്‍ക്ക് അറിയാമായിരിക്കണം. നട്ടപ്പാതിരയ്ക്ക് പല വിദ്യാര്‍ഥിമിത്രങ്ങളുടെയും വീടിനു മുന്‍പില്‍ ടാറ്റാസുമോ ബ്രേയ്ക്കിട്ടു നിന്നു. അവര്‍ക്ക് ആ കുട്ടിയുടെ പേര് രത്നം എന്നുമാത്രമായിരുന്നു അറിയാവുന്നത്. വീട് എവിടെയാണെന്ന് അവര്‍ക്കും അറിയില്ല.
രാത്രി മുഴുവന്‍ ആലോചിച്ചിട്ടും മനോഹരന്‍ സാറിന് രത്നത്തിന്‍റെ വീട് എവിടെയാണെന്നു മാത്രം ഓര്‍മ വന്നില്ല. മാത്രമല്ല, ഇടയ്ക്കിടെ അവളുടെ പേര് അദ്ദേഹം വീണ്ടും മറന്നുപോകാനും തുടങ്ങിയിരുന്നു. നേരം പരപരാ വെളുത്തു തുടങ്ങി. ടാറ്റാ സുമോ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുകൊണ്ടിരുന്നു. മനോഹരന്‍ സാര്‍ അപ്പോഴും വിയര്‍ത്തുകൊണ്ടിരുന്നു. ഒരു കാര്യം തീരുമാനിച്ച് ഇറങ്ങിയിട്ട് വെറുംകയ്യോടെ മടങ്ങുന്നതെങ്ങനെ?
പക്ഷേ, വെറുംകയ്യോടെ മടങ്ങാതെ മറ്റു മാര്‍ഗമില്ലായിരുന്നു. അങ്ങനെ, ഏറെ പ്രതീക്ഷകളുമായി പുതിയൊരു ജീവിതം പ്രതീക്ഷിച്ച് രാത്രി വൈകി ടാറ്റാസുമോയില്‍ കയറിയ മനോഹരന്‍ സാര്‍ പുലര്‍ച്ചെ സ്വന്തം വീടിനു മുന്‍പില്‍ തന്നെ വണ്ടിയിറങ്ങി.
വീട്ടിലേക്കു പോയിട്ട് എന്തു ചെയ്യാന്‍?
പോയിക്കിടന്നുറങ്ങിയാല്‍ ചിലപ്പോള്‍ നഷ്ടമായ ഓര്‍മ തിരിച്ചുകിട്ടുമായിരിക്കും. ഓര്‍മ വന്നാലുടന്‍ ഒരു കടലാസില്‍ എഴുതി വയ്ക്കണം. പറ്റുമെങ്കില്‍ ഇന്നു രാത്രി തന്നെ നമുക്കു കാര്യങ്ങള്‍ നടത്താം. പിറ്റേന്നു തന്നെ കല്യാണവും നടത്താം. ഗുരുവായൂരില്‍ ഉള്ളവന്മാരോട് അവിടെ ഒരു ദിവസം കൂടി നില്‍ക്കാന്‍ പറഞ്ഞിട്ടുണ്ട്. കൂട്ടുകാര്‍ മനോഹരന്‍ സാറിന് ആത്മവിശ്വാസം കൊടുത്തശേഷം മടങ്ങി.
മനോഹരന്‍ സാര്‍ നേരെ വീട്ടിലേക്കു നടന്നു.തന്‍റെ ജീവിതം ഒരു വഴിക്കാക്കിയ മറവിരോഗത്തോട് അദ്ദേഹത്തിനു ജീവിതത്തിലാദ്യമായി കടുത്ത ദേഷ്യം തോന്നി.
പുലര്‍ച്ചെ എല്ലാവരും എഴുന്നേല്‍ക്കുന്നതേയൂള്ളൂ എന്നു വിചാരിച്ച് വീട്ടിലോട്ടു കയറിയ മനോഹരന്‍ സാര്‍ അദ്ഭുതപ്പെട്ടു. എല്ലാവരും നേരത്തെ ഉണര്‍ന്നിരിക്കുന്നു. അച്ഛന്‍ എന്തൊക്കെയോ ഉറക്കെ സംസാരിക്കുന്നുമുണ്ട്. ആരോ കരയുന്ന ശബ്ദം.അദ്ഭുതത്തോടെ, മനോഹരന്‍ സാര്‍ ശബ്ദം കേട്ടിടത്തേക്കു നടന്നു. ഡൈനിങ് റൂമില്‍നിന്നാണു ശബ്ദം കേട്ടത്. അവിടെ അച്ഛനും അമ്മയും പെങ്ങളും അനിയനും... പിന്നെ...
അച്ഛനാണതു പറഞ്ഞത്.
എന്തു പണിയാടാ കാട്ടിയത്? നീയിവിളോട് ഇന്നലെ വൈകിട്ട് പാലാ ബസ് സ്റ്റാന്‍ഡില്‍ വന്നു നില്‍ക്കാന്‍ പറഞ്ഞായിരുന്നോ? എന്നിട്ടെന്താ അതു വഴി ചെല്ലാതിരുന്നത്? നേരം രാത്രിയായപ്പോള്‍ ഈ കൊച്ച് പേടിച്ചുവിറച്ച് ഇങ്ങോട്ടു വിളിച്ചു. ഞാന്‍ പോയി കൂട്ടിക്കൊണ്ടു വന്നിട്ടു നിന്നെയും കാത്തിരിക്കുകയായിരുന്നു.. എവിടെപ്പോയി പണ്ടാരമടങ്ങിയാതിരുന്നെടാ നീ...
മനോഹരന്‍ സാര്‍ അതൊന്നും കേട്ടില്ല. അയാള്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തന്നെ നോക്കുന്ന രത്നത്തെ കണ്ടു.
എന്നിട്ടു ക്ഷമാപണം എന്നപോലെ ഇത്രമാത്രം പറഞ്ഞു.
അത്.... ഇവളോട് വൈകിട്ട് സ്റ്റാന്‍ഡില്‍ വന്നു നില്‍ക്കണമെന്നു പറഞ്ഞതു ഞാന്‍ മറന്നുപോയിരുന്നു അച്ഛാ.....
Thursday, June 14, 2007
പപ്പിക്കുട്ടിയ്ക്ക് പ്രണയപൂര്‍വം
കരച്ചില്‍ കേട്ടിടത്തേക്കു നോക്കിയ അപ്പുക്കുട്ടന് ഒന്നും കാണാന്‍ കഴിഞ്ഞില്ല. തീര്‍ത്തും ദുര്‍ബലമായ ശബ്ദത്തിലുള്ള കരച്ചില്‍. പുസ്തകങ്ങള്‍ ഒതുക്കിപ്പിടിച്ച് അതിവേഗം വീട്ടിലേക്കുള്ള ഓട്ടത്തിലായിരുന്ന അപ്പുക്കുട്ടന്‍റെ ചങ്കില്‍ പക്ഷേ ആ കരച്ചിലൊരു കൊളുത്തിട്ടു.
അവിടേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കിയ അപ്പുക്കുട്ടന്‍ അവിടെ അവനെ നോക്കി തിളങ്ങുന്ന രണ്ടു കണ്ണുകള്‍ കണ്ടു. കൊച്ചു കണ്ണുകള്‍. അതില്‍ അനാഥത്വം, ഭയം, വിശപ്പ്, മരണഭീതി തുടങ്ങിയവയെല്ലാം ആറാംക്ളാസുകാരനായ അപ്പുക്കുട്ടന് ഒറ്റനോട്ടത്തില്‍ വായിച്ചെടുക്കാമായിരുന്നു. പുസ്തകം താഴെ വച്ച് അവന്‍ ആ കമ്മ്യൂണിസ്റ്റു പച്ചകളുടെ ഇടയിലേക്കു നടന്നു.
അവിടെ, ഒരു മരപ്പൊത്തിനോടു ചേര്‍ന്ന് തൊട്ടാവാടിക്കാട്. അതിന്നിടയില്‍ അവള്‍. അവനെ നോക്കി അവള്‍ വീണ്ടും ദുര്‍ബലമായി കരഞ്ഞു. ആ മുള്‍ക്കാട്ടില്‍നിന്ന് ഓടി രക്ഷപ്പെടുക അവള്‍ക്ക് എളുപ്പമായിരുന്നില്ല. വൈകിട്ടു പെയ്ത മഴയില്‍ അവളാകെ നനഞ്ഞു കുളിച്ചിരുന്നു.
ഭയം കൊണ്ടു വിറയ്ക്കുന്ന അവളെ കണ്ടപ്പോള്‍ അപ്പുക്കുട്ടനു സങ്കടം വന്നു. ഭയപ്പെടുത്താതെ, മെല്ലെ കുനിഞ്ഞ് അവളെ രണ്ടു കയ്യിലുമായി അവന്‍ കോരിയെടുത്തു. നനഞ്ഞൊട്ടിയ രോമങ്ങള്‍, വിറയ്ക്കുന്ന ശരീരം. വെളുത്ത രോമങ്ങള്‍. വാലില്‍ മാത്രമായി അല്‍പം ചുവന്ന രോമങ്ങള്‍. മുഖത്ത്, മീശരോമങ്ങള്‍ക്കു തൊട്ടരികെ ആരോ കുത്തിക്കൊടുത്ത പോലെ ഒരു കറുത്ത പൊട്ട്.
സുന്ദരിപ്പൂച്ച.
അവളെ അപ്പുക്കുട്ടന് ഒറ്റനോട്ടത്തില്‍ ഇഷ്ടമായി. അപ്പോളും ഭയം വിട്ടുമാറാതെ അവന്‍റെ കയ്യിലിരുന്നു വിറച്ച അവളെ അവന്‍ ചങ്കോട് അടുപ്പിച്ചു പിടിച്ചു. പിന്നെ, നിലത്തു വച്ച പുസ്തകവുമെടുത്ത് പതിയെ വീട്ടിലേക്കു നടന്നു. അവന്‍റെ കയ്യിലിരുന്നുള്ള യാത്ര അവള്‍ക്കു പുതിയ അനുഭവമായിരുന്നു. ഭയം തീര്‍ന്നില്ലെങ്കിലും അവള്‍ പിന്നെയൊന്നുകൂടി കരഞ്ഞില്ല. വിശപ്പിന്‍റെ ആധിക്യം അവളുടെ കൊച്ചുവയറിനെ പിടിച്ചുലയ്ക്കുന്നുണ്ടായിരുന്നു.
എങ്കിലും അപ്പുക്കുട്ടന്‍റെ കയ്യില്‍ അവള്‍ വിശപ്പുമറന്ന്, ഭയം മറന്നു യാത്ര തുടര്‍ന്നു.
വഴിയില്‍ ആരോ ഉപേക്ഷിച്ചുപോയൊരു പൂച്ചക്കുട്ടിയെയുമായി വീട്ടിലേക്കു കയറി വന്ന മകനെ കണ്ടപ്പോള്‍ അപ്പുക്കുട്ടന്‍റെ അമ്മയ്ക്കു ദേഷ്യം വന്നു.
കൊണ്ടുപോയി കളയെടാ അതിനെ.. നിന്നോടാരാ പറഞ്ഞത് ഇതിനെയൊക്കെ ചുമന്നോണ്ടു വരാന്‍? വല്ല പേയും പിടിക്കും. ഇപ്പോള്‍ കൊണ്ടു പോയി കളഞ്ഞോണം....
അപ്പുക്കുട്ടന്‍ അതു കേട്ടില്ല. അവന്‍ അടുക്കളയിലേക്കു നടന്നു. അടുക്കളയില്‍ അവനായി വച്ചിരുന്ന പാലെടുത്തു. ഇവള്‍ക്ക് എങ്ങനെ പാലുകൊടുക്കും?
അടുക്കളയുടെ കോണില്‍നിന്നു പഴയ ഒരു സ്റ്റീല്‍ പിഞ്ഞാണം അവന്‍ കണ്ടെത്തി. അതിലേക്ക് അവന്‍റെ ഗ്ളാസിലെ പകുതിയോളം പാലൊഴിച്ചു. അവള്‍ക്കായി അവന്‍റെ ആദ്യത്തെ ത്യാഗം...
വിശപ്പു വലിച്ചു കുടയുന്നുണ്ടെങ്കിലും അവള്‍ ആ പാലിലേക്കു നോക്കിയതല്ലാതെ കുടിച്ചില്ല. അപ്പുക്കുട്ടന്‍ നിലത്തിരുന്നു. അവളുടെ പുറത്ത് പതിയെ തലോടി. ആ സ്നേഹത്തിനു മുന്‍പില്‍ ശേഷിച്ചിരുന്ന അവളുടെ ഭയവും അലിഞ്ഞില്ലാതായി. അവള്‍ കണ്ണടച്ച് ആ പാലു കുടിച്ചു തുടങ്ങി. അപ്പുക്കുട്ടന്‍ അതു നോക്കിയിരുന്നു. ഇതുവരെ വൈകുന്നേരങ്ങളില്‍ എത്ര ഗ്ളാസ് പാലു കുടിച്ചാലും ഉണ്ടാകാത്തയത്ര സംതൃപ്തിയായിരുന്നു അവന്.
അവളതു മുഴുവന്‍ കുടിച്ചു. ആ പാത്രം നക്കിത്തുടച്ചു. എന്നിട്ട് നന്ദിയോടെ അപ്പുക്കുട്ടന്‍റെ നേര്‍ക്കൊന്നു നോക്കി. പതിയെ അടുത്തുവന്ന്, നനഞ്ഞ രോമങ്ങളാല്‍ അവന്‍റെ കാലിനെയുരുമ്മി അവിടെത്തന്നെ നിന്നു. അപ്പോള്‍ അവളുടെ കണ്ണുകള്‍ക്ക് ഇരട്ടി തിളക്കമുണ്ടായിരുന്നു.
ഇവള്‍ക്കെന്തു പേരിടും?
അതായി പിന്നീട് അപ്പുക്കുട്ടന്‍റെ ആലോചന. എല്ലാവരും പതിവായി വിളിക്കുന്ന പേരുകള്‍ പൂച്ചക്കുട്ടിക്ക് ഇടാന്‍ അവനു മനസ്സുവന്നില്ല. പേരിലും വേണം ഒരു വ്യത്യസ്ത. ആലോചനകളുടെ അവസ്ഥാന്തരങ്ങള്‍ക്കൊടുവില്‍ അവന്‍ അവളെ പദ്മിനി എന്നുവിളിക്കാന്‍ തീരുമാനിച്ചു.
അമ്മേ, ഇവളെ നമുക്ക് പദ്മിനി എന്നു വിളിക്കാം? അമ്മയതു കേട്ടെങ്കിലും ഒന്നും മറുപടി പറഞ്ഞില്ല. വഴിയില്‍നിന്നു കിട്ടിയ പൂച്ചയുമായി മകന്‍ ചങ്ങാത്തം കൂടുന്നത് അവര്‍ക്കിഷ്ടപ്പെട്ടിരുന്നില്ല. അമ്മയുടെ മറുപടി അപ്പുക്കുട്ടന്‍ പ്രതീക്ഷിച്ചതുമില്ല. അവന്‍ വീണ്ടും അവളെ എടുത്ത് മടിയില്‍ വച്ചു. പതിയ തലയില്‍ തലോടി. അവളുടെ കൊച്ചു ചെവികളോട് മുഖം ചേര്‍ത്തു.
പദ്മിനിക്കുട്ടി....
ആ വിളി അവള്‍ക്കും ഇഷ്ടപ്പെട്ടു കാണും. അവള്‍ ചെവി വട്ടം പിടിച്ചു. അപ്പുക്കുട്ടന്‍ വീണ്ടും അവളുടെ ചെവിയോടു ചേര്‍ത്ത് വിളിച്ചു. പദ്മിനിക്കുട്ടീ....
ചെറിയൊരു കാര്‍ഡ്ബോര്‍ഡ് കൂടില്‍ പഴന്തുണികളിട്ട് അവന്‍ അവള്‍ക്കായി കിടക്കയൊരുക്കി. ഗ്ളാസില്‍ ബാക്കിയുണ്ടായിരുന്ന പാലുകൂടി അവളുടെ സ്റ്റീല്‍ പാത്രത്തിലേക്ക് ഒഴിച്ചു. പഴന്തുണി കൊണ്ട് അവളെ പുതപ്പിച്ചു. പതിയെ ആ കാര്‍ഡ് ബോര്‍ഡ് പെട്ടി തന്‍റെ കട്ടിലിന്നടിയിലേക്കു നീക്കി വച്ചു.
അന്നു രാത്രി പദ്മിനിക്കുട്ടി സുഖമായുറങ്ങി. അവളുടെ ജീവിതത്തിലെ സുരക്ഷിതമായ ആദ്യത്തെ ഉറക്കം. പിറ്റേന്ന് വളരെ നേരത്തെ അപ്പുക്കുട്ടന്‍ ഉറക്കമെണീറ്റു.
തലേന്നു രാത്രി വൈകി വന്ന അച്ഛന്‍ പദ്മിനിക്കുട്ടിയെ കട്ടിലനിന്നടിയില്‍ കിടത്തിയിരിക്കുന്ന വിവരം അറിഞ്ഞു കാണില്ല. അമ്മ രാവിലെ തന്നെ അച്ഛനോട് അക്കാര്യം പറയും. അച്ഛന്‍ തന്നെ ചൂരലെടുത്ത് പിടയ്ക്കും. പൂച്ചക്കുട്ടിയെ ചെവിയില്‍ തൂക്കിയെടുത്ത് ദൂരേയ്ക്കെറിയും...
അതോര്‍ത്തപ്പോള്‍ അപ്പുക്കുട്ടനു സങ്കടം വന്നു. സങ്കടത്തോടെ അവന്‍ കട്ടിലന്നടിയിലേക്കു നോക്കി. കാര്‍ഡ് ബോര്‍ഡ് പെട്ടിയും പദ്മിനിക്കുട്ടിയെയും കാണാനില്ല!!
അവന്‍ നേരെ അടുക്കളയിലേക്ക് ഓടി. അച്ഛന്‍ നേരത്തെ എണീറ്റിരിക്കുന്നു. അടുക്കളയില്‍നിന്നു പുറത്തേക്കിറങ്ങാന്‍ തുടങ്ങിയ അച്ഛന്‍ ഓടിവരുന്ന അപ്പുക്കുട്ടനെ കണ്ട് നിന്നു.
കട്ടിലിന്നടിയിലാണോടാ കണ്ട പൂച്ചക്കുട്ടിയെയൊക്കെ കയറ്റി വയ്ക്കുന്നത്. ഞാനതിനെ ഈ ചായ്പില്‍ എടുത്തു വച്ചിട്ടുണ്ട്. അവിടെ ഇരുന്നാല്‍ മതി..
അപ്പുക്കുട്ടനു സന്തോഷമായി. അവന്‍ ചായ്പിലേക്ക് ഓടി. അവിടെ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ പദ്മിനിക്കുട്ടി. അവളുടെ മുഖത്ത് പരിചയത്തിന്‍റെ ഒരു പുഞ്ചിരി കണ്ടോ?
അച്ചന്‍ നോക്കുന്നില്ല എന്നുറപ്പായപ്പോള്‍ അവന്‍ പതിയെ ആ പെട്ടിയില്‍നിന്ന് അവളെ കയ്യിലെടുത്തു. അപ്പോഴേയ്ക്കും അവര്‍ക്കിടയില്‍ അപരിചിതത്വങ്ങള്‍ അലിഞ്ഞില്ലാതായിരുന്നു. അവള്‍ അവന്‍റെ കൈവെള്ളയില്‍ നക്കാന്‍ തുടങ്ങി.അവള്‍ക്കു വിശക്കുന്നുണ്ടാവണം. തനിക്കായി അമ്മ എടുത്തു വച്ചിരിക്കുന്ന പാല്‍ എടുക്കാനായി അവന്‍ അടുക്കളയിലേക്കു നടന്നു.
പാല്‍ ഗ്ളാസ് എടുത്ത് തിരിച്ചു നടക്കുന്നതിനിടെ അമ്മ..
ആ പൂച്ചയ്ക്കു കൊടുക്കാനാണെങ്കില്‍ അതിനിവിടെ വേറെ പാലുണ്ട്. നിനക്കുള്ളതു നീ കുടിച്ചോ...
അമ്മയുടെ വിദ്വേഷവും ഇല്ലാതായിരിക്കുന്നു. ഇനി പദ്മിനിക്കുട്ടിക്ക് സസുഖം ഇവിടെ താമസിക്കാം. അവന്‍ അവളെ നോക്കി. അവള്‍ അടുക്കളയിലൂടെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു തുടങ്ങിയിരുന്നു.
പദ്മിനി..
എടാ ആ പേരിനു ഭയങ്കര നീളം. നമുക്കിവിളെ പപ്പിക്കുട്ടി എന്നു വിളിക്കാം.. അമ്മ അമ്മയങ്ങനെ പറഞ്ഞെങ്കിലും അപ്പുക്കുട്ടന് അതിഷ്ടപ്പെട്ടില്ല.
അപ്പോള്‍ അമ്മ പറഞ്ഞു- നിന്‍റെ ഇഷ്ടം പോലെ നീ വിളിച്ചോ..ഞാനിവളെ പപ്പിക്കുട്ടി എന്നാണു വിളിക്കാന്‍ പോകുന്നത്. നീ സ്കൂളില്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ ഞാന്‍ വിളിക്കുന്നതു വേണമല്ലോ ഇവള്‍ കേള്‍ക്കാന്‍..
അതു ശരിയാണെന്ന് അപ്പുക്കുട്ടനു മനസ്സിലായി. അവന്‍ പറഞ്ഞു
അമ്മേ, നമുക്കിവളെ വീട്ടില്‍ പപ്പിക്കുട്ടിയെന്നു വിളിക്കാം. സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ പദ്മിനി എന്നു പേരിട്ടാല്‍ മതി..!
അവന്‍റെ അമ്മ ഒരു നിമിഷം അപ്പുക്കുട്ടന്‍റെ മുഖത്തേക്കു നോക്കി. പിന്നെ ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് അച്ഛന്‍റെ അടുത്തേക്ക് ഓടി. പുരയിടത്തില്‍ വാഴ്യ്ക്കു തടം വെട്ടുകയായിരുന്ന അച്ഛന്‍റെ ഉറക്കെയുള്ള ചിരി അല്‍പസമയത്തിനകം അപ്പുക്കുട്ടന്‍ കേട്ടു.
പപ്പിക്കുട്ടി പതിയെപ്പതിയെ അപ്പുക്കുട്ടന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മാറി. അപ്പുക്കുട്ടന്‍റെ വീട്ടില്‍ ആളനക്കം കേട്ടുതുടങ്ങി. സ്കൂളില്‍ പോകും വരെയും പോയി മടങ്ങി വന്ന ശേഷവും അപ്പുക്കുട്ടന്‍റെ ചിരിയും കളിയും പപ്പിക്കുട്ടിയോടായി മാറി.
സാധാരണ പൂച്ചകള്‍ കഴിക്കുന്നതൊന്നും പപ്പിക്കുട്ടിക്ക് ഇഷ്ടമല്ലായിരുന്നു. അപ്പുക്കുട്ടന്‍ അവളെ പഠിപ്പിച്ചതും അങ്ങനെയായിരുന്നു. രാവിലെയുണ്ടാക്കുന്ന മുട്ടക്കറിയില്‍ മുട്ടയുടെ മഞ്ഞയുണ്ണി മാത്രമേ പപ്പിക്കുട്ടി കഴിക്കൂ. വെള്ളയുണ്ണി കൊടുത്താല്‍ മണത്തുനോക്കും. കഴിക്കില്ല. വീട്ടില്‍ മേടിക്കുന്ന പച്ചമീനിന്‍റെ തല കൊടുത്താല്‍ പപ്പിക്കുട്ടി പിണങ്ങും. അമ്മയോട് കരഞ്ഞു നിലവിളിച്ച് മീന്‍ തന്നെ അവളു മേടിക്കും. അടുത്ത വീട്ടിലെ പൂച്ചകള്‍ക്കു പപ്പിക്കുട്ടിയോട് അഹങ്കാരം തോന്നിത്തുടങ്ങിയിട്ടുണ്ടാവും.
എന്തൊക്കെ കഴിച്ചിട്ടും പപ്പിക്കുട്ടി വലിയ പൂച്ചയായില്ല. സ്ലിം ആയി സുന്ദരിയായി അവള്‍ വളര്‍ന്നു. ഒരു ദിവസം അപ്പുക്കുട്ടന്‍ അവളുടെ നെറ്റിയില്‍ ചുവന്ന സ്കെച്ചു പേന കൊണ്ട് നീളന്‍ ഒരു പൊട്ടു കുത്തി. കഴുത്തില്‍ മുത്തു മാലയൊരെണ്ണം കോര്‍ത്തിട്ടു. അതോടെ അവളുടെ സൗന്ദര്യം പിന്നെയും കൂടി.
അപ്പുക്കുട്ടന്‍ സ്കൂളില്‍ പോയി വരുമ്പോള്‍ മിക്കവാറും പുരയിടത്തിന്‍റെ തെക്കേ കോണിലോ മറ്റോ പപ്പിക്കുട്ടിയുണ്ടാവും. അല്ലെങ്കില്‍ അടുത്ത പുരയിടത്തില്‍. അവനെ കാണുന്നതും അവള്‍ വീട്ടിലേക്കു വെച്ചടിക്കും. അപ്പുക്കുട്ടന്‍ വീട്ടിലെത്തുമ്പോള്‍ വീടിന്‍റെ മുന്‍വശത്ത്, ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ അവളുണ്ടാകും.
കൊക്കോത്തോട്ടത്തില്‍ അണ്ണാന്‍മാരുടെ ശല്യം മൂത്തപ്പോള്‍ അപ്പുക്കുട്ടന്‍റെ അച്ഛന്‍ പറഞ്ഞു. ഏതായാലും ഈ പൂച്ച അണ്ണാനെ പിടിക്കുമോയെന്നു നമുക്കു നോക്കാം. രാവിലെ കഴുത്തില്‍ തൂക്കിയെടുത്ത് പപ്പിക്കുട്ടിയെ കൊക്കോകളില്‍ ഒന്നില്‍ കയറ്റിയിരുത്തുന്നത് അപ്പുക്കുട്ടന്‍ കണ്ടു. അവള്‍ കൊക്കോ മരത്തിന്‍റെ ചില്ലകളിലൂടെ നടന്നതല്ലാതെ താഴോട്ട് ഇറങ്ങിയില്ല. പൂച്ചയെ കണ്ടതോടെ അതുവരെ കലപില ശബ്ദമുണ്ടാക്കിയ അണ്ണാന്‍മാര്‍ പിന്നെ അവിടേക്കു വരാതായി. രാവിലെ അപ്പന്‍ വേഷം മാറി ടൗണിലേക്കു പോകുന്നതു കാണുമ്പോള്‍ പപ്പിക്കുട്ടി പതിയെ താഴെയിറങ്ങും. അടുക്കള വശത്തുകൂടി മാര്‍ജാര പാദങ്ങളോടെ ശബ്ദമുണ്ടാക്കാതെ വീട്ടിന്നകത്തേക്കു കടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് ആവര്‍ത്തിച്ചു പോന്നു.
ആയിടയ്ക്കാണ്, അപ്പുക്കുട്ടന്‍ പപ്പിക്കുട്ടിയെയും ഭീകരനായ ഒരു പൂച്ചയെയുംകൂടി അപ്പുറത്തെ പുരയിടത്തില്‍ കണ്ടത്. അടുത്തെങ്ങുമുള്ള പൂച്ചയല്ല. കാഴ്ചയിലേ മനസ്സിലായി, ഒരു കണ്ടന്‍ പൂച്ച. പപ്പിക്കുട്ടിയുടെ ലൈനായിരിക്കും. അപ്പുക്കുട്ടന്‍ മനസ്സിലോര്‍ത്തു. പപ്പിക്കുട്ടിക്കു ലൈനൊക്കെയായി. അപ്പുക്കുട്ടനു വിഷാദമായി.
പക്ഷേ, ഒരിക്കലും ആ കണ്ടന്‍ പൂച്ച പപ്പിക്കുട്ടിയെ അന്വേഷിച്ചു വീട്ടിലേക്കു വന്നില്ല. ഒരിക്കല്‍ പറമ്പിന്‍റെ അതിര്‍ത്തിയില്‍ വച്ച് പപ്പിക്കുട്ടി അവനോട് ഉറക്കെ എന്തൊക്കെയോ മുരളുന്നത് അപ്പുക്കുട്ടന്‍ കേട്ടു. അപ്പുക്കുട്ടനെ കണ്ടപാടെ അവള്‍ ആ കണ്ടന്‍ പൂച്ചയുടെ നേര്‍ക്ക് ദേഷ്യത്തോടെ ചാടുന്നതും കണ്ടു. അപ്പുക്കുട്ടനെ കണ്ണുരുട്ടി നോക്കിയ ശേഷം ആ കണ്ടന്‍ പൂച്ച എങ്ങോട്ടോ പാഞ്ഞുപോയി.
ഒരു ദിവസം സ്കൂള്‍ വിട്ടു വരും വഴി അപ്പുക്കുട്ടന്‍ അടുത്ത വീട്ടിലെ മതിലില്‍ ഇരിക്കുന്ന പപ്പിക്കുട്ടിയെ കണ്ടു. ആ വീട്ടിലെ പെണ്‍കുട്ടി അവളെ മടിയില്‍ വച്ചിരിക്കുകയാണ്. പപ്പിക്കുട്ടിയുടെ കഴുത്തിലെ മാലയിലും ചുവന്ന പൊട്ടിലുമൊക്കെ അവള്‍ എന്തൊക്കെയോ ചെയ്യുന്നുമുണ്ട്.
തന്‍റെ പപ്പിക്കുട്ടി....
വീട്ടിലെത്തിയപ്പോള്‍ പപ്പിക്കുട്ടിയതാ അവിടെയുണ്ട്. അവന്‍ ആദ്യമായി അവളെ ഉയര്‍ത്തിയെടുത്ത് രോമം നിറഞ്ഞ ആ മുഖം നോക്കി ഒരുമ്മ കൊടുത്തു. പിന്നെ ഇടയ്ക്കിടെ ഓരോ ഉമ്മ കൊടുക്കാതിരുന്നാലായി അപ്പുക്കുട്ടനു വിഷമം. ഇടയ്ക്കെന്നോ അപ്പുക്കുട്ടന്‍റെ അമ്മ അതു കണ്ടുപിടിച്ചു.
എടാ... പൂച്ചയെ ഉമ്മവയ്ക്കരുത്..വേണ്ടാത്ത അസുഖമൊക്കെ വരും..
പിന്നീട്, പപ്പിക്കുട്ടിയുടെ വയറു വീര്‍ത്തു വരുന്നത് അപ്പുക്കുട്ടന്‍ കണ്ടു. അവളുടെ വയറു നിറയെ പിള്ളേരായിരിക്കും. ഇനിയിപ്പം ഇവിടെ ആകെപ്പാടെ ജഗപൊഗയായിരിക്കും. അപ്പുക്കുട്ടനു സന്തോഷമായി. പപ്പിക്കുട്ടിക്ക് മുട്ട പുഴുങ്ങിയതിന്‍റെ മഞ്ഞയുണ്ണി അപ്പാടെ കൊടുക്കാന്‍ അപ്പുക്കുട്ടന്‍ തീരുമാനിച്ചു. തന്‍റെ പപ്പിക്കുട്ടി ക്ഷീണിക്കരുത് എന്ന് അവനു നിര്‍ബന്ധമായിരുന്നു.
പപ്പിക്കുട്ടിയുടെ വയറു വീര്‍ത്തു വീര്‍ത്തു വലുതായി. ആര്‍ക്കും ഒറ്റനോട്ടത്തില്‍ മനസ്സിലാവും.
ഒരു ദിവസം രാത്രി കാലില്‍ തണുപ്പടിച്ചതിനെത്തുടര്‍ന്ന് അപ്പുക്കുട്ടന്‍ മയക്കം വിട്ടെണീറ്റു. നോക്കുമ്പോള്‍ പപ്പിക്കുട്ടി. ചെറിയ കുറുകലോടെ അവള്‍ അപ്പുക്കുട്ടന്‍റെ കിടക്കയുടെ കോണില്‍ അവന്‍റെ കാലിനോടു ചേര്‍ന്ന് കിടന്നു. അച്ഛന്‍ കണ്ടാല്‍ വഴക്കുപറയും- അപ്പുക്കുട്ടന്‍ ഓര്‍ത്തു. അവന്‍ ഒന്നും മിണ്ടാന്‍ പോയില്ല. അവള്‍ അവിടെ കിടക്കട്ടെ. അപ്പുക്കുട്ടന്‍ രാവിലെ ഉണര്‍ന്നപ്പോള്‍ കാല്‍ ചുവട്ടില്‍ പപ്പിക്കുട്ടിയില്ല. അവന്‍ നേരെ അടുക്കളയിലേക്കു നടന്നു. അതാ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ പപ്പിക്കുട്ടിയുണ്ട്.
പിന്നീട് എന്നും രാത്രികളില്‍ പപ്പിക്കുട്ടി അപ്പുക്കുട്ടന്‍റെ കട്ടിലിന്നൊരു കോണില്‍ ഉറക്കം പിടിച്ചു തുടങ്ങി. നേരം വെളുത്ത് എല്ലാവരും എണീല്‍ക്കും മുന്‍പേ പപ്പിക്കുട്ടി സ്ഥലം കാലിയാക്കും. അപ്പുക്കുട്ടന് അടി കിട്ടരുതെന്ന് അവള്‍ക്കും നിര്‍ബന്ധമുള്ള പോലെ.
അധിക ദിവസങ്ങള്‍ കഴിഞ്ഞില്ല. പപ്പിക്കുട്ടി പ്രസവിച്ചു.
നാലു കുഞ്ഞുങ്ങള്‍.
കാണാന്‍ അവളെപ്പോലെ തന്നെയിരിക്കുന്നവയാണു മൂന്നും. നാലാമത്തേതിനു മുന്‍പു കണ്ടിട്ടുള്ള വൃത്തികെട്ട കണ്ടന്‍ പൂച്ചയുടെ രൂപം. അപ്പുക്കുട്ടന് അതിനെയൊഴികെ മറ്റു മൂന്നു കുഞ്ഞുങ്ങളെയും ഇഷ്ടമായി. കണ്ണു തുറക്കാന്‍ മൂന്നാല് ആഴ്ചയെടുക്കുമെന്ന് അമ്മ പറയുന്നത് അപ്പുക്കുട്ടന്‍ കേട്ടു.
അമ്മേ, നമ്മുക്ക് ഈ കുഞ്ഞുങ്ങളെയും വളര്‍ത്താം..? അപ്പുക്കുട്ടന്‍ ചോദിച്ചു.
എന്തു വേണമെന്ന് അച്ഛന്‍ തീരുമാനിച്ചോളും. നീ അന്വേഷിക്കേണ്ട- അമ്മയുടെ കനത്തിലുള്ള മറുപടി അപ്പുക്കുട്ടന് ഇഷ്ടമായില്ല.
പിറ്റേന്ന് രാവിലെ അപ്പുക്കുട്ടന്‍ ഉറക്കമെണീറ്റപ്പോള്‍ അമ്മയും അച്ഛനും പറമ്പിലാണ്. രാവിലെ തൂമ്പ കൊണ്ട് അച്ഛന്‍ കുഴിയെടുക്കുന്നു. എന്താണു കാര്യമെന്നറിയാന്‍ അപ്പുക്കുട്ടന്‍ അങ്ങോട്ടുചെന്നു. അവിടെ ഒരു പഴന്തുണിയില്‍ പൊതിഞ്ഞ് പപ്പിക്കുട്ടിയുടെ നാലുകുഞ്ഞുങ്ങളും. കണ്ണു തുറന്നിട്ടില്ല. എന്താണു സംഭവിക്കാന്‍ പോകുന്നതെന്നറിയാത്ത നിലയില്‍.
പപ്പിക്കുട്ടിയെ അവിടെയെങ്ങും കാണാനില്ല.
കുഴിക്ക് അത്യാവശ്യം വലിപ്പമായെന്ന് തോന്നിയപ്പോള്‍ അപ്പുക്കുട്ടന്‍റെ അച്ഛന്‍ കുഴിയെടുക്കുന്നതു നിര്‍ത്തി. പിന്നെ, പഴന്തുണി കൂട്ടി ആ കുഞ്ഞുങ്ങളെയെടുത്ത് ആ കുഴിയിലേക്കിട്ടു.
അയ്യോ അച്ഛാ വേണ്ട...അപ്പുക്കുട്ടന്‍ കരഞ്ഞു.
അച്ഛന്‍ അപ്പുക്കുട്ടനെ കണ്ണുരുട്ടി നോക്കി. അപ്പുക്കുട്ടന്‍ പക്ഷേ കരച്ചില്‍ നിര്‍ത്തിയില്ല. അമ്മ അവനെ അവിടെനിന്നു പിടിച്ചു മാറ്റാന്‍ നോക്കി. പക്ഷേ, അപ്പുക്കുട്ടന്‍ മാറിയില്ല.
അച്ഛന്‍ ഒരു വലിയ കല്ലെടുത്ത് ആ പഴന്തുണിക്കൂട്ടത്തിന്‍റെ മുകളിലേക്കിട്ടു. അപ്പുക്കുട്ടന്‍റെ കരച്ചില്‍ നിലച്ചു. എല്ലാം നഷ്ടപ്പെട്ടു ശരീരം തളര്‍ന്ന് അവന്‍ അവിടെ കുത്തിയിരുന്നു.
അപ്പോഴേയ്ക്കും അപ്പുക്കുട്ടന്‍റെ അച്ഛന്‍ ആ കുഴി മൂടിക്കഴിഞ്ഞിരുന്നു.
അപ്പുക്കുട്ടന് അപ്പോളും അവിടെനിന്ന് എവുന്നേല്‍ക്കാന്‍ തോന്നിയില്ല.
എടാ, പൂച്ച ഒന്നു മതി വീട്ടില്‍. ഒരുപാട് എണ്ണമായാല്‍ വല്യ ശല്യമാ..
അച്ഛന്‍റെ വിശദീകരണം അപ്പുക്കുട്ടന്‍റെ സങ്കടത്തിന്‍മേല്‍ മുളകുപുരട്ടി. അപ്പുക്കുട്ടന്‍ തിരികെ വീട്ടിലേക്കു നടന്നു. പപ്പിക്കുട്ടിയെ അന്വേഷിച്ച് അവന്‍റെ കണ്ണോടി. അടുക്കളയില്‍ അമ്മ കൊടുത്ത പാലുകുടിക്കുകയാണ് അവള്‍. കുടിച്ചു കഴിഞ്ഞ് തന്‍റെ കുഞ്ഞുങ്ങള്‍ക്കായി പാലു ചുരത്താന്‍ അവള്‍ ഇപ്പോള്‍ ആ കാര്‍ഡ് ബോര്‍ഡ് പെട്ടിയ്ക്കരികിലേക്കു പോവും....
അപ്പുക്കുട്ടന്‍ വേഗം മുറിയില്‍ കയറി വാതിലടച്ചു. കുറച്ചുകഴിഞ്ഞ് പപ്പിക്കുട്ടിയുടെ നീളത്തിലുള്ള കരച്ചില്‍ അപ്പുക്കുട്ടന്‍ കേട്ടു. അമ്മ എന്തൊക്കെയോ പറയുന്നതും അവന്‍ കേട്ടു. അവന്‍ പുറത്തേക്കിറങ്ങിയില്ല. അല്‍പം കഴിഞ്ഞപ്പോള്‍ വീടിന്‍റെ മച്ചിന്‍മുകളില്‍നിന്ന് അവളുടെ കരച്ചില്‍ അവന്‍ വീണ്ടും കേട്ടു. കുഞ്ഞുങ്ങളെ അന്വേഷിച്ചു നടക്കുകയാണവള്‍.
തലയിണ കെട്ടിപ്പിടിച്ചു കിടന്ന് അപ്പുക്കുട്ടന്‍ ഏറെ നേരം കരഞ്ഞു. ഇടയ്ക്കെപ്പോളോ ഇടക്കതക് ചാടി പപ്പിക്കുട്ടി അപ്പുക്കുട്ടന്‍റെ അരികിലുമെത്തി. അവന്‍ കിടക്കുന്ന കിടക്കയുടെ നാലുകോണിലും അവള്‍ തിരഞ്ഞു. അപ്പുക്കുട്ടനു വേദനയുണ്ടാക്കാത്ത വിധം കാലില്‍ കടിച്ചു...
എന്‍റെ കുട്ടികളെവിടെ? അവളുടെ ചോദ്യമതായിരിക്കുമെന്ന് അപ്പുക്കുട്ടന് അറിയാമായിരുന്നു. അവള്‍ക്കു നേരെ നോക്കാന്‍ പോലും ധൈര്യമില്ലാതെ അപ്പുക്കുട്ടന്‍ ആ മുറി വിട്ട് പുറത്തിറങ്ങി.
അന്നു സ്കുളില്‍ പഠിപ്പിച്ചതൊന്നും അപ്പുക്കുട്ടന്‍ കേട്ടില്ല. യാന്ത്രികമായി വൈകുന്നേരം വരെ സ്കൂളിലിരുന്ന അവന്‍ വൈകുന്നേരത്തെ ഫുട്ബോള്‍ കളിക്കു പോലും നില്‍ക്കാതെ നേരെ വീട്ടിലേക്കു നടന്നു.
വീടിനു മുന്‍പിലെത്തിയപ്പോള്‍ അതാ അമ്മ.
അപ്പുക്കുട്ടന്‍റെ നേര്‍ക്ക് അമ്മ വിഷാദഭാവത്തോടെ നോക്കി. ആ നോട്ടത്തിന്‍റെയര്‍ഥം അപ്പുക്കുട്ടനു പിടികിട്ടിയില്ല. അവന്‍ പുസ്തകം വച്ചശേഷം നേരെ ചായ്പിലേക്കു നടന്നു.
കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ പപ്പിക്കുട്ടിയുണ്ട്. അവള്‍ ഉറങ്ങുകയാണ്.
അപ്പുക്കുട്ടന്‍ രണ്ടു കൈകൊണ്ടും അവളെ ഉയര്‍ത്തിയെടുക്കാന്‍ തുനിഞ്ഞു. ഒരു നിമിഷം, അപ്പുക്കുട്ടന്‍ ഞെട്ടി പിന്‍മാറി. പപ്പിക്കുട്ടിയുടെ കൈകാലുകള്‍ മരച്ചിരിക്കുന്നു. തന്നെത്തന്നെ തുറിച്ചുനോല്‍ക്കുന്ന കണ്ണുകള്‍. ചെവിയില്‍ അവിടവിടെയായി വട്ടംകൂടിയ ഉറുമ്പുകള്‍....
അപ്പുക്കുട്ടന്‍.......
അവന്‍റെ കൊച്ചു മനസ്സു പിടച്ചു.
തൊട്ടരികില്‍ അമ്മ. അവന്‍ അമ്മയുടെ നേര്‍ക്കു നോക്കി.
അമ്മയുടെ കണ്‍കോണുകളില്‍ രണ്ടു തുള്ളി കണ്ണീര്‍ ഇറ്റുവീഴാന്‍ അവന്‍റെ അനുവാദം ചോദിച്ച് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
Wednesday, June 13, 2007
ഗാനാഞ്ജലി ലൂക്കോസ് കുമാര്‍
(ലൂക്കോസ് കുമാര്‍ എന്ന പേരിലെ കുമാര്‍ വാല്യു അഡീഷനാണ്. ഞാന്‍ കയ്യീന്നിട്ടതാണെന്നും പറയാം. )
ലൂക്കോസിന് കാഴ്ചയില്‍ ഒരേയൊരു സംഗതിയുടെ കുറവേയുണ്ടായിരുന്നുളളൂ. അതു രണ്ടു കുപ്പി ഗ്ലൂക്കോസിന്‍റേതായിരുന്നു.
കാഴ്ചയില്‍ മെലിഞ്ഞിട്ടായിരുന്നെങ്കിലും സ്വഭാവം കൊണ്ടു തടിയനും കുടിയനും മടിയനുമൊക്കെയായിരുന്നു ലൂക്കോസ്. പ്രത്യേകിച്ചു പണിയൊന്നുമില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാനപണി. വയസ്സ് ഇരുപത്താറ്. കാഴ്ചയില്‍ മുപ്പതു പറയും. വീട്ടില്‍ അപ്പനും അമ്മയും കൂടാതെ രണ്ടു ചേട്ടന്‍മാര്‍. അവരുടെ കല്യാണം കഴിഞ്ഞു. അടുത്ത പ്രസുദേന്തി എന്ന നിലയില്‍ കല്യാണം കഴിക്കാന്‍ മാനസികമായി തയ്യാറെടുത്തു വരുന്ന കാലം. നല്ല കല്യാണാലോചനകളൊന്നും ലൂക്കോസിനെത്തേടി വരാത്തതിന്‍റെ ചെറിയ നിരാശ ആമുഖത്തു പ്രതിഫലിച്ചിരുന്നു.
പണിയെന്തെന്നു ചോദിക്കുമ്പോള്‍ വീട്ടിലെ ജഴ്സിപ്പശുവിനെ കറക്കലും പുല്ലുചെത്തലുമാണ് എന്നു പറയുന്നതെങ്ങനെ എന്നോര്‍ത്ത് ഒന്നും മിണ്ടാതെ നില്‍ക്കും. അതുകാണുമ്പോള്‍ കല്യാണം ആലോചിച്ചു വന്ന കൂട്ടര് ഒന്നും മിണ്ടാതെ മടങ്ങിപ്പോവും. എത്ര നന്നായിട്ടും കാര്യമില്ല, തനിക്ക് മാന്യമായൊരു ജീവിതഗതിയുണ്ടാവില്ലെന്നായിരുന്നു ലൂക്കോസിന്‍റെ കണക്കുകൂട്ടല്‍.
ആ കണക്കുകൂട്ടലാകെ തെറ്റിച്ചത് ഇടവക പള്ളിയിലെ വികാരിയച്ചനാണ്.വികാരിച്ചയന്‍റെയടുത്ത് അബദ്ധവശാല്‍ കുമ്പസാരിക്കാന്‍ പോയ ലൂക്കോസ് എണ്ണിയെണ്ണിപ്പറഞ്ഞ പാപങ്ങളുടെ പട്ടികയില്‍ ഒന്നില്‍ വികാരിയച്ചന്‍റെ കണ്ണുടക്കി- നാലാഴ്ചയായി ഞായറാഴ്ച കുര്‍ബാന കണ്ടിട്ടില്ല!!
ലൂക്കോസിനെ സംബന്ധിച്ച് അതു പുതിയ കാര്യമല്ലായിരുന്നെങ്കിലും വികാരിയച്ചന് അതു പുതിയ സംഭവമായിരുന്നു. മഹാപാപിക്ക് ഒരു പണി കൊടുക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. പ്രായ്ശ്ചിത്തങ്ങള്‍ അക്കമിട്ടു പറഞ്ഞ കൂട്ടത്തില്‍ വികാരിയച്ചന്‍ ലൂക്കോസിനോടായി പറഞ്ഞു. - അടുത്ത നാലു ഞായറാഴ്ചകളില്‍ രാവിലെ സണ്‍ഡേ സ്കൂള്‍ പിള്ളേരുടെ കുര്‍ബാന നീ കാണണം. കുര്‍ബാന കഴിഞ്ഞ് എന്നെ വന്നു കാണുകയും വേണം.
അടി കിട്ടിയ പോലെയായിപ്പോയി ലൂക്കോസിന്. സാധാരണ കുര്‍ബാന ഒരു മണിക്കൂറെങ്കില്‍ സണ്‍ഡേ സ്കൂള്‍ പിള്ളേരുടെ കുര്‍ബാന ഒന്നരമണിക്കൂറാണ്. പക്ഷേ എന്തു ചെയ്യാം? പ്രായ്ശ്ചിത്തം ചെയ്യാതെ മാര്‍ഗമില്ലല്ലോ..!!
അങ്ങനെ, അടുത്ത ഞായറാഴ്ച ദിവസംരാവിലെ ഒന്‍പതേ മുക്കാലോടെ ലൂക്കോസ് കുളിച്ചു കുട്ടപ്പനായി
വെള്ളമുണ്ടും വെള്ളഷര്‍ട്ടുമിട്ട് ഒരു മാലാഖനെപ്പോലെ കുര്‍ബാനയ്ക്കു വന്നു. സങ്കീര്‍ത്തിയോടു ചേര്‍ന്ന്, ഗായകസംഘത്തിന്‍റെ നേരെ എതിര്‍ഭാഗത്തായി നിലയുറപ്പിച്ച ലൂക്കോസിനെക്കൂടതെ അവിടെ വേറെയും ചില യുവാക്കളുണ്ടായിരുന്നു.അവരില്‍ പലരും ലൂക്കോസിന്‍റെ സുഹൃത്തുക്കളായിരുന്നു. - ഇവന്‍മാര്‍ക്കും കിട്ടിക്കാണും വികാരിയച്ചന്‍ വക പ്രായ്ശ്ചിത്തം.. ലൂക്കോസ് മനസ്സിലോര്‍ത്തു.
ലൂക്കോസ് മനസ്സിലോര്‍ത്തതല്ലായിരുന്നു സുഹൃത്തക്കള്‍ മനസ്സിലോര്‍ത്തത്..! ഇനി ഇവനെക്കൂടി നേരിടണമല്ലോ ദൈവമേ എന്നായിരുന്നു അവരുടെ ചിന്ത.കാരണമുണ്ടായിരുന്നു. ഗായക സംഘത്തിലെ പ്രധാന ഗായികയുടെ ആരാധകരായിരുന്നു അവര്‍. കാഴ്ചയിലും സ്വരമാധുരിയിലും ശരീരത്തിലും ശാരീരത്തിലും എന്നും പറയാം) സൗമ്യസൗന്ദര്യമൊളിപ്പിച്ചു വച്ച അവളുടെ കടാക്ഷമധുരം കാത്തായിരുന്നു ആ യുവനിരയുടെ നില്‍പ്. അവര്‍ക്കിടയിലേക്കായിരുന്നു ലൂക്കോസിന്‍റെ വരവ്.
ഏകദേശം പത്തോളം പേരുണ്ടായിരുന്നു അവിടെ.
ഗായക നിര കുര്‍ബാനയ്ക്കു മുന്‍പുള്ള ഗാനമാലപിച്ചു തുടങ്ങി. നല്ല പാട്ട്. ലൂക്കോസും അറിയാതെ മനസ്സൂകൊണ്ട് ആ പാട്ടുമൂളി. കൂട്ടത്തിലെ പത്തുപേരുടെയും കണ്ണുകള്‍ ഗായകനിരയിലെ മുന്‍നിര ഗായികയെത്തേടിപ്പോയപ്പോള്‍ ലൂക്കോസിന്‍റെ കണ്ണുടക്കിയത് മുന്‍നിര ഗായികയുടെ ഇടതുവശത്ത് ഹമ്മിങ് മൂളിനിന്ന പെണ്‍കുട്ടിയിലാണ്.
മുന്‍പും എവിടെയോ കണ്ടിട്ടുള്ള മുഖം.
പക്ഷേ എവിടെയെന്നോര്‍മയില്ല. പൂര്‍വജന്‍മത്തിലായിരിക്കുമോ?
ദൈവമേ...! അതൊരു സ്പാര്‍ക്കായിരുന്നു!! ആ തീപ്പൊരിയില്‍ ലൂക്കോസ് ഒന്നുലഞ്ഞു. അടുത്ത നിമിഷം ലൂക്കോസിന്‍റെ മനസ്സു പുകഞ്ഞു തുടങ്ങി. പ്രണയത്തിന്‍റെ നീറ്റല്‍ എന്നു വിശേഷിപ്പിക്കാവുന്ന ആ നീറ്റല്‍ അല്‍പം സുഖകരമായിത്തോന്നി ലൂക്കോസിന്. പിന്നെ, അവിടെ നടന്ന പാട്ടുകളൊന്നും ലൂക്കോസ് കേട്ടില്ല. ആകെ കേട്ടത് അവളുടെ മധുരമനോഹരമായ ഹമ്മിങ് മാത്രം.
കുര്‍ബാന കഴിഞ്ഞു. വികാരിയച്ചന്‍റെ അടുത്തു ഹാജര്‍വച്ചു മടങ്ങിയ ലൂക്കോസ് മനസ്സിലൊരു തീരുമാനമെടുത്തിരുന്നു. ഇനിയൊരു നല്ല ജീവിതമുണ്ടെങ്കില്‍ അത് അവള്‍ക്കൊപ്പമായിരിക്കും...!
ആരോടും പ്രത്യേകിച്ച് അവളോടു തന്നെയും ചോദിക്കാതെ അങ്ങനെയൊരു തീരുമാനമെടുത്തിന്‍റെ സാംഗത്യം ലൂക്കോസിനു തന്നെ പിടികിട്ടിയില്ല. ഒന്നു തീരുമാനിച്ചാല്‍ അതു നടപ്പാക്കുക എന്നതായിരുന്നു ലൂക്കോസിന്‍റെ പതിവ്.
അതോടെ ലൂക്കോസ് നല്ലവനായിത്തുടങ്ങി. പ്രണയം തലയ്ക്കു പിടിച്ചു കഴിഞ്ഞതോടെ മദ്യം തലയ്ക്കു പിടിക്കില്ലെന്നായി. ലൂക്കോസിന്‍റെ വരവു നിലച്ചതോടെ മേരിഗിരി ഉപഷാപ്പ് പൂട്ടുന്നതിനെക്കുറിച്ചുപോലും കോണ്‍ട്രാക്ടര്‍ ആലോചിച്ചു തുടങ്ങി. അത്രയ്ക്കായിരുന്നു ആ മാറ്റം. രണ്ടുദിവസത്തില്‍ ഒരിക്കല്‍ മാത്രം കുളിച്ചിരുന്ന പതിവും ലൂക്കോസ് നിര്‍ത്തി. ദിവസവും രാവിലെയും വൈകിട്ടും കുളി. ചുണ്ടില്‍ പതിവായി എരിഞ്ഞിരുന്ന ദിനേശ് ബീഡി എന്നെന്നേയ്ക്കുമായി വലിച്ചെറിഞ്ഞു. പകരം, അവളുടെ കര്‍ണപുളകിതമായ ഹമ്മിങ് ഒന്നു ചുണ്ടില്‍ ഫിറ്റു ചെയ്തു. എപ്പോഴും മൂളിപ്പാട്ട്.
ലൂക്കോസിന്‍റെ അമ്മച്ചി അച്ചാമ്മച്ചേടത്തിക്കുപോലും കാര്യം പിടികിട്ടിയില്ല. മകന്‍ ഡീസന്‍റായതിന്‍റെ സന്തോഷം പക്ഷേ അവരെ വല്ലാതാക്കി. മൂത്തതു രണ്ടും തല്ലിപ്പൊളിയായപ്പോളും അവര്‍ക്കു പ്രതീക്ഷ ഇളയതിലായിരുന്നു. ആ പ്രാര്‍ഥന ദൈവം കേട്ടിരിക്കുന്നു....
ലൂക്കോസ് നന്നായ വാര്‍ത്തയറിഞ്ഞ ജനം അതു കേട്ടപാടെ മൂടിവച്ചു. ഒരുത്തന്‍ നന്നാവുന്നത് ആര്‍ക്കും സഹിക്കില്ലല്ലോ..!
വെറുതെ മൂളിപ്പാട്ടും പാടി നടക്കുന്നതില്‍ അര്‍ഥമില്ല എന്ന് ലൂക്കോസിന് അറിയാമായിരുന്നു. തന്‍റെ ഹൃദയരാഗമായി മാറിക്കഴിഞ്ഞ ആ ഗാനകോകിലത്തെ നേരില്‍ കണ്ട് ഇംഗിതം അറിയിക്കണം. എങ്കിലേ തുടര്‍ന്നുള്ള പദ്ധതികള്‍ നടപ്പാക്കാനാവൂ..
നേരിട്ടു പറയാനുള്ള വിഷമം കാരണം ലൂക്കോസ് ഒരു കത്തെഴുതാന്‍ തീരുമാനിച്ചു.
പ്രിയപ്പെട്ട സാറാമ്മയ്ക്ക്,
ഹൃദയം പ്രണയസുരഭിലവും മനസ്സ് പ്രണയകോകിലവുമായി മാറിക്കഴിഞ്ഞ ഈ യൗവ്വനകാലത്ത് എന്‍റെ പ്രിയ സുഹൃത്ത് അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു. ഞാനാണെങ്കില്‍ സാറാമ്മയെക്കുറിച്ചുള്ള മധുര മനോഹര മനോജ്ഞ സ്വപ്നങ്ങളില്‍ അഭിരമിച്ച് ഇങ്ങനെ വല്ലാതായിക്കൊണ്ടിരിക്കുകയാണ്.
- വൈക്കം മുഹമ്മദ് ബഷീറിന്‍റെ പഴയ പ്രണയകഥയ്ക്കൊരു പാരഡിയെന്നു വായിക്കുന്നവര്‍ക്കു തോന്നും. അങ്ങനെ തോന്നിയാല്‍ അതു തികച്ചും യാദൃശ്ചികം മാത്രം.
ബഷീര്‍ ചെയ്യാതിരുന്ന ഒരു കാര്യം കൂടി ലൂക്കോസ് ആ കത്തില്‍ ചെയ്തു- എന്നെ ഇഷ്ടമാണെങ്കില്‍ അടുത്ത ഞായറാഴ്ച പച്ച ചുരിദാര്‍ ധരിച്ചു വരുമല്ലോ...
കത്ത് കൈമാറിയ ശേഷമുള്ള ദിനങ്ങള്‍ ലൂക്കോസ് ഉന്തിതള്ളിനീക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടു. ഒടുവില്‍ ശനിയാഴ്ച വന്നു. രാത്രിയായി. ഞായറാഴ്ചയായി. പള്ളിയില്‍ എല്ലാവര്‍ക്കും മുന്‍പേ വന്നതു ലൂക്കോസ്. ഗായകസംഘം നേരത്തെ എത്തിയിട്ടുണ്ട്.
പക്ഷേ ഹമ്മിങ്ങിനു ശ്രുതി പകരാന്‍ സാറാമ്മ മാത്രമില്ല!!
ലൂക്കോസിനു സങ്കടമായി. തന്നോട് ഇഷ്ടമാണെന്നു പറയാന്‍ ഇട്ടോണ്ടു വരാന്‍ അവള്‍ക്കു പച്ച ചുരിദാര്‍ ഇല്ലായിരിക്കുമോ? അത് അന്വേഷിച്ചിട്ടു മതിയായിരുന്നു അങ്ങനെ എഴുതാന്‍... ഇനി എന്തു ചെയ്യാന്‍..?
അങ്ങനെ ആലോചിച്ചുനില്‍ക്കെ ലൂക്കോസ് അവളെ കണ്ടു. സാറാമ്മ. മഞ്ഞ ചുരിദാര്‍.
ലൂക്കോസിനു സങ്കടമായി. അവള്‍ക്കു തന്നെ ഇഷ്ടമായില്ല. അല്ലെങ്കിലും അവള്‍ക്ക് ഇഷ്ടപ്പെടാന്‍ മാത്രം തനിക്ക് എന്തു കുന്തമാണുള്ളത്? അതു നേരത്തെ ഓര്‍ക്കേണ്ടതായിരുന്നു. ലൂക്കോസ് അങ്ങനെ ആലോചിച്ചു നില്‍ക്കെ അവള്‍ പള്ളിയില്‍ മുട്ടുകുത്തി.
കയ്യിലുണ്ടായിരുന്ന പ്ളാസ്റ്റിക് കൂടില്‍നിന്ന് പച്ച നിറത്തിലുള്ള നെറ്റ് എടുത്ത് തലമൂടി... അണഞ്ഞുപോയ ലൂക്കോസിന്‍റെ ഹൃദയബള്‍ബുകള്‍ ഇരട്ടി പ്രകാശത്തോടെ കത്തി.
ഇതില്‍നിന്നു താനെന്താണു മനസ്സിലാക്കേണ്ടത്? അവള്‍ക്കു തന്നെ ഇഷ്ടമാണെന്നോ അല്ലെന്നോ? അതോ പകുതി ഇഷ്ടമാണെന്നോ? എന്തായാലും മുന്‍പോട്ടു പോവുക തന്നെ... വികാരിയച്ചന്‍റെ ലിസ്റ്റിലുണ്ടായിരുന്ന നാലു ഞായറാഴ്ചകളും കഴിഞ്ഞു. പിന്നെയും ലൂക്കോസ് പള്ളിയില്‍ സ്ഥിരക്കാരനായി.
ഞായറാഴ്ചകള്‍ക്കു പുറമേ എല്ലാ ഇടദിവസങ്ങളിലും സാറാമ്മയെ കാണാന്‍ ലൂക്കോസ് എത്തിക്കൊണ്ടിരുന്നു.ഇതു കണ്ട് സന്തോഷിച്ചതു വികാരിയച്ചനായിരുന്നു. തന്‍റെ ഒറ്റ ഉപദേശം കൊണ്ട് ചെറുക്കന്‍ ഡീസന്‍റായിരിക്കുന്നു. അച്ചന് തന്നോടുതന്നെ ജീവിതത്തിലാദ്യമായി അഭിമാനം തോന്നി. ഇവനെ പള്ളിയിലെ കപ്യാരാക്കുക തന്നെ. ഒഴിഞ്ഞുകിടന്ന കപ്യാര്‍ പോസ്റ്റിലേക്ക് ലൂക്കോസിനെ വികാരിയച്ചന്‍ നിയമിച്ചു.
സാറാമ്മയുമായി അടുക്കാന്‍ അതൊരു അവസരമാകുമെന്നു മനസ്സിലാക്കിയ ലൂക്കോസ് പൂര്‍ണസന്തോഷത്തോടെ ആ ജോലി ഏറ്റെടുത്തു. സാറാമ്മയുടെ സംഗീതത്തിനൊപ്പം ലൂക്കോസിന്‍റെ വക പള്ളിമണികള്‍ കൂടി. പള്ളിമണികളും ഹല്ലേല്ലൂയ ഗീതവുംകൂടിച്ചേര്‍ന്നു പളളിമുറ്റം വരെ ഭക്തിസാന്ദ്രമായ ദിനങ്ങള്‍.
പക്ഷേ, ലൂക്കോസിന്‍റെ മനസ്സില്‍ ആശങ്ക തളം കെട്ടിക്കിടന്നിരുന്നു. സാറാമ്മ ഒരിക്കലും ഒരു ഉത്തരവും തരാത്തതിലായിരുന്നു ലൂക്കോസിന്‍റെ ആശങ്ക.
ഒരുപക്ഷേ, പള്ളി കപ്യാരെ പ്രേമിക്കാന്‍ അവള്‍ക്കു വട്ടുണ്ടോ? - ലൂക്കോസിന്‍റെ ഇന്‍ഫീരിയോറിറ്റി കോംപ്ളക്സ് വര്‍ക്കു ചെയ്തു തുടങ്ങി. അവളോട് നേരിട്ട് ഇഷ്ടമാണോ എന്നു ചോദിക്കുക തന്നെ.
ഇഷ്ടമല്ലെന്നേ അവള്‍ പറയൂ.. എങ്കിലും വേണ്ടില്ല. അതവളുടെ വായില്‍നിന്നു തന്നെ കേള്‍ക്കാമല്ലോ..അവള്‍ ഇഷ്ടമല്ലെന്നു പറയുന്ന അന്ന് താന്‍ പഴയ ലൂക്കോസ് ആയിമാറുമല്ലോ എന്നോര്‍ത്തപ്പോള്‍ ലൂക്കോസിനു വിഷമം വന്നു. വിഷമിച്ചിട്ടു കാര്യമില്ല. ഒരു പ്രയോജനവുമില്ലാതെ ഇതു മനസ്സില്‍ വച്ചു കൊണ്ടു നടക്കുന്നതാണ് അതിലേറെ വിഷമം..- ലൂക്കോസ് പള്ളിയിലെ കപ്യാര്‍ ആയിരുന്നെങ്കിലും മെത്രാനച്ചനേക്കാള്‍ കോമണ്‍ സെന്‍സ് ഉണ്ടായിരുന്നു.
ഞായറാഴ്ച ദിവസം കുര്‍ബാന കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനൊരുങ്ങിയ സാറാമ്മയെ ലൂക്കോസ് പിന്നില്‍നിന്നു വിളിച്ചു. അതു കേട്ട് സാറാമ്മ ചോദ്യഭാവത്തില്‍ തിരിഞ്ഞുനിന്നു.
സാറാമ്മേ എനിക്കൊരു കാര്യമറിയണം. കഴിഞ്ഞ ഒന്നരവര്‍ഷമായി ഞാന്‍ ഏകദേശം നൂറോളം കത്തുകള്‍ സാറാമ്മയ്ക്കു നല്‍കി. അവയ്ക്കൊന്നും ഇതുവരെ കൃത്യമായ ഒരു മറുപടി എനിക്കു കിട്ടിയിട്ടില്ല. എനിക്കിപ്പോള്‍ ഒരു കാര്യമറിയണം. സാറാമ്മയ്ക്ക് എന്നെ ഇഷ്ടമാണോ? യേസ് എന്നോ നോ എന്നോ പറയാം. എന്തായാലും എനിക്കു പിണക്കമില്ല. നോ എന്നാണ് ഉത്തരമെങ്കില്‍ അതു പറയാന്‍ മടിക്കരുത്. ഇനിയും ഇത് ഇങ്ങനെ നീറ്റലായി നീട്ടിക്കൊണ്ടുപോകാന്‍ എനിക്കു താല്‍പര്യമില്ല.
സാറാമ്മയുടെ സുന്ദരശബ്ദത്തില്‍ വരുന്ന നോ എന്ന വാക്കു കേള്‍ക്കാന്‍ മനസ്സുകൊണ്ട് ലൂക്കോസ് തയ്യാറെടുത്തു നിന്നു.
നിമിഷങ്ങളുടെ ഇടവേള...
യേസ്...!!
എന്താ പറഞ്ഞത്?
യേസ് എന്ന്. എന്താ കേട്ടില്ലേ?
ആ നിമിഷം ലൂക്കോസ് അവിടെ ബോധം കെട്ടുവീണു..! കുര്‍ബാന കഴിഞ്ഞിറങ്ങിയ വികാരിയച്ചന്‍ ആനാംവെള്ളം തളിച്ചാണു ലൂക്കോസിനെ ഉണര്‍ത്തിയത്.
അപ്പോളും ലൂക്കോസ് പക്ഷേ സ്വപ്നലോകത്തായിരുന്നു. സാറാമ്മ പറഞ്ഞിട്ടു പോയ കാര്യം ലൂക്കോസിന്‍റെ ചങ്കിലൂടെ ഒന്‍വിയുടെ കവിതയില്‍ പറയുന്ന മാതിരിയുള്ള പൊന്നരിവാള്‍ ഒന്നു കടത്തിവിട്ടു. സാറാമ്മയ്ക്ക് തന്നെ ഇഷ്ടമാണെന്ന്. അതായത് ഇത്രയും കാലം അവള്‍ക്കു തന്നെ ഇഷ്ടമായിരുന്നു എന്ന്. സന്തോഷം സഹിക്കാന്‍ വയ്യാതെ ഒരു കുര്‍ബാന ചൊല്ലിയാലോ എന്നു പോലും വെറും കപ്യാരായ ലൂക്കോസ് ആലോചിച്ചുപോയി.
ലൂക്കോസിന്‍റെ പ്രണയം പതിയെ നാടറിഞ്ഞു തുടങ്ങി. ആദ്യമറിഞ്ഞത് പള്ളിയിലെ പ്രധാന ഗായികയും നാട്ടിലെ മുഴുവന്‍ ചെറുപ്പക്കാരുടെയും ആരാധനപാത്രവും ബക്കറ്റുമൊക്കെയായ ആ സുന്ദരാംഗിയാണ്. അവള്‍ക്ക് അതു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എസ്ഐ ആയ താനിവിടെയുള്ളപ്പോള്‍ കോണ്‍സ്റ്റബിള്‍ ആയ അവള്‍ക്ക് സമന്‍സ് കൊടുക്കാന്‍ എന്തധികാരം എന്ന ലൈനില്‍ സ്ത്രീസഹജമായ കുശുമ്പും കുന്നായ്മയും സുന്ദരാംഗിയുടെ ഉറക്കം കെടുത്തി.
ഉറക്കമില്ലാത്ത രാവുകളില്‍ ദുസ്വപ്നമായി അവളുടെ സ്വപ്നങ്ങളില്‍ സാറാമ്മയും ലൂക്കോസും നിറഞ്ഞുനിന്നു. ഒടുവില്‍ അവളാ കടുംകൈ ചെയ്തു.
ലൂക്കോസ് - സാറാമ്മ പ്രണയം തന്‍റെ പാട്ടിനെക്കാള്‍ മനോഹരമായ പാട്ടാക്കി നാട്ടിലാകെ പാട്ടാക്കി. വികാരിയച്ചന്‍ വിവരമറിഞ്ഞു. സാറാമ്മയുടെ അപ്പച്ചന്‍ അന്തോണിച്ചേട്ടനറിഞ്ഞു. ലൂക്കോസിന്‍റെ അപ്പന്‍ കുര്യന്‍ചേട്ടനറിഞ്ഞു. എല്ലാവരുമറിഞ്ഞു. സാറാമ്മയും ലൂക്കോസും... ങ്ക്കും... ഞാന്‍പറയുവേലാ ലൈനില്‍ ആ പ്രണയം നാട്ടുകാര്‍ ആഘോഷിച്ചു.
സാറാമ്മയ്ക്ക് അപ്പന്‍, അമ്മ, ആങ്ങളമാര്‍ എന്നിവരുടെ വകയായി ഇഷ്ടം പോലെ അടി കിട്ടി. ലൂക്കോസിനെ കണ്ടാല്‍ കുത്തി മലര്‍ത്തുമെന്ന് അവളുടെ മൂത്ത ആങ്ങള പ്രഖ്യാപിക്കുക പോലുമുണ്ടായി. അതോടെ സംഗതി വഷളായി.
എന്തു സംഭവിച്ചാലും ആരെതിര്‍ത്താലും ഞാനവളെ കെട്ടുമെന്നു ലൂക്കോസ്.
നീ ഞൊട്ടുമെന്ന് സാറാമ്മയുടെ ആങ്ങളമാര്‍.
പണ്ട് പാലമ്മൂട് ഷാപ്പില്‍ വച്ച് രണ്ടു കുപ്പി കള്ളുമേടിച്ചു തന്നതിന്‍റെ നന്ദിയെങ്കിലും വേണമെന്നു ലൂക്കോസ്.
അതിനു നന്ദിയായി അന്നു നിന്നെ ഞങ്ങളു വീട്ടില്‍ വരെ ചുമന്നതല്ലേ എന്നവര്‍..
വാഗ്വാദവും ഗ്വാ ഗ്വാ വിളിയും അങ്ങനെ നീളെ സാറാമ്മയുടെ അപ്പന്‍ അന്തോണിച്ചേട്ടന്‍ മകളെയുമായി നാടുവിട്ടു. ലൂക്കോസ് ആ വാര്‍ത്ത വൈകിയാണ് അറിഞ്ഞത്. എവിടേക്കാണു പോയതെന്ന് ആര്‍ക്കുമറിയില്ല. മകളെ രഹസ്യ സങ്കേതത്തിലാക്കി മടങ്ങിയെത്തിയ അന്തോണിച്ചേട്ടന്‍ ഒരു പ്രഖ്യാപനവും നടത്തി.
എന്‍റെ മകളെ അവന്‍ കെട്ടുന്നത് എനിക്കൊന്നു കാണണം. - ഞാനവളെ മഠത്തില്‍ ചേര്‍ത്തു...!!
അതു കേട്ട ലൂക്കോസിന്‍റെ മനസ്സുരുകി. തന്‍റെ മണവാട്ടിയാകേണ്ടവള്‍ കര്‍ത്താവിന്‍റെ മണവാട്ടിയാകും. കര്‍ത്താവേ.. ഈ ചതി...?!!!
ഒരു സുപ്രഭാതത്തില്‍ ഭരണങ്ങാനം മറ്റൊരു വാര്‍ത്ത കൂടി കേട്ടു. ലൂക്കോസ് നാടുവിട്ടു.
എങ്ങോട്ടാണു പോയതെന്നറിയില്ല. സാറാമ്മയില്ലാത്ത തന്‍റെ ജീവിതം കമ്പി പൊട്ടിയ വയലിന്‍ പോലെയായി എന്നു കത്തെഴുതി വച്ചിട്ടായിരുന്നു ലൂക്കോസിന്‍റെ നാടുവിടല്‍. തന്നെ ഇനി അന്വേഷിക്കരുതെന്നും...ലൂക്കോസിനെ അനുനയിപ്പിക്കാനും കണ്ടെത്താനുമായി നാടിന്‍റെ നാനാഭാഗങ്ങളിലേക്ക് ആളു പോയി. നല്ല കല്യാണാലോചനകള്‍ പലതുമായി ലൂക്കോസിന്‍റെ അപ്പന്‍ പലയിടത്തും കറങ്ങി. ലൂക്കോസിനെ മാത്രം കണ്ടെത്തിയില്ല.
>>> >>>>
വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മഴക്കാല സന്ധ്യ...
നാട്ടില്‍നിന്നു റബ്ബര്‍ത്തടിയുമായി ഓട്ടം പോയ ലോറി ഡ്രൈവര്‍ കുഞ്ഞാണ്ടി ലൂക്കോസിനെ കണ്ടു. വാളയാര്‍ ചെക് പോസ്റ്റില്‍. ചായക്കടയില്‍ സപ്ളയറാണ്. പഴയ രൂപവും ഭാവവും തന്നെ. ഒരു മാറ്റവുമില്ല.
ലൂക്കോസിനെ കണ്ട കുഞ്ഞാണ്ടി സൗഹൃദം പുതുക്കാന്‍ ചെന്നെങ്കിലും കണ്ട ഭാവം നടിക്കാതെ ലൂക്കോസ് അവിടെനിന്നു മാറി. എങ്കിലും വിട്ടുകൊടുക്കാന്‍ കുഞ്ഞാണ്ടി തയ്യാറല്ലായിരുന്നു. ലൂക്കോസിന്‍റെ പിന്നാലെ അയാളും ചെന്നു.
ലൂക്കോസ് നടത്തത്തിനു വേഗം കൂട്ടി. പിടി കൊടുക്കാതിരിക്കാന്‍ ചെറുതായി ഓടിത്തുടങ്ങി. തനിക്കു മുന്‍പില്‍ ഓടിക്കൊണ്ടിരുന്ന ലൂക്കോസിനെ പിടിച്ചുനിര്‍ത്താന്‍ കുഞ്ഞാണ്ടിക്ക് ആവുമായിരുന്നില്ല.
അയാള്‍ ഓട്ടം നിര്‍ത്തി.
എടാ ലൂക്കോസേ.. നീ പൊയ്ക്കോ. പക്ഷേ ഇതുകൂടി കേട്ടിട്ടു പോ...നീ നാടുവിടാന്‍ കാരണമായ പെണ്ണുണ്ടല്ലോ...
ശ്വസമെടുക്കാന്‍ കുഞ്ഞാണ്ടി നിര്‍ത്തി.
ലൂക്കോസിന്‍റെ ഓട്ടം പെട്ടെന്നു നിലച്ചു. അവന്‍ തിരിഞ്ഞുനിന്നു.
അവളുണ്ടല്ലോ... നിന്‍റെ സാറാമ്മ. അവളെ മഠത്തില്‍ച്ചേര്‍ത്തെന്ന് അവളുടെ തന്ത നുണ പറഞ്ഞതാ.. അവള് മഠത്തില്‍ ചേര്‍ന്നിട്ടില്ല. അയാളുടെ പെങ്ങടെ വീട്ടില്‍ കൊണ്ടുപോയി ഒളിവില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. ഇപ്പം നാട്ടിലുണ്ട്. നിന്നെയല്ലാതെ വേറെയാരെയും കെട്ടില്ലെന്നു പറഞ്ഞ് അവളു ബലംപിടിച്ചു നില്‍ക്കുവാ... നിനക്കു നല്ല സൗകര്യമുണ്ടേല് അവളെപ്പോയി കെട്ടെടാ ഉവ്വേ....
കുഞ്ഞാണ്ടി തിരിച്ചു നടന്നു. ലൂക്കോസ് തരിച്ചുനിന്നു.
പിറ്റേന്ന് ഉച്ചയോടെ വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ലൂക്കോസ് ഭരണങ്ങാനത്തു വീണ്ടും കാലു കുത്തി. സ്വന്തം വീട്ടില്‍പ്പോലും വരാതെ അവന്‍ നേരെ പോയതു സാറാമ്മയുടെ വീട്ടിലേക്കായിരുന്നു. അവളുടെ വീട്ടിലേക്കുള്ള കുത്തനെയുള്ള നട കയറുമ്പോള്‍ മുറ്റത്തുനില്‍ക്കുകയായിരുന്ന അന്തോണിച്ചേട്ടന്‍ അവനെ കണ്ടു.
അടുത്തുണ്ടായിരുന്ന സാറാമ്മയുടെ ആങ്ങളമാര്‍ അവനെ കണ്ടു. ഒടുക്കം,പുറത്തെ കാല്‍പെരുമാറ്റം കേട്ട് വഴിക്കണ്ണുമായി കാത്തിരുന്ന വേഴാമ്പലിനെപ്പോലെ അകത്തെ മുറിയില്‍നിന്നു സാറാമ്മയും പുറത്തേക്കു ജനാല വഴിയൊന്നു പാളി നോക്കി.
ലൂക്കോസ്.....
ജാലകമിഴിയിലൂടെ ലൂക്കോസ് അവളെ കണ്ടു.
അടുത്ത നിമിഷം ഈലോകത്തിലെ സകല ബന്ധനങ്ങളെയും തകര്‍ത്തെറിഞ്ഞുകൊണ്ട് എന്ന പോലെ ലൂക്കോസിന്‍റെ അടുത്തേക്ക് അവള്‍ ഓടിയെത്തി.
അവന്‍റെ ഇടതുതോളിനു പിന്നിലൊളിച്ച അവളെ തടയാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. നിശബ്ദതകളുടെ കൂറ്റന്‍ കല്‍ഭിത്തികള്‍ തകര്‍ക്കും വിധം ലൂക്കോസ് സംസാരിച്ചു.
ഇവളെ ഞാന്‍ കൊണ്ടുപോവുകയാണ്. പൊന്നു പോലെ നോക്കും. എന്നെക്കാള്‍ സ്നേഹിക്കും...
അവളുടെ കഴുത്തിലും കാതിലും കയ്യിലുമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ അവന്‍ ഊരിയെടുത്ത് അവളുടെ അപ്പന്‍റെ മുഖത്തേക്കെറിഞ്ഞു.
എനിക്ക് ഇവളെ മാത്രം മതി... ഈ ആഭരണങ്ങള്‍ നിങ്ങളെടുത്തോ....
അവളുടെ കൈ പിടിച്ച് അവന്‍ ആ നടകള്‍ തിരികയെറിങ്ങി. അപ്പോള്‍ ഭരണങ്ങാനം പള്ളിയുടെ മണിമാളികയില്‍നിന്ന് പന്ത്രണ്ടു മണി മുഴങ്ങി. അതിനു സാറാമ്മയുടെ ഹമ്മിങ്ങിന്‍റെ അതേ മാധുര്യമുണ്ടായിരുന്നു...
(അവരുടെ കല്യാണം കഴിഞ്ഞ ശേഷമുള്ള കാര്യം അന്വേഷിക്കരുത്. അവരായി അവരുടെ പാടായി. അവരു പഞ്ഞം കിടന്നോ ആത്മഹത്യ ചെയ്തോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാനും എഴുതാനും എഴുത്തുകാരനോ വായനക്കാരനോ ബാധ്യതയില്ല. താല്‍പര്യവുമില്ല!!! )
Friday, June 08, 2007
പിന്‍മൊഴികളേ വിട....
എഴുത്തും വായനയും സ്വതന്ത്ര ചിന്തയും ആരുടെയും കുത്തകയല്ല. അതുകൊണ്ടു തന്നെ ആര്‍ക്കും എന്തും പറയാനും എഴുതാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. ആരുടെയും സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ എനിക്കു താല്‍പര്യവുമില്ല.
ബൂലോഗത്തിന്‍റെ കമന്‍റ് അഗ്രിഗേറ്ററായ പിന്‍മൊഴികളുടെ ഉടമസ്ഥന്‍ അമേരിക്കയിലുള്ള ഏവൂരാന്‍ എന്നയാളാണ് എന്നു നേരത്തെ അറിയാമായിരുന്നു. അദ്ദേഹത്തിന്‍റെ ചിന്തയുടെയും സൗമനസ്കതയുടെയും ഫലമായാണ് ബൂലോഗത്തിനു തുടക്കക്കാലത്ത് ഇത്രയും മുന്നേറാന്‍ സാധിച്ചതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
പക്ഷേ, അടുത്ത ദിവസം ഏവൂരാന്‍റെയായി അദ്ദേഹത്തിന്‍റെ ബ്ലോഗില്‍വന്ന ഒരു പോസ്റ്റ് വളരെ വൈകിയാണു വായിക്കാന്‍ കഴിഞ്ഞത്. ചിലര്‍ക്കുനേരെയുള്ള വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്കൊപ്പം മനപ്പൂര്‍വമെന്ന മട്ടില്‍ ഒരു സ്ഥാപനത്തിനു നേരെയും അദ്ദേഹത്തിന്‍റെ രോഷം നീളുന്നുണ്ട്. അതെന്തിന് എന്നു വ്യക്തമാകുന്നില്ല.
നൂറുശതമാനം വികാരത്തള്ളലോടെ എഴുതപ്പെട്ട ഒരു നെറികെട്ട പോസ്റ്റ് എന്ന് അതിനെ വിലയിരുത്താതെ വയ്യ. വിശാലഹൃദയന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഏവൂരാന്‍റെ സങ്കുചിത മനസ്സു വളരെ മനോഹരമായി തുറന്നു കാട്ടുന്ന പോസ്റ്റ് കൂടിയാണത്. അതില്‍ പറഞ്ഞ കാര്യങ്ങില്‍ അനുകൂലിച്ചും എതിര്‍ത്തും ഒരുപാടുപേരുടെ കമന്‍റുകളും വായിച്ചു.
ഒരു സ്ഥാപനത്തിനു നേര്‍ക്ക് അനാവശ്യമായി രൂക്ഷ വിമര്‍ശനമുയര്‍ത്തുന്ന അദ്ദേഹത്തിന്‍റെ ചിന്തഗാതിയെ വിമര്‍ശിക്കുന്നതില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ല. അതേസമയം, അദ്ദേഹം ഉടമസ്ഥാവകാശം വഹിക്കുന്ന കമന്‍റ് അഗ്രിഗേറ്ററില്‍ ഇനി ഞാന്‍ തുടരുന്നതില്‍ അടിസ്ഥാനമില്ല എന്ന് തോന്നുന്നു. അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചവര്‍ എന്‍റെ സുഹൃത്തുക്കളായിരിക്കാം.
അതിനുമപ്പുറം ആ സ്ഥാപനത്തിനു നേര്‍ക്ക് അനാവശ്യമായി നീണ്ട രൂക്ഷ വിമര്‍ശനത്തിന്‍റെയും റയില്‍വേ ചേരികളെക്കാള്‍ വിലകുറഞ്ഞ പ്രയോഗങ്ങളുടെയും (എഴുത്ത് ഇംഗ്ളീഷിലായതുകൊണ്ട് തന്തയ്ക്കു വിളി സകലവിശുദ്ധരുടെയും ലുത്തിനിയ ആകില്ല!!)പേരില്‍ പിന്‍മൊഴി സൗജന്യത്തില്‍നിന്നു ഞാന്‍ സ്വമേധയാ പിന്‍മാറുന്നു.
എഴുതാന്‍ കഴിയുന്നിടത്തോളം കാലം ഞാന്‍ എഴുതും. വന്നു വായിക്കാന്‍ സൗകര്യമുള്ളവര്‍ വായിക്കും. ബൂലോഗത്തിന് അപ്പുറം എന്‍റെ വ്യക്തി സൗഹൃദ വലയത്തിലുള്ളവരാണ് എന്‍റെ പ്രചോദനം. ബൂലോഗത്തെ സുഹൃത്തുക്കള്‍ പിന്‍മൊഴിയുടെ സഹായമില്ലാതെയും വായിച്ചോളും.
ആരോടും വാഗ്വാദത്തിനില്ല. മഹാപ്രവാഹത്തില്‍നിന്ന് ഒരു ജലകണം തെറിച്ചുപോയെന്നു കരുതി നദിയുടെ ഒഴുക്ക് നിലയ്ക്കില്ലെന്നും അറിയാം. ഇത്രയും കാലം നല്‍കിയ എല്ലാ സഹായ സഹകരണങ്ങള്‍ക്കും നന്ദി.
സുനീഷ് തോമസ്
Wednesday, June 06, 2007
പകര്‍ച്ചപ്പനിക്കാലത്തെ പ്രണയം
(ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്‍റെ കോളറക്കാലത്തെ പ്രണയവും ഈ ചവറുമായി ഒരു ബന്ധവുമില്ല.!)
മീനച്ചില്‍ താലൂക്ക് വിറങ്ങലിച്ചു നില്‍ക്കുന്നു.
മുന്‍പ് കോര സാറിന്‍റെ മകന്‍ ഇലക്ഷനില്‍ തോറ്റപ്പോള്‍ മാത്രമായിരുന്നു പാലാ ഇതു പോലൊന്നു വിറങ്ങലിച്ചത്. ഇതിപ്പം പാല മാത്രമല്ല, മീനിച്ചില്‍ താലൂക്കു മുഴുവന്‍ വിറയ്ക്കുകയാണ്.
പനി എന്നു കേട്ടാലാണു വിറ തുടങ്ങുക.. വിറച്ചു വിറച്ചു പിന്നീട് പനി പിടിച്ചു വിറയ്ക്കും. ആശുപത്രിയില്‍പോയി വരാന്തയില്‍ കിടന്നു വിറയ്ക്കും. ഒടുവില്‍ ബില്ലു കയ്യിലോട്ടു കിട്ടുമ്പോള്‍ അതുവരെ വിറച്ചതില്‍ സങ്കടപ്പെട്ടുകൊണ്ട് പിന്നെയും വിറയ്ക്കും.
പുതിയ ഇനം പനിയാണത്രേ!
ആശുപത്രിയിലെ ഒപി റൂമുകള്‍ക്കു മുന്നില്‍ നോയമ്പു വീടലിന്‍റെ തലേന്ന് ബവ്റിജസ് ഷാപ്പിനു മുന്നില്‍ കാണുന്നതിനെക്കാള്‍ വല്യ തിരക്ക്. ചോദിക്കലും പറയലുമില്ല.
നേരെ ഡോക്ടറുടെ അടുത്തേക്കു രണ്ടു മൂന്നു പേര്‍ എടുത്തു കൊണ്ടു പോയി ആക്കും. അവിടെനിന്ന് റൂമിലെ കട്ടിലില്‍ പിടിച്ചു കിടത്തും. കയ്യും കാലും കയറു കൊണ്ട് ഒന്ന് ഉടക്കി കെട്ടിവയ്ക്കും. കാളയെ ലാടമടിക്കാന്‍ നേരത്തു പിടിച്ചുകെട്ടുന്ന പോലെ തോന്നും,
പേടിക്കേണ്ട, ഇതും ചികില്‍സയുടെ ഭാഗമാണെന്നു ഡോക്ടര്‍ പറയും.
പിന്നെ, ഒന്നരയിഞ്ച് ഇരുമ്പാണി തോല്‍ക്കുന്ന വലിപ്പത്തിലുള്ള സിറിഞ്ച് ഒരെണ്ണം എളിക്കുനേരെ അടുപ്പിക്കും.
അല്‍പം സ്പിരിറ്റ് വച്ച് അവിടെ ഒന്നു തുടച്ചാലായി. ഇല്ലേല്‍ അതുമില്ല. മരുന്നുനിറച്ച ജാക്ക് ഹാമര്‍ പോലെ സൂചി ഉള്ളിലോട്ടു കുത്തിക്കയറും.
അപ്പോള്‍ "അയ്യോ" എന്നൊരു നിലവിളിയുണ്ടാകും.
അതു പതിവാണ്, ഈചികില്‍സയുടെ ഭാഗമാണ്.
ആ നിലവിളി അടുത്ത രോഗിക്കുള്ള സിഗ്നലാണ്. റെഡിയായി നില്‍ക്കണം. (സോറി, ഒറ്റയ്ക്കു നില്‍ക്കാന്‍ പറ്റില്ല, ആരെങ്കിലുമൊക്കെ ചേര്‍ന്നു താങ്ങിപ്പിടിച്ചു നിര്‍ത്തണം!)
കുത്ത് കിട്ടിക്കഴിഞ്ഞാല്‍ ചികില്‍സ കഴിഞ്ഞു.
നാലുദിവസം കഴിഞ്ഞുപോരേ.. ഇതുപോലെ ഒരു ഡോസ് കൂടിയുണ്ട്.
ഡോക്ടര്‍ കണ്ണില്‍ച്ചോരയില്ലാതെ പറയും.
നാട്ടിലെ നാടന്‍ ചായക്കടപ്പതിവായ രണ്ട് അപ്പോം മുട്ടേം, അപ്പോള്‍ എത്രയായി എന്ന മട്ടില്‍ ചോദ്യമെറിയണം..
സൂചി ഒന്ന്- 10രൂപ, മരുന്ന് - 100 രൂപ, മുടിക്കയര്‍ ഒന്ന്- നാലുരൂപ, ഒപി റൂമിനു പുറത്തുനിന്ന് ആളെ എടുത്ത് അകത്തു കിടത്തിയ ഖലാസികള്‍ക്ക് കൂലി 50രൂപ. മൊത്തം 164 രൂപ. വാറ്റ് പന്ത്രണ്ടര ശതമാനം. എല്ലാംകൂടി 200 രൂപ തന്നേര്. അടുത്ത തവണ വരുമ്പോള്‍ ബാക്കി വാങ്ങാം..!!
ഇരുന്നൂറു രൂപ കൊടുത്താല്‍ പിന്നില്‍നിന്ന് ഒരു തൊഴി കിട്ടും. ഭാഗ്യമുണ്ടേല്‍ മോന്തയടിക്കാതെ ഡീസന്‍റായി ആശുപത്രി മുറ്റത്തു കിടക്കാം. അവിടെനിന്ന് ആവശ്യക്കാര്‍ ആരെങ്കിലും വന്ന് എടുത്തു കൊണ്ടു പോകും വരെ ആ കിടപ്പു കിടക്കാം.
ഇതുപോലൊരു പനിക്കാലം മുന്‍പെങ്ങും നാടിനെ വിറപ്പിച്ചിട്ടില്ലെന്ന് ഇപ്പോഴും പനിപിടിക്കാതെ ബാക്കിയുള്ളവര്‍ പറയുന്നു. പറയുന്നു. ആരോഗ്യ ദൃഢഗാത്രര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കൊടികെട്ടിയ വമ്പന്‍മാരാണ് ആദ്യം വീണത്.
മുട്ടിനു ചെറിയ വേദനയായി തുടക്കം. പിന്നെയതു നീരായി മാറും. മുട്ടിന്‍റെ നീര് ശരീരം മുഴുവന്‍ വ്യാപിക്കും.- എല്ലാം മണിക്കൂറുകള്‍ക്കം സംഭവിച്ചു കഴിഞ്ഞിരിക്കും. പിന്നെ സ്വന്തം കാലില്‍ പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കണമെന്നു വിചാരിക്കുന്നത് ആറുമാസം മാത്രം പ്രായമുള്ള കുട്ടി പ്രഭുദേവയ്ക്കൊപ്പം ഡാന്‍സു കളിക്കണമെന്നു വാശിപിടിക്കുന്ന പോലെയാണ്.
പനി പിടിച്ചവരെ ചുമന്നുകൊണ്ടാണ് ആശുപത്രിയിലേക്കു പോവുക. ഇത്തരത്തില്‍ ചുമന്നുകൊണ്ടുപോയവരെ പിറ്റേന്ന് വേറെ ചിലര്‍ ചുമന്നുകൊണ്ട് പോയി. അവരെ മറ്റുചിലര്‍..അങ്ങനെയങ്ങനെ ഇപ്പോള്‍ പനി ഒരു വിധം ഭേദമായി തിരികെയെത്തിയവരാണ് നാട്ടിലെ ചുമടിന്‍റെ മൊത്തം ക്വട്ടേഷന്‍ എടുത്തിരിക്കുന്നത്!
കഴിഞ്ഞ ഞായറാഴ്ച ഭരണങ്ങാനം പള്ളിയുടെ പാരീഷ് ഹാളില്‍ പകര്‍ച്ചപ്പനി പ്രതിരോധ മരുന്ന് വിതരണമുണ്ടായിരുന്നു. മരുന്നു കഴിച്ചവരെല്ലാം പിറ്റേന്ന് തന്നെ ആശുപത്രിയിലായി!!
പനി പോയാലും സന്ധി വേദന അവിടെത്തന്നെ കാണും. കൈകള്‍ക്കു ബലം പൂര്‍ണമായും നഷ്ടപ്പെടും.
ഒരു കുപ്പി പോലും പൊട്ടിക്കാന്‍ പറ്റത്താ സ്ഥിതി!
ഇനി ആരെങ്കിലും പൊട്ടിച്ചു കൊടുത്താല്‍ത്തന്നെ ഗ്ളാസ് കയ്യില്‍പിടിച്ചു വേണമല്ലോ കുടിക്കാന്‍, അതിനും ആവതില്ല.
ഇത്രയുമൊക്കെ പറഞ്ഞത്, ഇത്രയെങ്കിലുമൊക്കെ പറഞ്ഞില്ലെങ്കില്‍ മോശമല്ലേ എന്നോര്‍ത്താണ്. അത്രയ്ക്കു മോശമാണു സ്ഥിതി.
>>>> >>>>
ലൂസിക്കുട്ടിക്കു പനി പിടിച്ചെടാ....
മീനിച്ചിലാറ്റില്‍ തുപ്പലുവെട്ടാന്‍ വരുന്ന പെറുക്കി മീനുകളേം നോക്കിയിരുന്ന അവിരാപ്പിയുടെ ചെവിയിലേക്ക് അതെത്തിച്ചത് അടുത്ത സുഹൃത്ത് തോന്ന്യവാസനാണ്.
അവിരാപ്പി ആ വാര്‍ത്ത കേട്ടു വിറച്ചു. ഇപ്പം ലൂസിക്കുട്ടിയും ഇതുപോലെ വിറയ്ക്കുന്നുണ്ടാവുമെന്ന് അവനോര്‍ത്തു.
എടാ അവളെ നമ്മുടെ വരിക്കേലെ തോമ്മാച്ചനും പിണക്കാട്ടെ മാത്തുക്കുട്ടിയും ചേര്‍ന്ന് ആശുപത്രീലോട്ട് എടുത്തോണ്ടു പോകുന്നതു ഞാന്‍ കണ്ടിട്ടാ വരുന്നത്...!
അതു കൂടി കേട്ടതോടെ അവിരാപ്പിയുടെ ഉള്ളുപിടഞ്ഞു. തന്‍റെ ലൂസിക്കുട്ടിയെ (അത് അവിരാപ്പിയുടെ മാത്രം മനസ്സിലിരിപ്പാണ് എന്നു പറയാതെ വയ്യ!) വേറെ രണ്ട് കശ്മലന്‍മാര്‍ ചേര്‍ന്നു ചുമന്നോണ്ട് ആശുപത്രീലോട്ടു പോകേണ്ട ആവശ്യമുണ്ടോ?
ഉണ്ടോ?
വിടെടാ വണ്ടി മേരിഗിരി ആശുപത്രീലോട്ട്...!!
വിടാന്‍ പാകത്തിന് വണ്ടിയൊന്നും അവിടെ ഇല്ലായിരുന്നു. അവര്‍ ഓടി. നേരെ ആശുപത്രിയിലേക്ക്.
പനി പിടിച്ചവരെ കാണുന്നത് പണ്ടേ ഇഷ്ടമല്ലാത്ത തോന്ന്യവാസന്‍ ഇടയ്ക്കു കാലുമാറി. അവിരാപ്പി ഓട്ടം ഒറ്റയ്ക്കാക്കി.
ലൂസിക്കുട്ടിക്കു കടുത്ത പനി. കുത്തിവയ്പ് കൊടുത്ത് വീട്ടിലോട്ടു വിട്ടാല്‍ ശരിയാകില്ലെന്നു ഡോക്ടര്‍ പറഞ്ഞതിനാല്‍ ഹൗസ്ഫുള്‍ ആയ വരാന്തയില്‍ അല്‍പം അഡ്ജസ്റ്റ് ചെയ്ത് പുതിയ ഒരു കട്ടിലിട്ട് അതില്‍ കിടത്തിയിരിക്കുകയാണ്.
അവിരാപ്പിയെ കണ്ടതും വിറച്ചുകൊണ്ടിരുന്ന ലൂസിക്കുട്ടി വീണ്ടും വിറയ്ക്കാന്‍ തുടങ്ങി. വിറ കൂടിക്കൂടി വരുന്നതു മനസ്സിലായ അവിരാപ്പി പിന്നെയവിടെ നിന്നില്ല.
പകരം ഇരുന്നു.
ലൂസിക്കുട്ടിയുടെ പനിയും വിറയും മാറാതെ താനിനി വീട്ടിലേക്കില്ലെന്ന് അവന്‍ ശപഥം ചെയ്തു. ശപഥം ഉച്ചത്തിലല്ലായിരുന്നെങ്കിലും അതിനകം ലക്ഷണമൊത്ത ഒരു രോഗിയായി മാറിക്കഴിഞ്ഞിരുന്ന ലൂസിക്കുട്ടിക്ക് അവിരാപ്പിയുടെ രോഗം പിടികിട്ടി.
ദുഷ്ടന്‍... പനിച്ചു കിടക്കാനും സമ്മതിക്കുവേല...!!
പക്ഷേ അവിരാപ്പി അത്രയ്ക്കു ദുഷ്ടന്‍ ആയിരുന്നില്ല. നാട്ടിലെ സകല പനയിലും തെങ്ങിലും കയറി ചെത്തുകലം പറിക്കും എന്നതൊഴിച്ചാല്‍ അവിരാപ്പി ശുദ്ധനായിരുന്നു. ശുദ്ധന്‍ ദുഷ്ടന്‍റെ ഫലം ചെയ്യുമെന്ന പഴമൊഴി അവിരാപ്പിയുടെ കാര്യത്തില്‍ പച്ചക്കള്ളമായിരുന്നു. കാരണം, അവിരാപ്പി ഫലമുള്ള ഒരു പരിപാടിക്കും പോകില്ലായിരുന്നു.
വീട്ടില്‍ അത്യാവശ്യം ആസ്തിയുള്ളതിനാലും അപ്പച്ചന് ആസ്മയുള്ളതിനാലും അവിരാപ്പിക്ക് നാട്ടിലൂടെ വിലസി നടക്കാന്‍ ലൈസന്‍സുണ്ടായിരുന്നു.
പക്ഷേ,ലൂസിക്കുട്ടിയുടെ സ്ഥിതി അതായിരുന്നില്ല!ആറു പെണ്‍മക്കളില്‍ മൂന്നാമത്തവളായിരുന്നു അവള്‍. മൂത്തതു രണ്ടിനേം കന്യാസ്ത്രീ മഠത്തില്‍ ചേര്‍ത്ത് കാര്‍ന്നോന്‍മാര്‍ ആശ്വസിച്ചെങ്കിലും ഈരണ്ട് വര്‍ഷം വീതം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കു പറ്റുകേല ചാച്ചാ എന്ന നിലവിളിയുമായി തിരിച്ചുവന്ന് വീട്ടില്‍നില്‍പ്പുണ്ട്.
ഇളയത്തുങ്ങള്‍ ലൂസിക്കുട്ടിയുടെ ഒപ്പമായി. ലൂസിക്കുട്ടി ഈ പോക്കുപോയാല്‍ ആരെടെയെങ്കിലും ഒപ്പം ഇറങ്ങിപ്പോകേണ്ട സ്ഥിതിയിലും.
ഈ അവസ്ഥ നേരത്തെ മനസ്സിലാക്കിയതിനാലാണ്, ദുഷ്ടനാണെങ്കിലും അവള്‍ക്കൊരു ജീവിതം കിട്ടുമെങ്കില്‍ ആയിക്കോട്ടെ എന്ന മട്ടില്‍ അവിരാപ്പി നിഴലായി തണലായി ലൂസിക്കുട്ടിക്ക് ഒപ്പം കൂടിയത്.
വെട്ടുപോത്തിനെ കെട്ടിയാലും ആ കാട്ടുപോത്തിനെ കെട്ടില്ല എന്നു പലവട്ടം ലൂസിക്കുട്ടി പലരോടും പറഞ്ഞെങ്കിലും അവിരാപ്പിയുടെ തൊലിക്കട്ടി അപാരമായിരുന്നു.
അതിനാല്‍ അനുസ്യൂതം അവിരാപ്പി ലൈലാ - മജ്നു, ഹുസ്സുനല്‍ ജമാല്‍ - ബദറുല്‍ മുനീര്‍, ഫ്രാന്‍സിസ് അസ്സീസി- ക്ളാര പുണ്യവതി മോഡല്‍ സ്വപ്നവും കണ്ട് വഴിയേ നടന്നു. മിക്ക ദിവസവും വഴിയില്‍ത്തന്നെ കിടന്നു.
ഇപ്പോള്‍ അവിരാപ്പിയുടെ കിടപ്പ് ലൂസിക്കുട്ടിയുടെ കട്ടിലിനോടു ചേര്‍ന്നാണ്. തനിക്കും എത്രയും വേഗം പനി വന്നെങ്കില്‍ എന്ന് അവന്‍ ആഗ്രഹിച്ചുകൊണ്ടിരുന്നു. ആഗ്രഹിച്ചാല്‍ കിട്ടുന്ന ഒന്നല്ല പനിയെന്ന് അവനു മനസ്സിലായതും അപ്പോളാണ്.
പനിയും ഒരു തരത്തില്‍ പ്രണയം പോലെയാണ്. നമ്മളു വേണ്ട വേണ്ട എന്നു പറഞ്ഞു വിട്ടുനിന്നാലും കൂടെക്കൂടും. ഉള്ള വെളിവും അതോടെ പോകും.
പനിയോ പ്രണയമോ എന്ന കാര്യത്തില്‍ അവിരാപ്പി ആശങ്കപ്പെട്ടു കൊണ്ടു നില്‍ക്കെ, അടുത്ത കട്ടിലിലെ അറുപതു വയസ്സു പ്രായമായ അമ്മച്ചി ഡിസ്ചാര്‍ജ് ആയി. എന്നെ ഇനി എഴുന്നേപ്പിച്ചു നടത്തണേല്‍ ലാസറിനെ ഉയിര്‍പ്പിച്ച കര്‍ത്താവു വരേണ്ടി വരും എന്ന മട്ടില്‍ ആത്മഗതപ്പെട്ടു കിടന്ന അവരെ രണ്ടുപേര്‍ വന്നു പൊക്കിയെടുത്തു കൊണ്ടുപോയി.
അപ്പോള്‍ ആ കട്ടില്‍ വേക്കന്‍റ്. ലൂസിക്കുട്ടിയുടെ വലതു വശത്തെ കട്ടിലില്‍ രോഗിയില്ല. അവിരാപ്പിയുടെ മനസ്സില്‍ ബോധമുദിച്ചത് അപ്പോളാണ്. ബോധമുണ്ടായ പാടെ അവിരാപ്പി ബോധം കെട്ടുവീണു, അഥവാ അങ്ങനെ അഭിനയിച്ചു.
ഒരു വിധത്തില്‍ ലൂസിക്കുട്ടിയുടെ കട്ടിലിനു സമീപത്തെ കട്ടിലില്‍ കയറി അവിരാപ്പി വീണു. കാല്‍വരിയില്‍ കര്‍ത്താവീശോമിശിഹായെ തറച്ച കുരിശിന്‍റെ വലതു ഭാഗത്തുകിടന്ന കള്ളനെപ്പോലെ അവിരാപ്പി ലൂസിക്കുട്ടിയുടെ വലതു വശത്തെ കട്ടിലില്‍.
കേവലം രണ്ടേ രണ്ടു ശ്വാസമെടുപ്പിന്‍റെ അകലത്തില്‍..
നീയും എന്നോടു കൂടെ സ്വര്‍ഗരാജ്യത്തില്‍ ഉണ്ടായിരിക്കും എന്ന കര്‍ത്താവിന്‍റെ നല്ല വാക്കുകളെ മനസ്സില്‍ സ്തുതിച്ച് അവിരാപ്പി സ്വപ്നം കണ്ടു തുടങ്ങിയപ്പോളാണ് ആരോ വന്നു തോണ്ടി വിളിച്ചത്.
ഒരു നഴ്സമ്മ...!!
കട്ടിലില്‍നിന്ന് എഴുന്നേല്‍ക്ക്, വേറെ രോഗിയെ കിടത്തണം..
അവിരാപ്പിക്ക് അവിടെനിന്ന് എഴുന്നേല്‍ക്കാന്‍ മനസ്സുവന്നില്ല.
എനിക്കു പനിയാ.. ഇവിടെ കിടന്നോളാം...
അങ്ങനെ തോന്നും പടി കിടക്കാന്‍ ഇതു തന്‍റെ വീട്ടില്‍നിന്നു കൊണ്ടുവന്നതാണോ? എഴുന്നേല്‍ക്കെടോ...
എഴുന്നേല്‍ക്കാതെ തരമില്ലായിരുന്നു. അവിരാപ്പി എഴുന്നേറ്റ് വീണ്ടും ലൂസിക്കുട്ടിയുടെ കട്ടിലിന്നരികെ പോയിരുന്നു. അപ്പോഴും ലൂസിക്കുട്ടിയെ അന്വേഷിച്ച് വീട്ടില്‍നിന്നാരും വന്നില്ല.
വരണമെങ്കില്‍ അവരെ ആരെങ്കിലും എടുത്തു കൊണ്ടു വരണമായിരുന്നു...!
ആരാന്‍റെ അപ്പന്‍ ചത്തിട്ടാണേലും ഒരു കട്ടിലു കിട്ടിയാല്‍ മതിയെന്ന മട്ടില്‍ ആശുപത്രി വരാന്തയില്‍ കുത്തിയിരുന്ന അവിരാപ്പിയുടെ മുന്നിലൂടെ ലൂസിക്കുട്ടിയുടെ തൊട്ടരികിലേക്ക് ഒരാളെ രണ്ടുമൂന്നുപേര്‍ ചേര്‍ന്ന് എടുത്തു കൊണ്ടുപോകുന്നത് അവിരാപ്പി കണ്ടു.
ആരാണ് ആ ഭാഗ്യവാന്‍ പനിയന്‍ എന്നറിയാന്‍ എത്തി നോക്കിയ അവിരാപ്പി കിടുകിടാ വിറച്ചു.
തന്‍റെയും ലൂസിക്കുട്ടിയുടെ മൂത്തചേച്ചിയുടെയും ക്ളാസ് മിസ്റ്റേക്ക് അവറാന്‍..!!
ലൂസിക്കുട്ടി അവറാനെ കണ്ടപാടെ വിറയൊതുക്കി ഒന്നുപുഞ്ചിരിച്ചു. അവറാനും.
അതു കണ്ടപ്പോള്‍ അവിരാപ്പിക്കു കരയാന്‍ തോന്നി.
അവറാന്‍ അധ്വാനിയായിരുന്നു. മണല്‍ വാരല്‍ ആണു തൊഴിലെങ്കിലും അവറാന് സ്വന്തമായി ജീവിതമുണ്ടായിരുന്നു. മീനച്ചിലാറിന്‍റെ തീരത്തു വെറുതെയിരിക്കുന്ന സമയത്തും വാറായിട്ടിരിക്കുന്ന സമയത്തും അവറാനെ കാണാറുള്ളതാണ്.
പകലും രാത്രി വൈകിയും മുഴുവന്‍ മണല്‍ വാരിക്കിട്ടുന്ന പണം കൊണ്ട് അവറാന്‍ സ്വന്തമായി ഒരു വീടുവച്ചു. കള്ളുകുടിയന്‍മാരാണ് മൊത്തം കമ്പനിയെങ്കിലും അവറാന്‍ കളളുകുടിക്കില്ല. നാട്ടില്‍ അവറാന് മുഴുക്കുടിയന്‍റെ ഇമേജ് ഉണ്ടാക്കിക്കൊടുക്കാന്‍ താന്‍ മല്‍സരിച്ചിട്ടുണ്ട്. അവറാന് അതില്‍ വിഷമമില്ലായിരുന്നു. അതിന്‍റെ പേരില്‍ അവറാന്‍ തനിക്കു പോലും കള്ളു വാങ്ങിത്തന്നിട്ടുമുണ്ട്. അതു പഴയ കഥ.
ഫുള്‍ടൈം ആറ്റിലെ വെള്ളത്തില്‍ കിടക്കുന്ന ഇവനെങ്ങനെ പനി പിടിച്ചു? അവിരാപ്പി സംശയിച്ചു.
വെള്ളത്തിനടിയില്‍പ്പോയി കുത്തുന്ന കൊതുകും നാട്ടിലിറങ്ങിക്കാണുമായിരിക്കും എന്നു സമാധാനിച്ചിരിക്കെ ആരൊക്കെയോ ചേര്‍ന്നു കട്ടിലില്‍ പിടിച്ചു കിടത്തിയിട്ടു പോയ അവറാന്‍ അവിടെ എഴുന്നേറ്റിരുന്നു.
ലൂസിക്കുട്ടിക്ക് അഭിമുഖമായിട്ടാണ് അവന്‍റെ ഇരിപ്പ്.
അവറാന്‍ വീണ്ടും ലൂസിക്കുട്ടിയെ നോക്കി ചിരിച്ചു. അവള്‍ അവറാനെയും. ആ ചിരിയില്‍ അവളുടെ പനി പറന്നുപോയതു പോലെ തോന്നി അവിരാപ്പിക്ക്.
ഇപ്പോ എങ്ങനെയുണ്ട്?- അവറാന്‍
കുറവുണ്ട്, അവറാനും പനി പിടിച്ചല്ലേ, കഷ്ടമായിപ്പോയി- ലൂസിക്കുട്ടി
ഓ സാരമില്ലെന്നേ.. ഇങ്ങനെ രണ്ടു ദിവസം കിടക്കുന്നതിലും ഉണ്ടൊരു സുഖം- അവറാന്‍
അതേയതേ.... ഒന്നുമല്ലെങ്കിലും എന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും കിടക്കാമല്ലോ- ലൂസിക്കുട്ടി
അവിരാപ്പിയുടെ ക്ഷമയറ്റു. തന്‍റെ പ്രണയപ്പനിയെ നശിപ്പിക്കാന്‍ വന്ന ആന്‍റിബയോട്ടിക്ക് ആയിപ്പോയല്ലോ ഇവന്‍ എന്നോര്‍ത്ത് അവിരാപ്പിയുടെ ഉള്ളുനുറുങ്ങി.
അവിരാപ്പി നിലത്തിരിപ്പു തുടര്‍ന്നു. അവറാന്‍ കട്ടിലിലും. ലൂസിക്കുട്ടി ഇടയ്ക്ക് കട്ടിലില്‍ എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചു. അവിരാപ്പി സഹായത്തിനെത്തും മുന്‍പേ അവറാന്‍ അവളെ താങ്ങിപ്പിടിച്ച് എഴുന്നേല്‍പ്പിച്ചിരുത്തിയിരുന്നു.
അങ്ങനെയൊക്കെയാണെങ്കിലും അവറാനോ ലൂസിക്കുട്ടിയോ അവിരാപ്പിയെ മൈന്‍ഡു ചെയ്തതു പോലുമില്ല!
നേരമിരുണ്ടു. അവിരാപ്പിക്കു വീട്ടില്‍പ്പോകണം.
പക്ഷേ, ലൂസിക്കുട്ടിയെ അവറാന്‍റെ അരികിലാക്കി എങ്ങനെ പോകുമെന്നറിയാതെ അവിരാപ്പി വിഷമിച്ചു. നാളെ രാവിലെ തിരിച്ചു വരുമ്പോള്‍ ലൂസിക്കുട്ടിയെ അവറാന്‍ വളച്ചു കഴിഞ്ഞിട്ടുണ്ടാവും. മണല്‍ എന്നൊരു ചിന്ത മാത്രമേ ഉള്ളൂവെങ്കിലും അവറാനും ഒരു ആണാണല്ലോ എന്നോര്‍ത്ത് അവിരാപ്പി വീട്ടില്‍പ്പോകേണ്ട എന്നു തീരുമാനിച്ചു.
രാത്രി ലൂസിക്കുട്ടിയുടെയും അവറാന്‍റെയും കട്ടിലിനു നടുവില്‍ കഴിച്ചുകൂട്ടാമെന്ന് അവിരാപ്പി തീരുമാനിച്ചു.
അവിരാപ്പിയുടെ പരാക്രമങ്ങള്‍ പനിയുടെ പരാക്രമങ്ങള്‍ക്കിടെയും ഇരുവരും കണ്ടുകൊണ്ടിരുന്നു.
ഇരുവരും എതിര്‍പ്പൊന്നും പറഞ്ഞില്ല.
ആശുപത്രി വരാന്തയിലെ ലൈറ്റുകളണഞ്ഞു. ചെറിയ വെളിച്ചം മാത്രം. ചുറ്റിനുമുള്ള രോഗികളും രോഗികളുടെ കൂടെനില്‍പ്പുകാരും ഉറക്കം പിടിച്ചു തുടങ്ങിയെന്ന് അവിരാപ്പിക്കു മനസ്സിലായി.
അവിരാപ്പിക്കു മാത്രം ഉറക്കം വന്നില്ല.
സമയം പാതിരാത്രി.
അവറാന്‍... അവറാന്‍... അവറാന്‍....
ശബ്ദംകേട്ട് മയക്കത്തിലായിരുന്ന അവിരാപ്പി ഞെട്ടിയുണര്‍ന്നു. ലൂസിക്കുട്ടിയുടെ ശബ്ദം!!
അവിരാപ്പി ചെവിയോര്‍ത്തു.. ദേ വീണ്ടും...!
അവറാന്‍...അവറാന്‍... അവറാന്‍...
ദുഷ്ട, കുലട, കശ്മല, നയന്‍താര...
അവറാനോട് ഇവള്‍ക്ക് എന്താണു ബന്ധമെന്ന് അറിഞ്ഞിട്ടു തന്നെ കാര്യം. അവിരാപ്പി തീരുമാനിച്ചു.
അവിരാപ്പി പതിയെ കിടന്നിടത്തു മുട്ടുകുത്തി നിന്നു. അപ്പോള്‍ തൊട്ടരികെ മരുന്നിന്‍റെ ലഹരിയില്‍ ഗാഢനിദ്രയിലാണ്ട ലൂസിക്കുട്ടി.
അവള്‍ ഉറക്കത്തില്‍ പിച്ചും പേയും പറയുകയാണ്...
അവറാന്‍.. അവറാന്‍...
അവിരാപ്പി അറിയാതെ ഒന്നു മൂളി..
ഹും..!
അവറാനേ..
ങും.....
എന്നാ നമ്മുടെ കല്യാണം?
ങ്ഹേ..?!!
ഉടന്‍ വേണം.... നമ്മളു റജിസ്റ്റര്‍ ആപ്പീസില്‍ പോയി രഹസ്യമായി കല്യാണം കഴിച്ചത് അപ്പച്ചനറിയും മുന്‍പ് നടത്തുമോ?
!!?????
അതിനും സമ്മതം മൂളാന്‍ അവിരാപ്പി അവിടെ ബാക്കിയുണ്ടായിരുന്നില്ല.
പിറ്റേന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പകര്‍ച്ചപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ ഒരാളെ അഡ്മിറ്റു ചെയ്തു.
പേര് അവിരാപ്പി, വയസ്സ് 26!!
(ഇതെഴുതി തീര്‍ത്തപ്പോളേയ്ക്കും എനിക്കു സന്ധികളിലെല്ലാം കടുത്ത വേദന. അജ്ജാതി പനിയാണോ ദൈവമേ വരാന്‍ പോകുന്നത്? അവറാന്‍ പോയിട്ട് അവിരാപ്പി പോലും തിരിഞ്ഞു നോക്കില്ല...!!
അടുത്ത പത്തു പതിനഞ്ചു ദിവസത്തേക്ക് ബ്ളോഗില്‍ അനക്കമൊന്നും കണ്ടില്ലേല്‍ ഞാന്‍ പനി പിടിച്ച് കിടപ്പായിപ്പോയെന്നു മാന്യ വായനക്കാര്‍ വിചാരിക്കുമല്ലോ..!!)